പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2017 – കണക്കെടുപ്പ്

ആമുഖം

ഈ ബ്ലോഗിലൂടെ 2017 ജനുവരി 1 മുതൽ 2017 ഡിസംബർ 31വരെ പങ്കു വെച്ച, കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. തുടർന്നുള്ള വർഷങ്ങളിലും ഈ വിധത്തിൽ കണക്കെടുപ്പ് തുടരണം എന്നു കരുതുന്നു.

ഡിജിറ്റൈസ് ചെയ്ത് പങ്കുവെച്ച കൃതികളുടെ ചുരുക്കം

2017ൽ (2016 നെ അപേക്ഷിച്ച്) ഞാൻ നേരിട്ട് ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളൂടെ കുറഞ്ഞു. അതിന്റെ പ്രധാന കാരണം എന്റെ ഡിജിറ്റൈസേഷൻ സമയത്തിന്റെ സിംഹഭാഗവും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ലെഗസി പദ്ധതി അപഹരിച്ചു എന്നത് കൊണ്ടാണ്. അതിലൂടെ 2017ൽ 20ഓളം മലയാള പൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് ആണ് പുറത്ത് വന്നത്. 2018ൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സമയം ഗുണ്ടർട്ട് ലെഗസി പദ്ധതി അപഹരിക്കും. കാരണം ഇപ്പോൾ വന്നതിന്റെ പത്തിരട്ടി പുസ്തകങ്ങൾ 2018ൽ ഗുണ്ടർട്ട് പദ്ധതിയിലൂടെ പുറത്ത് വരും. അതിനാൽ അതിനു കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്.

ഞാൻ നേരിട്ട് ഡിജിറ്റൈസ് ചെയ്തതിൽ എടുത്തു പറയാനുള്ള ചില പുസ്തകങ്ങൾ താഴെ പറയുന്നവ ആണ്:

ഇതിൽ ക.നി.മൂ.സ. മാണികത്തനാരുടെ പ്‌ശീത്താ പരിഭാഷ (1939)  ഹൂദായ കാനോൻ (1907) എന്നീ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും അതിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ തപ്പിയുള്ള അന്വേഷണവും എനിക്ക് കുറേയധികം അറിവ് പ്രദാനം ചെയ്തു. കുറേ കാര്യങ്ങൾ മനസ്സിലാക്കി.  അങ്ങനെ ചേർത്ത വിവരണം ഉപയോഗപ്രദം ആയി എന്നു പലരും പറഞ്ഞത് സന്തോഷവുമായി.

എന്നാൽ പ്‌ശീത്താ ബൈബിളിന്റെ നഷ്ടപ്പെട്ട താളുകൾ ലഭ്യമാക്കാൻ അത് കൈയ്യിൽ ഉള്ളവർ സഹായിച്ചില്ല എന്നത് ഇപ്പൊഴും അതിന്റെ ഡിജിറ്റൈസേഷനിലെ കുറവും ദുഃഖവും ആയി അവശേഷിക്കുന്നു.

2017ൽ ഞാൻ തുടങ്ങി വെച്ച ഡിജിറ്റൈസേഷനിൽ ഏറ്റവും ബൃഹ്ത്തും ഇപ്പൊഴും തുടർന്ന് കൊണ്ട് ഇരിക്കുന്നതും മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസെഷനാണ്. ഏതാണ്ട് 3000ത്തിൽ പരം പേജുകളിൽ പരന്നു കിടക്കുന്ന 18 വർഷത്തെ മാസികകൾ ആണ് ഡിജിറ്റൈസ് ചെയ്യേണ്ടത്. ഇതുവരെ ആകെ 1892, 1893, 1894 വർഷത്തെ മാത്രമേ ചെയ്തു തീർന്നുള്ളൂ. അതിൽ തന്നെ ചില ലക്കങ്ങൾ മീസ്സിങാണ്. ഇനി 15 വർഷത്തെ ചെയ്യേണ്ടതുമൂണ്ട്. പല വിധത്തിൽ സഹായിക്കാമായിരുന്നിട്ടും ആരും ഇതിന്റെ ഡിജിറ്റൈസേഷനിലോ ഇതിലെ നഷ്ടമായ ലക്കങ്ങൾ കണ്ടെത്താനും സഹായിച്ചില്ലെങ്കിലും ഡിജിറ്റൈസ് ചെയ്ത പങ്കു വെച്ച പതിപ്പുകൾ പെട്ടെന്ന് ഉപയോഗിക്കാനും, തുടർന്നുള്ള വർഷങ്ങളിലെ ലക്കങ്ങൾ എപ്പോഴാണ് വരുന്നത് എന്നു ചൊദിക്കാനും ധാരാളം ആളുകൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

2017 -ൽ ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി ഇരുപതിലധികം പുസ്തകങ്ങൾ റിലീസ് ചെയ്തു. അതിൽ പ്രധാനപ്പെട്ട ചിലത്:

കേരളോപകാരി മാസിക, കേരള പഴമ, ഇന്ദുലെഖാ രണ്ടാം പതിപ്പ്, വലിയ പാഠാരംഭം തുടങ്ങിയ എല്ലാം പ്രധാനമുള്ളത് തന്നെ. 2018ലും ഗുണ്ടർട്ട് ലെഗസിയിലൂടെ അതീവ പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങൾ പുറത്ത് വരും.

ജർമ്മനി യാത്ര-ഡിജിറ്റൈസേഷൻ അനുഭവക്കുറിപ്പ്

ജോലിയുടെ ഭാഗമായി എനിക്കു 2 ആഴ്ചയോളം ജർമ്മനിയിൽ തങ്ങേണ്ടി വന്നിരുന്നു. അപ്പോൾ ട്യൂബിങ്ങൻ യൂണിവേർസിറ്റിയിൽ പോവുകയും അവിടുത്തെ ലൈബ്രറിയും ഡിജിറ്റൈസെഷൻ രീതികളും ഒക്കെ കാണുകയും ചെയ്തിരുന്നു. അവിടുത്തെ ഡിജിറ്റൈസെഷനെ പറ്റി എഴുതിയ ഒരു ചെറിയ കുറിപ്പ് ബ്ലോഗിലൂടെ കഴിഞ്ഞ വർഷം പങ്കു വെച്ചിരിന്നു. അത് ഇവിടെ കാണാം.

ഡിജിറ്റൈസ് ചെയ്യാനായി പുസ്തകങ്ങൾ കൈയിലെത്തുന്ന വഴി

മലയാളപൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരിൽ നിന്ന്  ഡിജിറ്റൈസ് ചെയ്യാനായി പുസ്തകങ്ങൾ എത്തുന്നത് പല വഴിക്കാണ്.

സൊളൊമോന്റെ സുഭാഷിതങ്ങൾ എന്ന പുസ്തകം റാം മൊഹൻ സാർ ബാംഗ്ലൂരിൽ റിസർച്ചിന്റെ ഭാഗമായി വന്നപ്പോൾ പ്രത്യേകം ഓർത്തു കൊണ്ടു വന്നു എന്നെ ഏല്പിക്കുകയായിരുന്നു. ഒറ്റ ശ്ലോകം എന്ന പുസ്തകം പോസ്റ്റ് വഴിയാണ് എന്റെ അടുത്ത് എത്തിയത്. അത് എത്തിച്ചത് രാഹുൽ ശർമ്മയും. പ്ശീത്താ ബൈബിൾ ബാംഗ്ലൂരിൽ തന്നെ ജോജുവിന്റെ കൈയ്യിൽ ഉണ്ടായിരുന്നതിനാൽ അദ്ദേഹം അതുമായി വീട്ടിൽ വന്നു.

മലങ്കര ഇടവക പത്രിക ഞാൻ നാട്ടിൽ (ചങ്ങനാശ്ശേരി) പോയപ്പോൾ കുര്യാക്കോസ് അച്ചന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹം തന്നതാണ്.

ബ്ലോഗ് പ്രതിസന്ധി – ഹാർഡ് ഡിസ്ക് പ്രതിസന്ധി

കഴിഞ്ഞ വർഷം ഞാൻ നേരിട്ട വലിയ പ്രതിസന്ധികളിൽ ഒന്ന് ബ്ലോഗ് ഹോസ്റ്റ് ചെയ്ത സെർവ്വറിൽ വൈറസ് കയറി ബ്ലോഗ് ഏതാണ്ട് മൂന്നു മാസത്തോളം പ്രവർത്തനരഹിതമായി പോയതാണ്. ആ സമയത്ത് ബ്ലോഗ് ഉപയോഗിച്ച് കൊണ്ടിരുന്ന ധാരാളം പേരുടെ മെയിലുകളും വിളികളും വന്നതോടെയാണ് ബ്ലോഗ് ഇത്രയധികം പേർ ഉപയോഗിക്കുന്നുണ്ട് എന്ന് എനിക്കു മനസ്സിലായത് തന്നെ.

ഈ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ നിരവധി പേർ സഹായിച്ചു. ബാക്ക് അപ്പ് എടുത്ത് ഉള്ളടക്കം സുരക്ഷിതമാക്കിയ രാജേഷ് ഒടയഞ്ചാൽ, പുതിയ സെർവ്വർ സ്പെസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ ഷെഫി കബീർ ഡൊമൈൻ നേം സംബന്ധമായ കാര്യങ്ങളിൽ സഹായിച്ച ജ്യോതിസ്സ്, പിന്നെ ബ്ലോഗിന്റെ ഭാഗമായുണ്ടായ വിക്കിയും അനുബന്ധ സംഗതികളും ശരിയാക്കാൻ സഹായിച്ച ജുനൈദും ബെഞ്ചമിനും. അങ്ങനെ നിരവധി പേരുടെ പിന്തുണ കൊണ്ടാണ് ബ്ലോഗ് വൈറസ് കയറിയ പ്രശ്നത്തിൽ നിന്ന് പുറത്തു കടന്നത്.

ബ്ലോഗ് പ്രതിസന്ധിക്കു പുറമേ ഞാൻ നേരിട്ട മറ്റൊരു വമ്പൻ പ്രതിസന്ധി എന്റെ ലാപ്പ് ടോപ്പിന്റെ  ഹാർഡ് ഡിസ്ക് അടിച്ചു പോയതാണ്. ഹാർഡ് ഡിസ്ക് പൊയതിൽ വിഷമമില്ല. പക്ഷെ ഈ ഹാർഡ് ഡിസ്കിൽ ഡിജിറ്റൈസേഷന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള ഒട്ടനവധി മലയാള പൊതുസഞ്ചരേഖകൾ ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടു. ചില സംഗതികൾ റീസ്കാൻ ചെയ്താൽ പിന്നെയും കിട്ടും എന്ന പരിഹാരം ഉണ്ട് എങ്കിലും അത് ഉണ്ടാക്കിയ സമയ നഷ്ടം വളരെ വലുതാണ്.  എന്നാൽ എന്റെ വിഷമം അതല്ല പബ്ലിക്ക് ആക്കാനായി വെച്ചിരിക്കുന്ന ഡിജിറ്റൈസേഷന്റെ പല ഘട്ടങ്ങളിൽ ഉള്ള സംഗതികൾ വേറെ ഒരിടത്തും കോപ്പി ഇല്ലാത്തത് മൂലം എന്നേക്കുമായി നഷ്ടപ്പെട്ടതാണ്. ഈ ഹാർഡ് ഡിസ്കിലെ ഡാറ്റ റിക്കവർ ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നത് വിഷമവുമായി.

ഉപസംഹാരം

ഇങ്ങനെ ഒരു സവിശേഷ പദ്ധതിയിലൂടെ വിവിധ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുന്നത് കേരള പഠനത്തെയും അതുമായി ബന്ധപ്പെട്ട വിവിധ ഗവേഷക പദ്ധതികളേയും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കൊണ്ടു വരുന്നതിനു ഇടയ്ക്ക്  എനിക്കു നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ കഴിഞ്ഞ വർഷം എഴുതിയത് ഒന്നു കൂടെ എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ) അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ) തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി
  • സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക

… തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു ചരടുകളും ഇല്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.
ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

 

2017ൽ ഡിജിറ്റൈസ് ചെയ്യേണ്ട പുസ്തകങ്ങൾ കണ്ടെടുക്കാനും ഏറ്റുവാങ്ങാനുമായി പല ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിൽ എടുത്തു പറയേണ്ടത് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ എന്നിവയാണ്. ഈ യാത്രകൾ മൂലം പല പുതിയ സ്ഥലങ്ങൾ കാണാനും ചില വിശെഷ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. അതൊക്കെ പല രേഖകൾ ഡിജിറ്റൈസ് ചെയ്യാനും പല കാര്യങ്ങളും അറിയാനും സഹായകമായി തീർന്നു.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ.

Comments

comments

Google+ Comments

This entry was posted in പൊതുസഞ്ചയ പുസ്തകങ്ങൾ. Bookmark the permalink.

Leave a Reply