ആമുഖം
ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിന്റെ ആദ്യ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 164-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മീനാക്ഷി, ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ.
- പതിപ്പ്: ഒന്നാം പതിപ്പ്
- താളുകളുടെ എണ്ണം: ഏകദേശം 449
- പ്രസിദ്ധീകരണ വർഷം:1890
- രചയിതാവ്: ചെറുവാലത്ത് ചാത്തു നായർ
- പ്രസ്സ്: ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് അജ്ഞാതം. 233 മുതൽ 432 വരെയുള്ള താളുകൾ സ്പെക്ടറ്റർ അച്ചുകൂടം, കോഴിക്കോട്

മീനാക്ഷി-യുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി
ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു. ഈ നോവലിനെ പറ്റി അല്പം വിശദമായ ഒരു കുറിപ്പ് കേരള പോസ്റ്റ് എന്ന സൈറ്റിൽ കാണുന്നു. അത് ഇവിടെ വായിക്കുക.
പക്ഷെ ഈ നോവലിന്റെ വേറൊരു പ്രത്യേകത, ഇത് രണ്ടു അച്ചുകൂടങ്ങളിലായാണ് അച്ചടിച്ചത് എന്നതാണ്. ആദ്യത്തെ 232 താളുകൾ അച്ചടിച്ച പ്രസ്സ് ഏതാണെന്നത് അജ്ഞാതമാണ്. 233 മുതൽ 432 വരെയുള്ള താളുകൾ കോഴിക്കോട് സ്പെക്ടറ്റർ അച്ചുകൂടത്തിലാണ് അച്ചടിച്ചതെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമാണ്. ഇങ്ങനെ രണ്ട് അച്ചുകൂടങ്ങളിൽ അച്ചടിച്ചതിനെ പറ്റിയുള്ള സൂചന അവതാരികയിൽ രചയിതാവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് അച്ചുകൂടത്തിലാണ് ആദ്യ 232 താളുകൾ അച്ചടിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. രണ്ട് അച്ചുകൂടങ്ങളിലെ ഈ അച്ചടി മൂലം അച്ചിനുണ്ടായ വ്യത്യാസം 232, 233 എന്നീ താളുകൾ താരതമ്യം ചെയ്താൽ തന്നെ വ്യക്തമാവുകയും ചെയ്യും.
ചുരുക്കത്തിൽ ഈ നോവലിനു എന്തെങ്കിലും ഒരു ആദ്യപട്ടം കൊടുക്കണമെങ്കിൽ അത് രണ്ട് പ്രസ്സുകളിലായി അച്ചടിച്ച ആദ്യകാല മലയാളനോവൽ ഏത് എന്നതാവും :). എന്തായാലും ഇതുവളരെ കൗതുകകരം തന്നെ.
450ഓളം താളുകൾ ഉള്ള വളരെ വലിയ നോവൽ ആണിത്. അതിനാൽ തന്നെ സ്കാനിനു സൈസ് കൂടുതൽ ആണ്.
ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി