1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

മലയാളവ്യാകരണ ചോദ്യോത്തരം – Catechism of Malayalam Grammar

ഏതെങ്കിലും ഒരു പ്രത്യേക തത്ത്വം അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.

മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ മത പ്രചരണത്തിനു മാത്രമല്ല മറ്റ് സംഗതികൾ പഠിപ്പിക്കാനും ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഒരു കാറ്റിസം പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന്
പരിചയപ്പെടുത്തുന്നത്. ഈ കാറ്റിസം പുസ്തകം മലയാളവ്യാകരണം പഠിപ്പിക്കാൻ വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചതാണ്. പുസ്തകത്തിന്റെ പേര് മലയാളവ്യാകരണ ചോദ്യോത്തരം അല്ലെങ്കിൽ Catechism of Malayalam Grammar.

പുസ്തകത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ:

  • നമുക്ക് കിട്ടിയിരിക്കുന്ന പുസ്തകം 1867-ൽ പ്രസിദ്ധീകരിച്ചതാണ്.
  • ഈ പുസ്തകം ഇതിനു മുൻപ് പ്രസിദ്ധീകരിച്ച (എന്നാണെന്ന് കണ്ടെത്തണം) ഗുണ്ടർട്ടിന്റെ Catechism of Malayalam Grammar എന്ന പേരിൽ തന്നെ ഉള്ള മൂല കൃതി അടുക്കിപെറുക്കി മൂലകൃതിയിലെ ന്യൂനതകൾ വായനക്കാരുടെ ആവശ്യമനുസരിച്ച് പരിഹരിച്ച്  പുനഃപ്രസിദ്ധീകരിച്ച കൃതിയാണ്. ഈ പുനഃപ്രസിദ്ധീകരണത്തെ കുറിച്ചുള്ള ആമുഖ പ്രസ്ഥാവന 9,10,11 താളുകളിൽ വായിക്കാം.
  • ഈ പുനഃപ്രസിദ്ധീകരണവും പുസ്തകം ഉടച്ചു വാർത്തതും L.  Garthwaite എന്ന ഒരാൾ ആണ്.  Liston Garthwaite എന്നാണ് ഇദ്ദേഹത്തിന്റെ പൂർണ്ണനാമം എന്ന് കാണുന്നു. (ബാസൽ മിഷനും ഗുണ്ടർട്ടുമായി ചേർന്ന് പ്രവർത്തിച്ച് മലയാളവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഇദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് കാണുന്നു. Liston Garthwaite-നെ കുറിച്ചും  അദ്ദേത്തിന്റെ സംഭാവനകളെ കുറിച്ചും  കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. )
  •  പുസ്തകം മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരിക്കുന്നത് എങ്കിലും, ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് “Published by Order of the Director of Public Instruction, Cannanore Government Book Depot” വേണ്ടിയാണ് എന്നാണ് കാണുന്നത്. ചുരുക്കത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
  •  1867-ൽ അച്ഛടിച്ച ഈ പുസ്തകത്തിൽ ചന്ദ്രക്കല രംഗപ്രവേശം ചെയ്തിട്ടില്ല. എന്നാൽ 1868-ൽ അച്ചടിച്ച കേരളോല്പത്തിയിൽ (https://archive.org/details/1868_Keralolpathi_Hermann_Gundert) മീത്തൽ വന്നത് നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. (അപ്‌ഡേറ്റ്: സിബു സി.ജെ. ഈ പുസ്തകം കുറച്ച് കൂടെ വിശദമായി പരിശോധിച്ചിച്ചപ്പോൾ ഈ പുസ്തകത്തിൽ മീത്തൽ ആദ്യം ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. 292-ആം താൾ കാണുക.  http://en.wikipedia.org/wiki/File:IPA_chart_2005.png കാണിക്കുന്ന പോലെ സ്വരത്തെ ചെറുതാക്കാനുള്ള ചിഹ്നമാണത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പിന്നീട് 306,307മത്തെ താളുകളിൽ ചില മലയാള വാക്കുകൾക്ക് തന്നെ മീത്തലിന്റെ ഉപയോഗം കാണാം. പക്ഷെ മലയാളവ്യാകരണം പഠിപ്പിക്കുന്ന പുസ്തകം ആയിട്ടു കൂടി മീത്തലിന്റെ വിശദീകരണം പുസ്തകത്തിൽ കണ്ടില്ല താനും.  അപ്പോൾ ആദ്യം ട്രാൻസ്ലിറ്ററെഷനിൽ ഉപയോഗിക്കുകയും പിന്നീട് ഉച്ചാരണം സൂചിപ്പിക്കാൻ നല്ല ഒരു ഉപാധി ഇതാണെന്ന് കണ്ട് മലയാളഅച്ചടിയിൽ അത് ചേർക്കുകയും ആയിരുന്നോ?  1867-1868 വർഷങ്ങളിൽ അച്ചടിച്ച മലയാളപുസ്തകങ്ങൾ കൂടുതൽ വിശകലനം ചെയ്താൽ ഈ വമ്പൻ ലിപി പരിഷ്ക്കരണത്തിന്റെ ചുരുളുകൾ അഴിയും എന്ന് എനിക്ക് തോന്നുന്നു)
  • ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. അതിനാൽ ഇത് ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ കൂടെ ഉദ്ദേശിച്ചാണെന്ന് അനുമാനിക്കാം.
  • ഈ യുടെ രണ്ട് വിധത്തിലുള്ള (ഈ/) ഉപയോഗവും പുസ്തകത്തിൽ കാണാം (ഉദാ: 7 ആം താളിൽ (പിഡിഎഫിലെ 13ആം താൾ) രണ്ടും കാണാം) പക്ഷെ അക്ഷരമാലയിൽ  ആണ് ഉപയോഗിച്ചിരിക്കുന്നത്. (അപ്ഡേറ്റ്: ഈ എന്ന രൂപം ആദ്യമായി അച്ചടിച്ചത് (ബ്ലോക്കച്ചടി) ഈ പുസ്തകം ആണോ എന്ന് ഇപ്പോൾ സംശയിക്കുന്നു)
  • ഏ, ഓ എന്നിവ അക്ഷരമാലയുടെ ഭാഗ്മായിരിക്കുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ സംസ്കൃതം എഴുതാൻ മാത്രമേ ഉപയോഗിക്കൂ എന്ന് പറയുന്നുണ്ട്.
  • വ്യജ്ഞനാക്ഷങ്ങളെ തമിഴാക്ഷരങ്ങൾ, സംസ്കൃതാക്ഷരങ്ങൾ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മലയാളവ്യാകരണം ഈ വിധത്തിൽ ചോദ്യോത്തരങ്ങളിലൂടെ എന്റെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പഠിതാവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് എഴുതിയിരിക്കുന്ന ഒരു പുസ്തകം പോലെ ആണ് എനിക്ക് ഈ പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയത്.

ഈ പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിലയിരുത്തലുകൾക്കായി നിങ്ങൾക്ക് വിട്ടു തരുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും- https://archive.org/details/1867_Catechism_Of_Malayalam_Grammar

 

Comments

comments

One comment on “1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

  • Thank you Mr.Shiju Alex for this excellent book digitization .Your are the part of Malayalam History.

Comments are closed.