1863 – കണക്കധികാരം – മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ

ദ്രാവിഡദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന കണക്കധികാരം എന്ന കൃതിയുടെ അച്ചടിപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ ആണ് ഈ കൃതി സമാഹരിച്ച് വിശദീകരണങ്ങളും മറ്റും ചേർത്ത് പ്രസിദ്ധീകരിച്ചത്. പ്രാചീന മലയാള ഗണിതചിഹ്നങ്ങളെ ആദ്യമായി അച്ചടിയിലേക്ക് കൊണ്ടു വന്ന ഈ കൃതി 1863ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രാചീന മലയാള ഗണിത ചിഹ്നങ്ങളെ അച്ചടിക്കാനായി അക്കാലത്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ പ്രത്യേക അച്ചുകൾ നിർമ്മിച്ചു.

ഈ പുസ്തകത്തിന്റെ രണ്ട് പ്രതികൾ ഇപ്പോൾ റിലീസ് ചെയ്യുന്നു. ഡിജിറ്റൈസേഷനായി ലഭ്യമായ ആദ്യപ്രതിയിൽ ഫ്രണ്ട് മാറ്ററും ആദ്യ രണ്ടു പേജുകളും ഒഴികെ ബാക്കി എല്ലാ ഉള്ളടക്കവും ലഭ്യമാണ്. എന്നാൽ രണ്ടാമത്തെ പ്രതിയിൽ ഫ്രണ്ട് മാറ്ററിലെ ഉള്ളടക്കപട്ടിക ലഭ്യമാണ്. പക്ഷെ ഫ്രണ്ട് മാറ്ററിലെ തന്നെ ബാക്കി പേജുകളും ഉള്ളടക്കത്തിലെ ഏതാണ്ട് എഴുപതിൽ പരം പേജുകളും നഷ്ടപ്പെട്ടിരിക്കുന്നു. പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയതിന്റെ വിശദാംശങ്ങൾ കടപ്പാട് എന്ന വിഭാഗത്തിൽ ചേർത്തിട്ടുണ്ട്.

ദ്രാവിഡദേശത്ത് പ്രചാരത്തിലിരുന്ന ഒരു ഗണിതശാസ്ത്രപദ്യകൃതിയാണ് കണക്കധികാരം (കണക്കതികാരം എന്നും ചിലയിടത്ത് എഴുതിക്കാണുന്നു). ഉള്ളൂരും സി.കെ. മൂസതുമെല്ലാം ഈ പുസ്തകത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ കണക്കധികാരം പണ്ടുമുതലേ പ്രചരിച്ചിരുന്നു എന്നും തമിഴുവഴിയ്ക്കായിരുന്നു പ്രായേണ ജനങ്ങള്‍ കണക്കു പഠിച്ചുവന്നിരുന്നത് എന്നുമുള്ള ഉള്ളൂരിന്റെ പരാമർശങ്ങൾ കൂട്ടിവായിച്ചാൽ, കണക്കതികാരത്തിന്റെ തമിഴ് പ്രതികളായിരിക്കാം കേരളത്തിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്നതെന്ന് ഊഹിക്കാം. എന്തായാലും കണക്കധികാരത്തിന്നു തമിഴ് ബന്ധം ഉണ്ട് എന്നത് ഉറപ്പാണ്.

പെരുക്കം, നെല്ലളവ്, തടിക്കണണക്ക്, പൊൻകണക്ക്, പലിശക്കണക്ക് തുടങ്ങി ഒട്ടനവധി പ്രായോഗികകണക്കുകൾ ആണ് കണക്കധികാരത്തിന്റെ പ്രധാന ഉള്ളടക്കം. ഈ അച്ചട് പതിപ്പിൽ കണക്കതികാരത്തിന്റെ ഒറിജിനൽ ഉള്ളടക്കത്തിന്നു പുറമേ മാവനാൻ മാപ്പിള സെയിതു മുഹമ്മദ് ആശാൻ സ്വയം ഉണ്ടാക്കി ഇതിനോടു ചേർത്ത ഭൂമിയുടെ കണക്ക്, നിലത്തിന്റെ കണക്ക് തുടങ്ങി വിവിധ തരം കണക്കുകളും കാണാം.

1863 ൽ (കൊല്ലവർഷം 1038ൽ) ആണ് പുസ്തകത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പ് വന്നതെന്നാണ് വിവിധ തെളിവുകൾ കാണിക്കുന്നത്.  പക്ഷെ 1853ലാണ് ഈ പുസ്തത്തിന്റെ പ്രസിദ്ധീകരണം എന്നാണ് കെ.എം. ഗോവി രേഖപ്പെടുത്തിയിരിക്കുന്നത്. അത് ശരിയാണെന്ന് തോന്നുന്നില്ല.

സി.കെ. മൂസതിൻ്റെ പ്രാചീനഗണിതം മലയാളത്തിൽ എന്ന ഗ്രന്ഥത്തിൽ, ഈ പുസ്തകത്തിന്നു 1880ൽ സി.എം.എസ്. പുറത്തിറക്കിയ രണ്ടാമത്തെ പതിപ്പിന്റെ്റെ താളുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. താഴെക്കാണുന്ന അവതരണശ്ലോകത്തിലാണ് പുസ്തകം ആരംഭിക്കുന്നത്.

കണക്കധികാരം തന്നെ
കനിവോടിന്നുലകിലുള്ളോർ
സകലവും കണ്ടതിന്റെ
സാരമങ്ങറിവതിന്നായി
വിവരമായുള്ളതെല്ലാം
വിരവോടുമൊഴിന്തതിന്നെ
കൊല്ലമങ്ങൊന്നിൽനിന്ന
കൊള്ളുമിന്നായിരത്തിൽ
മുപ്പതുംഎട്ടതോളം
മുറയായിചെന്നകാലം
മെസ്തർഷാപ്റ്റർസായ്പിന്റെ
മെണ്മയുള്ളരുളിനാലെ
മാവനാൻകണക്കതിനെ
മറവിലാതടീപ്പതാമേ.

ഈ ശ്ലോകത്തിൽനിന്ന് കൊല്ലവർഷം 1038ലാണ് (അതായത് പൊതുവർഷം 1863 ലാണ് മാവനാൻ മാപ്പിളയുടെ കണക്കധികാരം എഴുതി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് മനസിലാക്കാനാവുന്നത്. മിസ്റ്റർ ഷാപ്റ്റർ സായ്പിന്റെ നിർദ്ദേശത്തിലാണ് ഈ പുസ്തകം ഉണ്ടാക്കിയതെന്നും ശ്ലോകത്തിൽ പറയുന്നുണ്ട്. പക്ഷേ ഈ സായിപ്പ് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 1860കളിൽ തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനോ മിഷനറിയോ ആയിരിക്കാം.

(ഈ ചെറിയ കുറിപ്പ് തയ്യാറാക്കാൻ സുനിൽ വി.എസിന്റെ സഹായം ലഭ്യമായിട്ടുണ്ട്)

 

1863 - കണക്കധികാരം - മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ
1863 – കണക്കധികാരം – മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ആദ്യത്തെ കോപ്പി.

മാവനാൻ മാപ്പിള സെയിതു മുഹമ്മദ് ആശാന്റെ പിൻതലമുറയിൽ പെട്ട മൻസൂർ അഹമ്മദിൽ (Manzoor Ahamed) നിന്നാണ് ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന രണ്ടാമത്തെ കോപ്പി ലഭിച്ചത്. ഈ കോപ്പി ഡിജിറ്റൈസ് ചെയ്തിട്ട് കുറച്ചധികം നാളുകളായി. ഇത് ഡിജിറ്റൈസേഷനായി എനിക്ക് കൈമാറാനായി അദ്ദേഹം കൊച്ചിയിൽ നിന്ന് കാറോടിച്ച് പാലക്കാട് എന്റെ വീടുവരെ വന്നു എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു.

പുസ്തകത്തിന്റെ കോപ്പി ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയ രണ്ട് പേർക്കും നന്ദി.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഈ പൊതുസഞ്ചയ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിളും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

ഡിജിറ്റൈസേഷനായി ലഭ്യമായ കോപ്പികളുടെ തനിമ നിലനിർത്താൻ രണ്ടും വേറെ വേറെ തന്നെയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

കോപ്പി 1

  • പേര്: കണക്കധികാരം
  • രചന/സമാഹാരണം: മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1863 (മലയാള വർഷം 1038)
  • താളുകളുടെ എണ്ണം: 196
  • അച്ചടി: സി.എം.എസ് പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

കോപ്പി 2

  • പേര്: കണക്കധികാരം
  • രചന/സമാഹാരണം: മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1863 (മലയാള വർഷം 1038)
  • താളുകളുടെ എണ്ണം: 124
  • അച്ചടി: സി.എം.എസ് പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

One comment on “1863 – കണക്കധികാരം – മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ

  • PRAJEEV NAIR says:

    എന്താണ് ‘കണക്കധികാരം’? പാട്ടിലെഴുതിയ (ദ്രാവിഡപദ്യകൃതി) ഗണിതശാസ്ത്ര ഗ്രന്ഥമാണ് ‘കണക്കധികാരം’. ഏതുനൂറ്റാണ്ടിലെ കൃതിയെന്നു തിട്ടപ്പെടുത്തിയിട്ടില്ല. ഗണിതത്തെക്കുറിച്ചുള്ള താത്ത്വികപഠനമല്ല, പ്രായോഗികപഠനമാണിത്. അളവ്, തൂക്കം, ദൂരം, ഭിന്നസംഖ്യകൾ, ദൈർഘ്യമാനം, ഘനമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പ്രാഥമികപാഠമായി നൂറ്റാണ്ടുകളോളം ഉപയോഗിച്ചുപോന്നിട്ടുണ്ട്.

    ഈ കൃതിയെ ആധാരമാക്കി ‘കണക്കുസാരം’. എന്നൊരു മണിപ്രവാള കൃതി രചിച്ചുണ്ട്.
    ‘ലീലാവതീമപി കണക്കധികാരവും ക-
    ണ്ടെന്നോട് ഗുരു പറഞ്ഞതുമോർത്ത്കൊണ്ട്
    ബാലപ്രബോധകരണായ മണിപ്രവാളൈ-
    രുക്തം മയാല്പ ഹൃദയേന കണക്കുസാരം’
    [ലീലാവതിയും കണക്കതികാരവും നോക്കിയാണു് കണക്കുസാരം രചിച്ചതെന്നു ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്]

    ഈ കൃതി (കണക്കുസാരം) Madras Govt. Oriental Series ആയി 1950ൽ ചെറുവ്യാഖ്യാനത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഡിജിറ്റൈസ് ചെയ്തത് താഴെക്കാണുന്ന ലിങ്കിൽ കാണാം.
    1.https://shijualex.in/1950kanakkusaram/
    https://archive.org/details/1950kanakkusaram
    2.https://shijualex.in/1950-kanakkusaram-balaprabhodham/
    https://archive.org/details/1950-Kanakkathikaram-Balaprabhodham

    ‘കണക്കുസാര’വും ‘കണക്കുസാരം-ബാലപ്രബോധന’വും ഒരേകൃതിയാണ്

    കണക്കധികാരത്തിന്റെ സംശോധിത പാഠം:
    സ്വിറ്റ്സർലാൻഡിലെ സൂറിച്ച് സർവകലാശാലയിലൂടെ കേരളത്തിന്റെ ഗണിതപാരമ്പര്യം ലോകശ്രദ്ധയിലേക്കെത്തുന്നു. കേരളത്തിൽ മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിൽ സൂക്ഷിച്ചിരുന്ന ‘കണക്കധികാരം’ എന്ന പാട്ടുരൂപത്തിലുള്ള പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ സംശോധിതപാഠമാണ് സൂറിച്ച് സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെയർ പുനഃപ്രസിദ്ധീകരിക്കുന്നത്.
    ‘കണക്കധികാരം: ക്രിട്ടിക്കൽ എഡിഷൻ’ എന്നപേരിലാണ് ഇതു പുറത്തിറങ്ങുക. കാലിക്കറ്റ്, കേരള സർവകലാശാലകളിൽനിന്നു ശേഖരിച്ച കൈയെഴുത്തു പ്രതികളിൽ ഓരോ പാട്ടിന്റെയും അർഥവും മലയാളഗദ്യത്തിൽ ചേർത്തിട്ടുണ്ട്
    https://www.mathrubhumi.com/wayanad/news/11aug2020-1.4969392

    Prajeev Nair
    Cherukunnu, Kannur

Comments are closed.