2013 സെപ്റ്റംബറിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുന്ന കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. ആ പദ്ധതി തുടങ്ങുന്നതിന്റെ പ്രതീകമായി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച പഴഞ്ചൊൽ മാല, 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച ഒരആയിരം പഴഞ്ചൊൽ എന്നിവ നമുക്ക് കൈമാറുക ഉണ്ടായി. അതിനെ പറ്റി വിശദമായ പൊസ്റ്റുകൾ അക്കാലത്ത് തന്നെ ഞാനിട്ടതാണ്. ആ പൊസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു
- പഴഞ്ചൊൽ മാല – ഇത് 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.
- ഒരആയിരം പഴഞ്ചൊൽ – 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.
ഈ സ്കാനുകൾ പുറത്ത് വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പത്രവാർത്തകളും വന്നിരുന്നു. അങ്ങനെ വന്ന രണ്ട് പത്രവാർത്ത ലിങ്കുകൾ താഴെ കൊടുക്കുന്നു
2013നു ശെഷം കഴിഞ്ഞ മുന്നു മൂന്നര വർഷമായി ഹൈക്കെ മോസറും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ മറ്റുള്ളവരും ചെർന്ന് ജർമ്മൻ റിസർച്ച് ഫൗണ്ടെഷനിൽ നിന്ന് ഇതിനു ആവശ്യമയ ഫണ്ടിങ് നേടിയെടുക്കുന്നതിലും, ഫണ്ടിങ് ലഭിച്ചതിന്നു ശെഷം ഈ രേഖകൾ സ്കാൻ ചെയ്യുന്നതിന്റേയും മറ്റും തിരക്കിൽ ആയിരുന്നു.
ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായുള്ള സ്കാനിങ് ഇപ്പൊഴും ട്യൂബിങ്ങൻ യൂണിവെഴ്സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. നൂറിൽ പരം അച്ചടിപുസ്തകങ്ങളും പിന്നെ ധാരാളം കൈയെഴുത്തു പ്രതികളും താളിയോലകളും ഒക്കെയായി ഏതാണ്ട് 40,000 ത്തോളം താളുകൾ ആണ് സ്കാൻ ചെയ്തു പൊതുസഞ്ചയത്തിലേക്ക് വരുവാൻ പോകുന്നത്. (ഇത് സ്കാൻ ചെയ്ത് ഡിജിറ്റൽ സ്കാനുകൾ മാത്രം പുറത്തു വിടാതെ വേറെ ചില ബൃഹദ് പദ്ധതികളും കൂടി ട്യൂബിങ്ങൻ സർവ്വകശാല ലൈബ്രറി അധികൃതർ ആലോചിക്കുന്നുണ്ട്. അതിനു ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകളുടെ സേവനം അവർ അഭ്യർത്ഥിക്കുന്നുണ്ട്. അതിനെ പറ്റി വിശദമായ ഒരു പൊസ്റ്റ് ഞാൻ അല്പദിവസങ്ങൾക്കു ഉള്ളിൽ പങ്കു വെക്കാം)
സ്കാനിങ് പരിപാടികൾ തുടങ്ങുകയും ഗുണ്ടർട്ട് ശേഖരത്തിലെ ചില പ്രധാന അച്ചടി പുസ്തകങ്ങൾ സ്കാനിങ് കഴിയുകയും ചെയ്തതിനാൽ ഇപ്പോൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി മൂന്നു പുസ്തകങ്ങൾ പുറത്ത് വിടുകയാണ്. താഴെ പറയുന്ന മുന്നു പുസ്തകങ്ങൾ ആണ് തുടക്കമെന്ന രീതിയിൽ പുറത്ത് വന്നിരിക്കുന്നത്
- 1847ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് പുറത്ത് വന്ന വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ (ഇത് കെ.എം. ഗോവി സമാഹരിച്ച മലയാളഗ്രന്ഥസൂചിയിൽ ഇല്ലാത്ത പുസ്തകമാണ്). പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക
- 1881ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്ന സങ്കീർത്തങ്ങൾ എന്ന പുസ്തകം (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)
- 1871ൽ പ്രസിദ്ധീകരിച്ച വലിയ പാഠാരംഭം. ഇതും മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്നതാണ്. (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)
ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയുള്ള നാളുകൾ മലയാളഭാഷ, കേരള സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഗവെഷണം നടത്തുന്നവർക്ക് ചാകര ആണ് വരാൻ പോകുന്നത്. പക്ഷെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി മലയാളത്തിനായി ചെയ്യുന്ന ഈ പ്രവർത്തനത്തെ എത്ര പേർ ഉപയോഗപ്പെടുത്തും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
സ്കാനുകൾ എല്ലാം കൂടെ ഒറ്റയടിക്ക് പുറത്ത് വരില്ല ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഡിജിറ്റൽ സ്കാനുകൾ ഉപയോഗിച്ച് വേറെ ചില പദ്ധതികൾ കൂടെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റിയുടെ അജണ്ഡയിൽ ഉണ്ട്. അതിൽ പൊതുജനപങ്കാളിത്തം വേണ്ടതുണ്ട്. അതിനെ പറ്റി വേറൊരു പോസ്റ്റ് ഞാൻ താമസിയാതെ ഇടാം.
ഇപ്പോൾ ഈ സ്കാനുകൾ റിലീസ് തുടങ്ങുമ്പോൾ നന്ദിയോടെ സ്മരിക്കേണ്ട കുറച്ചു പേരുണ്ട്. അവരുടെ പേരുകൾ മാത്രം സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
- ഹൈക്കെ മോസർ/ഓബര്‍ലിന്‍ (Heike Oberlin) ഈ പദ്ധതി ഇന്ന് അതിന്റെ ഫലം തരുന്നതിനു ഒരേ ഒരു കാരണം ഹൈക്കെ ആണ്. അവരെ പറ്റി കൂടുതൽ ഇനിയും വരുന്ന നാളുകളിൽ നമ്മൾ അറിയും.
- ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൽ കൊർഡിനേറ്റ് ചെയ്യുന്ന എലീന (Elena Mucciarelli).
- ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറിയിലെ ഇൻഡോളജി വിഭാഗം ടെക്നിക്കൽ ഓഫീസർ ഗബ്രിയേല സെല്ലർ (ഈ പദ്ധതിക്കായുള്ള ഫണ്ടിങ് നേടിയെടുക്കുന്നതിൽ ഗബ്രിയേല വഹിച്ച പങ്കു വലുതായിരുന്നു)
- ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറി ഡയറക്ടറായ Dr. Marianne Dörr
ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന എല്ലാവരും വനിതകൾ ആയത് യാദൃശ്ചികം ആയിരുന്നോ!
ഇപ്പോൾ റിലീസ് ചെയ്യുന്ന സ്കാനുകളെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റുകൾ കാണുക.
Comments are closed.