ആമുഖം
1850കൾക്ക് മുൻപ് വളരെ കുറച്ച് എണ്ണം മലയാളവ്യാകരണഗ്രന്ഥങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഈ മലയാളവ്യാകരണഗ്രന്ഥങ്ങൾ മിക്കവാറും ഒക്കെ പാശ്ചാത്യർക്ക് മലയാളം പഠിക്കാൻ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. ഇതിൽ ചിലതെല്ലാം നമുക്ക് ഇതിനകം കിട്ടിയിട്ടുണ്ട്. നമുക്ക് ഇതിനകം സ്കാൻ ലഭ്യമായ 1850നു മുൻപ് അച്ചടിച്ച 2 വ്യാകരണഗ്രന്ഥങ്ങൾ താഴെ പറയുന്നവ ആണ്.
- Robert Drummond -ന്റെ Grammar of the Malabar language
- ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language
ഈ 2 മലയാളവ്യാകരണഗ്രന്ഥങ്ങൾക്ക് പുറമേ മൂന്നാമതൊരെണ്ണം കൂടി ഇപ്പോൾ നമുക്ക് ലഭ്യമായിരിക്കുന്നു. വിശദാംശങ്ങൾ താഴെ:
പുസ്തകത്തിന്റെ വിവരം
- പേര്: Outlines of a Grammar of the Malayalim Language as spoken in the provinces of North and South Malabar and the kingdoms of Travancore and Cochin.
- രചയിതാവ്: F. Spring
- പ്രസിദ്ധീകരണ വർഷം: 1839
- പ്രസ്സ്: Vepery Mission press of the SPCK, Madras
പുസ്തകത്തിന്റെ പ്രത്യേകത
മുകളിൽ സൂചിപ്പിച്ച പോലെ പാശ്ചാത്യർക്ക് മലയാളം പഠിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യാകരണഗ്രന്ഥം . അതിനാൽ തന്നെ ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
വർത്തമാനകാലത്ത് അക്കാദമിക് തലത്തിൽ മലയാളമച്ചടി ചരിത്രപഠനവുമായി ബന്ധപ്പെട്ടവരിൽ ഇങ്ങനെ ഒരു പുസ്തകം ഉണ്ടെന്ന് അറിയുന്നവർ ധാരാളമുണ്ടെങ്കിലും, ഈ പുസ്തകം നേരിട്ടു കണ്ടവർ കുറവാണെന്ന് വിവിധ ലേഖനങ്ങൾ വായിച്ചതിൽ നിന്ന് വ്യക്തമാകുന്നു. മലയാളമച്ചടി ചരിത്രം ഡോക്കുമെന്റ് ചെയ്ത കെ.എം. ഗോവി 1839ൽ അച്ചടിച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഈ പുസ്ത്കത്തെ ലിസ്റ്റ് ചെയ്യുന്നുണ്ട് എങ്കിലും അകത്തെ ഉള്ളടക്കത്തിൽ മദ്രാസിൽ നിന്നുള്ള അച്ചടി ശ്രമങ്ങളിൽ ഈ പുസ്ത്കത്തെ പറ്റി ഒന്നും പറഞ്ഞ് കാണുന്നില്ല. ഏതാണ്ട് സമാനമായാണ് ഡോ: ബാബു ചെറിയാനും തന്റെ “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകത്തിൽ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.
ഡോ: സ്കറിയ സക്കറിയ മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്ത്കത്തിലെ അനുബന്ധത്തിൽ ഉള്ള “ചർച്ചയും പൂരണവും” ത്തിൽ 4.3.1, 4.3.2 വിഭാഗങ്ങളിൽ ഈ പുസ്തകത്തെപറ്റി അല്പം പറഞ്ഞിരിക്കുന്നത് കാണാം. ഡോ: സ്കറിയ സക്കറിയ തന്റെ ഉപന്യാസത്തിൽ സ്പ്രിങിന്റെ ഗ്രാമറിൽ, റോബർട്ട് ഡുർമ്മണ്ടിന്റെ ഗ്രാമറിൽ സ്വാധീനം ഉണ്ടെന്ന സൂചന തരുന്നുണ്ട്. അതിനാൽ സ്കറിയ സക്കറിയ ഈ പുസ്കമോ അതിന്റെ റീപ്രിന്റോ മറ്റോ കണ്ടിരിക്കാൻ സാദ്ധ്യതയുണ്ട്.
പുസ്തകത്തിന്റെ ഉള്ളക്കത്തിന് അപ്പുറം ഈ പുസ്തകത്തിന്റെ പ്രത്യെകതയായി എനിക്ക് തോന്നുന്നത് ഈ പുസ്തകത്തിൽ മലയാളം അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന അച്ചാണ്. കാലം 1839 ആയതിനാൽ അധികമിടത്ത് മലയാളം അച്ച് ഇല്ല എന്ന് ഓർക്കുക. അതിനാൽ തന്നെ SPCKയുടെ Vepery Mission press ൽ ഈ പുസ്തകം അച്ചടിക്കാനായി പ്രത്യേക അച്ച് ഉണ്ടാക്കി എന്ന് കരുതാം. പല അക്ഷരങ്ങളുടെ രൂപത്തിലും പ്രത്യേകതകൾ കാണുന്നുണ്ട്.
ആ, ഈയുടെ രണ്ടാമത്തെ രൂപം (അനുസ്വാരം ര അനുസ്വാരം) , ൡ, എന്നീ സ്വരങ്ങളുടേയും ദ, ഭ, റ, ഴ, എന്നീ വ്യഞ്ജനങ്ങളുടേയും രൂപം എടുത്ത് പറയേണ്ടതാണ്. റ, ഴ, എന്നിവയിൽ തമിഴ് ലിപി സ്വാധീനം വ്യക്തവുമാണ്. അതിന് പുറമേ “ആ” “ഇ” “ഈ” എന്നി സ്വരാക്ഷരചിഹ്നനങ്ങളുടെ രൂപവും എടുത്തു പറയേണ്ടതാണ്.
കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി പുസ്തകത്തിന്റെ സ്കാൻ പങ്ക് വെക്കുന്നു
ഡൗൺലോഡ് വിവരം
ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.
- പുസ്തകത്തിന്റെ സ്കാനുകൾ ലഭ്യമായ പ്രധാനതാൾ: https://archive.org/details/grammar_of_the_malayalim_language_1839
- ഡൗൺലോഡ് കണ്ണി: F. സ്പ്രിങിന്റെ ഗ്രാമർ -1839 – Black and white PDF (6 MB)
- ഓൺലൈനായി വായിക്കാൻ: F. സ്പ്രിങിന്റെ ഗ്രാമർ -1839 – ഓൺലൈൻ വായനയ്ക്കുള്ള കണ്ണി
You must be logged in to post a comment.