ഒരു കാലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം (കേരളത്തിൽ അച്ചടിച്ചത്) എന്ന് കരുതപ്പെട്ടിരുന്ന 1829ൽ പ്രസിദ്ധീകരിച്ച പുസ്തകമടക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) പരിഭാഷയുടെ വിവിധ പതിപ്പുകൾ ആണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.
ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷകളുടെ ഏറ്റവും പഴയ പതിപ്പുകളുടെ സ്കാനുകൾ രണ്ടെണ്ണം ഇതിനകം നമുക്ക് കിട്ടുകയും അത് പരിചയപ്പെടുത്തുകയും ചെയ്തിരുന്നല്ലോ. ഇതിനകം കിട്ടിയ മലയാളം ബൈബിൾ സ്കാനുകൾ താഴെ പറയുന്നവ ആണ്
- 1834 – പുതിയ നിയമം – (നാലു സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം) – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ https://shijualex.in/bailey_bible_new_testament_second_edition_1834/
- 1839 – സങ്കീർത്തനങ്ങളുടെ പുസ്തകം – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ – https://shijualex.in/book_of_psalms-1839/
ഇപ്പോൾ ഇതാ ബെയിലിയുടെ കാർമ്മികത്തിൽ പരിഭാഷപ്പെടുത്തിയ മലയാളം ബൈബിൾ പുതിയ നിയമം മുഴുവനുമായി നമുക്ക് കിട്ടിയിരിക്കുന്നു. അതും മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇറങ്ങിയ പതിപ്പുകൾ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈ മൂന്നു പതിപ്പിനേയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
വളരെയധികം വേറെ പുസ്തകങ്ങൾ പരിചയപ്പെടുത്തേണ്ടതു കൊണ്ടും ഈ വിഷയത്തിലുള്ള അറിവ് പരിമിതമായതിനാലും വെറും ഉപരിപ്ലവമായതും എന്റെ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെട്ടതും ആയ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഞാൻ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്നുള്ളൂ. ബാക്കി ഈ പുസ്തകങ്ങളെ ഗഹനമായി വിശകലനം ചെയ്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വിഷയത്തിൽ താല്പര്യമുള്ള വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാതിരുന്ന മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ സ്കാനുകൾ നിങ്ങൾക്ക് ലഭ്യമാക്കുക എന്ന അടിസ്ഥാനകർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് എന്റെ ഉദ്ദേശം. അതിനപ്പുറത്ത് ഈ സൗകര്യത്തെ ഉപയോഗപ്പെടുത്തേണ്ടത് ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയത്തിൽ താല്പര്യമുള്ള നിങ്ങളൊരുത്തരുമാണ്.
ഇനി എനിക്ക് ലഭിച്ച സ്കാനുകളെ പരിചയപ്പെടാം.
പുസ്തകം ഒന്ന് – 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)
1824-ലാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ആയ (എന്ന് ഇന്ന് കരുതപ്പെടുന്ന) ചെറു പൈതങ്ങൾ വരുന്നത്. അതിനു ശേഷം 1829-ൽ ആണ് ബൈബിൾ പുതിയ നിയമം വരുന്നത്.
ജോർജ്ജ് ഇരുമ്പയം ചെറുപൈതങ്ങൾ എന്ന ഒരു പുസ്തകം ഉണ്ട് എന്ന് ഉപന്യസിക്കുന്നത് വരേയും 1829-ൽ അച്ചടിച്ച ബൈബിൾ പുതിയ നിയമത്തെയാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകമായി കണക്കായിരുന്നത്
എന്ന് കെ.എം. ഗോവി 1988ൽ എഴുതിയ ആദിമുദ്രണത്തിൽ നിരീക്ഷിക്കുന്നു. ജോൺ ഇരുമ്പയത്തിന്റെ ലേഖനം വരുന്നത് 1986ൽ ആണ്. ചുരുക്കത്തിൽ 1986 വരെ കേരളത്തിൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം എന്ന് കരുതിയ ഗ്രന്ഥം ആണ് നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാൻ.
ഈ പുസ്തകത്തിന്റെ സ്കാനിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ:
- 650 ൽ പരം താളുകൾ
- മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു) വരെ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്.
- പൂർണ്ണവിരാമത്തിനു * ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു.
- ഏ, ഓ കാരങ്ങൾ ഇല്ല
- ഈ യുടെ എന്ന രൂപം
- മലയാള അക്കങ്ങളുടെ ഉപയോഗം
- ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു
- മീത്തൽ ഇല്ല
- മലയാളം പൂജ്യം. മലയാളം പൂജ്യം ബെയിലിയുടെ സംഭാവന ആയിരുന്നോ?
- ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിന്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം.
- സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആണ് എന്ന നിലയാണ് ഇതിലെ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം കാണിക്കുന്നത്
പുസ്തകം രണ്ട് – 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)
ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ
- 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തത്തിന്റെ ലെഔട്ട് മാറിയിട്ടുണ്ട്. ഒറ്റക്കോളത്തിൽ നിന്ന് ഇരട്ടക്കോളമായി. അതിനാലായിരിക്കും താളുകളുടെ എണ്ണം 580 ഓളമായി കുറഞ്ഞിരിക്കുന്നു.
- പൂർണ്ണവിരാമത്തിനായി * നു പകരം . തന്നെ വന്നു.
- ഏ,ഓ കാരങ്ങൾ ഈ പതിപ്പിലും ഇല്ല
- ഈ യുടെ എന്ന രൂപം തന്നെ ഉപയോഗിച്ചിരിക്കുന്നു
- ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു.
ഈ പതിപ്പിന്റെ സ്കാൻ വളരെ മോശമാണ്. എങ്കിലും ഈ വിധത്തിൽ എങ്കിലും സ്കാൻ ചെയത് തരാൻ സന്മനസ്സ് കാണിച്ച വിദേശ സർവ്വകലാശാലകളോട് നന്ദി. സ്കാൻ മോശമായതിനാൽ ഈ പുസ്തകം പൂർണ്ണമായി ഡൗൺലോഡ് ചെയ്താൽ മാത്രമേ ഇത് കാണാൻ കഴിയൂ. ഈ പതിപ്പിന്റെ മെച്ചപ്പെട്ട സ്കാൻ കിട്ടുകയാണെങ്കിൽ ഈ അപ്‌ലോഡ് പുതുക്കേണ്ടതുണ്ട്. സ്കാൻ മോശമയതിനാൽ ഈ പതിപ്പിന്റെ പിഡിഎഫ് നിർമ്മാണം അല്പം വെല്ലുവിളിയായിരുന്നു. സ്കാൻ ചെയ്ത ചിത്രങ്ങൾ സൈറ്റിൽ നിന്ന് എടുക്കാൻ സഹായിച്ച വൈശാഖ് കല്ലൂരിനോടും പിഡിഎഫ് നിർമ്മിക്കുവാൻ സഹായിച്ച വിശ്വപ്രഭയോടും പ്രത്യേക കടപ്പാട് രേഖപ്പെടുത്തുന്നു
പുസ്തകം മൂന്ന് – 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)
ഈ പതിപ്പ് പുറത്തിറങ്ങുന്നതിനു 5 വർഷം മുൻപേ 1871-ൽ ബെഞ്ചമിൻ ബെയിലി മരിച്ചു എന്നോർക്കുക. മലയാളം അച്ചടിയുടെ ഗുരുവിനു ഇത്തരുണത്തിൽ പ്രണാമം അർപ്പിക്കട്ടെ.
- ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ താളിലും ഒത്തു വാക്യങ്ങൾ കൂടെ ചേർത്തിരിക്കുന്നു എന്നതാണ്. അതിനാൽ തന്നെ താളുകളുടെ എണ്ണം വർദ്ധിച്ച് 780 ഓളം ആയിരിക്കുന്നു.
- 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക വാക്യങ്ങളും മാറ്റിയെഴുതപ്പെട്ടിരിക്കുന്നു എന്ന് കാണാം.
- മലയാള അക്കങ്ങൾക്ക് പുറമേ പല കാര്യങ്ങൾക്കും (ഉദാ: ഒത്തുവാക്യങ്ങളുടെ ചിഹ്നമായി) ഉള്ളടക്കത്തിനകത്ത് അറബിക്ക് അക്കങ്ങൾ ഉപയൊഗിച്ചിരിക്കുന്നത് കാണാം. എങ്കിലും അദ്ധ്യായങ്ങളും വാക്യങ്ങളും ഒക്കെ മലയാള അക്കങ്ങളിൽ തന്നെയാണ്.
- ഏ, ഓ കാരങ്ങൾ ഈ പതിപ്പിൽ വന്നിരിക്കുന്നു.
- പക്ഷെ ഈ യ്ക്ക് എന്ന രൂപം തന്നെ
- അതേ പോലെ മീത്തൽ ഈ പതിപ്പിലും വന്നിട്ടില്ല. എന്നാൽ 1868 -ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളോല്പത്തിയിൽ മീത്തൽ കാണാം. സി.എം.എസ് പ്രസ്സ് ഇക്കാര്യത്തിൽ അല്പം കടുംപിടുത്തം ആയിരുന്നെന്ന് തോന്നുന്നു.
- ചില പുസ്തകങ്ങളുടെ പേരുകൾ പുതുക്കപ്പെട്ടിരിക്കുന്നു. ഉദാ: അവസാന പുസ്തകത്തിന്റെ പേര് അറിയിപ്പ എന്നതിൽ നിന്ന് വെളിപ്പാട എന്നായി.
വിവിധ പതിപ്പിന്റെ സ്കാനിലേക്കുള്ള കണ്ണികൾ താഴെ
- പുസ്തകം ഒന്ന് – 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം) – https://archive.org/details/1829_Malayalam_NewTestament
- പുസ്തകം രണ്ട് – 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം) – https://archive.org/details/BenjaminBailey1843MalayalamNewTestament_201308
- പുസ്തകം മൂന്ന് – 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം) – https://archive.org/details/1876_Malayalam_New_Testament_Benjamin_Bailey
കുറിപ്പ്: ബൈബിളിന്റെ പരിഭാഷയുടെ കാര്യത്തിൽ അത് ഒരു വ്യക്തിക്കായി തീറെഴുതി കൊടുക്കാറില്ല. അത് നിരന്തരമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കും. ബെയിലി ആണ് ആദ്യത്തെ പരിഭാഷ ചെയ്തത് എങ്കിലും (അതിനും പലരും സഹായിച്ചിട്ടുണ്ട്) പിന്നീട് പലരുടെ സഹകരണത്താൽ ഈ പരിഭാഷ നിരവധി മാറ്റങ്ങൾക്ക് ഇടയായി. എങ്കിലും ബെയിലി തുടങ്ങി വെച്ച മലയാളം പരിഭാഷ ആണ് ഇന്നത്തെ എല്ലാ മലയാളം ബൈബിൾ പരിഭാഷകൾക്കും പ്രചൊദനവും വഴി കാട്ടിയും ആയി മാറിയത്. മലയാള ഗദ്യത്തിനു സ്വന്തമായി ഒരു നിലനിൽപ്പ് ഉണ്ടാക്കി കൊടുക്കുന്നതിൽ ബെയിലിയും അദ്ദേഹത്തിന്റെ ബൈബിൾ പരിഭാഷയും വഹിച്ച പങ്ക് ചെറുതല്ല.
One comment on “പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി”
Comments are closed.