പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2016 – കണക്കെടുപ്പ്

ഈ ബ്ലോഗിലൂടെ 2016 ജനുവരി 1 മുതൽ 2016 ഡിസംബർ 31വരെ പങ്കു വെച്ച, കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. (തുടർന്നുള്ള വർഷങ്ങളിലും ഈ വിധത്തിൽ കണക്കെടുപ്പ് നടത്തണം എന്നു കരുതുന്നു).

2016

2016ൽ ഡിജിറ്റൈസ് ചെയ്ത പൊതുസഞ്ചയ പുസ്തകങ്ങളിലെ ചില ശ്രദ്ധേയ പുസ്തകങ്ങൾ:

2016 ൽ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ – 50ൽ പരം. മൊത്തം പേജുകളുടെ കണക്ക് സമയക്കുറവ് മൂലം പ്രത്യേകമായി എടുത്തില്ല. എങ്കിലും അത് 3000 കടക്കും എന്ന് ഏകദേശം ഉറപ്പാണ്. ഇതിൽ ഏറ്റവും വലിയ പുസ്തകം പേജുകളുടെ എണ്ണം കൊണ്ടും പേജിന്റെ വലിപ്പം കൊണ്ടും 1915ലെ ശ്രീ മഹാഭാഗവതം ആയിരുന്നു. കല്ലച്ചിൽ അച്ചടിച്ച 1860ലെ പവിത്രചരിത്രം എന്ന പുസ്തകത്തിന്റെ വലിപ്പവും എടുത്തു പറയേണ്ടതാകുന്നു.

കേരളത്തിൽ നിന്നു ഉദയം ചെയ്ത യുയോമയ ഭാഷ എന്ന പ്രത്യേക ഭാഷയെ പറ്റിയുള്ള ഏക പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ പറ്റിയത് ഒരു സവിശെഷ നേട്ടമായി ഞാൻ കരുതുന്നു. ഒന്നാം നിര പ്രസിദ്ധീകരണങ്ങളിൽ പെടാത്ത ഇത്തരം പുസ്തകങ്ങൾ തിരസ്കരിച്ചു പോകാറാണ് സാധാരണ പതിവ്.

ഇത്തരം വിവിധ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുന്നത് കേരള പഠനത്തെയും അതുമായി ബന്ധപ്പെട്ട വിവിധ ഗവേഷക പദ്ധതികളേയും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കോണ്ടു വരുന്നതിനു ഇടയ്ക്ക് നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ (പെട്ടെന്ന് ഓർമ്മയിൽ വരുന്നത്) ഒന്ന് എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ) അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ) തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക
    … തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു പരിമിതിയും ഇല്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.

ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

ഇവരോടൊപ്പം പ്രൊ. സ്കറിയ സക്കറിയ, പ്രൊ. ബാബു ചെറിയാൻ എന്നിവർ നൽകുന്ന വൈജ്ഞാനിക-ബൗദ്ധിക സഹായത്തിനു (പ്രധാനമായും എന്റെ പിഴകൾ തീർക്കാൻ സഹായിക്കുന്നത്) നന്ദി പറയാൻ വാക്കുകളില്ല.

ഇതിനും പുറമെ, പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി അത്തരം രേഖകൾ കൈമാറുന്ന ചില വ്യക്തികളെ പരാമർശിക്കാതെ വയ്യ. 2016ലെ പ്രവർത്തനത്തിൽ പേർ എടുത്തു പറയേണ്ട കുറച്ച് പേർ റവ. അബ്രഹാം വർഗ്ഗീസ്, റവ. ഇയ്യോബ്, ശരത് സുന്ദർ, ബിജു കെ.സി, ജോയ്‌സ് തോട്ടയ്ക്കാട്, തോമസ് ഇസ്രയേൽ (ഭാര്യ അന്നമ്മാൾ തോമസ്), മാത്യു ജേക്കബ്ബ് എന്നിവർ ആണ്.

ഡോ. സുനീഷ് ജോർജ്ജ് ആലുങ്കലിന്റെ സഹായവും നിസ്സീമമാണ്. അതിനെ പറ്റി വേറെ ഒരു പ്രത്യേക പൊസ്റ്റ് ഇടുന്നുണ്ട്.

റൂബിൻ ഡിക്രൂസ് ചെയ്തു തന്ന ചില സഹായങ്ങളും നന്ദിയോടെ സ്മരിക്കുന്നു.

2016- ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ കണ്ടെടുക്കാനും ഏറ്റുവാങ്ങാനുമായി പല ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിൽ എടുത്തു പറയേണ്ടത് തിരുവനന്തപുരം നഗരം , തിരുവല്ല, തോട്ടയ്ക്കാട്, ചങ്ങനാശ്ശേരി, തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങൾ  എന്നിവയാണ്. ഈ യാത്രകൾ മൂലം പല പുതിയ സ്ഥലങ്ങൾ കാണാനും ചില വിശെഷ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. അതൊക്കെ പല രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായകമായി തീർന്നു.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ. നിങ്ങൾ കൈമാറുന്ന രേഖകൾ (1940കൾക്ക് മുൻപ് ഉള്ളവ മാത്രം) ഡിജിറ്റൈസ് ചെയ്തതിനു ശെഷം രേഖ ഒരു കേടും കൂടാതെ ഉടമസ്ഥർക്കു തിരിച്ചു തരികയും ചെയ്യാം. ഈ വിധത്തിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുമല്ലോ.

Comments

comments