ആമുഖം
(ഈ പോസ്റ്റ് എഴുതാനും, ഈ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സുനിൽ വി.എസ്.ന്റെ സഹായം ലഭ്യമായിട്ടുണ്ട്. )
കുറച്ചുനാളുകളുടെ ഇടവേളയ്ക്കുശേഷം മലയാളപൊതുസഞ്ചയപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ റിലീസിങ് തുടരുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഞങ്ങൾ (സുനിൽ വി.എസ്. & ഷിജു അലക്സ്) ചില സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നുപഴയ പുസ്തകങ്ങൾ തപ്പിയെടുക്കുകയും അതു സ്കാൻ/പ്രൊസസിങ് ചെയ്യുന്നതിന്റേയും തിരക്കിലായിരുന്നു. ഇനി കുറച്ചുനാളുകൾ ആ വിധത്തിൽ സംഘടിപ്പിച്ച പുസ്തകങ്ങളുടെ സ്കാനുകൾ എല്ലാവരുമായി പങ്കുവെയ്ക്കുന്നു.
ആദ്യമായി പങ്കുവെയ്ക്കുന്നത് മലയാളത്തിന്റെ ആധികാരികനിഘണ്ടുവായി വാഴ്ത്തപ്പെടുന്ന ശബ്ദതാരാവലിയുടെ രണ്ടാമത്തെ പതിപ്പിന്റെ ഒന്നാമത്തെ വാല്യം ആണ്. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള രചിച്ച ഈ അമൂല്യകൃതി നിങ്ങളുമായി പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. രണ്ടാം പതിപ്പ് ആണെങ്കിലും ആദ്യമായി പുസ്തക രൂപത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ഈ പതിപ്പാണ്. (കൂടുതൽ വിശദാംശങ്ങൾക്ക് താഴെയുള്ള ശബ്ദതാരാവലി-ലഘു ചരിത്രം എന്ന വിഭാഗം കാണുക).
ശബ്ദതാരാവലി
മലയാളമറിയുന്നവർക്ക് ശബ്ദതാരാവലിയെക്കുറിച്ച് ആമുഖത്തിന്റെ ആവശ്യമുണ്ടാവില്ലല്ലോ. നിഘണ്ടു എന്നുപറഞ്ഞാൽ മലയാളത്തിന് ശബ്ദതാരാവലി കഴിഞ്ഞേയുള്ളൂ മറ്റെന്തും. മലയാളത്തിൽ അച്ചടിക്കപ്പെട്ട നിഘണ്ടുക്കളുടെ ചരിത്രം എടുത്താൽ 1865ൽ റിച്ചാർഡ് കൊളിൻസ് പ്രസിദ്ധീകരിച്ച നിഘണ്ടു ആണു് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു. പിന്നീട് 1872ലെ ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ കുറച്ചധികം മലയാളം-മലയാളം നിഘണ്ടുനിർമ്മാണ ശ്രമങ്ങൾ മലയാളത്തിൽ ശബ്ദതാരാവലിക്ക് മുൻപ് ഉണ്ടായിട്ടൂണ്ട്. എന്നാൽ ശബ്ദതാരാവലിയുടെ വരവോടെ ഈ ശ്രമങ്ങൾ ഒക്കെ അതിന്റെ പൂർണ്ണതയിലെത്തി എന്ന് പറയാം. ഇന്നും മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കരുതപ്പെടുന്നത് ശബ്ദതാരാവലി തന്നെയാണു്.ശബ്ദതാരാവലിയുടെ ആദ്യകാല പ്രസിദ്ധീകരണചരിത്രം ലഘുവായി നമുക്കൊന്നു് പരിശോധിക്കാം.
ശബ്ദതാരാവലി-ലഘു ചരിത്രം
ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ഒറ്റയാൾ പ്രയത്നത്തിന്റെ ഫലമാണു് മലയാളത്തിന്റെ അഭിമാനമായി മാറിയ ശബ്ദതാരാവലി.
ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണത്തിനു പിന്നിലെ പ്രയത്നം എത്ര ശ്രമകരമായിരുന്നു എന്നറിയാൻ പി.കെ. രാജശേഖരൻ മാതൃഭൂമിയിൽ എഴുതിയ ഈ ലേഖനം വായിക്കുക.
1895 ൽ ആണ് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897ൽ എഴുത്ത് തുടങ്ങി. ദീർഘവർഷങ്ങളുടെ പ്രയത്നഫലമായി ‘ശബ്ദതാരാവലി’യുടെ കൈയ്യെഴുത്തുപ്രതി പൂര്‍ത്തിയായി. പക്ഷെ ഉള്ളടക്കത്തിന്റെ ബാഹുല്യം കാരണം അത്ര വലിയൊരു പുസ്തകം അച്ചടിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാൽ ശബ്ദതാരാവലി ആദ്യം ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താന്‍ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി ചേര്‍ന്ന് അങ്ങനെ പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യഭാഗം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ ഓരോരോ ഭാഗങ്ങളായി ശബ്ദതാരാവലിയുടെ ഈ ആദ്യരൂപം പുറത്ത് വന്നു കൊണ്ടിരുന്നു. ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂർത്തിയാവാൻ കുറച്ച് വർഷങ്ങൾ എടുത്തു. 22 ഭാഗങ്ങളായാണ് (ഇതിനു നിലവിൽ ആധികാരിക തെളിവുകൾ ഇല്ല) ഈ വിധത്തിൽ ശബ്ദതാരാവലിയുടെ ആദ്യരൂപം പുറത്ത് വന്നതെന്ന് വിവിധ ഇടങ്ങളിൽ കാണുന്ന റെഫറൻസുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ജെ.കേപ്പയുമായി ചേര്‍ന്ന് ശബ്ദതാരാവലിയുടെ ക്രോഡീകരിച്ച ഒന്നാം പതിപ്പ് രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. (ശബ്ദതാരാവലിയുടെ ഈ രണ്ട് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളുടേയും തെളിവുകൾ (സ്കാൻ കോപ്പികൾ) ഇതുവരെ ലഭിക്കാത്തതിനാൽ ഒരു പരിധിക്കപ്പുറം ഈ പ്രസിദ്ധീകരണചരിത്രത്തിനു ആധികാരികത ഇല്ല).
ശബ്ദതാരാവലിയുടെ മുകളിൽ സൂചിപ്പിച്ച 2 പ്രസിദ്ധീകരണ ശ്രമങ്ങൾക്ക് ശെഷമാണു ഇപ്പോൾ നമുക്ക് സ്കാൻ ലഭ്യമായിരിക്കുന്ന ഈ രണ്ടാം പതിപ്പിന്റെ പിറവി. രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ. 2 വാല്യങ്ങളുടേയും ടൈറ്റിൽ പേജ് നോക്കിയതിൽ നിന്ന്, ഒന്നാം വാല്യം കൊല്ലവർഷം 1103 നും (1927/28), രണ്ടാം വാല്യം കൊല്ലവർഷം 1106നും (1930/1931) ആണു് പുറത്തിറങ്ങിയിരിക്കുന്നത്. പക്ഷെ ഒന്നാം വാല്യത്തിന്റെ മുഖവരയിലെ തീയതി 1106 തുലാം 13 ആണു്. അത് 29 ഒക്ടോബർ 1930 ആണ്. അതിനാൽ ഒന്നാം വാല്യത്തിന്റെ അച്ചടി 1927ൽ ആരംഭിച്ചിരിക്കാമെങ്കിലും രണ്ട് വാല്യവും കൂടെ ഏകദേശം 1930ൽ ആണ് റിലീസ് ചെയ്തതെന്ന് അനുമാനിക്കാം.
എന്തായാലും ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്റെ പ്രസിദ്ധീകരണ വർഷം ഞങ്ങളെ സംബന്ധിച്ച് പുതിയ ഒരു അറിവായിരുന്നു. ഇതിനു് മുൻപ് വിവിധ ഇടങ്ങളിൽ കണ്ട കുറിപ്പുകൾ ഒക്കെ 1923ലാണു് രണ്ടാം പതിപ്പ് വന്നത് എന്ന സൂചന ആണ് തന്നത്. എന്തായാലും പുസ്തകത്തിന്റെ യഥാർത്ഥപതിപ്പ് കിട്ടിയതൊടെ അത്തരം ഊഹാപൊഹങ്ങൾക്ക് അവസാനമാകും എന്ന് കരുതുന്നു.
കൂടുതൽ വാക്കുകളും, വിവരണങ്ങളും, ചിത്രങ്ങളും മറ്റും കൂട്ടിചേർത്ത് പരിഷ്കരിച്ച് ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്ന് ഈ പതിപ്പിന്റെ ടൈറ്റിൽ പേജിൽ തന്നെ പറഞ്ഞിട്ടുണ്ട്.
കടപ്പാട്
പുസ്തകത്തിന്റെ ഉള്ളടത്തിന്റെയും ഡിജിറ്റൈസേഷന്റേയും വിശദാംശങ്ങളിലേക്ക് പോകും മുൻപ് ഇത് നമുക്ക് ലഭ്യമാക്കാനായി സഹായിച്ചവരുടെ വിശദാംശങ്ങൾ പങ്ക് വെക്കട്ടെ.
സ്ഥാപനം
ഈ പുസ്തകം നമുക്ക് ലഭ്യമായിരിക്കുന്നത് ബാംഗ്ലൂരിലെ United Theological College (UTC) ലൈബ്രറിയിൽ നിന്നാണ്. മലയാളത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ഈ പുസ്തകം ഇത്രയും നാൾ വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കുകയും അത് നമുക്ക് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കുകയും ചെയ്ത ലൈബ്രറി അധികൃതരോട് ഞങ്ങൾക്കുള്ള നിസ്സീമമായ നന്ദി ആദ്യം തന്നെ രേഖപ്പെടുത്തട്ടെ.
വ്യക്തികൾ
സ്കാൻ ചെയ്യാൻ അനുമതി കിട്ടിക്കഴിഞ്ഞ് ആദ്യത്തെ കടമ്പ പുസ്തകത്തിലെ ഓരോ താളിന്റേയും ഫോട്ടോ എടുക്കൽ ആയിരുന്നു. ഇതിൽ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ ഓരോന്നും പ്രത്യേകമായി പറയുന്നില്ല. താളുകളുടെ ഫോട്ടോ എടുപ്പ് താഴെ പറയുന്ന മുന്നു പേരുടെ സഹകരണത്തോടെ ആണ് ചെയ്തത്.
ഇതിൽ വിശ്വപ്രഭയും, ബെഞ്ചമിൻ വർസ്സീസും ഒന്നാം വാല്യത്തിന്റെ ഫോട്ടോ എടുപ്പിനും ബൈജു രാമകൃഷ്ണൻ രണ്ടാം വാല്യത്തിന്റെ ഫോട്ടോ എടുപ്പിനും ആണ് സഹായിച്ചത്. ഒഴിവ് ദിവസങ്ങളിൽ മാത്രമേ ഞങ്ങൾക്ക് ഇതിനായി ഇടകിട്ടിയുള്ളൂ എന്നതിനാൽ ഈ പ്രക്രിയ തന്നെ ഏതാണ്ട് 2 മാസം നീണ്ടുനിന്നു.
ഫോട്ടോ എടുപ്പിനുശെഷം ഫോട്ടോ എടുത്ത താളുകൾ ഒക്കെ ക്രമത്തിലാക്കി പോസ്റ്റ് പ്രോസ്സിങ്ങിനു് തയ്യാറാക്കുക, ഔട്ട് ഓഫ് ഫോക്കസ് ആയ താളുകളുടെ ഫോട്ടോകൾ പിന്നെയും എടുക്കുക തുടങ്ങിയ പണികൾ ഒക്കെ ഉണ്ടായിരുന്നു. ഇതിനൊക്കെ ബൈജു രാമകൃഷ്ണൻ വളരെയധികം സഹായിച്ചു.
ശബ്ദതാരാവലിയുടെ പോസ്റ്റ് പ്രോസസിങ് മുഴുവനായും സുനിൽ വി.എസ്. ആണ് ചെയ്തത്. വിവിധ ക്യാമറകളും പല സൂംലെവലിലും റെസല്യൂഷനിലുമായി എടുത്ത ചിത്രങ്ങളെ സ്കാൻ ടെയ്ലർ ഉപയോഗിച്ച് പരമാവധി ഒരേപോലെയാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള മരിക്കുന്നത് 1946-ൽ ആണു്. അതിനാൽ അദ്ദേഹത്തിന്റെ രചനകൾ എല്ലാം ഇന്ത്യൻ പകർപ്പവകാശനിയമം അനുസരിച്ച് 2007-ൽ പൊതുസഞ്ചയത്തിൽ ആയി. അതേസമയം ഇന്ത്യയിൽ പകർപ്പവകാശകാലാവധി തീർന്ന പുസ്തകമാണിതെങ്കിലും യു.എസ്. നിയമപ്രകാരം പകർപ്പവകാശപരിധിക്കുള്ളിൽത്തന്നെയായതുകൊണ്ട് വിക്കിമീഡിയയിലോ ആർക്കൈവ്.ഓർഗിലോ ഉപയോഗിക്കാനാവില്ല. അതിനാൽ ഈ പുസ്തകം റിലീസ് ചെയ്യാനായി ഇന്ത്യൻ സെർവ്വർ തന്നെ വേണം എന്ന സ്ഥിതി വന്നു. അതിനു് നമുക്ക് സഹായമായി വന്നത് സായാഹ്ന ഫൗണ്ടേഷന്റെ (http://sayahna.org/) പ്രവർത്തകർ ആണു്. അതിനു് എല്ലാ വിധ സഹായവും തന്ന രാധാകൃഷ്ണൻ സാറിനു് (http://cvr.cc/?page_id=7) ഞങ്ങളുടെ നന്ദി. മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സായാഹ്നയുമായി ചേർന്ന് സഹകരിക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ശബ്ദതാരാവലി-ഡിജിറ്റൈസേഷൻ
പി.കെ. രാജശേഖരൻ മാതൃഭൂമി ലേഖനത്തിൽ (http://www.mathrubhumi.com/books/article/columns/2809/) ചൂണ്ടി കാണിക്കുന്ന പോലെ ശബ്ദതാരാവലിയുടെ നിർമ്മാണം, അതിന്റെ പ്രസിദ്ധീകരണം ഇതൊക്കെ വളരെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. 2015-ൽ അതിന്റെ ഡിജിറ്റൽ സ്കാൻ പുറത്ത് വിടുമ്പോൾ ഉള്ള സ്ഥിതിയും വ്യത്യസ്തമല്ല. പുസ്തകത്തിന്റെ വലിപ്പം തന്നെ ആണ് ഇതിന്റെ പ്രധാന കാരണം.
പോസ്റ്റ് പ്രോസസിങ് വിശേഷം
താളുകളുടെ ഫോട്ടോ എടുപ്പ് കഴിഞ്ഞാലും ഇതിന്റെ പൊസ്റ്റ് പ്രോസസിങ് പണികളും ശ്രമകരമായിരുന്നു.
ശബ്ദതാരാവലി രണ്ട് വാല്യവും ആയിരത്തിലധികം പേജുകളടങ്ങിയതാണ്. അതുകൊണ്ട് ഔട്ട്പുട്ട് വലുപ്പം നിജപ്പെടുത്തുന്നതിന് പുസ്തകം മൊത്തത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിൽ പുറത്തിറക്കാനായിരുന്നു പരിപാടി. എന്നാൽ പുസ്തകം പരിശോധിച്ചപ്പോൾ ചില വാക്കുകളുടെ അർത്ഥത്തിനൊപ്പം ചെറിയ രേഖാ ചിത്രങ്ങളുമുണ്ടെന്ന് മനസ്സിലായി. അവ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറ്റിയാൽ വളരെ മോശമാകുമെന്നതിനാൽ അത്തരം പേജുകൾ മാത്രം ഗ്രേസ്കെയിൽ മിക്സ്ഡ് മോഡിലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒന്നാം വാല്യത്തിലെ ഉള്ളടക്കം
വളരെ സുദീർഘമായ ആമുഖം ആണു് ഒന്നാം വാല്യത്തിനുള്ളത്. ആദ്യത്തെ 65 പുറങ്ങൾ വിവിധ ആമുഖപ്രസ്താവനങ്ങൾ ആണു്. വിവിധ പ്രസ്താവനകൾ താഴെ പറയുന്നവയാണു്.
- രണ്ടാം പതിപ്പിന്റെ ആമുഖപ്രസ്താവന ആയി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള എഴുതിയ മുഖവര.
- ഒന്നാം പതിപ്പിനു് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള എഴുതിയ മുഖവരയുടെ പുനഃപ്രസിദ്ധീകരണം.
- ഒന്നാം പതിപ്പ് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി പൂർത്തിയാക്കിയതിനു് ശെഷം ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് പലരായി എഴുതിയ അനുമോദനങ്ങളും മറ്റും.
- ഒന്നാം പതിപ്പ് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി കൊണ്ടിരിക്കെ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് പലരായി എഴുതിയ അനുമോദനങ്ങളും മറ്റും.
- പത്രാഭിപ്രായങ്ങൾ.
- പരുത്തിക്കാട്ടു ഗോപാലപിള്ള എഴുതിയ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ജീവചരിത്രസംക്ഷേപം (ഇതിൽ അദ്ദേഹത്തിന്റെ കൃതികളെ പറ്റി ഒക്കെ ചുരുക്കമായി പറയുന്നുണ്ട്).
ശബ്ദതാരവലിയ്ക്കായി തനിക്ക് ത്യജിക്കേണ്ടി വന്ന ജീവിത സൗഭാഗ്യങ്ങളെ പറ്റി അദ്ദേഹം മുഖവരയിൽ ഇങ്ങനെ പറയുന്നു.
അതേ പോലെ നിഘണ്ടു തുടർച്ചയായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു
65 പുറങ്ങളൊളം ഉള്ള ആമുഖപ്രസ്താവനകൾക്ക് ശേഷം നിഘണ്ടു ഉള്ളടക്കം തുടങ്ങുന്നു. അ മുതൽ ദ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണു് ഒന്നാം വാല്യത്തിൽ ഉള്ളത്.
ശബ്ദതാരാവലിയുടെ ഏറ്റവും പഴയൊരു പതിപ്പ് ആദ്യമായാണു് കാണുന്നത് എന്നതിനാൽ ഇതിന്റെ ഉള്ളടക്കത്തിലൂടെ പോയപ്പോൾ ഈ പുസ്തകം നിഘണ്ടുവിനും മേലേ നിൽക്കുന്ന ഒന്നാണെന്ന് മനസ്സിലായി. പല വാക്കുകളും വിജ്ഞാനകോശത്തിനു് സമാനമായ വിവരങ്ങൾ ആണു് തരുന്നത്. അതിനാൽ തന്നെ ചില വാക്കുകളുടെ വിവരണം ഒരു പുറത്തിനു് മുകളിൽ പോകുന്നുണ്ട്. ചില വാക്കുകളുടെ ഒപ്പം രേഖാചിത്രങ്ങളും ഉണ്ട്. ഇത് കൊണ്ട് തന്നെ ആയിരിക്കണം ഈ പതിപ്പിനു് 2250ൽ പരം പുറങ്ങളും 2 വാല്യങ്ങളും വേണ്ടി വന്നത്. പിൽക്കാലത്ത് ശബ്ദതാരാവലിയുടെ വലിപ്പം ചുരുങ്ങി പോകാൻ ഒരു കാരണം ഈ വൈജ്ഞാനികവിവരണങ്ങൾ എടുത്ത് മാറ്റിയത് ആവണം.
ഒരു ചെറിയ കുറവ്
1159 പുറങ്ങൾ ഉള്ള ഒന്നാം വാല്യത്തിന്റെ സ്കാൻ നിങ്ങൾക്കായി വിട്ട് തരുമ്പോൾ അതിൽ ഒരു ചെറിയ കുറവുള്ള കാര്യം പ്രത്യേകം രെഖപ്പെടുത്തട്ടെ. ഞങ്ങൾക്ക് കിട്ടിയ കോപ്പിയിൽ നിന്ന് ആമുഖത്തിലെ ഒരു താൾ (2 പുറങ്ങൾ) നഷ്ടപ്പെട്ടിരുന്നു.
മലയാള അക്കത്തിൽ ഉള്ള ൨൭ (27), ൨൮ (28) താളുകൾ ആണുനഷ്ടമായിരിക്കുന്നത്.
൨൭ (27)മത്തെ പേജിനു മുൻപുള്ള ൨൬ (26) മത്തെ പേജിന്റെ അവസാനം “…..സംഗതികളെല്ലാം ഈ പുസ്തക” എന്നാണു്.
൨൮ (28)മത്തെ പേജിനു ശെഷം വരുന്ന ൨൯ (29) മത്തെ പേജിന്റെ ആദ്യം “….മാത്രം വിശ്വസിക്കത്തക്കതാണെന്നു ചിലർ….” എന്ന് തുടങ്ങുന്നു.
നിങ്ങൾക്ക് എവിടെ നിന്നെങ്കിലും ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്റെ ഒന്നാം വാല്യം സംഘടിപ്പിക്കാൻ കഴിഞ്ഞാൽ മുകളിൽ സൂചിപ്പിച്ച ഈ രണ്ട്പുറങ്ങളുടെ ഹൈറെസലൂഷൻ ഫോട്ടോകൾ എടുത്ത് തന്ന് സഹായിച്ച് ഈ ഡിജിറ്റൽ പതിപ്പ് പൂർണ്ണമാക്കാൻ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
1159 താളുകളുള്ള പുസ്തകം ആയതിനാൽ പുസ്തകത്തിന്റെ വലിപ്പം കൂടുതൽ ആണു്. അതിനാൽ വിവിധ തരത്തിലുള്ള ഔട്ട് പുട്ട് നിങ്ങളുടെ ഉപയൊഗത്തിനായി തരുന്നു.
- ഡൗൺലൊഡ് ചെയ്യാനായി ഉയർന്ന നിലവാരമുള്ള പിഡിഎഫ് (100 MB ക്ക് അടുത്ത് സൈസ് ഉണ്ട്) ഒപ്പം ഓൻലൈൻ വായനാസൗകര്യം – കണ്ണി
- ഡൗൺലൊഡ് ചെയ്യാനായി സൈസ് അല്പം കുറച്ചതും എന്നാൽ വായനയ്ക്ക് ഉതകുന്നതും ആയ ഒരു പിഡിഎഫ് – (ഇതിനു് 55 MB ക്ക് അടുത്ത് സൈസ് ഉണ്ട്)- കണ്ണി
- മറ്റു തരത്തിലുള്ള ഔട്ട്പുട്ടിനായി സായാഹ്ന ശബ്ദതാരാവലിയ്ക്കായി ഒരുക്കിയ ഈ താൾ സന്ദർശിക്കുക – ഡൗൺലോഡ് കണ്ണികൾ
ഡൗൺലോഡ് ചെയ്യാതെ ഓൺലൈനായി വായിക്കാനുള്ള സൗകര്യവും മറ്റും അവിടെ താമസിയാതെ ഒരുക്കാം എന്ന് കരുതുന്നു
ഉപസംഹാരം
ശബ്ദതാരാവലി രണ്ടാം പതിപ്പ് ഒന്നാം വാല്യത്തിന്റെ കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി നിങ്ങൾക്ക് വിട്ടു തരുന്നു. രണ്ടാം വാല്യത്തിന്റെ പൊസ്റ്റ് പ്രോസസിങ് പണികൾ നടന്നു കൊണ്ട് ഇരിക്കുകയാണു്. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാം വാല്യത്തിന്റെ സ്കാനും പുറത്ത് വിടുന്നതായിരിക്കും.
അപ്‌ഡേറ്റ്
രണ്ടാം പതിപ്പ് രണ്ടാം വാല്യത്തിനെ പറ്റിയുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/stv-edition2-vol2/
14 comments on “ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്”
സന്തോഷം
ഡിജിറ്റല് കോപ്പി തന്നതിന് നന്ദി .
ചരിത്രപരമായ ധര്‍മ്മമാണ് ഈ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നത്. മലയാളം ഏറെ കടപ്പെട്ടിരിക്കുന്ന ഒരു മഹാനുഭാവന് വൈകിയാണെങ്കിലും ലഭിക്കുന്ന ഉചിതമായ ആദരവും സ്മാരകവുമാണ് ഈ സംരംഭം. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു
വളരെ നന്ദി. നിങ്ങളുടെ ഈ ശ്രമത്തെ അഭിനന്ദിച്ചാലും മതിയാവില്ല. ഭാവുകങ്ങളും സ്നേഹവും അറിയിക്കുന്നു.
നന്ദി നന്ദി നന്ദി???
വളരെ നന്ദിയുണ്ട്
നന്ദി
നിലവാരം കുറഞ്ഞ ശൈലിയും പ്രയോഗങ്ങളും വളർന്ന് വരുന്ന ഇക്കാലത്ത് മാതൃഭാഷയുടെ ആഴവും മേന്മയും അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി…
വളരെ നല്ല സംരംഭം, വളരെ വളരെ നന്ദി
വാക്കുകൾക്കതീതമായ സമർപ്പണം
നന്ദി – നന്ദി – നന്ദി
അമൂല്യ നിധി കൈവന്നതിൽ സന്തോഷം.
അഭിനന്ദനം! വളരെ നന്ദി! ആ, ഈ.. കാ, കീ,,, എന്നു തുടങ്ങിയവയും ഉൾപ്പെടുത്തിയാൽ ഈ മഹാസംരഭം പൂർത്തിയാവും.
pdf version പൂർണമാണെന്ന് തോന്നുന്നു. വളരെ നന്ദി!!!!
Well, my bad! All versions are complete. Thanks again! Maybe it is a good idea to include buttons to edit and delete the ignorant parts of comments such as mine above.