1877 – ദെവിമാഹാത്മ്യം

ആമുഖം

മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ദെവിമാഹാത്മ്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 46-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പൊതുസഞ്ചയ രേഖയുടെ ശീർഷകം: ദെവിമാഹാത്മ്യം
  • പതിപ്പ്: രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 87
  • പ്രസിദ്ധീകരണ വർഷം:1877
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1877 - ദെവിമാഹാത്മ്യം
1877 – ദെവിമാഹാത്മ്യം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മേൽനോട്ടത്തിൽ ഇറങ്ങിയ വില്വം‌പുരാണം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ നമുക്ക് ഇതിനകം കിട്ടിയതാണ്. വില്വം‌പുരാണം 1864ൽ ഇറങ്ങിയ കൃതിയാണ്.

വില്വം‌പുരാണം എന്ന പുസ്തകത്തിന്റെ മെറ്റാഡാറ്റയുമായി ഈ പുസ്തകത്തിലെ മെറ്റാ ഡാറ്റ താരതമ്യം ചെയ്യുംപ്പോൾ ഞാൻ കണ്ട ഒരു പ്രത്യേകത അച്ഛനാരാ മോനാരാ എന്ന് സംശയമായി പോകുന്ന സ്ഥിതി ആയി എന്നതാണ്. വില്വം‌പുരാണത്തിൽ  ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാർ അവർകളുടെ മകൻ അരുണാചല മുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിന്റെ ഉടമസ്ഥൻ ആവുമ്പോൾ, ഈ കൃതിയിൽ അത്   ചതുരം‌കപട്ടണം അരുണാചല മുതലിയാരുടെ മകൻ കാളഹസ്തിയപ്പ മുതലിയാർ ആകുന്നു. ഇത്തരത്തിൽ ഒരു ആശയക്കുഴപ്പം എങ്ങനെ ഉളവായി എന്ന് അറിയില്ല.

വില്വം‌പുരാണത്തെപറ്റിയുള്ള പോസ്റ്റിൽ സൂചിപ്പിച്ചിരുന്ന പോലെ കാളഹസ്തിയപ്പ മുതലിയാർക്ക് മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. ശ്രദ്ധേയമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിലൂടെയായിരുന്നു.

കാളഹസ്തിയപ്പ മുതലിയാരുടെ അച്ചടി പരിശ്രമങ്ങളെ പറ്റിയും അദ്ദേഹത്തിനു മലയാള പുസ്തക പ്രസാധകചരിത്രത്തിൽ ഉള്ള പ്രാധാന്യത്തെ പറ്റിയും പി.കെ. രാജശേഖരൻ തന്റെ ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആ ലേഖനം ഇവിടെ കാണാം

കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നുള്ള പല പുസ്തകങ്ങളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിൽ രണ്ടെണ്ണം നമുക്ക് ഇപ്പ്പോൾ കിട്ടി. ബാക്കിയുള്ളത് പിറകേ വരുന്നു.

സി.എം.എസ്, ബാസൽ മിഷൻ എനീ പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വില്വം‌പുരാണവുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിയുടെ കാര്യത്തിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്.

 

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments