ആമുഖം
കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ഏതെന്ന ചോദ്യത്തിന്നു ഉത്തരം എന്തെന്ന് ഇപ്പോൾ നമുക്കറിയാം. 1824-ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം ആണെന്ന് വിവിധ തെളിവുകൾ കാണിക്കുന്നു. ആ പുസ്തകത്തിന്റെ അത്യാവശ്യം നല്ല ഒരു സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മിഷനറിമാരുമായി ബന്ധമുള്ള വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിൽ ശ്രദ്ധ വെക്കുന്ന ശ്രീ മനോജ് എബനേസർ ഈയടുത്ത് തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ പോയിരുന്നു. ആ സമയത്ത് എന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് കുറച്ചധികം പുസ്തകങ്ങളുടെ താളുകൾ ഫോട്ടോയെടുത്തു എന്നെ ഏല്പിച്ചു. അങ്ങനെ ഏല്പിച്ച ഒരു പുസ്തകം ആണിത്. ബാക്കിയുള്ളത് പിറകേ വരുന്നു.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
- താളുകളുടെ എണ്ണം: ഏകദേശം 200 താളുകൾ.
- പ്രസിദ്ധീകരണ വർഷം: 1824
- പ്രസ്സ്: സി.എം.എസ് പ്രസ്സ്, കോട്ടയം.
- രചയിതാവ്: ബെഞ്ചമിൻ ബെയിലി (ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തത്)
- പ്രത്യേകത: കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം.
പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള വിശദമായ പഠനങ്ങൾക്ക് കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസർ ആയ ഡോ: ബാബു ചെറിയാന്റെ (ഇപ്പോൾ അദ്ദേഹം റിട്ടയർ ആയെന്ന് തോന്നുന്നു) വിവിധ ലേഖനങ്ങൾ കാണുക. ആധുനിക കാലത്ത് ഈ പുസ്തകം ആദ്യമായി ഐഡിന്റിഫൈ ചെയ്യുന്നത് ഡോ: ജോർജ്ജ് ഇരുമ്പയം ആണ്.
ബെഞ്ചമിൻ ബെയിലി ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ പറയുന്ന എട്ടു കഥകളാണ് ഇതിന്റെ ഉള്ളടക്കം:
- എംഗലാന്തിൽ മാർജ്ജരി എന്ന പെരായി നാല വയസ്സചെന്ന ഒരു പെൺ പൈതലിന്റെ കഥാ
- ജ്ഞാനിപൈതലിന്റെ കഥാ
- ആട്ടിൻകുട്ടികളുടെ കഥാ
- വിപദി ധൈർയ്യം ഒരു കഥാ
- ജൊർജ്ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥാ
- എഡ്‌വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമന്റെ ചരിതം
- മനസ്സുറപ്പിന്റെ സംഗതി
- തെയൊഫിലുസിന്റെയും സോപ്യായുടെയും കഥാ.
അക്കാലത്ത് ചന്ദ്രക്കല ഉപയോഗത്തിൽ ഇല്ലാത്തതിനാൽ സംവൃതോകാരം, കേവലവ്യജ്ഞനം ഒക്കെ സന്ദർഭം അനുസരിച്ച് വായിക്കുകയേ വഴിയുള്ളൂ. സംവൃതോകാരം, കേവലവ്യജ്ഞനത്തിനായി ചിഹ്നം ഇല്ലാത്തത് മിഷനറിമാരെ കുഴപ്പിച്ചിരുന്നു. അതു മറികടക്കാൻ അവർ പല കുറുക്കുവഴികൾ ചെയ്യുന്നുണ്ട്. ഇവിടെ തന്നെ വാക്കുകളുടെ അവസാനം ഉള്ള അ കാരം വ്യക്തമായി സൂചിപ്പിക്കാൻ ബെയിലി കഥാ എന്നു തന്നെ എഴുതിയിയിക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും ചില വിദേശപേരുകൾ മലയാളത്തിലാക്കുമ്പോൾ ഉച്ചാരണം വ്യക്തമാക്കാൻ ബെഞ്ചമിൻ ബെയിലി ഈ പുസ്തകത്തിൽ രേഫത്തിന്റെ വര കേവലവ്യഞ്ജന ചിഹ്നമായി ഉപയോഗിക്കുന്നത് കാണുക (ഉദാ: തിയൊഫിലസ഻). ചന്ദ്രക്കല സംബന്ധിച്ച ഇത്തരം സമാനസംഗതികൾ ചർച്ച ചെയ്യുന്ന ഒരു പ്രബന്ധം സിബുവും സുനിലും ഞാനും ചേർന്ന് എഴുതിയത് ഇവിടെ കാണാം https://archive.org/details/chandrakala-origin-and-practice-2014mrj. അതിൽ ഈ പുസ്തകത്തിനെ സംബന്ധിച്ചും ഉള്ള ചില നിരീക്ഷണങ്ങൾ കാണാം.
ഈ പുസ്തകം അച്ചടിക്കാൻ ബെഞ്ചമിൻ ബെയിലി മദ്രാസ് അച്ചുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾക്ക് ഡോ: ബാബു ചെറിയാന്റെ വിവിധ നിരീക്ഷണങ്ങൾ കാണുക.
അക്കത്തിനായി പഴയ മലയാള അക്കരീതിയാണ് ബെഞ്ചമിൻ ബെയിലി ഉപയോഗിക്കുന്നത്. ഈ പുസ്തകത്തിൽ അദ്ദേഹം പ്ലേസ് വാല്യു സിസ്റ്റത്തിലേക്ക് മാറുന്നില്ല. പഴയമലയാള അക്കരീതിയെ പറ്റി കൂടുതൽ അറിയാൻ 2013ൽ എഴുതിയ മലയാള അക്കങ്ങൾ എന്ന ഈ ലേഖനം വായിക്കുക.
ഈ പുസ്തകത്തിന്റെ അത്യാവശ്യം കൊള്ളാവുന്ന സ്കാൻ ഇപ്പോൾ കിട്ടുന്നതിൽ നമ്മൾ മനോജ് എബനേസറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്നു പ്രത്യേക നന്ദി. ഫോട്ടോ എടുക്കുന്ന സ്ഥലത്തെ ലൈറ്റിങ്ങും മറ്റും പടങ്ങളുടെ നിലവാരത്തെ ബാധിച്ചു എങ്കിലും തന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് വളരെ മികച്ച ഫോട്ടോകൾ ആണ് അദ്ദേഹം ലഭ്യമാക്കിയത്. ഇതിനായി എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണ് മനോജ് എബനേസർ ഈ കോപ്പി എടുത്തത്. ഈ പുസ്തകത്തിന്റെ അവശേഷിക്കുന്ന അപൂർവ്വം കോപ്പികൾ സൂക്ഷിക്കുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.
ലൈറ്റിങ്ങും, ക്യാമറയുടെ റെസലൂഷനും ഫോട്ടോയുടെ ഗുണനിലവാരത്തെ ബാധിച്ചു എങ്കിലും പറ്റുന്ന വിധത്തിൽ പോസ്റ്റ് പ്രൊസസിങ്ങിലൂടെ പരമാവധി നല്ല ഒരു ഡിജിറ്റൽ കോപ്പി തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
ഡൗൺലോഡ് വിവരങ്ങൾ
ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: ഗ്രന്ഥപ്പുര കണ്ണി
You must be logged in to post a comment.