മലയാളലിപിയുടെ എഴുത്തിന്റെ/അച്ചടിയുടെ ചരിത്രത്തിലെ ചില ആദ്യ സംഗതികൾ

നമുക്ക് ഇതു വരെ ലഭിച്ച മലയാള പുസ്തകങ്ങളുടെ സ്കാനുകളും, മലയാള അച്ചടിയെ കുറിച്ച് പരാമർശിക്കുന്ന വിവിധ പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളുടെ സ്കാനുകളും (പൊതുജനങ്ങൾക്ക് നേരിട്ട് തെളിവ് ലഭ്യമാകുന്ന) അടിസ്ഥാനമാക്കി മലയാളം എഴുത്തിന്റെ/അച്ചടിയുടെ  ചരിത്രത്തിലെ  ചില ആദ്യ സംഗതികളെ ക്രോഡീകരിക്കാൻ ഉള്ള ശ്രമം ആണിത്.

കൂടുതൽ സ്കാനുകൾ കിട്ടുന്നതിനു അനുസരിച്ച് ഈ വിവരങ്ങൾ പുതുക്കണം എന്ന് കരുതുന്നു.

മലയാളലിപിയുമായി ബന്ധപ്പെട്ട ചിലത്

  • മലയാളലിപി ചിത്രമായിട്ട് അച്ചടിച്ച  ആദ്യത്തെ പുസ്തകംഹോർത്തൂസ് മലബാറിക്കൂസ് –  1678 – ആംസ്റ്റർഡാം – ഹെൻറിക്ക് വാൻറീഡ് – ലത്തീൻ കൃതി ആണിത്. പക്ഷെ മലയാളലിപിയിൽ ഉള്ള ഒരു പ്രസ്താവനയും പിന്നെ പുസ്തകത്തിലെ സസ്യങ്ങളുടെ ചിത്രങ്ങളിൽ എല്ലാം മലയാളലിപിൽ ഉള്ള എഴുത്തും കാണാം. എന്നാൽ ഹോർത്തൂസിലെ മലയാളലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നത്, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. അതായത് മലയാളലിപി ചിത്രമായാണ് ചേർത്തിരിക്കുന്നത് എന്ന് പറയാം. അതിനാൽ തന്നെ ഇതിനെ പൂർണ്ണമായി മലയാളലിപി അച്ചടിച്ചു എന്ന് പറയാൻ ആവില്ല.
  • അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം – ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം – 1772 – റോം – ലത്തീൻ കൃതി ആണിത് – ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ഈ പുസ്തകത്തിനു വേണ്ടിയാണ്.
  • അച്ചുവാർത്ത് മലയാളലിപി അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള പുസ്തകം –  സംക്ഷേപവേദാർത്ഥം – 1772 – റോം –  ഇതാണ് അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളപുസ്തകം
  •  ഇന്ത്യയിൽ മലയാളലിപി ആദ്യമായി അച്ചടിച്ചത്Grammar of the Malabar language – 1799 – ബോംബെ കുറിയർ പ്രസ്സിൽ – Robert Drummond – ഇംഗ്ലീഷ് കൃതി ആണിത് – ഇംഗ്ലീഷിൽ വന്ന ആദ്യത്തെ മലയാളവ്യാകരണ പുസ്തകം ഇതാണെന്ന് തോന്നുന്നു.
  • ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകംറമ്പാൻ ബൈബിൾ – 1811 – ബേംബെ കുറിയർ പ്രസ്സിൽ –
  •  കേരളത്തിൽ മലയാളലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം – ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ – 1824 – കോട്ടയം – ബെഞ്ചമിൻ ബെയ്‌ലി (ഇതിനുള്ള അച്ചുകൾ മദ്രാസിലാണ് നിർമ്മിച്ചത്).
  • ൰ (10) , ൱ (100) , ൲ (1000) എന്നിങ്ങനെ ചിഹ്നങ്ങളുപയോഗിച്ച് മലയാള അക്കങ്ങൾ എഴുതിയിരുന്ന  രീതിയിൽ നിന്ന് 0 ഉപയോഗിച്ചെഴുതുന്ന പ്ലേസ് വാല്യു രീതിയിലേയ്ക്ക് മാറിയത് – 1829 – ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം) – കോട്ടയം – ബെഞ്ചമിൻ ബെയിലി
  • ആദ്യമായി പൂർണ്ണവിരാമം (.), കോമ (,), അർദ്ധവിരാമം (;) തുടങ്ങിയ ചിഹ്നങ്ങൾ ഉപയോഗിച്ചത് – സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത  – 1839 – ബെഞ്ചമിൻ ബെയിലി – കോട്ടയം. എന്നാൽ 1834-ൽ ലണ്ടനിൽ അച്ചടിച്ച പുതിയ നിയമം മലയാണ്മ ഭാഷയിൽ പരിഭാഷപ്പെട്ടത രണ്ടാം അച്ചടിപ്പ എന്ന പുസ്തകത്തിൽ ബെയിലി പൂർണ്ണവിരാമം (.) ഭാഗികമായി ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ  വാചകങ്ങളെ തമ്മിൽ വേർ പിരിക്കുക എന്ന പ്രധാന ആവശ്യത്തിനു ആ പുസ്തകത്തിൽ പൂർണ്ണവിരാമം ഉപയൊഗിച്ചിട്ടില്ല.
  • ആദ്യമായി ചന്ദ്രക്കല ( ്) – സംവൃതോകാരം സൂചിപ്പിക്കാൻ – ഉപയോഗിച്ചത് – സുവിശേഷ കഥകൾ – ഗുണ്ടർട്ട് – 1847 –  തലശ്ശേരി ലിത്തോ പ്രസ്സ്.
  • ആദ്യമായി ഈ-കാരത്തിന്റെ എന്ന രൂപം അച്ചടിയിൽ ഉപയോഗിച്ചത് – കേരളോല്പത്തി – ഗുണ്ടർട്ട് – 1843 –  മംഗലാപുരം ലിത്തോ പ്രസ്സ്
  • സംവൃതോകാരം സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മറ്റൊരു ചിഹ്നമായ ു് – ആദ്യമായി കാണുന്നത് – മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട്-ലിസ്റ്റൻ-ഗാര്‍ത്തൈ്വറ്റ് – 1867 – മംഗലാപുരം ബാസൽ മിഷൻ പ്രസ്സ്
  • കൂട്ടക്ഷരങ്ങൾ പിരിയ്ക്കാൻ ആദ്യമായി ചന്ദ്രക്കല ഉപയോഗിക്കുന്നത് – ഗുണ്ടർട്ട് – മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി – 1872 – മംഗലാപുരം ബാസൽ മിഷൻ പ്രസ്സ്

മലയാളഭാഷയുമായി ബന്ധപ്പെട്ട ചിലത്

കൂടുതൽ സ്കാനുകൾ കിട്ടുന്നതിനു അനുസരിച്ച് ഈ വിവരങ്ങൾ പുതുക്കണം എന്ന് കരുതുന്നു. മാത്രമല്ല കൂടുതൽ നാഴികക്കല്ലുകൾ ചേർക്കണം എന്നും കരുതുന്നു. ഇതിനെ പല വിഭാഗങ്ങളായി പിരിക്കണം എന്നും കരുതുന്നു.

എന്റെ അഭിപ്രായത്തിൽ റോമിൽ നിന്ന് സംക്ഷേപത്തിനു പുറമേയും, ബോംബെയിൽ നിന്ന് റമ്പാൻ ബൈബിളിനു പുറമേയും,  കോട്ടയത്ത് നിന്ന്   ചെറുപൈതങ്ങൾക്ക് പുറമേയും വേറെ മലയാളപുസ്തകങ്ങളും 1829നു മുൻപ് ഇറങ്ങിയിരിക്കാൻ സാദ്ധ്യത ഉണ്ട്. അതൊക്കെ കണ്ടെടുക്കേണ്ടതുണ്ട്.

Comments

comments

3 comments on “മലയാളലിപിയുടെ എഴുത്തിന്റെ/അച്ചടിയുടെ ചരിത്രത്തിലെ ചില ആദ്യ സംഗതികൾ

  • “സംക്ഷേപവേദാർത്ഥം…….ഇതിന്റെ സ്കാൻ നമുക്ക് ഇതു വരെ കിട്ടിയില്ല.” സംക്ഷേപവേദാർത്ഥത്തിന്റെ ഒരു പതിപ്പ്, കാൽ നൂറ്റാണ്ടു മുൻപ് ആരോ ഇറക്കിയിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. 1991-93 കാലത്താണ് അതു ഞാൻ കണ്ടത്. നേർക്കുനേർ പുറങ്ങളിൽ മൂലത്തിന്റെ തനിപ്പകർപ്പും ആധുനികഭാഷാന്തരവും ആയിട്ടാണ് അതിറക്കിയിരുന്നതെന്നാണ് ഓർമ്മ. അതിന്റെ സംശോധകൻ പ്രൊഫസർ മാത്യൂ ഉലങ്കംതറ ആയിരുന്നോ എന്നു സംശയമുണ്ട്. ബാക്കി വിശദാംശങ്ങൾ ഓർമ്മയില്ല.

Comments are closed.