1945 – 1948 – മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതിയുടെ നാലു പതിപ്പുകൾ

കൊല്ലത്തു നിന്നിറങ്ങിയിരുന്ന മലയാളരാജ്യം എന്ന പ്രസിദ്ധികരണം, തിരുവിതാംകൂർ മഹാരാജാവിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് 1945 – 1948 കാലഘട്ടത്തിൽ പുറത്തിറക്കിയ  മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ റിലീസ് ചെയ്യുന്ന 1945, 1946, 1947, 1948 എന്നി വർഷങ്ങളിലെ വിശേഷാൽ പതിപ്പുകളിൽ 1948ലെ പതിപ്പിനു മാത്രം മുൻ കവർ പേജ് നഷ്ടപ്പെട്ടിരുന്നു എന്ന കുറവുണ്ട്. ബാക്കി എല്ലാ വർഷങ്ങളിലേയും എല്ലാ ഉള്ളടക്കവും ലഭ്യമാണ്.

തിരുനാൾ വിശേഷാൽപ്രതി എന്നാണ് പേർ എങ്കിലും അക്കാലത്തെ പ്രമുഖർ എഴുതിയ ശ്രദ്ധേയമായ വിവിധവിഷയങ്ങളിലുള്ള മറ്റു ധാരാളം ലേഖനങ്ങൾ ഈ വിശേഷാൽപ്രതികളുടെ ഭാഗമാണ്. സാധാരണ ഉള്ളടക്കത്തിനു പുറമേ ഈ നാലു വിശേഷാൽപ്രതികളിളും കാണുന്ന പരസ്യങ്ങൾ വിശേഷപ്പെട്ടവയാണ്. നാലു ലക്കങ്ങളും പരിശോധിച്ച് എൻ്റെ സുഹൃത്തായ ആർ പി ശിവകുമാർ എഴുതിയ ചെറിയ കുറിപ്പുകൾ താഴെ കൊടുക്കുന്നു. അദ്ദേഹത്തിനു വളരെ നന്ദി.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുന്നാളിന്റെ പിറന്നാൾ പതിപ്പുകളായി ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ആ ഗണത്തിൽ വരുന്ന പതിപ്പുകളാണ്  ഈ നാലു മലയാളരാജ്യം തിരുന്നാൾ വിശേഷാൽ പതിപ്പുകൾ.

1945 മലയാള രാജ്യം തിരുന്നാൾ വിശേഷാൽ പ്രതി

തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യർ എഴുതിയ ‘ബേസിസ് ഓഫ് ഇന്ത്യൻ ആർട്ട് എക്സ്പ്രെഷൻ’ എന്ന ലേഖനമാണ് ഈ പതിപ്പിൽ ആദ്യം നൽകിയിരിക്കുന്നത്. കമലാദേവി ചതോപാദ്ധ്യായയുടെ ‘ദ ഡൈനാമിക്സ് ഓഫ് തിയേറ്ററും’ എന്ന ലേഖനത്തോടൊപ്പം മറ്റു മൂന്നു ലേഖനങ്ങൾകൂടിയുണ്ട് ഇംഗ്ലീഷിൽ. രണ്ടു ഭാഷയിലുമുള്ള ലേഖനങ്ങൾ നൽകുക പഴയ മലയാള ആനുകാലികങ്ങളുടെ പതിവായിരുന്നു. ‘ഓർക്കുമ്പോളൊക്കെ’ വള്ളത്തോളിന്റെ ഗദ്യ കവിതയാണെന്ന് ഉള്ളടക്കപേജിൽ കൊടുത്തിട്ടുണ്ടെങ്കിലും ശരിയായ അർത്ഥത്തിൽ അത് അനുസ്മരണക്കുറിപ്പാണ്. രാജാവിനെ സ്തുതിക്കുന്ന, ചിത്രമെഴുത്ത് കെ എം വർഗീസിന്റെ ‘അന്നദാതാവ്’ എന്ന കുറിപ്പിനും ഗദ്യ കവിതയെന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. ടി കെ കൃഷ്ണമേനോന്റെ ‘കേരള ചരിത്ര’വും ആഗമാനന്ദസ്വാമികളുടെ ‘നാരായണഗുരുസ്വാമി’കളും പി ദാമോദരൻ പിള്ളയുടെ സൂക്ഷ്മശാസ്ത്രവും കണിയാറുടെ ‘തിരുവിതാംകൂറിലെ ലോഹ സമ്പത്തും’ മന്നത്തു പദ്മനാഭപിള്ളയുടെ ‘ഹരിജനോദ്ധാരണ’വും ബാലകൃഷ്ണവാര്യരുടെ ‘കുടിൽ വ്യവസായ പോഷണ’വും ജി ആർ പിള്ളയുടെ ‘സഹകരണ സംവിധാവും’ ഇതര വൈജ്ഞാനിക മേഖലകൾക്ക് പഴയ മാസികകൾ നൽകിയിരുന്ന പ്രാധാന്യത്തെ കാട്ടിത്തരുന്നതിനാൽ ശ്രദ്ധേയമാണ്. ടി എൻ ഗോപിനാഥൻ നായരുടെ തിരുന്നാൾ ആശംസയോടനുബന്ധിച്ച് വീരമാർത്താണ്ഡ വർമ്മമുതൽ (1335) ചിത്തിര തിരുന്നാൾ വരെയുള്ള 38 രാജാക്കന്മാരുടെ ഭരണകാലസൂചനയോടെ ഒരു പട്ടികയും നൽകിയിട്ടുണ്ട്. പഴയ ചിത്രങ്ങൾ ധാരാളമായി മലയാള രാജ്യത്തിൽ കാണാം. അവയിൽ ചിലതെല്ലാം അപൂർവ ചിത്രങ്ങളുമാണ്.

1946 മലയാള രാജ്യം തിരുന്നാൾ വിശേഷാൽ പ്രതി

തിരുവിതാംകൂർ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജകാര്യപ്രവീണൻ എൻ കൃഷ്ണമൂർത്തി രാജാവിനെപ്പറ്റി ഇംഗ്ലീഷിൽ എഴുതിയ തൂലികാ ചിത്രമാണ് വിഭവങ്ങളിൽ ആദ്യം. ഉള്ളൂർ, ബാലാമണിയമ്മ, നാലാങ്കൽ, പാലാ നാരായണൻ നായർ, തെരുവത്ത് രാമൻ, പി കുഞ്ഞിരാമൻ നായർ എന്നിവരെഴുതിയ കവിതകളും ആണ്  ഇതിലുള്ളത്. ജി ശങ്കരക്കുറുപ്പ് ഭാവഗാനങ്ങളെപ്പറ്റി എഴുതി വരുന്ന ലേഖനപരമ്പരയിലെ ഒരു ഭാഗവും ചങ്ങമ്പുഴയുടെ രാധയെന്ന നാടകീയ കാവ്യത്തിലെ ഭാഗവുമാണ് കൊടുത്തിരിക്കുന്നത്. കഥാകൃത്തുക്കാളായി അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരുടെ നീണ്ട നിര തന്നെ ഉണ്ട്. അപൂർവമായ ധാരാളം ചിത്രങ്ങൾക്കൊണ്ട് സമ്പന്നമാണ് ഈ പതിപ്പ്. കഥകളി നടനായ മങ്കൊമ്പ് ശിവശങ്കരപ്പിള്ളയും കൊട്ടാരം നർത്തകനായ ശങ്കരൻ കുട്ടിയും ഉൾപ്പടെയുള്ള കലാകാരന്മാർ, ദേശീയ -അന്തർദ്ദേശീയ നേതാക്കൾ, ഐ എൻ എ യുടെ ഭാരവാഹികൾ, പ്രധാന പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം അരുണാ ആസഫലിയുടെയും ക്യാപ്റ്റൻ ലക്ഷ്മിയുടെയും അമ്മു സ്വാമിനാഥന്റെയും ചിത്രങ്ങൾ കാണാം. ആയുർവേദ ഔഷധങ്ങൾ കുത്തി വയ്ക്കുന്ന സ്ഥാപനത്തെക്കുറിച്ചും ആലപ്പുഴയിൽ പുതുതായി തുടങ്ങിയ ഉദയാ സ്റ്റുഡിയോയിൽനിന്ന് അധികം താമസിക്കാതെ ചലച്ചിത്രം പുറത്തിറങ്ങുന്നതിനെപ്പറ്റിയും പരസ്യങ്ങൾ ഉണ്ട്. പുനലൂരിലെ ഉദയാ ബുക്ക് സ്റ്റാളിന്റെ പരസ്യവാചകം ഇങ്ങനെയാണ് : മൂന്നാം ലോക മഹായുദ്ധം അതിനെ ഒഴിവാക്കാൻ സാഹിത്യത്തിനേ കഴിയൂ.

1947 മലയാളരാജ്യം തിരുന്നാൾ വിശേഷാൽ പ്രതി

കൊല്ലത്തെ രാമവർമ്മ വിലാസം പ്രസ്സിൽ അച്ചടിച്ച 1947 -ലെ മലയാളരാജ്യം തിരുന്നാൾ വിശേഷാൽ പ്രതിയിലെ പ്രധാന ഫോട്ടോ ഫിലിപ് മൗണ്ട് ബാറ്റന്റെയും എലിസബത്ത് രാജകുമാരിയുടെയും വിവാഹവാർത്തയോട് അനുബന്ധിച്ചുള്ളതാണ്. 1947 നവംബർ 20 നായിരുന്നു വിവാഹം. അതിനു ശേഷമാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അവസാന ദിവാനായിരുന്ന പി ജി നാരായണൻ ഉണ്ണിത്താന്റെയും ഫോട്ടോകൾ കൊടുത്തിരിക്കുന്നത്. മറ്റുള്ള വിശേഷാൽ പ്രതികളിൽനിന്നുള്ള ഈ വ്യത്യാസം സ്വാതന്ത്ര്യാനന്തരം ഉണ്ടായ രാഷ്ട്രീയാവസ്ഥയുടെ പ്രതിഫലനം ആണെന്ന് ഊഹിക്കാം. ഉള്ളൂർ, വള്ളത്തോൾ, പാലാ നാരായണൻ നായർ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാർ ഇതിലും അണിനിരന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണരീതിയുടെ സ്വഭാവം, ഹിന്ദുമതവും സോഷ്യലിസവും, സ്വതന്ത്ര ഇന്ത്യയും വിദ്യാർത്ഥികളും, തൊഴിലാളി പ്രാതിനിധ്യവും ആദായ വീതവും തുടങ്ങിയ രാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങൾക്കൊപ്പം ഇന്ത്യൻ ചിത്രകലയുടെ ഭൂതകാലത്തെയും വർത്തമാനത്തെയുംപറ്റി കുലപതി ജയറാം കസിൻസ് ഇംഗ്ലീഷിൽ എഴുതിയ ലേഖനവും മാധവ മേനോന്റെ ചിത്രങ്ങൾ, വിദ്യാഭ്യാസത്തിൽ കലകൾക്കുള്ള സ്ഥാനം, കലാമർമ്മം, കഥകളിയുടെ ഭാവി തുടങ്ങിയ കലാസംബന്ധിയായ ലേഖനങ്ങളും ഈ പതിപ്പിന്റെ പ്രത്യേകതയാണ്. അന്ന് മാർക്കറ്റിൽ ലഭ്യമായിരുന്ന ഉത്പ്പന്നങ്ങളെയും പുസ്തകങ്ങളെയും കുറിച്ചുള്ള ധാരാളം പരസ്യങ്ങൾ ഈ പതിപ്പിൽ കാണാം

1948 മലയാളരാജ്യം തിരുന്നാൾ വിശേഷാൽ പ്രതി

തിരുവിതാംർ കൊച്ചി രാജകുടുംബാംഗങ്ങളുടെ മാത്രമല്ല, ദേശീയ അന്തർദ്ദേശീയ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും തന്ത്രജ്ഞരുടെയും ധാരാളം ഫോട്ടോകൾ ഇതിലുണ്ട് എന്ന പ്രത്യേകതയുണ്ട്. കെ പി എസ് മേനോൻ, കെ പി കേശവമേനോൻ, വടക്കും കൂർ രാജരാജ വർമ്മ, എൻ പി ചെല്ലപ്പൻ നായർ, ജി ശങ്കരക്കുറുപ്പ്, പി കെ നാരായണപിള്ള , ഓം ചേരി, പി കെ പരമേശ്വരൻ നായർ തുടങ്ങിയ പ്രസിദ്ധരായ വ്യക്തികളുടെയാണ് ലേഖനങ്ങൾ. സാഹിത്യവും ഭാഷാപരവുമായ വിഷയങ്ങൾക്കു പുറമേ വ്യവസായവും ശാസ്ത്രഗവേഷണവും മുതൽ റഷ്യൻ ഭരണയന്ത്രത്തിന്റെ സുപ്രധാന ചക്രങ്ങൾ വരെ, പരപ്പാർന്ന വിഷയവൈവിധ്യം ഉള്ളവയാണ് ലേഖനങ്ങൾ. അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികൾക്ക് പുറമെ 1948 ൽ അന്തരിച്ച ചങ്ങമ്പുഴ അതേ വർഷം എഴുതിയ കവിത- നന്ദിയും സ്നേഹവും – തീയതിയോടുകൂടി നൽകിയിട്ടുണ്ട്.

1945 - 1948 - മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതിയുടെ നാലു പതിപ്പുകൾ
1945 – 1948 – മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതിയുടെ നാലു പതിപ്പുകൾ

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ നാലു വിശേഷാൽ പ്രതികളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഈ വിശേഷാൽ പ്രതികൾ അച്ചടിച്ചിരിക്കുന്ന പേജുകളുടെ വലിപ്പക്കൂടുതൽ മൂലവും കളർ സ്കാനാണ് ലഭ്യമാക്കുന്നത് എന്നതിനാലും സ്കാൻ റെസലൂഷൻ കൂടുതൽ ആയതിനാലും ഈ സ്കാനുകൾക്ക് സൈസ് കൂടുതൽ ആണ്. അത് കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ നേരായി വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക.

ഒരു പ്രധാന കാര്യം ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ ഓൺലൈനിൽ നേരിട്ട് നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1:

 • പേര്: മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി
 • പ്രസിദ്ധീകരണ വർഷം: 1945
 • താളുകളുടെ എണ്ണം: 124
 • അച്ചടി: The Sree Rama Vilas Press, Quilon
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2:

 • പേര്: മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി
 • പ്രസിദ്ധീകരണ വർഷം: 1946
 • താളുകളുടെ എണ്ണം: 108
 • അച്ചടി: The Sree Rama Vilas Press, Quilon
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3:

 • പേര്: മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി
 • പ്രസിദ്ധീകരണ വർഷം: 1947
 • താളുകളുടെ എണ്ണം: 96
 • അച്ചടി: The Sree Rama Vilas Press, Quilon
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 4:

 • പേര്: മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതി
 • പ്രസിദ്ധീകരണ വർഷം: 1948
 • താളുകളുടെ എണ്ണം: 90
 • അച്ചടി: The Sree Rama Vilas Press, Quilon
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments

One comment on “1945 – 1948 – മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതിയുടെ നാലു പതിപ്പുകൾ

Comments are closed.