കഴിഞ്ഞ ദിവസം നമ്മൾ 1879ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാൻ പരിചയപ്പെട്ടു. അതിൽ യുസ്തൂസ് യോസഫ് മുതലായ ക്രൈസ്തവ പാട്ടെഴുത്തുകാരുടെ പാട്ടുകൾ ഉണ്ട് എന്ന് മനസ്സിലാക്കി. അതിലെ പല പാട്ടുകളും ഇപ്പൊഴും ഉപയോഗത്തിൽ ഉള്ളതും ആണ്.
ഇന്ന് നമ്മൾ പരിചയപ്പെടുന്നത് 1854ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ, അക്കാലത്തെ ക്രൈസ്തവഗാനങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന്റെ സ്കാൻ ആണ്. ഇത് 100 താളുകൾ മാത്രമുള്ള ചെറിയൊരു പുസ്തകമാണ്.

ജ്ഞാനകീർത്തനങ്ങൾ 1854
പുസ്തകത്തിന്റെ വിവരം:
- പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ, രണ്ടാം പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1854
- പ്രസ്സ്: CMS പ്രസ് കോട്ടയം
ഈ കാലഘട്ടം മലയാളക്രൈസ്തവ ഗാനങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. നമ്മൾ പഴയ മലയാളം ക്രൈസ്തവ പാട്ടെഴുത്തുകാർ ആയി ഇന്ന് കരുതുന്ന യുസ്തൂസ് യോസഫ്, നാഗൽ സായിപ്പ്, മൊശവത്സലം, കൊച്ചു കുഞ്ഞുപദേശി തുടങ്ങിയ പ്രമുഖർ ഒക്കെ ജനിക്കുന്നതിനോ അല്ലെങ്കിൽ പാട്ടെഴുത്ത് തുടങ്ങുന്നതിനോ മുൻപൊ ഒക്കെ ഉള്ള കാലഘട്ടം ആണിത്. അതിനാൽ തന്നെ ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല. പിൽക്കാലത്ത് ഇതിലും മെച്ചപ്പെട്ട പാട്ടുകൾ വന്നപ്പോൾ ഈ ഗാനങ്ങൾ വിസ്മൃതിയിലായി പോയതാവണം. അതേ പോലെ പല പാട്ടുകളും ഇംഗീഷ് പാട്ടുകളുടെ നേർ തർജ്ജുമ ആണെന്ന് തോന്നുന്നു.
ഒന്ന് ഓടിച്ച് നോക്കിയിട്ട് ആകെ മൂന്ന് പാട്ടുകളെ ഇതിൽ നിന്ന് ഞാൻ കേട്ടിട്ടൂള്ളൂ.
- 50മത്തെ താളിൽ ഉള്ള “ഭൂലോകത്തുള്ള സർവരെ….”. ഈ പാട്ട് ഇക്കാലത്ത് അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ “ഭൂവാസികൾ സർവ്വരുമെ..” എന്ന് തുടങ്ങുന്നു. ഈ പാട്ട് ക്രൈസ്തവ ആരാധന തുടങ്ങുമ്പോൾ ഉള്ള പ്രാരംഭഗാനമായി ഇപ്പൊഴും പാടാറുള്ളതാണ്.
- 62മത്തെ താളിൽ ഉള്ള “നിത്യനായ യഹോവായെ…”
- 89മത്തെ താളിൽ ഉള്ള “ദൈവമെ നിൻ സ്നേഹത്തോടെ…”
ഈ പാട്ടുകൾക്കൊക്കെ 150 വർഷത്തിനുമേൽ പഴക്കം ഉണ്ട് എന്നത് പുതിയ അറിവായിരുന്നു.
പുസ്തകത്തിന്റെ ചില പ്രത്യേകതൾ
- ഇതിനകം പല വട്ടം ബോദ്ധ്യപ്പെട്ട പോലെ, CMS പുസ്തകത്തിൽ അക്കാലത്ത് ചന്ദ്രക്കല ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ സംവൃതോകാരം അകാരന്തമായി എഴുതിയിരിക്കുന്നു. സന്ദർഭത്തിനനുസരിച്ച് സംവൃതോകാരസ്വരം ചേർത്ത് ഉച്ചരിക്കാൻ അന്നത്തെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ അക്കാലത്ത് അത് പ്രശ്നം ആയിരുന്നില്ല.
- “ഈ” കാരാന്തത്തിനായി പൂർണ്ണമായി മറ്റേ രൂപം ഉപയോഗിക്കുന്നു.
- Malayalam ത്തിന്റെ സ്പെലിങ് അക്കാലത്തെ എല്ലാ CMS പുസ്തകങ്ങളും കാണുന്ന പോലെ Malayalim എന്നാണ്.
സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത
പുസ്കത്തിന്റെ അവസാനം ഇങ്ങനെ ഒരു കുറിപ്പ് കാണുന്നു “This book belonged to Henry Baker Senior”.

ഹെൻറി ബേക്കർ സീനിയർ, ബെഞ്ചമിൻ ബെയിലിയുടെ ഒക്കെ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച ആളും കോട്ടയം ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നവരിൽ ഒരാളും ആണ് (ബെഞ്ചമിൻ ബെയിലിയും ഹെൻറി ബേക്കറും ആണ് മറ്റ് രണ്ട് പേർ). മാത്രമല്ല ഹെൻറി ബേക്കർ ജൂനിയറിന്റെ പിതാവും ആണ്.
ഡിജിറ്റൈസേഷന്റെ വിവരം
പുസ്തകത്തിന്റെ ഫോട്ടോ എടുക്കാൻ ബൈജു രാമകൃഷ്ണൻ സഹായിച്ചു.
പുസ്തകം കൂടുതൽ വിശകലനം ചെയ്യാനായി വിട്ടു തരുന്നു. പഴയ പാട്ടുകളെ പറ്റി പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.
ഡൗൺലോഡ് വിവരം
ഡൗൺലോഡ് കണ്ണി: https://archive.org/download/Jnanakeerthangal-1854/Jnanakeerthangal_1854.pdf (3 MB)
ഓൺലൈനായി വായിക്കാൻ: https://archive.org/stream/Jnanakeerthangal-1854/Jnanakeerthangal_1854#page/n0/mode/2up