ആമുഖം
മലങ്കര ഓർത്തഡോക്സ് സഭയിൽ മലങ്കരനിധി എന്ന പേരിൽ 1934-35 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1935ൽ ഇറങ്ങിയ പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും അതിൽ ഉൾക്കൊള്ളുന്ന ചരിത്ര സംഗതികൾ അനവധിയുണ്ട്. വർത്തമാന പത്രത്തിന്റെ അരത്താൾ വലിപ്പമുള്ള പേജുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ ഡിജിറ്റൈസേഷൻ പേജുകളുടെ വലിപ്പം മൂലം നല്ല ബുദ്ധിമുട്ടായിരുന്നു.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി
- പ്രസിദ്ധീകരണ വർഷം: 1935
- താളുകളുടെ എണ്ണം: 280നു മുകളിൽ
- അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
പുസ്തക ഉള്ളടക്കം, കടപ്പാട്
മുകളിൽ സൂചിപ്പിച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി എന്ന പരിപാടിയുടെ ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. ആദ്യത്തെ കുറച്ച് താളുകൾ മേനികടലാസിൽ അച്ചടിച്ചിരിക്കുന്നു. ബാക്കിയൊക്കെ പത്രം അച്ചടിക്കുന്ന വിലകുറഞ്ഞ കടലാസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ വിവിധ വിഭാഗങ്ങൾ താഴെ പറയുന്ന വിധത്തിലാണ്
- ആദ്യത്തെ ഭാഗം മേനികടലാസിൽ അച്ചടിച്ചിരിക്കുന്നു. അതിൽ നിന്ന് കവർ പേജ് എനിക്ക് ഡിജിറ്റൈസ് ചെയ്യാൻ കിട്ടിയ പതിപ്പിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അക്കാലത്തെ പാത്രിയർക്കിസ് ബാവയുടേയും കാതോലിക്ക ബാവയുടേയും ചിത്രങ്ങളും പിന്നെ ഉള്ളടക്കവും ആണ് മേനിക്കടലാസിൽ അച്ചടിച്ചത്. പക്ഷെ ഇതിൽ പുസ്തകത്തിന്റെ കവർ പേജ്, കാതോലിക്ക ബാവയുടെ ചിത്രം എന്നിവ എനിക്ക് ഡിജിറ്റൈസ് ചെയ്യാൻ കിട്ടിയ പതിപ്പിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു.
- രണ്ടാം ഭാഗം, മലങ്കരനിധി സെക്രട്ടറിമാർ ചേർന്നെഴുതിയ അവതാരിക. അത് ഏകദേശം 12 പേജോളം ഉണ്ട്.
- മൂന്നാം ഭാഗം, ഒ.എം. ചെറിയാൻ എഴുതിയ മലങ്കര സഭ എന്ന ഉപന്യാസം. ഇതിൽ മലങ്കര സഭ എന്നതിനെ നിർവചിക്കാൻ ശ്രമിക്കുന്നത് കാണാം. 25 പേജോളം ഉള്ള വലിയ ഒരു ഉപന്യാസം ആണിത്.
- നാലാം ഭാഗം, നിധിപിരിവ് സംബന്ധിച്ച നിർദ്ദേശങ്ങളും ഒരുക്കങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ ഒൻപതു വിജ്ഞാപനങ്ങളും, പിരിവിനെപ്പറ്റി പുറത്തിറക്കിയ മറ്റൊരു വിജ്ഞാപനവും. പിരിവിനു സന്നദ്ധസേവനം ചെയ്ത ഗ്രൂപ്പ് ലീഡർമാരുടെ റിപ്പോർട്ടുകളും, ഭദ്രാസനം തിരിച്ച് പള്ളികളിൽ നിന്ന് സംഭാവന ചെയ്തവരുടെ ലിസ്റ്റും, ഒരു കാതോലിക്കേറ്റ് നിധി വഞ്ചിപ്പാട്ടും ഈ ഭാഗത്തിൽ കാണാം. ഇത് ഏകദേശം 60 പേജൊളം ഉണ്ട്.
- അഞ്ചാം ഭാഗം: ഈ ഭാഗത്തിൽ ആണ് പിരിവ് വിവരം കൊടുത്തിരിക്കുന്നത്. ഓരോ ഗ്രൂപ്പിലേയും ഇടവകകളുടെ പിരിവ് ;ലിസ്റ്റ് വിശദമായി കൊടുത്തിട്ടുണ്ട്. ഇതിൽ ഏതാണ് 200 നടുത്ത് പേജുകൾ ഉണ്ട്ന്ന് തോന്നുന്നു. അവസാനഭാഗത്തെ കുറച്ച് താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു.
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം കോട്ടയം കഴിഞ്ഞാൽ പിന്നെ കുന്നംകുളം ഭാഗത്ത് നിന്നുള്ള പള്ളികളേ കാണുന്നുള്ളൂ എന്നതാണ്. അതിന്റെ അർത്ഥം യാക്കോബായ മേഖലകളിലെ പള്ളികൾ ഈ പരിവിൽ (കാര്യമായി സഹകരിച്ചിട്ടില്ല എന്നാണെന്ന് തോന്നുന്നു. (കക്ഷി വഴക്ക് പഠിക്കുന്നവർക്ക് ഈ വിവരങ്ങൾ പ്രധാനം ആയിരിക്കും)
റിപ്പോർട്ടിൽ ഉടനീളം ചിത്രങ്ങൾ ഉണ്ട്. എല്ലാം ചരിത്രം ഡോക്കുമെന്റു ചെയ്തിരിക്കുന്നു എന്ന കാര്യത്തിൽ പ്രാധാന്യം ഉള്ളത് തന്നെ.
എന്റെ കണ്ണിലുടക്കിയ ഒരു സംഗതി പിരിവ് ലിസ്റ്റിൽ ഉള്ള വീട്ടുപേരുകൾ ആണ്. ഇന്നുള്ള രൂപത്തിലല്ല പല വീട്ടുപേരുകളും എഴുതിയിരിക്കുന്നത് എന്നത് കൗതുകകരം. സാമൂഹ്യശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നത് ഈ വിവരം ഉപയോഗപ്പെടുത്താം എന്ന് തോന്നുന്നു.
മനോരമ പത്രം ഒരു തവണ മടക്കിയാൽ എന്ത് സൈസ് വരുമോ അത്രയും വലിപ്പമാണ് ഈ പുസ്തകത്തിലെ ഓരോ താളിലും. താളിന്റെ വലിപ്പം കാരണം ഇതിന്റെ ഡിജിറ്റൈസേഷൻ അതീവദുഷ്കരം ആയിരുന്നു.
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. ഈ പുസ്തകം ഡിജിറ്റൈസേഷനായി അദ്ദേഹം ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അതിനു അദ്ദേഹത്തിനു നന്ദി.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.