ആമുഖം
ഈ പോസ്റ്റിൽ പഴയ ഒരു മലയാളക്രൈസ്തവ പാട്ടു പുസ്തകം ആണ് പരിചയപ്പെടുത്തുന്നത്.
പുസ്തകത്തിന്റെ വിവരം
- പേര്: വിശുദ്ധഗീതങ്ങൾ
- പതിപ്പ്: പരിഷ്കരിച്ച രണ്ടാം പതിപ്പ് (മുഖവുരയിൽ നിന്ന് ലഭിച്ച വിവരം)
- താളുകൾ: 313
- സമാഹരിച്ചത്: ടി.പി. വറുഗീസ്
- പ്രസാധകൻ: ടി.പി. വറുഗീസ്
- പ്രസിദ്ധീകരണ വർഷം: 1938
- പ്രസ്സ്: എ ആർ പി പ്രസ്സ്, കുന്നംകുളം
ഉള്ളടക്കം
ആമുഖത്തിൽ സൂചിപ്പിച്ച പോലെ ഇത് മലയാളക്രൈസ്തവഗാനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ്. ടി.പി. വറുഗീസ് എന്ന ഒരാളാണ് ഇത് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാട്ടുകൾ സമാഹരിച്ച് ഇങ്ങനെ ഒരു പുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ച ടി.പി. വറുഗീസിനെ പറ്റി കൂടുതൽ വിവരം ഒന്നും എവിടെയും കണ്ടില്ല. അദ്ദേഹത്തിന്റെ ബിരുദം കാനഡയിലെ ടൊറൊന്റോവിൽ നിന്നാണ് എന്ന് പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്ന് മനസ്സിലാക്കാം.
മുഖവുരയിൽ നിന്ന് ഇത് മാർത്തോമ്മാ സഭയിലെ അംഗങ്ങളെ ഉദ്ദേശിച്ച് ക്രോഡീകരിച്ച് അച്ചടിപ്പിച്ചത് ആണെന്ന് കാണാം. അതിന് പ്രോത്സാഹനം നൽകിയ അക്കാലത്തെ (1938) മാർത്തോമ്മാ മെത്രാപോലിത്ത തീത്തൂസ് ദ്വിതീയനോടുള്ള നന്ദി മുഖവുരയിൽ പ്രകാശിപ്പിച്ചിട്ടുള്ളതായി കാണുന്നു. അവതാരിക എഴുതിയിരിക്കുന്നത് അക്കാലത്ത് മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പോലിത്ത ആയിരുന്ന ഏബ്രഹാം മാർത്തോമ്മാ ആണ്.
ഇന്ന് മാർത്തോമ്മാ സഭയിൽ ഉപയോഗത്തിലിരിക്കുന്ന സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ക്രിസ്തീയ കീർത്തനങ്ങളുടെ മുൻഗാമി ആണ് ഈ പുസ്തകം എന്ന് ഇതിന്റെ ഉള്ളടക്കം, വിന്യാസം മുതലാവയിൽ നിന്ന് ഏകദേശം ഉറപ്പിക്കാം.
അക്കാലത്ത് മലയാള ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള പാട്ടുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ച് സൂക്ഷ്മമായി വർഗ്ഗീകരിച്ച ഏതാണ്ട് 500 ഓളം മലയാളക്രിസ്തീയ ഗാനങ്ങൾ ആണ് ഇതിലുള്ളത്. ഇതിലെ മിക്ക പാട്ടുകളും ഇപ്പോഴും പ്രചാരത്തിലുണ്ട് എന്നതിനാൽ ഈ പാട്ടുകൾ മിക്കതും കാലത്തെ അതിജീവിച്ചവ ആണെന്ന് മനസ്സിലാക്കാം.
വ്യത്യസ്തമായ ഒരു കാര്യമായി തോന്നിയത് “സമയമാം രഥത്തിൽ ഞാൻ…” എന്ന പാട്ട്, സാമാന്യഗീതങ്ങൾ എന്ന വിഭാഗത്തിലാണ് ചേർത്തിരിക്കുന്നത് എന്നതാണ്. അരനാഴിക നേരം സിനിമയ്ക്കു ശേഷമായിരിക്കണം അത് പൂർണ്ണമായി ഒരു മരണപ്പാട്ടായി പോയത്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് പ്രൊഫസർ സൈമൺ സഖറിയ ആണ്. അതിനായി പുസ്തകം അയച്ചു തന്ന അദ്ദേഹത്തിനു പ്രത്യേക നന്ദി.
ഡിജിറ്റൈസേഷനായി കോപ്പി സ്റ്റാന്റ് എന്ന വിശേഷ സാമഗ്രി ബെഞ്ചമിൻ വർഗ്ഗീസിന്റെ പ്രയത്നത്താൻ ലഭ്യമായി. (അതിനെ പറ്റി വേറൊരു പൊസ്റ്റ് പീന്നീട് ഇടാം). അദ്ദേഹത്തിനു പ്രത്യേക നന്ദി.
ഈ പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുക്കാനായുള്ള ഡിജിറ്റൽ ക്യാമറ ലഭ്യമാക്കിയത് അനൂപ് നാരായണൻ ആണ്. ഈ വിധത്തിൽ പലതരത്തിൽ പിന്തുണ നൽകുന്ന പ്രിയ സുഹൃത്തുക്കൾക്ക് നന്ദി.
ഡൗൺലോഡ് വിവരം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി