ആമുഖം
ബാസൽ മിഷൻ മിഷനറി ആയിരുന്ന ജോർജ്ജ് ഫ്രീഡറിൿ മുള്ളർ രചിച്ച ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 186-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി (SCHOOL-DICTIONARY ENGLISH AND MALAYALAM)
- രചന: ജോർജ്ജ് ഫ്രീഡറിൿ മുള്ളർ
- താളുകളുടെ എണ്ണം: ഏകദേശം 380
- പ്രസിദ്ധീകരണ വർഷം:1870
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. തുടക്കത്തിൽ (8-ാം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇതിന്റെ രചയിതാവ് ഫ്രീഡറിൿ മുള്ളർ ആണെന്ന് മനസ്സിലാകുന്നത് പിൽക്കാലത്ത് തോബിയാസ് സക്കറിയാസ് തന്റെ നിഘണ്ടുവിനായി എഴുതിയ ആമുഖത്തിൽ നിന്നാണ്. തോബിയാസിന്റെ നിഘണ്ടു ഇവിടെ കാണാം.
ഫ്രീഡറിൿ മുള്ളർ ഗുണ്ടർട്ടിന്റെ സമകാലികനാണ്. പശ്ചിമോദയം മാസികയുടെ എഡിറ്റർ ഇദ്ദേഹം ആയിരുന്നു.
ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് ഇത്. സ്കൂൾ ആവശ്യത്തിനായി നിർമ്മിച്ച നിഘണ്ടു ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉള്ളടക്കവും ലഘുവാണ്. ഏതാണ്ട് 380 താളുകൾ ആണ് ഇതിനുള്ളത്.
ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (395 MB)
- യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി