2020 – കൂനമ്മാവ് അച്ചുകൂടം: ഉ, ഊകാര ചിഹ്നങ്ങളുടെ പിരിച്ചെഴുത്ത്

(മലയാളം റിസർച്ച് ജേണൺ; വാല്യം 13, ലക്കം 1; ജനുവരി-ഏപ്രിൽ 2020; പുറം 4675 – 4681) – ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.

പതിവിൽ നിന്നു വ്യത്യസ്തമായി ഈ ഗവേഷണ ലേഖനത്തിൽ ഞങ്ങളോടൊപ്പം ബാബു ചെറിയാൻ സാർ കൂടെ ചേരുന്നു. അതായാത് ഡോ: ബാബു ചെറിയാൻ, ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്. എന്നീ നാലു പേർ ചേർന്ന് തയ്യാറാക്കിയതാണ് ഈ ഗവേഷണ ലേഖനം.

സംഗ്രഹം

1872-1873 വർഷങ്ങളിൽ കൂനമ്മാവ് ആശ്രമ അച്ചുകൂടം, ഉകാരത്തിന്റെയും ഊകാരത്തിന്റെയും ചിഹ്നങ്ങൾ പ്രത്യേക  അച്ചുകൾ ഉപയോഗിച്ച് പിരിച്ച് എഴുതുന്ന രീതി സ്വീകരിക്കുകയും കുറച്ചധികം പുസ്തകങ്ങൾ അപ്രകാരം അച്ചടിക്കുകയും ചെയ്തു. 1971ലെ ലിപി പരിഷ്കരണത്തിൽ ഉകാര/ ഊകാരങ്ങൾക്കായി പ്രത്യേക ചിഹ്നങ്ങൾ അവതരിപ്പിച്ചതിനു സമാനമായി, അതിനും 100 വർഷങ്ങൾക്ക് മുൻപ് നടന്ന ലിപിപരിഷ്കരണ ശ്രമത്തെകുറിച്ചുള്ള വിവരങ്ങൾ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.

ആമുഖം

എ.ഡി. ഹരിശർമ്മ രചിച്ച കണ്ടത്തിൽ വർഗ്ഗീസുമാപ്പിള എന്ന പുസ്തകത്തിന്റെ അനുബന്ധമായി ചേർത്തിട്ടുള്ള മലയാളമച്ചടി എന്ന ലേഖനത്തിൽ വരാപ്പുഴയിലെ അച്ചുകൂടത്തിൽ നടന്ന ലിപിപരിഷ്കരണ ശ്രമങ്ങളെ പറ്റി കണ്ടത്തിൽ വർഗ്ഗീസുമാപ്പിള ഇങ്ങനെ പറയുന്നു:

അച്ചടിയക്ഷരങ്ങളുടെ എണ്ണം കുറയ്ക്കുവാനായി ഉ കാരത്തേയും ഊ കാരത്തേയും കുറിക്കുന്ന ചിഹ്നങ്ങൾ പ്രത്യേകം ഉണ്ടാക്കി, അക്ഷരങ്ങളുടെ വലത്തുവശത്ത് ഇകാരചിഹ്നങ്ങളായ വള്ളികൾ ചേർക്കുന്നതുപോലെ ചേർക്കാൻ പത്തുപന്ത്രണ്ടു കൊല്ലം മുൻപു് ഒരു ശ്രമം ഉണ്ടായതായി ഓർമ്മയുണ്ടു്. ഇതു് വരാപ്പുഴ മിഷ്യൻ വക അച്ചുക്കുടത്തിലാണു് തുടങ്ങിയതെന്നു തോന്നുന്നു. റോമാക്കത്തോലിക്കാ ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രം പ്രചാരമുള്ള ചില പുസ്തകങ്ങളിൽ ഈ സമ്പ്രദായത്തെ പ്രയോച്ചതായും കണ്ടിട്ടുണ്ടു്. ഇതുകൊണ്ടായിരിക്കാം മറ്റു അച്ചുക്കൂടങ്ങൾ ഇതിനെ അനുകരിക്കാനും കുറെശ്ശെയെങ്കിലും നടപ്പാകുവാനും ഇടയാകാഞ്ഞതു്. ഒടുവിൽ, ആരംഭിച്ച ആളുകൾതന്നെ ഇതിനെ ഉപേക്ഷിച്ചു എന്നും തോന്നുന്നു. ഇപ്പോൾ ഈ പ്രയോഗം എങ്ങും കാണുന്നില്ല. ഇതു നടപ്പായി എങ്കിൽ അച്ചടിക്കാരുടെ ബുദ്ധിമുട്ടു വളരെ കുറയുമായിരുന്നു.

(എഡി ഹരിശർമ്മ 1950: xiii)

 (മലയാളമച്ചടി എന്ന ഈ ലേഖനം 1069 ചിങ്ങം (1893 ഓഗസ്റ്റ്) മാസത്തിൽ പുറത്തിറങ്ങിയ ഭാഷാപോഷിണി മാസികയുടെ ലക്കത്തിലാണ് കണ്ടത്തിൽ വർഗ്ഗീസുമാപ്പിള  പ്രസിദ്ധീകരിച്ചത് എന്നത് ഒരു സുഹൃത്തു വഴി കണ്ടെത്താൻ ഞങ്ങൾക്കായി.)

ഈ ലേഖനപ്രകാരം, വരാപ്പുഴയിലെ അച്ചുകൂടത്തിൽ പത്തൊൻപതാം നുറ്റാണ്ടിന്റെ അവസാനം ഒരു പ്രധാനപ്പെട്ട മലയാള ലിപിപരിഷ്കരണ ശ്രമം നടന്നിട്ടുണ്ട്. കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ ലേഖനത്തിലെ മുകളിലെ പരാമർശം പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ലഭിച്ച പുതിയ വിവരങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോക്കുമെന്റ് ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

തെളിവുകളിലേയ്ക്ക്

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ ലേഖനത്തിലെ പ്രസ്താവനയുടെ കുരുക്കഴിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ബാംഗ്ലൂർ ധർമ്മാരാം ആശ്രമ ലൈബ്രറിയിലേയും, മാന്നാനം ആശ്രമ ലൈബ്രറിയിലേയും  ആർക്കൈവുകൾ ഞങ്ങൾ പരിശോധിച്ചു. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ ലേഖനത്തിൽ കാലഘട്ടം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വരാപ്പുഴ അച്ചുകൂടം തുടങ്ങിയ 1880 തൊട്ട് അവിടെ നിന്ന് ഇറങ്ങിയ പുസ്തകങ്ങൾ ആണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. പക്ഷെ 1900 വരെയുള്ള വരാപ്പുഴ പുസ്തകങ്ങൾ പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല.

വരാപ്പുഴയിലെ അച്ചുകൂടപുസ്തകങ്ങളിൽ നിന്ന് തെളിവുകൾ കിട്ടാതെയായപ്പോൾ ഞങ്ങളുടെ ശ്രദ്ധ മലയാളം അച്ചുകൂട ചരിത്രത്തിലേക്ക് തിരിഞ്ഞു. 1844-ൽ ചാവറയച്ചൻ മാന്നാനത്തു അച്ചുകൂടം സ്ഥാപിച്ച വിവരം കെ.എം.ഗോവി രേഖപ്പെടുത്തിയിട്ടൂണ്ട്. അതിനാൽ തുടർന്ന് മാന്നാനം പ്രസ്സിൽ നിന്നുള്ള പുസ്തകങ്ങൾ തിരയാൻ തുടങ്ങി. എന്നിട്ടും നിരാശയായിരുന്നു ഫലം.

തുടർന്ന്, CMI സന്ന്യാസ സമൂഹത്തിന്റെ ചരിത്രത്തിൽ ചാവറയച്ചന്റെ അച്ചുകൂടപരിഷകരണത്തെ പറ്റി പറയുന്ന ഭാഗങ്ങൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കി. അതിൽ 1870-ൽ കൂനമ്മാവ് ആശ്രമത്തിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ഒരു അച്ചുകൂടം തുടങ്ങിയ വിവരം പറയുന്നുണ്ട്. കൂനമ്മാവുങ്കൽ അച്ചുകൂടത്തിൽ നിന്നുള്ള കോവുണ്ണി നെടുങ്ങാടിയുടെ കേരള കൗമുദി എന്ന പുസ്തകത്തിന്റെ സ്കാൻ ഇതിനകം പൊതുസഞ്ചയത്തിൽ ലഭ്യമാണ്. ആ പുസ്തകത്തിൽ പക്ഷെ ഇത്തരം അച്ചുപരിഷ്കരണ സൂചനകൾ ഒന്നും കണ്ടതുമില്ല.

തുടർന്ന്, കൂനമ്മാവ് ആശ്രമത്തിൽ അച്ചടി തുടങ്ങിയ 1870 തൊട്ടുള്ള പുസ്തകങ്ങൾ ഞങ്ങൾ പരിശോധിക്കാൻ തുടങ്ങി. 1872 എത്തിയപ്പൊഴേക്കും  തെളിവുകൾ ലഭ്യമായി തുടങ്ങി. നാനാവിധ ജ്ഞാനകുസുമ പൂങ്കാവു എന്ന പുസ്തകത്തിൽ ആണ് ആദ്യത്തെ തെളിവ് കിട്ടിയത്. തുടർന്ന് 1872-ലും 1873-ലും ഇറങ്ങിയ നിരവധി കൂനമ്മാവ് അച്ചുകൂട പുസ്തകങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചു.

പുസ്തകങ്ങൾ വിപുലമായ പരിശോധനയ്ക്ക് ലഭ്യമാകുന്നില്ല എന്നത് ലിപി പരിണാമം പോലുള്ള വിഷയങ്ങൾ പഠിക്കുന്ന ഗവേഷകർ നേരിടുന്ന വെല്ലുവിളിയാണ്. നമ്മൾ പഠനത്തിനാവശ്യമുള്ള ഒരു പുസ്തകം പറയുക; ആ കൃതിമാത്രം റഫറൻസിനു നൽകുക എന്ന സമീപനമാണു പൊതുവെ ആർക്കൈവുകൾ സ്വീകരിക്കുന്നത്. എന്നാൽ ഒരു പ്രത്യേക പുസ്തകം അല്ല, ഒരു കാലഘട്ടത്തിലെ പുസ്തകങ്ങൾ മൊത്തം പരിശോധനയ്ക്കു വിധേയമാക്കേണ്ട അവസ്ഥയാണ് ഇത്തരം പഠനങ്ങളിൽ ആവശ്യമുള്ളത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഗവേഷണത്തിന്റെ സ്വഭാവം അറിയുന്ന ബാംഗ്ലൂർ ധർമ്മാരാം ആശ്രമ ലൈബ്രറിയിലേയും മാന്നാനം ആശ്രമ ലൈബ്രറിയിലേയും ലൈബ്രേറിയന്മാർ ഇരുവരും പ്രസ്തുത കാലഘട്ടത്തിലെ പുസ്തകങ്ങൾ മൊത്തം പരിശോധിക്കുവാൻ ഞങ്ങളെ അനുവദിച്ചു. സ്വകാര്യ ലൈബ്രറികൾ ആയത് കൊണ്ടാണ് ഞങ്ങൾക്കു അതിനുള്ള സൗകര്യം കിട്ടിയത്. അതു കൊണ്ടാണ് താഴെ പറയുന്ന തെളിവുകൾ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞത്.

 

പുതിയ ഉ, ഊ ചിഹ്നങ്ങൾ

ഉകാരത്തിന്റേയും ഊകാരത്തിന്റേയും ചിഹ്നങ്ങൾ പ്രത്യേകം അച്ചുകൾ ഉപയോഗിച്ച് മാതൃവ്യഞ്ജനത്തിൽ നിന്ന് പിരിച്ച് എഴുതുന്ന രീതി ആണ് കൂനമ്മാവു ആശ്രമത്തിലെ അച്ചുകൂടക്കാർ അവലംബിച്ചിരിക്കുന്നത്. എല്ലാ വ്യഞ്ജനാക്ഷരങ്ങളോടും കൂട്ടക്ഷരങ്ങളോടും ഒപ്പം ഒരേ ഉ, ഊ-കാര ചിഹ്നങ്ങൾ  ഉപയോഗിച്ചു എന്നത് അക്കാലത്ത് അച്ചടിയിൽ വലിയ അച്ചുലാഭം ആയിരുന്നു. ഉകാര-ഊകാരചിഹ്നമായി യഥാക്രമം താഴെ കൊടുക്കുന്ന രൂപങ്ങൾ യഥാക്രമം ഉപയോഗിക്കുന്നു:

 

 

 

 

 

 

അതായത്, കുസുമ പൂങ്കാവു എന്നത് ഈ സമ്പ്രദായത്തിൽ ഇങ്ങനെ എഴുതുന്നു:

 

 

ഇതിലെ ഉകാരചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത് പഴയലിപിയിൽ (കു) തുടങ്ങിയ ചില അക്ഷരങ്ങളിൽ കാണുന്ന സ്വരരൂപം ആയിരിക്കാം. ഇന്ന് പുതിയലിപിയിൽ ഉകാരചിഹ്നമായി ഉപയോഗിക്കുന്ന എന്ന ചിഹ്നം കൂനമാവിലെ ഉകാരചിഹ്നത്തിലെ താഴത്തെ വൃത്തം പൂർണ്ണമാക്കിയതാണ് എന്നത് കൗതുകകരമാണ്.  എന്നാൽ  കൂനമ്മാവ് പുസ്തകങ്ങളിൽ ഊകാരചിഹ്നമായി ഉപയോഗിക്കുന്ന രൂപം പൂർണ്ണമായും വ്യത്യസ്തമാണ്.

 

ഈ ലിപിപരിഷ്കരണം ഉപയോഗിച്ചിരിക്കുന്ന കുറച്ചു രേഖകളുടെ മാതൃകാ ചിത്രങ്ങൾ താഴെ കൊടുക്കുന്നു.

 

നാനാവിധ ജ്ഞാന കുസുമ പൂങ്കാവു (1873)

 

 

പർവം  അഞ്ച് എന്ന പുസ്തകം. അർണോസ് പാതിരിയുടെ രചന (1873)

 

 

ദെസാൻ ളൂവീസ മെത്രാപോലീത്തയുടെ എഴുത്ത് (1872)

 

 

ഈ ലിപിപരിഷ്കരണത്തെ പറ്റിയുള്ള ഒരു കുറിപ്പും  ഈ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.

 

 

1872ലും 1873ലും  കൂനമ്മാവു ആശ്രമത്തിൽ നിന്ന് ഇറങ്ങിയ കുറച്ചധികം പുസ്തകങ്ങളിൽ ഞങ്ങൾ ഈ രീതി കണ്ടു. ഈ രീതി ഉപയോഗിച്ചതും ഞങ്ങൾക്കു കണ്ടെത്താനായതുമായ കൂനമ്മാവ് അച്ചുകൂട പുസ്തകങ്ങളുടെ ഒരു പട്ടിക ഈ ലേഖനത്തിനു അനുബന്ധമായി കൊടുത്തിട്ടൂണ്ട്. ഈ അച്ചുപരിഷ്കരണത്തിനു എതിർപ്പ് നേരിട്ടതിനാൽ ആവാം 1874 തൊട്ട് കൂനമ്മാവ് അച്ചുകൂടം പിന്നേയും പഴയരീതിയിലേക്ക് മാറി എന്നും കാണുന്നു.

 

ഇതിനു പിന്നിൽ പ്രവർത്തിച്ച വ്യക്തി(കൾ)

കൂനമ്മാവ് ആശ്രമം സ്ഥാപിച്ച വ്യക്തി ചാവറയച്ചനാണെങ്കിലും, 1872-ലും 1873-ലും നടന്ന ഈ ലിപി പരിഷ്കരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരെന്ന് വ്യക്തമല്ല. ചാവറയച്ചൻ 1871ൽ മരിച്ചു പോയതിനാൽ അദ്ദേഹം തുടങ്ങി വച്ച പദ്ധതി ആയിരിക്കാൻ സാദ്ധ്യത കുറവാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടത്തെണമെങ്കിൽ ചാവറയച്ചനു ശേഷം കൂനമ്മാവ് ആശ്രമത്തിലെ പ്രസ്സിന് നേതൃത്വം കൊടുത്തിരുന്ന പുരോഹിതരുടെ നാൾവഴി പരിശോധിക്കാൻ കഴിയണം. അത്തരം രേഖകൾ പരിശോധിക്കാൻ ഞങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ അക്കാര്യത്തിൽ തുടർന്ന് പുരോഗതിയുണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഈ വിഷയം അതിനാൽ തന്നെ തുടർഗവേഷണത്തിനു വിടുന്നു.

നന്ദി

ബാംഗ്ലൂരിലെ ധർമ്മാരാം വൈദിക സെമിനാരി, മാന്നാനം ആശ്രമ ആർക്കൈവ്സ് എന്നീ ലൈബ്രറികളിൽ നിന്നാണ് ഈ ലേഖനത്തിനു വേണ്ട തെളിവുകൾ ഒക്കെയും ഞങ്ങൾക്കു ലഭിച്ചത്. ഇത് പരിശോധിക്കാൻ അനുമതി നൽകിയ സ്ഥാപനമേധാവികളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾക്കു പരിശോധിക്കേണ്ട രേഖകളുടെ വൈപുല്യം കണക്കിലെടുത്ത് വേണ്ട എല്ലാ സഹായവും ചെയ്തു തന്ന ബാംഗ്ലൂരിലെ ധർമ്മാരാം വൈദിക സെമിനാരിയിലെ ലൈബ്രേറിയൻ ഷൈജു, മാന്നാനം ആശ്രമ ആർക്കൈവ്സ് ഡയറക്ടർ ഫാ. ആന്റണി ബംഗ്ലാവുപറമ്പിൽ CMI,  മാന്നാനം ആശ്രമ ആർക്കൈവ്സ് ലൈബ്രേറിയൻ ബിബിൻ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

അനുബന്ധം

താഴെ പറയുന്ന കൂനമ്മാവ് പുസ്തകങ്ങളിലാണ് ഞങ്ങൾക്കു ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന അച്ചുപരിഷ്കരണം കാണാൻ കഴിഞ്ഞത്.

  • ദെസാൻ ളൂവീസ മെത്രാപോലീത്തയുടെ എഴുത്ത് (1872)
  • നൽമരണ ആയത്തം (1872)
  • കേരള രാജ്യത്തിലെ സത്യവേദ ചരിത്രം (1872)
  • 1873 -ാം വർഷത്തെ പഞ്ചാംഗം (കർത്താവിന്റെ കാലം ൧൮൭൩ വരെ ഒരൊരൊ സംഭവത്തിന്റെ കാലസംഖ്യകൾ)
  • പർവം അഞ്ച – അർണൊസ (1873)
  • നാനാവിധ ജ്ഞാന കുസുമ പൂങ്കാവു (1873)

 

ഈ ഗവേഷണ ലേഖനം ഒറ്റ പിഡിഎഫായി ഇവിടെ ലഭ്യമാണ്.

 

Comments

comments