1880 – ക്രിസ്താത്മീയ ഗീതങ്ങൾ – യുസ്തൂസ് യോസഫ്

ആമുഖം

യുയോമയ സഭയുമായി ബന്ധപ്പെട്ട 2 പുസ്തകങ്ങൾ (പുസ്തകം ഒന്ന് – 1903ലെ നിത്യാക്ഷരങ്ങൾ, പുസ്തകം രണ്ട്-1891ലെ യുയോമയാത്മ ഗീതങ്ങൾ) നമ്മൾ ഇതിനകം പരിചയപ്പെട്ടു. ഇപ്പോഴത്തെ യുയോമയ സഭാംഗങ്ങൾക്കു സഭയുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഡിജിറ്റൈസ് ചെയ്യപ്പെട്ട് രേഖകൾ നഷ്ടപ്പെടാതിരിക്കണം എന്നും, രേഖകൾ പല വിധ ആവശ്യങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെടണം എന്ന ബോദ്ധ്യം ഉള്ളതിനാലും കൂടുതൽ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ പ്രാവശ്യം ക്രിസ്താത്മീയ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് പങ്കു വെക്കുന്നത്. ഒരു പക്ഷെ ഈ പുസ്തകത്തിന്റെ അവശേഷിച്ചിരിക്കുന്ന ഒരേ ഒരു കോപ്പിയാവാം ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്. അത് ഇത്ര നാളും സൂക്ഷിച്ചു വെക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത ശ്രീ തോമസ് ഇസ്രായെലിനൊടും കുടുംബത്തിനും പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ക്രിസ്താത്മീയ ഗീതങ്ങൾ
  • താളുകൾ: 204
  • രചയിതാവ്: യുസ്തൂസ് യോസഫ്
  • പ്രസ്സ്: മിനർവ്വ പ്രസ്സ്, കോഴിക്കോട്
  • പ്രസാധകൻ: കായംകുളത്തു ആലും‌മൂട്ടിൽ യോഹന്നാൻ ഉപദേഷ്ടാവു
  • പ്രസിദ്ധീകരണ വർഷം: 1880
1880-ക്രിസ്താത്മീയ ഗീതങ്ങൾ
1880-ക്രിസ്താത്മീയ ഗീതങ്ങൾ

ഉള്ളടക്കം

പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ തന്നെ ക്രൈസ്തവ ആത്മീയ ഗീതങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. (യുയോമയ സഭയെ കുറിച്ചും, സഭയുടെ പിറവിക്കു കാരണക്കാരൻ ആയ യുസ്തൂസ് യോസഫിനെ കുറിച്ചും ഇതിനകം പങ്കു വെച്ച പുസ്തകങ്ങളുടെ പൊസ്റ്റുകളീൽ ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുള്ളതിനാൽ ഇനിയും അത് ആവർത്തിക്കുന്നില്ല.)

പുസ്തകത്തിലെ പാട്ടുകൾ എല്ലാം വിദ്വാൻ കുട്ടിയച്ചൻ എഴുതിയതെന്ന് പുസ്ത്കത്തിന്റെ മുഖക്കുറിപ്പിൽ നിന്ന് ഊഹിക്കാം. എങ്കിലും യുയോമയ സഭയുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പരിശോധിക്കുമ്പോൾ വിദ്വാൻ കുട്ടിയച്ചന്റെ സഹോദരങ്ങളിൽ ഒരാളും പാട്ടെഴുത്തിൽ പ്രാവീണ്യം ഉള്ള ആളാണെന്ന് കാണുന്നുണ്ട്. അതിനാൽ സഹോദരന്മാരും ചില പാട്ടുകൾ എഴുതിയിരിക്കാൻ സാദ്ധ്യതയുണ്ട്. പക്ഷെ വർത്തമാന കാലത്ത് ഈ പാട്ടുകൾ ഒക്കെ വിദ്വാൻ കുട്ടിയച്ചന്റെ പേരിലാണ് അറിയപ്പെടുന്നത്.

മലയാള ക്രൈസ്തവ ഗാനങ്ങളുടെ ചരിത്രം പറയുമ്പോൾ വിദ്വാൻ കുട്ടിയച്ചന്റെ മലയാളം പാട്ടുകളുടെ പ്രാധാന്യം പറയാതിരിക്കാൻ ആവില്ല. അതിനെ വളരെ ചുരുക്കി ഇങ്ങനെ പറയാം.

വിദ്വാൻകുട്ടിയച്ചനു മുൻപ് കേരളത്തിലെ ക്രൈസ്തവആരാധനയിൽ, ദൈവസ്നേഹത്തേയും കുരിശുമരണത്തേയും കുറിച്ച് പൗരസ്ത്യ ഓർത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആം‌ഗ്ലിക്കൻ സഭാവിഭാക്കാർ ഇം‌ഗ്ലീഷിലും, ലത്തീൻ കത്തോലിക്കർ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീർത്തനങ്ങളാണു ആലപിക്കാറുണ്ടായിരുന്നത്. എന്നാൽ ഭാരതീയ ശാസ്ത്രീയ സം‌ഗീത പൈതൃകവും, ലയ-വിന്യാസങ്ങളും ഉപയോഗിച്ച്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആർക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ ആദ്യം തുടങ്ങിയത് വിദ്വാൻ കുട്ടിയച്ചനാണ്‌.

ക്രൈസ്തവ പുരോഹിതനായിരുന്ന അദ്ദേഹം സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളിൽ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളിൽ ചിലത് താഴെ പറയുന്നവ ആണ്‌.

  • ഓശാന ഞായറാഴ്ച – മറുദിവസം മറിയമകൻ വരുന്നുണ്ടെന്നു യരുശലേമിൽ വരുന്നുണ്ടെന്നു…
  • ദുഃഖവെള്ളിയാഴ്ച – എന്തൊരൻപിതപ്പനേ ഈ പാപിമേൽ …
  • ഉയിർപ്പുഞായർ – ഇന്നേശു രാജനുയിർത്തെഴുന്നേറ്റു …

ഈ വിധത്തിൽ ക്രൈസ്തവ സഭാ സംബന്ധിയായ വിവിധ അവസരങ്ങൾക്ക് ഉതകുന്ന വിധം തനി മലയാളം പാട്ടുകൾ ഈ പുസ്ത്കത്തിൽ കാണാം. ഈ വിധത്തിൽ സന്ദർഭയോജ്യമായി മലയാളം പാട്ടുകൾ ചിട്ടപ്പെടുത്തി ആദ്യമായി  ഉപയോഗിച്ച് തുടങ്ങിയത് വിദ്വാൻകുട്ടി അച്ചൻ ആവണം. നൂറുകണക്കിനു പാട്ടെഴുത്തുകാരെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഇന്നത്ത കേരള ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് അക്കാലത്ത്  സുറിയാനി/ലത്തീൻ/ആംഗ്ലിക്കൻ പശ്ചാത്തത്തലത്തിൽ നിന്നു കൊണ്ട് വിദ്വാൻ കുട്ടിയച്ചൻ ചെയ്ത സംഭാവനകൾ പൂർണ്ണമായി മനസ്സിലാക്കാമോ എന്ന് സംശയം ഉണ്ട്.

ക്രൈസ്തവ സഭാ സംബന്ധിയായ വിവിധ അവസരങ്ങൾക്ക് ഉതകുന്ന പാട്ടുകൾക്ക് പുറമേ 1881ലെ മഹത്വപ്രത്യക്ഷതയെ സംബന്ധിച്ചുള്ള പാട്ടുകളും ഇതിൽ കാണാവുന്നതാണ്.

വിനിൽ പോൾ ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ കാന്താ താമസമെന്തഹോ എന്ന പാട്ടുമായി (യേശുദാസ് പാടിയ ഒരു വേർഷൻ ഇവിടെ) ബന്ധപ്പെട്ട ഒരു പ്രധാന തെറ്റിദ്ധാരണ ചൂണ്ടിക്കാണിച്ചത് ഈ പുസ്തകം കൂടെ കിട്ടിയതൊടെ ഉറപ്പിക്കാം. വർത്തമാനകാലഘട്ടത്തിൽ കാന്താ താമസമെന്തഹോ, വന്നീടാനേശു കാന്താ താമസമെന്തഹോ? എന്ന പാട്ടിന്റെ ചരിത്രമായി പറഞ്ഞു കേൾക്കുന്നത് താഴെ പറയുന്നതാണ്

…എന്നാൽ, യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും, 1881 ഒക്‌ടോബർ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യാശയോടെ കഴിഞ്ഞു. 1881 ഒക്‌ടോബർ 2 രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് അവർ യേശുവിനെ സ്വീകരിക്കാൻ ഇരുന്നു. പ്രവചിച്ച പോലെ പുനരാഗമനം ഉണ്ടാകാതിരുന്നപ്പോൾ ആ രാത്രിയിൽ വിഷമത്തോടെ അദ്ദേഹം എഴുതിയ കീർത്തനമാണ് കാന്താ താമസമെന്തഹോ? വന്നീടാനേശു കാന്താ താമസമെന്തഹോ? എന്നത്…

ഈയടുത്ത് നമുക്ക് കിട്ടിയ 1879ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പുസ്തകത്തിലും (76മത്തെ പാട്ട്) ഇപ്പോൾ 1880ലെ ഈ പുസ്ത്കത്തിലും (71മത്തെ പേജിൽ ഉള്ള പാട്ട്) കാന്താ താമസമെന്തഹോ? വന്നീടാനേശു കാന്താ താമസമെന്തഹോ? എന്ന പാട്ട് ഉള്ളതിനാൽ ഈ പാട്ടുമായി ബന്ധപ്പെട്ട  നിലവിലെ ചരിത്ര രചന തെറ്റാണെന്ന് നമുക്ക് ഉറപ്പിക്കാം.

പുസ്തകം അച്ചടിച്ച വർഷം 1880 ആയതിനാൽ അത് മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സമൂഹത്തിൽ ഉണ്ടായ ഉണർവ്വ് കാലഘട്ടവും ആയി വളരെ പ്രാധാന്യമുള്ള വർഷമായിരുന്നു. അതിനു തൊട്ടടുത്ത വർഷം 1881 (കൃത്യമായി 1881 ഒക്ടോബർ 2) ആയിരുന്നു വിദ്വാൻ കുട്ടിയച്ചനും കൂട്ടരും പ്രവചിച്ച മഹത്വപ്രത്യക്ഷത നടക്കുമെന്ന് പറഞ്ഞിരുന്നത് . അതിനെ പറ്റി വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു കുറിപ്പ് (ദിവ്യവിളംബരം) ഈ പുസ്തകത്തിന്റെ മൂന്നാമത്തെ പേജിൽ തന്നെ കാണാം.

ആ സമയത്ത് (1880) മദ്ധ്യതിരുവിതാംകൂറിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ വിദ്വാൻ കുട്ടിയച്ചനു ഒപ്പമായിരുന്നു. വിദ്വാൻ കുട്ടിയച്ചനേയും കൂട്ടരേയും മെരുക്കാൻ സി.എം.എസ് സഭയുടെ അധികാരികൾ പല വിധ തന്ത്രങ്ങൾ പയറ്റുന്നുണ്ട്. അതിനെ പറ്റിയുള്ള വിവിധ റിപ്പോർട്ടുകൾ നമുക്ക് ഇതിനകം ലഭ്യമായ വിവിധ മിഷൻ രേഖകളിൽ കാണാവുന്നതാണ്. വിനിൽ പോൾ അടക്കമുള്ള യുവ ഗവേഷകർ ഇതിലൊക്കെ കൂടുതൽ ഗവേഷണം നടത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്തും എന്ന് കരുതട്ടെ.

7 മത്തെ പേജിൽ ജ്ഞാപകം എന്ന വിഭാഗത്തിൽ അന്നത്തെ മലയാളം അച്ചടി, ലിപിയുടെ പരിമിതി ഇതൊക്കെ സൂചിപ്പിക്കുന്ന ഒരു ചെറുകുറിപ്പ് ഉണ്ട്. ജ്ഞാപകത്തിൽ പുസ്തകത്തിന്റെ ആദ്യത്തെ അച്ചടി ആണെന്നുള്ള സൂചന ഉണ്ട്. അതിന്റെ അർത്ഥം വിദ്വാൻ കുട്ടിച്ചന്റെ നേതൃത്വത്തിൽ ആദ്യമായി പാട്ടുകൾ ക്രോഡീകരിച്ച് അച്ചടിച്ച പുസ്തകം ഇതാണോ എന്ന് സംശയം ഉണ്ട്. അങ്ങനെ ആണെങ്കിൽ ആ വിധത്തിലും ഈ പുസ്തകം ചരിത്ര പ്രാധാന്യമുള്ളതാണ്.

കോഴിക്കോട്ടെ മിനർവ്വ പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ അച്ചു നിരത്തിയവരുടെ പ്രശ്നമോ, അതോ മിനർവ്വ പ്രസ്സിൽ അന്നത്തെ അച്ചടിയുടെ പരിമിതി മൂലമോ ആവണം പുസ്തകത്തിൽ വരികളുടെ അലൈമെന്റ് ഒന്നും നേർ രേഖയിൽ അല്ല. ഈ പ്രശ്നം ആ കാലത്ത്   ഇറങ്ങിയ മിക്ക മലയാള പുസ്തകങ്ങളും കാണുന്നുണ്ട്. ഇത് അവർ ഉപയോഗിച്ചിരുന്ന അച്ചു നിരത്തൽ സാങ്കേതികയുടെ പ്രശ്നമാവാം. ഒരു പരിധി വരെ ബാസൽ മിഷൻ പുസ്തകങ്ങൾ ആണ് ഈ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞു നിന്നു കാണുന്നത്. ഈ പ്രശ്നം മൂലം ഡിജിറ്റൈസ് ചെയ്യുമ്പോൾ പൊസ്റ്റ് പ്രോസസിങ് പണികൾ അതീവ ദുഷ്കരമാണ്.

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന വിദ്വാൻ കുട്ടിയച്ചനും കൂട്ടരും പുസ്തകം അച്ചടിക്കാൻ അക്കാലത്ത് മറ്റൊരു രാജ്യത്തിൽ പെട്ട കോഴിക്കോട്ട് പൊകേണ്ടി വന്നു എന്നത്, കോട്ടയത്തെ സി.എം.എസ് മിഷനറിമാരും വിദ്വാൻ കുട്ടിയച്ചനും കൂട്ടരുമായി ഉണ്ടായിരുന്ന വിടവിനെ കൂടെ സൂചിപ്പിക്കുന്നതാണെന്ന് തോന്നുന്നു. തിരുവിതാം കൂറിലെ പ്രസ്സിൽ നിന്നൊന്നും അച്ചടിക്കാൻ കഴിയാതെ ആവണം അവസാനം കോഴിക്കോട്ട് മിനർവ്വ പ്രസ്സിൽ എത്തിയത് എന്ന് തോന്നുന്നു.

ഈ പുസ്തകത്തിൽ 148 മലയാളം പാട്ടുകൾ ആണ് ഉള്ളത്. കാലപ്പഴക്കം മൂലം പുസ്തകത്തിന്റെ ചില താളുകൾ പൊടിഞ്ഞു പൊയിരുന്നു. എങ്കിലും അത്തരം പേജുകളിലേയും പരമാവധി വിവരം ഉൾപ്പെടുത്തിയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്ത്കത്തിന്റെ സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments