2021 ഡിസംബർ 16ന് ഞാൻ താഴെ പറയുന്ന വിധത്തിലുള്ള ഒരു കുറിപ്പ് അടങ്ങുന്ന ഒരു ബ്ലോഗ് പോസ്റ്റ് എൻ്റെ ബ്ലോഗിലിട്ടു
കേരള രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന വിഷയത്തോടുള്ള അദമ്യമായ താല്പര്യം നിമിത്തം, എൻ്റെ ഒഴിവു സമയത്ത്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി ഞാൻ തൽക്കാലം നിർത്തുന്നു.
ബ്ലോഗിൽ നേരിട്ടു വന്ന് അറിയിപ്പുകൾ സൂക്ഷ്മമായി വായിക്കുന്നവർ കുറവായതിനാൽ ഈ അറിയിപ്പ് അധികം പേർ ശ്രദ്ധിച്ചില്ല. എന്നാൽ ക്രമേണ ഇത് ആളുകൾ അറിഞ്ഞു. രേഖകൾ ഉപയോഗപ്പെടുത്തി കൊണ്ടിരുന്നവർ ധാരാളം പേർ എനിക്കെഴുതി. കുറച്ചധികം പേർ നേരിട്ടു വിളിച്ചു. പക്ഷെ എൻ്റെ സന്നദ്ധപ്രവർത്തനം നിർത്താനുള്ള കാരണങ്ങൾ മിക്കവർക്കും ബോദ്ധ്യമായതിനാൽ ആ വിധത്തിൽ തുടരാൻ ആരും നിർബന്ധിച്ചില്ല.
എന്നാൽ ഈ പദ്ധതിയുടെ കുറച്ച് അഭ്യുദയകാംക്ഷികൾ (പ്രത്യേകിച്ച് പ്രവാസി മലയാളികൾ), ഇങ്ങനെ ഒരു സവിശേഷ പദ്ധതി നിന്നു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് പുതിയ പരിഹാരം ഉണ്ടാക്കാനായി ഒത്തുചേർന്നു. അങ്ങനെ കുറച്ചു പേർ ഒത്തു ചേർന്നതിൻ്റെ ഫലമായി കേരള രേഖകളുടെ ഡിജിറ്റൈസേഷൻ തുടർന്നു കൊണ്ടു പോകാനായി ഒരു not-for-profit കമ്പനി സ്ഥാപിക്കാൻ തീരുമാനിച്ചു. കുറച്ചു പേരുടെ കഴിഞ്ഞ 10 മാസത്തോളം നീണ്ട പ്രവർത്തനം മൂലംഏതാണ്ട് 2009 തൊട്ട് 2021 വരെയുള്ള 12 വർഷങ്ങൾ സന്നദ്ധസേവനത്തിലൂടെ നടത്തിയിരുന്ന കേരളരേഖകളുടെ ഡിജിറ്റൈസെഷൻ പ്രവർത്തനം പാതിവഴിയിൽ നിന്നു പോകാതെ മറ്റൊരു വിധത്തിൽ തുടർന്ന് കൊണ്ടു പോകാനുള്ള ഒരു പരിഹാരം ഉരുത്തിരിഞ്ഞിരിക്കുന്നു.
ഈ പ്രവർത്തനം തുടർന്നു കൊണ്ടൂപോകാനായി രൂപീകരിച്ച not-for-profit കമ്പനിയുടെ പേര് INDIC DIGITAL ARCHIVE FOUNDATION എന്നാണ്. ഈ കമ്പനിയുടെ പ്രവർത്തനോദ്ഘാടനം, കേരളഡിജിറ്റൽ രേഖകൾ ഹോസ്റ്റ് ചെയ്യാനായി നിർമ്മിക്കുന്ന പുതിയ വെബ്ബ് പോർട്ടലിൻ്റെ ഉൽഘാടനം എന്നിവ 2022 ഒക്ടോബർ മാസം 30ന് ബാംഗ്ലൂരിൽ വെച്ച് നടക്കുകയാണ്.
കേരളവുമായി ബന്ധപ്പെട്ട ഈ പദ്ധതിയുടെ ഉദ്ഘാടനം എന്തു കൊണ്ട് ബാംഗ്ലൂരിൽ നടക്കുന്നു എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. പ്രധാനമായും താഴെ പറയുന്നവ ആണ് ഇതിൻ്റെ കാരണങ്ങൾ
- കമ്പനിയുടെ തുടക്കം സുഗമാകുന്നതിനു എൻ്റെ നേരിട്ടുള്ള മേൽ നോട്ടം അത്യാവശ്യമാണ്. എനിക്ക് ജോലി തൽക്കാലം ബാംഗ്ലൂരിൽ ആയതിനാൽ കമ്പനിയുടെ പ്രവർത്തനം എനിക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന ഇടത്ത് വേണം.
- 2021 ഡിസംബറിൽ ഞാൻ ഡിജിറ്റൈസേഷൻ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ എൻ്റെ കൈവശം പലരായി എനിക്കയച്ചു തന്ന 500ലധികം കേരളരേഖകൾ ഡിജിറ്റൈസേഷനായി ബാക്കിയായിരുന്നു. തുടക്കത്തിൽ ഈ രേഖകൾ ഡിജിറ്റൈസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
- കേരളവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന വിരലെണ്ണാവുന്ന കുറച്ചു സ്ഥാപനങ്ങൾ ബാംഗ്ലൂരിൽ ഉണ്ട്. ആദ്യ ഘട്ടത്തിൽ ഈ സ്ഥാപനങ്ങളിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ ശ്രമിക്കണം.
- എന്നെ ഈ പ്രവർത്തനത്തിൽ നേരിട്ടു സഹായിക്കുന്ന സുഹൃത്തുക്കൾ ഒക്കെയും ബാംഗ്ലൂരിൽ ആണുള്ളത്. തുടക്കകാലത്ത് ഇവരുടെ സഹകരണം ഈ പദ്ധതി സ്വന്തം കാലിൽ നിൽക്കാൻ വളരെ അത്യാവശ്യം ആണ്.
ഇത് കൊണ്ടൊക്കെയാണ് തുടക്കപ്രവർത്തനം ബാംഗ്ലൂരിൽ ആയത്. എന്നാൽ കാലക്രമേണ കേരളത്തിലേക്കും, ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ട കേരളരേഖകളുള്ള മറ്റ് ഇന്ത്യൻ/വിദേശ നഗരങ്ങളിൽ ഒക്കെ ഫൌണ്ടേഷന്റെ പ്രവർത്തനം വ്യാപിപ്പിക്കും.
എൻ്റെ വ്യക്തിഗതമായ പദ്ധതി എന്നതിൽ നിന്നു മാറി, വിഷയത്തിൽ താല്പര്യമുള്ള കൂടുതൽ ആളുകളുടെ സഹകരണത്തോടെ ഒരു പബ്ലിക്ക് പദ്ധതി ആയി മാറുമ്പോൾ അതിനു അനുയോജ്യമായ മാറ്റങ്ങൾ ഈ പദ്ധതിക്ക് കൈവരും. അതിൽ ചിലതൊക്കെ ഒക്ടോബർ 30നു നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യപ്പെടും.
ഉൽഘാടന പരിപാടി
2022 ഒക്ടോബർ മാസം 30ന് നടക്കുന്ന ഉൽഘാടന പരിപാടിയിൽ ഡിജിറ്റൈസെഷൻ പ്രവർത്തനത്തിൽ പലവിധത്തിൽ എന്നെ സഹായിച്ച മിക്ക സന്നദ്ധപ്രവർത്തകരും സംബന്ധിക്കുന്നു. അതിനു പുറമെ ഈ വിഷയത്തിൽ താല്പര്യമുള്ള പ്രമുഖ ബാംഗ്ലൂർ മലയാളികളും പരിപാടിയിൽ സംബന്ധിക്കും.ചില വിശിഷ്ടാതിഥികളും പങ്കെടുക്കും. വിശദാംശങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന പോസ്റ്റർ നോക്കുക.
ഈ വിഷയത്തിൽ താല്പര്യമുള്ള എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. പരിപാടിക്ക് വരാൻ താല്പര്യമുള്ളവർ എനിക്ക് ഒരു മെയിലോ മെസ്സേജോ അയക്കുമല്ലോ.
(ഈ പോസ്റ്റർ ഡിസൈൻ ചെയ്തത് ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ എന്നെ സഹായിച്ചിരുന്ന) സുഗീഷ് എസ് ആണ് . അദ്ദേഹത്തിനു പ്രത്യേക നന്ദി.)

7 comments on “കേരള രേഖകളുടെ ഡിജിറ്റൈസേഷൻ – പ്രവർത്തനം പുനരാരംഭിക്കുന്നു”
Dear Shiju,
Best of Lunch, look forward to see more and more digitalised documents for our history!
Best of luck
All the best wishes
കാലത്തിന്റെ കാവ്യനീതി. കേരള രേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതി നിർത്തി വയ്ക്കുന്നു എന്ന പോസ്റ്റ് അന്നു വായിച്ചപ്പോള്‍ തോന്നിയ ഖേദം/നിരാശ/വേദന/അരിശം/അമര്‍ഷം ഒക്കെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ നിറഞ്ഞ സന്തോഷത്തിനു വഴിമാറി. പുതിയ നോണ്‍പ്രോഫിറ്റ് കമ്പനിയ്ക്കു് എല്ലാ വിധ ഭാവുകങ്ങളും. മലയാള രേഖകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുനരാരംഭം ഒരു പുതുചരിത്രം രചിക്കട്ടെ.
സന്തോഷം… ആശംസകൾ
Dear Shaiju
Congratulations.
Have you any of the copies of Ujjeevanam Malayalam paper edited by Vaikom Mohamed Basheer?
ഇല്ല. അതൊന്നും ഡിജിറ്റൈസേഷനായി ലഭിച്ചിട്ടില്ല. അത് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനുള്ള പ്രക്രിയയിൽ താങ്കൾക്കും സഹായിക്കാം. ഇതൊരു ജനകീയ പദ്ധതി ആയി മാറിയ സ്ഥിതിക്ക് കൂടുതൽ സഹകരണം ആവശ്യമാണ്.
PS: എൻ്റെ പേര് ഷിജു (Shiju) അലക്സ് എന്നാണ്.