ആമുഖം
ബാസൽ മിഷൻ തങ്ങളുടെ സഭകളിലെ ഉപയോഗത്തിനായും, ക്രൈസ്തവരുടെ ഭവനങ്ങളിലെ ഉപയോഗത്തിന്നായും പ്രസിദ്ധീകരിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 189-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്രിസ്തീയ ഗീതങ്ങൾ
- പ്രസാധകർ: ബാസൽ മിഷൻ
- പ്രസിദ്ധീകരണ വർഷം:1854
- താളുകളുടെ എണ്ണം: ഏകദേശം 325
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
പേരു സൂചിപ്പിക്കുന്ന പോലെ ഇത് മലയാള ക്രൈസ്തവഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.
ഇതിനു മുൻപ് ബാസൽ മിഷന്റെ പ്രസിദ്ധീകരിച്ച മലയാള ക്രൈസ്തഗീതങ്ങൾ അടങ്ങിയ 3 പുസ്തകങ്ങൾ നമുക്കു ലഭിച്ചതാണ്. താഴെ പറയുന്നവ ആണവ:
- 1898ൽ ഇറങ്ങിയ ക്രിസ്തീയ കീർത്തനങ്ങൾ
- 1861ൽ ഇറങ്ങിയ ക്രിസ്തീയ കീർത്തനങ്ങൾ
- 1850ൽ ഇറങ്ങിയ ക്രിസ്തീയ കീർത്തനങ്ങൾ
മലയാള ക്രൈസ്തഗീതങ്ങൾക്ക് പുറമേ ഈ പുസ്തകത്തിന്റെ അവസാനം ചില പ്രമുഖ ഗീതങ്ങളുടെ മ്യൂസിക്ക് നൊട്ടേഷൻ കൊടുത്തിരിക്കുന്നതും കാണാം. Siffernotskrift എന്ന പ്രത്യേക മ്യൂസിക് നൊട്ടെഷൻ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. Siffernotskrift നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയ ലേഖനം കാണുക. ഇക്കാലത്ത് മലയാളികൾ ഈ മ്യൂസിക്ക് നൊട്ടെഷൻ ഉപയോഗിക്കാത്തതിനാൽ ഇത് അറിയുന്ന മലയാളികൾ കുറവാണ്. എന്തായാലും പാട്ടുകളുടെ ഈണം ഡോക്കുമെന്റ് ചെയ്യാൻ മലയാളത്തിൽ ഉപയോഗിച്ച ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 325ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 475 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (475 MB)
You must be logged in to post a comment.