1843 – കേരളോല്പത്തിയുടെ ആദ്യത്തെ അച്ചടി പതിപ്പ്

ആമുഖം

കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള സംഭവങ്ങൾ ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള പുസ്തകം ആണ്  കേരളോല്പത്തി.

ഈ പോസ്റ്റിൽ കേരളോല്പത്തിയുടെ രണ്ട് പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകൾ പങ്കു വെക്കുന്നു. 1843ൽ ഇറങ്ങിയ ഒന്നാം പതിപ്പും  1874ൽ ഇറങ്ങിയ മൂന്നാം പതിപ്പും. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 104-മത്തെ സ്കാനാണ് ഈ പുസ്തകങ്ങൾ. ഇനിയും ധാരാളം രേഖകൾ റിലീസിനായി നിരനിരയായി നിൽക്കുന്നു. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ മലയാളത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ധാരാളം പൊതുസഞ്ചയരെഖകളുടെ സ്കാനുകൾ നിങ്ങൾക്ക് കാണാം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: കെരളൊല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 60
  • പ്രസിദ്ധീകരണ വർഷം:1843
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം (ലിത്തോഗ്രഫി)
1843 - കേരളോല്പത്തി
1843 – കേരളോല്പത്തി

മൂന്നാം പതിപ്പ്

  • പേര്: കേരളോല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 120
  • പ്രസിദ്ധീകരണ വർഷം:1874
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1874_കേരളോല്പത്തി
1874_കേരളോല്പത്തി

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഹെർമ്മൻ ഗുണ്ടർട്ട്  വിവിധ പാഠഭേദങ്ങൾ നോക്കി 1843ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ്  ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതോടെ ആണ് ഇത് സവിശേഷ ശ്രദ്ധ നേടീയത്. അതു വരെ മിഷനറിമാർ (സി.എം.എസ്/ബാസൽ മിഷൻ) പുറത്തിറക്കിയിരുന്ന  ക്രൈസ്തവമത പുസ്തകങ്ങൾ മാത്രം കണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് ഇത്തരം ഒരു പൊതുരചന അച്ചടി പുസ്തകമായി വന്നത് പുസ്തകത്തിന്റെയും ഗുണ്ടർട്ടിന്റെയും പ്രശസ്തി വളരെയധികം വർദ്ധിപ്പിച്ചു.

മംഗലാപുരത്തുള്ള ബാസൽ മിഷന്റെ ലിത്തോഗ്രഫി പ്രസ്സിൽ ആണ് ആദ്യത്തെ പതിപ്പ് അച്ചടിച്ചിരിക്കുന്നത്. (തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ് ഇക്കാലത്ത് സ്ഥാപിതമായിട്ടില്ല) പിന്നീടുള്ള രണ്ട് പതിപ്പുകൾ ബാസൽ മിഷന്റെ തന്നെ ലെറ്റർ പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്. (1865ൽ ആണ് ബാസൽ മിഷൻ മംഗലാപുരത്ത് ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നത് )

ഒന്നാം പതിപ്പിന്നു പ്രത്യേക കവർ പേജ് ഒന്നും ഇല്ല. ഏറ്റവും അവസാനത്തെ പെജിലാണ് പ്രസ്സിന്റെ വിവരങ്ങൾ പോലും കൊടുത്തിരിക്കുന്നത്. മാത്രമല്ല ഒന്നാം പതിപ്പിലെ ഉള്ളടക്കം വളരെ തിക്കി കൂട്ടിയാണ് വെച്ചിരിക്കുന്നത്. പേജിന്റെ വലിപ്പവും കൂടുതൽ ആണ്.

ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും എത്തുമ്പോൾ മലയാളലിപിക്ക് സംഭവിച്ച ത്വരിതഗതിയിലുള്ള പരിണാമം ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പേരു തന്നെ കെരളൊല്പത്തിയിൽ  നിന്ന് കേരളോല്പത്തിയായി. അതിനു പുറമേ ചന്ദ്രക്കലയുടെ ഉപയോഗം (1843ൽ അങ്ങനെ ഒരു സംഗതിയെ ഇല്ല) വാക്കുകൾക്ക് ഇടയിലെ സ്പെസ് പങ്ചെഷൻ ചിഹ്നങ്ങൾ ഇതൊക്കെ  കാണാം.

മറ്റൊന്നു എടുത്ത് പറയേണ്ടത് എല്ലാ പതിപ്പിലും പാഠഭേദങ്ങൾ വെറും ബ്രാക്കറ്റ്, സ്ക്വയർ ബ്രാക്കറ്റ് ഇതൊക്കെ വെച്ച് എടുത്ത് കാണിച്ചിട്ടൂണ്ട് എന്നതാണ്.

ഇതിൽ കൂടുതൽ ഈ പൊതുസഞ്ചയ രേഖകൾ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവെഷകരും മറ്റും ചെയ്യുമല്ലോ.

കേരളോല്പത്തിയെ പറ്റിയുള്ള പൊതുവായ വിവരങ്ങൾക്ക് ഈ വിക്കിപീഡിയ ലേഖനം കാണുക.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. (ഒരു ലോ റെസലൂഷൻ പതിപ്പ് കൂടെ ലഭ്യമാക്കാമോ എന്ന് അഭ്യർത്ഥിച്ചിട്ടൂണ്ട്.‌)   അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ്:

രണ്ടാം പതിപ്പ്:

1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

മൂന്നാം പതിപ്പ്:

 

Comments

comments