ആമുഖം
മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1848ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 220-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഇതോടു കൂടി ട്യൂബിങ്ങനിൽ നിന്നുള്ള കല്ലച്ചടി പുസ്തകങ്ങളുടെ റിലീസ് അവസാനിച്ചു. 35 കല്ലച്ചടി പുസ്തകങ്ങൾ ആണ് നമുക്ക് ലഭ്യമായത്. കേരളം കടന്നത് കൊണ്ട് മാത്രമാണ് ഈ പുസ്തകങ്ങൾ രക്ഷപ്പെട്ടത്. ഈ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ നമുക്ക് തിരികെ തരുന്ന ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയോടു നമ്മൾ കടപ്പെട്ടിരിക്കുന്നു.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പശ്ചിമൊദയം
- താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിനും (മൊത്തം 101 താളുകൾ)
- പ്രസിദ്ധീകരണ വർഷം:1848
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
സെക്കുലർ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.
1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും 1850ലേയും, 1851ലേയും സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം. 1850ലേത് ഇവിടെ കാണാം, 1851ലേത് ഇവിടെ കാണാം.
1848- വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. പ്രസിദ്ധീകരണത്തിന്റെ തുടർച്ച നഷ്ടപ്പെടുന്നതോടെ 1851 ഓഗസ്റ്റ് മാസത്തിന്നു ശേഷം പശ്ചിമോദയത്തിന്റെ പ്രസിദ്ധീകരണം നിർത്തിയെന്നു തോന്നുന്നു. അതിനു ശേഷമുള്ള ലക്കങ്ങൾ ട്യൂബിങ്ങനിൽ ഇല്ല. കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള തുടർ ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഈ ലേഖനങ്ങളിൽ പലതും പിൽക്കാലത്ത് പുസ്തകങ്ങളായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു. അതൊക്കെ പശ്ചിമൊദയം മാസികയിലൂടെ ആയിരുന്നു ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്.
1847ൽ ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങി 1851 ഓഗസ്റ്റോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വളരെ കുറഞ്ഞ പ്രസിദ്ധീകരണ കാലയളവ് മാത്രം ഉണ്ടായിരുന്ന പ്രസിദ്ധീകരണം ആയിരുന്നു മലയാളത്തിലെ ഈ ആദ്യത്തെ സെക്കുലർ മാസിക. കഷ്ടിച്ച് നാലു വർഷത്തെ പ്രസിദ്ധീകരണത്തോടെ പശ്ചിമൊദയം മലയാള മാസിക പ്രസിദ്ധീകരണ ചരിത്രത്തിൽ ഓർമ്മയായി മാറി.
ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.
ഇതോടു കൂടി ട്യൂബിങ്ങനിൽ നിന്നുള്ള കല്ലച്ചടി പുസ്തകങ്ങളുടെ റിലീസ് അവസാനിച്ചു. 35 കല്ലച്ചടി പുസ്തകങ്ങൾ ആണ് നമുക്ക് ട്യൂബിങ്ങനിൽ നിന്നു ലഭ്യമായത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (175 MB)
You must be logged in to post a comment.