1851 – വജ്രസൂചി – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

വജ്രസൂചീ എന്ന അതീവപ്രാധാന്യമുള്ള പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വജ്രസൂചീ
  • താളുകളുടെ എണ്ണം: ഏകദേശം 30
  • പ്രസിദ്ധീകരണ വർഷം: 1851
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
വജ്രസൂചി - 1851
വജ്രസൂചി – 1851

വജ്രസൂചീ എന്ന കൃതിയെപറ്റി

ജഗൽ ഗുരും മഞ്ജു ഘൊഷം നത്വാവാക്കായ ചെതസാ
അശ്വഘൊഷൊവജ്രാസൂചീം സൂത്രയാമി യഥാമതം (മൂല കൃതി)

ജഗല്ഗുരുവാകുന്ന മഞ്ജുഘൊഷനെ വാക്കായ ചെതസ്സുകളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്വഘൊഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു വജ്രസൂചിയെ സൂത്രിക്കുന്നെൻ (ഗുണ്ടർട്ടിന്റെ പരിഭാഷ)

സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചീ. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി.

ജാതിവാദത്തെ അത്, വേദങ്ങളിലും മഹാഭാരതത്തിലും മനുസ്മൃതിയിലും നിന്നുള്ള ആശയങ്ങളേയും ഉദ്ധരണികളേയും ആശ്രയിച്ചുള്ള ന്യായവാദം കൊണ്ട് തിരസ്കരിച്ച്, മനുഷ്യജാതി ഒന്നാണെന്നു ഈ രചനയിൽ സ്ഥാപിക്കുന്നു.

AD രണ്ടാം നൂറ്റാണ്ടിൽ വിഖ്യാതബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി ഏറെയും അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന കാര്യത്തിൽ ഉറപ്പില്ല.

വജ്രസൂചിയെ പറ്റിയുള്ള കുറച്ച് വിവരങ്ങൾ മലയാളം വിക്കിപീഡിയയിലെ ഈ ലേഖനത്തിൽ കാണാം.

പത്തൊൻപതാം നൂറ്റാണ്ടിൽ, ഹെർമ്മൻ ഗുണ്ടർട്ട് വജ്രസൂചി സംസ്കൃതമൂലത്തോടൊപ്പം മലയാള പരിഭാഷയും, ഒപ്പം ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധവും കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചു. 1851-ലും 1853-ലും ആയി രണ്ട് പതിപ്പുകൾ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചതായാണ് ഡോ. സ്കറിയ സക്കറിയയും കെ.എം. ഗോവി ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ നമുക്ക് ലഭ്യമാകുന്ന സ്കാൻ 1851ലെ ആദ്യത്തെ പതിപ്പ് തന്നെയാണ്.

ഏതാണ്ട് 30 താളുകൾ മാത്രമുള്ള ഈ പുസ്തകം തലശ്ശേരിയിൽ ഉണ്ടായിരുന്ന ബാസൽ മിഷന്റെ കല്ലച്ചിൽ ആണ് അച്ചടിച്ചിരിക്കുന്നത്. ഏതാണ്ട് 20 ഓളം പേജുകളിൽ ഇടതു വശത്ത് സംസ്കൃത മൂലവും, വലതു വശത്ത് മലയാള പരിഭാഷയുമായാണ് ഉള്ളടക്കം വികസിക്കുന്നത്. ഏറ്റവും അവസാനത്തെ 3-4 താളുകളിൽ ഗുണ്ടർട്ടിന്റെ വക ക്രൈസ്തവവീക്ഷണത്തിലുള്ള മലയാളത്തിലുള്ള അനുബന്ധവും കാണാം.

നിരവധി കാരണങ്ങൾ കൊണ്ട് ഈ കൃതി പ്രാധാന്യമുള്ളതാണ്. അതിനെ പറ്റിയുള്ള വിശദാംശങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെ  വിവിധ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കുക

ലിപി തലത്തിൽ ഉള്ള പ്രത്യേക പറഞ്ഞാൽ, 1847 ൽ തന്നെ ഗുണ്ടർട്ട് സംവൃതോകാരത്തിന്നായി ചന്ദ്രക്കല ഉപയോഗിക്കുന്നത് നമ്മൾ കണ്ടതിനാൽ ഇതിലും ചന്ദ്രക്കല കാണുന്നുണ്ട് എന്നതാണ്

ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്ന ആറാമത്തെ പുസ്തകമാണ്. ഇനിയും ധാരാളം (നൂറിൽ പരം) പുസ്തകങ്ങൾ/കൈയെഴുത്തുപ്രതികൾ/താളിയോല ശെഖരം പുറത്തു വരാൻ കിടക്കുന്നു. പക്ഷെ അതിനായി ട്യൂബിങ്ങൻ ലൈബ്രറി അധികൃതർ പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. അതിനെ പറ്റി ഒരു പ്രത്യേക പോസ്റ്റ് ഞാൻ പെട്ടെന്ന് തന്നെ ഇടാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

പുസ്തകത്തിന്റെ കവർ പേജ് അടക്കം എല്ലാ പേജുകളും ലഭ്യമാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments

One comment on “1851 – വജ്രസൂചി – ഹെർമ്മൻ ഗുണ്ടർട്ട്

Comments are closed.