1904 – ശിശുപാഠപുസ്തകം

ആമുഖം

ട്യൂബിങ്ങൻ ശേഖരത്തിൽ എനിക്കു (എന്റെ മകൻ സിറിലിനും) വ്യക്തിപരമായി ഏറെ ഉപകാരപ്പെട്ട ശിശുപാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 165-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശിശുപാഠപുസ്തകം
  • പതിപ്പ്: പത്താം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 53
  • പ്രസിദ്ധീകരണ വർഷം:1904
  • രചയിതാവ്: മൂലകൃതിയുടെ രചയിതാവ് ജോസഫ് മൂളിയിൽ;  റിവൈസ് ചെയ്ത്  പുനഃപ്രസിദ്ധീകരിച്ചത് എം. കൃഷ്ണൻ.
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.
1904 – ശിശുപാഠപുസ്തകം
1904 – ശിശുപാഠപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികളെ മലയാള അക്ഷരം എഴുതി പഠിപ്പിക്കാനുള്ള പുസ്തകമാണിത്.  പരമ്പരാഗതമായ അ, ആ, ഇ… രീതിയിൽ മലയാള അക്ഷരപഠനം നടത്തിയിരുന്ന മലയാളികൾക്ക് ഇടയിലേക്ക് റ, ര, ത, ന… എന്നിങ്ങനെ ശാസ്ത്രീയമായ രീതിയിൽ ആദ്യം എളുപ്പമുള്ള അക്ഷരങ്ങളിൽ തുടങ്ങി ക്രമേണ എഴുതാൻ ബുദ്ധിമുട്ട് ഉള്ള അക്ഷരങ്ങളിലേക്ക് മുന്നേറി അക്ഷരപഠനം ക്രമമായി നടത്തി പൂർത്തിയാക്കുന്ന പരിപാടി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ബാസൽ മിഷൻ മിഷനറിമാരാണ്. അതിനായി അവർ അവതരിപ്പിച്ച ആദ്യകാല പുസ്തകങ്ങളിൽ ഒന്നാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്ന ശിശുപാഠപുസ്തകം. ആ പുസ്തകത്തിന്റെ 1904ൽ ഇറങ്ങിയ പത്താം പതിപ്പാണ് ഈ പുസ്തകം.

ഇതിന്റെ രചയിതാവ് ജോസഫ് മൂളിയിൽ ആണ്. ജോസഫ് മൂളിയിന്റെ സുകുമാരി  എന്ന നോവലും 1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകവും ഒക്കെ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്.

ലിസ്റ്റൻ ഗാർത്തുവെയിറ്റാണ് ഇത്തരം പാഠ്യപദ്ധതി ഉണ്ടാക്കാൻ മുൻകൈ എടുത്തതെന്നാണ് എനിക്കു തോന്നുന്നത്. കാരണം 1860കൾ തൊട്ട് അദ്ദേഹമായിരുന്നു മലബാറിലെ സ്കൂൾ ഇൻസ്പെക്ടർ. 1880കളിലോ 1890കളിലോ ജോസഫ് മൂളിയിൽ ഇത് പ്രസിദ്ധീകരിച്ചു എന്നു ഞാൻ കരുതുന്നു. ഇത് 1904ലെ പത്താം പതിപ്പാണ്. ഈ പതിപ്പ് മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക പരിഭാഷകൻ ആയിരുന്ന എം. കൃഷ്ണൻ പരിഷ്കരിച്ചതാണ്. എം. കൃഷ്ണന്റെ ബാലവ്യാകരണം അടക്കമുള്ള പല കൃതികളും നമ്മൾ ഇതിനകം കണ്ടതാണ്. മലബാറിലെ ഉപയോഗത്തിന്നായി പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു.

കാര്യം എന്തായാലും നമ്മൾ ഇന്നും പിൻതുടരുന്ന തറ, പന.. രീതിയിലുള്ള മലയാള അക്ഷരപഠനത്തിന്റെ തുടക്കം ഈ സീരിസിലുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ്.

വ്യക്തിപരമായി എനിക്കും, മകൻ സിറിലിനും (ഇപ്പോൾ മകൾ അന്നയ്ക്കും) ഈ പുസ്തകം വളരെ പ്രയോജനപ്പെട്ടു/പെട്ടുകൊണ്ട് ഇരിക്കുന്നു. സിറിലിന്റെ മലയാള അക്ഷരപഠനം പൂർണ്ണമായും ഈ പുസ്തകത്തെ ആശ്രയിച്ചായിരുന്നു. ഒറ്റയടിക്ക് അക്ഷരപഠനം നടത്തുകയായിരുന്നില്ല ഞങ്ങൾ ചെയ്തത്. ഈ പുസ്തകത്തിൽ കാണുന്ന പോലെ ഓരോ ആഴ്ചയും ഓരോ പാഠം വെച്ചാണ് തീർത്തു പോയത്. അതുമൂലം ഏകദേശം ഒരു കൊല്ലമെടുത്ത് പഴയലിപിയിലുള്ള അക്ഷരപഠനം കൂട്ടക്ഷരങ്ങൾ അടക്കം ഞങ്ങൾ തീർത്തു. ഇത് ഞങ്ങൾ ചെയ്യുമ്പോൾ ഉപയോഗിച്ച വിവിധ സൂത്രവിദ്യങ്ങൾ  (ഉദാ: പഴയ ലിപി, പുതിയ ലിപി വ്യത്യാസം എങ്ങനെ പരിചയപ്പെടുത്തണം, ചില കൂട്ടക്ഷരങ്ങൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ തുടങ്ങി പലതും)   മറ്റും ചേർത്ത് ഞാൻ വേറൊരു പോസ്റ്റ് ഇടാം. കുട്ടികളെ സ്വന്തമായി മലയാളം പഠിപ്പിക്കുന്ന പ്രവാസി മലയാളികൾക്ക് പൂർണ്ണമായി ആശ്രയിക്കാവുന്ന ഒരു പുസ്തകം ആണ് ഇതെന്ന് ഞാൻ എന്റെ സ്വന്ത അനുഭവത്തിൽ നിന്നു പറയുന്നു.

മലയാള അക്ഷര പഠനത്തിൽ ഈ പാഠപുസ്തകം ചെലുത്തിയ സ്വാധീനം ഒക്കെ (പ്രത്യേകിച്ച് നമ്മൾ ഇപ്പൊഴും ഈ രീതി പിന്തുടരുന്നു എന്നതിനാൽ) വിലയിരുത്തേണ്ടതുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments