1940 ബാലപാഠം – ഏ.ആർ.പി. പ്രസ്സ് – കുന്നംകുളം

ആമുഖം

1940കളിലെ ഒരു ഒന്നാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.  കുറച്ചു നാളുകൾക്ക് ശെഷം ട്യൂബിങ്ങനിൽ നിന്ന് അല്ലാത്ത ഒരു സ്കാൻ റിലീസ് ചെയ്യാൻ അവസരം കിട്ടിയിരിക്കുകയാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഏ.ആർ.പി. ബാലപാഠം
  • താളുകളുടെ എണ്ണം: ഏകദേശം 36
  • പ്രസിദ്ധീകരണ വർഷം:പ്രസിദ്ധീകരണ വർഷം കൃത്യമായി അറിയില്ല. വിവിധ സൂചനകൾ വെച്ച് 1940കൾ ആണെന്ന് ഊഹിക്കുന്നു.
  • പ്രസ്സ്: ഏ.ആർ.പി. പ്രസ്സ്, കുന്നംകുളം
1940 ഏ ആർ പി

1940 ഏ ആർ പി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ കവർ പേജിൽ ഒന്നാം ക്ലാസ്സ് പാഠപുസ്തകം എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇത് ഒരു ഔദ്യോഗിക പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. ഏ.ആർ.പി. പ്രസ്സ് സ്വന്തമായി ഇറക്കിയ പുസ്തകം ആണെന്ന് തോന്നുന്നു. ഇക്കാലത്ത് പോലും ഡി.സി. ബുക്സ് അടക്കം പല പ്രസാധകരും ആ വിധത്തിൽ പാഠപുസ്തകങ്ങൾ ഇറക്കുന്നൂണ്ടല്ലോ.

ഈ പുസ്തകത്തിൽ പരമ്പരാഗത ശൈലിയിൽ അ, ആ, ഇ, ഈ എന്നീ രീതിയിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അക്ഷരപഠനത്തിന്നു വേറൊരു നവീനശൈലിയും ഉണ്ടെന്ന് പറഞ്ഞ് ആ നവീനശൈലിയുടെ രീതി രണ്ടാം താളിൽ തന്നെ കൊടുത്തിട്ടൂണ്ട്.

അക്ഷരപാഠങ്ങൾക്ക് ശേഷം ചെറിയ ഗദ്യപാഠങ്ങളും ചെറിയ പദ്യപാഠങ്ങളും കാണാം. ഏറ്റവും അവസാനതാളിൽ ഇംഗ്ലീഷ് അക്ഷരമാലയും കാണാം.

ഈ പുസ്തകത്തിന്നു വേറൊരു പ്രാധാന്യം കൂടെ ഉണ്ട്. ഡിജിറ്റൈസ് ചെയ്ത് കിട്ടിയ ഈ കോപ്പി വന്നിരിക്കുന്നത് ശ്രീലങ്കയിൽ നിന്നാണ്. കവർ പേജിൽ ഉള്ള സീലിൽ അശോക ബുക്ക് ഡിപ്പൊ, മറസാന, കൊളമ്പ് എന്നു കാണാം. ഇത് ഇപ്പോഴത്തെ Maradana (https://en.wikipedia.org/wiki/Maradana) എന്ന സ്ഥലം ആണെന്ന് ഞാൻ ഊഹിക്കുന്നു. (സ്റ്റാബ് സീൽ ഉണ്ടാക്കിയപ്പോൾ ഡയ്ക്ക് പകരം സ ഉപയോഗിച്ചതാകാം)  ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരത്തിൽ നിന്ന് വന്നതാവാം ഈ കോപ്പി.

ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരം എന്നു പറയാൻ ഒരു പ്രത്യേകകാരണം ഉണ്ട്. ഈ പുസ്തകത്തിന്റെ സ്കാൻ എവിടെ നിന്നു കിട്ടി എന്നു എനിക്കു അറിയില്ല. കിട്ടിയ സ്കാനിൽ പോസ്റ്റ് പ്രോസസിങ് പണികൾ തീർത്ത് ഞാൻ ഇപ്പോൾ ഇത് പങ്കു വെക്കുന്നു എങ്കിലും ഇതിന്റെ ഉറവിടം എനിക്ക് അഞ്ജാതം. കഴിഞ്ഞ ദിവസം ഗൂഗിൾ ഡ്രൈവ് അടുക്കിപെറുക്കിയപ്പോൾ ആണ് ഇങ്ങനെ ഒരു പുസ്തകം എന്റെ കണ്ണിൽ പെടുന്നു. എന്റെ സുഹൃത്തുക്കൾ ആരോ എനിക്ക് ഈ പുസ്തകത്തിന്റെ താളുകൾ ഫോട്ടോ എടുത്ത് പങ്കുവെച്ച് ഇത് പ്രൊസസ് ചെയ്ത് പുറത്ത് വിടൂ എന്ന് പറഞ്ഞ് എന്നെ ഏല്പിച്ചതാണ്. പക്ഷെ ആ സുഹൃത്ത് ആരെന്ന് ഞാൻ കുറേയേറെ തപ്പിയിട്ടും വിവരം കിട്ടിയില്ല.

ഈ സ്കാൻ കാണുന്ന എന്റെ സുഹൃത്തുക്കൾ ആരെങ്കിലും ആണ് അത് എങ്കിൽ എന്നെ ഒന്ന് പിങ്ങ് ചെയ്യുമല്ലോ. അതിന്റെ വിവരം ഈ പൊസ്റ്റിലേക്ക് ചെർക്കാൻ ആണ്.

ഏ.ആർ.പി. പ്രസ്സിൽ നിന്നുള്ള വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയിട്ടൂണ്ട്. ആ ശേഖരത്തിലേക്ക് ഒരെണ്ണം കൂടി ആയി.

 

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Google+ Comments

This entry was posted in Gundert Legacy Project, എ.ആർ.പി. പ്രസ്സ്. Bookmark the permalink.

Leave a Reply