ആമുഖം
ഇംഗ്ലീഷ് മലയാള ഭാഷകളിലും, ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോഴിക്കോട് ഗവൺമെന്റ് പാഠശാലയിലെ മുൻഷിയായിരുന്ന അയ്മനം പി. ജോൺ എന്ന ആളാൽ ഉണ്ടാക്കപ്പെട്ട ഈ പുസ്തകം ഈ വിഷയത്തിൽ കേരളത്തിൽ ഇറങ്ങിയ ആദ്യത്തെ പുസ്തകം ആയിരിക്കും എന്നു കരുതപ്പെടുന്നു.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: An Anglo Malayalam Vocabulary And Phrase Book – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും
- രചന: അയ്മനം പി. ജോൺ
- പ്രസിദ്ധീകരണ വർഷം: 1860
- താളുകളുടെ എണ്ണം: 67
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇംഗ്ലീഷ് വാക്കുകളുടെ മലയാള ഉച്ചാരണവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള അർത്ഥവും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അയ്മനം പി. ജോൺ ആണ് ഇതിന്റെ രചന.
സമാനമായി മലയാളവാക്കുകളുടെ ഇംഗ്ലീഷ് അർത്ഥവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള ഉച്ചാരണവും ഉള്ള വേറൊരു പുസ്തകം (കല്ലാടി തയ്യൻ രാമുണ്ണി തയ്യാറാക്കിയത്) നമ്മൾ ഇതിനകം കണ്ടതാണ്.
ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകവും ഇത് തന്നെ ആയിരിക്കും എന്ന് എനിക്കു തോന്നുന്നു.
പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.
- ചന്ദ്രക്കല ചിഹ്നം പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ കാണാം.
- ഇതുവരെയുള്ള തെളിവ് വെച്ച് ചന്ദ്രക്കലയുടെ ലെറ്റർ പ്രസ്സ് അച്ചടിയുടെ ഏറ്റവും പഴയ തെളിവ് ഈ പുസ്തകം ആണ്.
- സി.എം.എസിന്റെ ഒരു പുസ്കകങ്ങളിൽ ചന്ദ്രക്കലയുടെ ഉപയോഗം കണ്ട ഏറ്റവും പഴക്കമുള്ള പുസ്തകവും ഇതാണ്.
- ന്റ എന്ന കൂട്ടക്ഷരത്തിന്റെ സ്റ്റാക്ക് ചെയ്ത രൂപം ഇതിൽ കാണാം (പക്ഷെ ഇംഗ്ലീഷ് വാക്കുകളുടെ ട്രാൻസ്‌ലിറ്ററെഷനു മാത്രമാണ് അത് ഉപയോഗിച്ചിരിക്കുന്നത്). ന്റയുടെ സ്റ്റാക്ക് ചെയ്ത രൂപം കണ്ട ഏറ്റവും പഴയ ലെറ്റർ പ്രസ്സ് അച്ചടിയും ഈ പുസ്തകം തന്നെ.
ധാരാളം ട്രാൻസ്‌ലിറ്ററെറ്റഡ് പദങ്ങൾ ഉണ്ട് എന്നതിനാൽ ലിപിപരിണാമവുമായി ബന്ധപ്പെട്ട പല സംഗതികളും ഈ പുസ്തകത്തിൽ നിന്ന് ലഭിച്ചേക്കാം.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (12 MB )