ആമുഖം
ചർച്ച മിഷനറി സൊസൈറ്റി (സി.എം.എസ്) പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ക്രൈസ്തവഗാനങ്ങൾ അടങ്ങുന്ന ജ്ഞാനകീർത്തനങ്ങൾ എന്ന ചെറിയ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ജ്ഞാനകീർത്തനങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1846
- താളുകളുടെ എണ്ണം: 33
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ജ്ഞാനകീർത്തനങ്ങൾ ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.) പ്രസിദ്ധീകരിച്ച മലയാളം പാട്ടുകളുടെ ശെഖരമാണ്.
പുസ്തകം പ്രസിദ്ധീകരിച്ച കാലഘട്ടം മലയാളക്രൈസ്തവ ഗാനങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. നമ്മൾ പഴയ മലയാളം ക്രൈസ്തവ പാട്ടെഴുത്തുകാർ ആയി ഇന്ന് കരുതുന്ന യുസ്തൂസ് യോസഫ്, നാഗൽ സായിപ്പ്, മൊശവത്സലം, കൊച്ചു കുഞ്ഞുപദേശി തുടങ്ങിയ പ്രമുഖർ ഒക്കെ ജനിക്കുന്നതിനോ അല്ലെങ്കിൽ പാട്ടെഴുത്ത് തുടങ്ങുന്നതിനോ മുൻപൊ ഒക്കെ ഉള്ള കാലഘട്ടം ആണിത്. അതിനാൽ തന്നെ ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്കപാട്ടുകളും സി.എം.എസ്. മിഷനറിമാർ ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് ആവനാണ് സാദ്ധ്യത. തനതായ ചില പാട്ടുകൾ ഉണ്ടാവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.
ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല. പിൽക്കാലത്ത് ഇതിലും മെച്ചപ്പെട്ട പാട്ടുകൾ വന്നപ്പോൾ ഈ ഗാനങ്ങൾ വിസ്മൃതിയിലായി പോയതാവണം.
ഇതിനു മുൻപ് ജ്ഞാനകീർത്തനങ്ങളുടെ 2 പതിപ്പുകൾ നമുക്ക് കിട്ടിയതാണ്. 1854ൽ ഇറങ്ങിയ പതിപ്പും 1879ൽ ഇറങ്ങിയ പതിപ്പും.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.
ഗുണനിലവാര പ്രശ്നങ്ങൾ ഉള്ളതിനാൽ ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പ് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: ബ്രാക്ക് ആന്റ് വൈറ്റ് സ്കാൻ ( < 1 MB )
You must be logged in to post a comment.