1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ തന്നെ സവിശേഷസ്ഥാനമാണ് 1851ൽ പ്രസിദ്ധീകരിച്ച മലയാള ഭാഷാവ്യാകരണത്തിന്റെ ലിത്തോഗ്രഫി പതിപ്പിന്നു ഉള്ളത്. ഇതാണ് മലയാളഭാഷാവ്യാകരണത്തിന്റെ ഒന്നാം പതിപ്പ്.  പ്രസ്തുത പതിപ്പിന്റെ ഡിജിറ്റൽ സ്കാനും ഒപ്പം ആ പതിപ്പിന്റെ തന്നെ അപൂർണ്ണമായ ഒരു പ്രതിയിൽ ഗുണ്ടർട്ട് കുറിപ്പുകൾ രേഖപ്പെടുത്തിയതും അടക്കം രണ്ട് പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 195-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പ്രതി

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 188
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

രണ്ടാം പ്രതി (അപൂർണ്ണം)

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1851
  • താളുകളുടെ എണ്ണം:  ഏകദേശം 207
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്
1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ട് വ്യാകരണത്തിന്റെ വിവിധ പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. താഴെ പറയുന്നവ ആണത്:

  • 1839 – ഇംഗ്ലീഷിലുള്ള കൈയെഴുത്തു പ്രതി. ഇവിടെ കാണാം.
  • 1868 – മലയാളഭാഷാവ്യാകരണം – രണ്ടാം പതിപ്പ് – ഇവിടെ കാണാം.
  • 1867, 1870 –  ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് പ്രസിദ്ധീകരിച്ച മലയാള വ്യാകരണ ചോദ്യോത്തരം – ഇവിടെ കാണാം.

1851ലെ മലയാളവ്യാകരണത്തിന്റെ ഒന്നാം പതിപ്പിന്റെ പ്രത്യേകത പലതാണ്. അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗുണ്ടർട്ട് വ്യാകരണം ഇതാണ്. മാത്രമല്ല പുർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച അച്ചടിച്ച ആദ്യത്തെ വ്യാകരണവും ഇതാണ്. (ഇതിനു മുൻപുള്ളതൊക്കെ ലത്തീനിലോ ഇംഗ്ലീഷിലോ പോർത്തുഗീസിലോ ഒക്കെ പ്രസിദ്ധീകരിച്ച മലയാളവ്യകാരണങ്ങൾ ആയിരുന്നു.)

1868ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ലിപി തലത്തിലുള്ള താഴെ പറയുന്നചില പ്രത്യേകതകൾ കാണുന്നു.

  • ഒന്നാം പതിപ്പിൽ സമൃദ്ധമായി വട്ടെഴുത്ത് ചിഹ്നങ്ങൾ കാണുന്നു. ഈ ചിഹ്നങ്ങൾ ഒക്കെ 1868ലെ രണ്ടാം പതിപ്പിൽ അപ്രത്യക്ഷമായി.
  • പഴയ മലയാളത്തിൽ ഉപയോഗിച്ചിരുന്ന കൂടുതൽ ചില്ലുകൾ ഈ കല്ലച്ചടി പതിപ്പിൽ കാണാം. ഉദാ: ൔ, ൕ, ൖ. അതിനു പുറമേ പ഻, ട഻ എന്നിങ്ങനെ വടിവിരാമം ഉപയോഗിക്കുന്നതും കാണാം. ഇതൊക്കെ മിക്കവാറും പിന്നീടുള്ള പതിപ്പുകളിൽ അപ്രത്യക്ഷമായി
  • ചില്ലു കൂട്ടക്ഷരങ്ങൾ സമൃദ്ധം.

1851ലെ പതിപ്പ് അപൂർണ്ണമായിരുന്നു. 545ാം വിഭാഗം വരെയാണ് ഇതിൽ ഉള്ളത്. രണ്ടാം പതിപ്പിലാണ് അദ്ദേഹം വ്യാകരണം പൂർത്തിയാക്കുന്നത്. ഒന്നാം പതിപ്പിന്റെ അപൂർണ്ണമായ രണ്ടാം പ്രതിയിൽ ഗുണ്ടർട്ടിന്റെ കുറിപ്പുകൾ കാണുന്നു. അതിൽ വട്ടെഴുത്തിലുള്ള കുറിപ്പുകളും അടങ്ങിയിരിക്കുന്നു. ഇതിൽ 340-ാം വിഭാഗം വരെയാണ് ഉള്ളത്.

ഒന്നാം പതിപ്പും രണ്ടാം പതിപ്പും താരതമ്യം ചെയ്യുന്നത് തന്നെ വലിയ പഠനത്തിനു സ്കോപ്പുള്ള സംഗതിയാണ്. 1851ലെ വ്യാകരണത്തിന്റെ പ്രത്യേകതയും മറ്റും ഡോ: സ്കറിയ സ്ക്കറിയയെ പോലുള്ള പണ്ഡിതരും മറ്റുള്ളവരും വിശദമായി ഉപന്യസിച്ചിട്ടുള്ളതാണ്. അതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ കാണുക.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിന്റെ രണ്ടാം പതിപ്പ് അദ്ദേഹത്തിന്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിന്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പ്രതി

രണ്ടാം പ്രതി (അപൂർണ്ണം)

Comments

comments