2019 – മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു

ആമുഖം

കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതികളിൽ ഏതൊക്കെ അന്താരാഷ്ട്ര-ദേശീയ ഡിജിറ്റൈസേഷൻ പദ്ധതികളിൽ പങ്കെടുത്തു എന്നു പറഞ്ഞാലും, പ്രാദേശികമായി നമ്മുടെ സ്വന്തം ദേശത്ത് ഒരു പദ്ധതിക്ക് നേതൃത്വം കൊടുക്കാൻ അവസരം കിട്ടുക എന്നത് പ്രത്യേക സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. അത്തരം ഒരു ബൃഹദ് ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഈ
പ്രാവശ്യം നാട്ടിൽ പോയപ്പോൾ തുടക്കം കുറിച്ചു. അങ്ങനെ എന്റെ നാട്ടുകാരുമായി ചേർന്ന് നടത്തുന്ന ഡിജിറ്റൈസെഷൻ പദ്ധതിയുടെ ഔദ്യോഗിക അറിയിപ്പ് ആണ് ഈ പൊസ്റ്റ്.

മണ്ണാർക്കാട് പട്ടണത്തിലെ പ്രമുഖ ലൈബ്രറിയായ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള കെ.ജെ. തോമസ് എന്ന മുൻ എം എൽ എയുടെ (തിരു-കൊച്ചി നിയമസഭ) പുസ്തകശേഖരം ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ ലൈബ്രറി ഭാരവാഹികളോട് ചേർന്ന് തുടക്കം കുറിച്ചു. ഇതു സംബന്ധിച്ച് ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ ലൈബ്രറി ഭാരവാഹികൾക്കു പുറമെ പട്ടാമ്പി സംസ്കൃത കൊളേജ് അദ്ധ്യാപകനും എന്റെ സ്വന്തം ദേശക്കാരനും ആയ എം. ആർ. അനിൽ കുമാറും, അലനല്ലൂർ ഹയർ സെക്കന്ററി അദ്ധ്യാപകനായ സന്തോഷ് സാറും സന്നിഹിതരായിരുന്നു. ചടങ്ങിൽ കെ.പി.എസ്. പയ്യനെടം. റിട്ടയേർഡ് പ്രൊഫസർ സാബു ഐപ്പ്, കെ.ജെ. തോമസിന്റെ കൊച്ചു മകൻ കെ.ജെ. തോമസ് ജൂനിയർ, കാസിം ആലായൻ എന്നിവർ അടക്കം മറ്റു ലൈബ്രറി ഭാരവാഹികൾ സന്നിഹിതർ ആയിരുന്നു.

 

കെ.ജെ.ടി.എം. സഹൃദയ ലൈബ്രറി, മണ്ണാർക്കാട്

 

കെ.ജെ തോമസ്

കെ.ജെ. തോമസ് 1913ൽ കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ കുടംബത്തിൽ ജനിച്ചു. അദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ 1951-1953 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ. ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് കെ. ജേക്കബ്ബ് തോമസ് 1930കളിൽ മണ്ണാർക്കാട് പ്രദേശത്തേക്ക് കുടിയേറി. കഥാനായകൻ കെ.ജെ. തോമസ് കുറച്ചുകാലം കൂടി കാഞ്ഞിരപ്പള്ളിയിൽ തന്നെ തുടർന്നു. 1936ൽ കാഞ്ഞിരപ്പള്ളിയിൽ സഹൃദയ ലൈബ്രറി സ്ഥാപിക്കുന്നതിനു നേതൃത്വം കൊടുത്തു. അക്കാലത്ത് അദ്ദേഹം രാഷ്ട്രീയ/പൊതു പ്രവർത്തകൻ ആയിരുന്നു. 1950ൽ കെ.ജെ. തോമസ് തന്റെ പിതാവിനെ പിന്തുടർന്ന് മണ്ണാർക്കാട്ടേക്ക് കുടിയേറി. എന്നാൽ 1951ൽ നടന്ന തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് എതിരായി മത്സരിച്ചു വിജയിച്ചു. തുടർന്ന് 2 വർഷത്തോളം തിരു-കൊച്ചി നിയമസഭയിൽ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ചു പ്രവർത്തിച്ചു.

കെ.ജെ. തോമസ് 1953ൽ തന്റെ പ്രവർത്തന മണ്ഡലം മണ്ണാർക്കാട്ടേക്ക് പൂർണ്ണമായും പറിച്ചു നട്ടു. പൊതുപ്രവർത്തകനായും സാംസ്കാരികപ്രവർത്തകനായും പള്ളിയോട് ചേർന്നുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് മണ്ണാർക്കാടിന്റെ ആധുനികപ്രാദേശികചരിത്രം ഡോക്കുമെന്റ് ചെയ്തിരിക്കുന്ന വിവിധ ലേഖനങ്ങൾ കാണുക. 2002 ഡിസംബർ 16നു് അദ്ദേഹം അന്തരിച്ചു.

കെ.ജെ തോമസ്
കെ.ജെ തോമസ്

കെ.ജെ.ടി.എം. സഹൃദയ ലൈബ്രറി, മണ്ണാർക്കാട്

1976ൽ മണ്ണാർക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു വായനശാല സ്ഥാപിക്കുന്നതിനായി കെ.ജെ. തോമസ് തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 11 സെന്റ് സ്ഥലവും 10,000 രൂപയും സംഭാവന ചെയ്തു. തുടർന്ന് പൊതുജനങ്ങളുടെ കൂടെ സഹകരണത്തിൽ വായനശാലയ്ക്കായി ഒരു കെട്ടിടം നിർമ്മിച്ചു. 1979 ഫെബ്രുവരി 18നു തകഴി ശിവശങ്കരപ്പിള്ള വായനശാല ഉൽഘാടനം ചെയ്തു. കെ.ജെ. തോമസിന്റെ പിതാവായ കരിപ്പാപറമ്പിൽ ജേക്കബ് തോമസിന്റെ സ്മരണ്യ്ക്കായി കെ. ജേക്കബ്ബ് തോമസ് മെമ്മോറിയൽ സഹൃദയ പബ്ലിക്ക് ലൈബ്രറി (കെ.ജെ.ടി.എം. സഹൃദയ പബ്ലിക്ക് ലൈബ്രറി) എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ തന്റെ കൈവശം ഉണ്ടായിരുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുടെ ശെഖരവും കെ.ജെ. തോമസ് ലൈബ്രറിക്ക് സംഭാവന ചെയ്തു. ആ പുസ്തകങ്ങളിൽ കോപ്പിറൈറ്റ് കഴിഞ്ഞ പുസ്തകങ്ങൾ ഈ പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരാൻ പോകുന്നത്.

കെ.ജെ. തോമസിന്റെ സുഹൃത്തും സമകാലീകനും ആയിരുന്ന ഡിസി കിഴക്കേമുറി കാഞ്ഞിരപ്പള്ളിയിലെ സഹൃദയ ലൈബ്രറിയെ പറ്റിയും കെ.ജെ. തോമസിനെ പറ്റിയും അദ്ദേഹത്തിന്റെ കാലത്തിന്റെ നാൾവഴി എന്ന പുസ്തകത്തിൽ എഴുതിയ കുറിപ്പ് താഴെ പങ്കു വെക്കുന്നു.

 

ഡിസി കിഴക്കേമുറിയുടെ കെ.ജെ. തോമസ് അനുസ്മരണം
ഡിസി കിഴക്കേമുറിയുടെ കെ.ജെ. തോമസ് അനുസ്മരണം

വായനശാലയ്ക്ക് സഹൃദയ എന്ന പേര് ഇടാൻ ഉള്ള കാരണം കെ.ജെ. തോമസ് തന്നെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ സുവർണ്ണജൂബിലി സുവനീറിൽ വ്യക്തമാക്കിയിട്ടൂണ്ട്. അത് താഴെ പങ്കു വെക്കുന്നു.

സഹൃദയ
സഹൃദയ

മണ്ണാർക്കാട് സഹൃദയ ലൈബ്രറിയിലെ പുസ്തകങ്ങളും ഡിജിറ്റൈസേഷൻ പദ്ധതിയും

കഴിഞ്ഞ വർഷം (2018 ഒക്ടോബറിൽ) നാട്ടിൽ പോയപ്പോൾ എൻ്റെ ഡിജിറ്റൈസേഷൻ പദ്ധതികളിൽ സഹകരിക്കുന്ന പൊറ്റശ്ശേരി സ്കൂളിലെ ജയശ്രീ ടീച്ചർ ശിപാർശ ചെയ്തതതിനു അനുസരിച്ച് മണ്ണാർക്കാട്ടെ സഹൃദയ ലൈബ്രറിയിൽ പോവുകയും അവിടുത്തെ പുസ്തകങ്ങൾ പരിശോധിക്കുകയും ചെയ്തു. “ക്ഷീരമുള്ളോരകിടൻ ചുവട്ടിലും കൊതുകിനു ചോര തൻ കൗതുകം“ എന്നു പറഞ്ഞ പോലെ എന്റെ ശ്രദ്ധ അവിടെ നേരിട്ട് കാണുന്ന പുസ്തകങ്ങളിൽ അല്ല, പഴക്കം മൂലം മാറ്റി വെച്ചിരിക്കുന്ന കെ.ജെ. തോമസ് കളക്ഷിനിലേക്ക് തിരിഞ്ഞു. അതിൽ പകർപ്പവകാശപരിധി കഴിഞ്ഞ കുറച്ചധികം പുസ്തകങ്ങൾ കണ്ടതോടെ എന്റെ സ്വന്തം നാട്ടിൽ തന്നെ ലൈബ്രറി ഭാരവാഹികൾ സഹകരിച്ചാൽ ഒരു ഡിജിറ്റൈസേഷൻ പദ്ധതി ആരംഭിക്കാനുള്ള സംഗതികൾ ആണ് എന്റെ മുന്നിൽ കാണുന്നതെന്ന് എനിക്കു മനസ്സിലായി.

ഞാൻ അവിടെ നിന്ന് ബാംഗ്ലൂർക്ക് തിരിച്ചു പോന്നതിനു ശേഷം, അലനല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകമായ സന്തോഷ് മാഷ് ലൈബ്രറി ഭാരവാഹികളുമായുള്ള തുടർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഞാൻ ഒരു അഭ്യർത്ഥന ലൈബ്രറി ഭാരവാഹികൾക്കു മുൻപിൽ വെച്ചു. സന്തൊഷ് മാഷ് തുടർന്ന് ലൈബ്രറി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ അവർക്ക് പെട്ടെന്ന് തന്നെ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാവുകയും മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ പബ്ലിക്ക് ലൈബ്രറിയിലെ കോപ്പി റൈറ്റ് കാലാവധി കഴിഞ്ഞ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അവർ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.

ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നു

ഞാൻ ഈ വട്ടം നാട്ടിൽ പോയ ഉടൻ തന്നെ സന്തോഷ് മാഷ് മുൻകൈ എടുത്ത് പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള കരുക്കൾ നീക്കി. അങ്ങനെ 2019 ഒക്ടോബർ 10നു മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ലളിതമായ ഒരു ചടങ്ങളിൽ വെച്ച് കെ.ജെ. തോമസ് ശേഖരം ഡിജിറ്റൈസേഷനായി എനിക്കു കൈമാറി.

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ ശെഖരം ഡിജിറ്റൈസ് ചെയ്യ്ന്ന പദ്ധതി തീർന്നതിനാൽ ആ സമയം ഇതിനായി വിനിയോഗിക്കാം എന്ന് കരുതുന്നു. പക്ഷെ ഇതിനു പുറമേ കേരള പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകളുടെ ഡിജിറ്റൈസേഷനും സമാന്തരമായി നടക്കുന്നുണ്ട്. എന്റെ ഒഴിവു സമയത്ത് ചെയ്യുന്ന സന്നദ്ധ പ്രവർത്തനം ആയതിനാൽ ഇതിന്റെ വേഗത എനിക്കു പ്രവചിക്കാൻ ആവില്ല. എല്ലാം അതതിന്റെ സമയത്ത് നടക്കും എന്നേ പറയാൻ ഉള്ളൂ.

രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിട്ടതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ പട്ടാമ്പി സംസ്കൃതകോളേജിലെ മലയാളം വിഭാഗത്തിനു എന്തൊക്കെയോ പദ്ധതികൾ ഉണ്ടെന്ന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച ചടങ്ങിൽ സംബന്ധിച്ച പട്ടാമ്പി സംസ്കൃതകോളേജ് അദ്ധ്യാപകൻ എം. ആർ. അനിൽകുമാർ പറഞ്ഞു. രേഖകൾ പുനരുപയോഗിച്ച് കൂടുതൽ ഗുണപ്രദമാക്കുന്നത് എല്ലാവർക്കും സൗകര്യം ആകും. അതിനു എല്ലാ ആശംസകളും.

 

അവലംബം.

1. കെ.ജെ. തോമസ് സ്മാരക ഗ്രന്ഥം (ചീഫ് എഡിറ്റർ പ്രൊഫ: സാബു ഐപ്പ്, എഡിറ്റർ: കെപി.എസ്. പയ്യനെടം)

2. കെ.ജെ. തോമസിന്റെ കൊച്ചുമകനായ കെ.ജെ. തോമസ് ജൂനിയർ നൽകിയ വിവിധ രേഖകൾ.

 

Comments

comments

One comment on “2019 – മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു

Comments are closed.