പൊതുസഞ്ചയത്തിലുള്ള വളരെ പഴയ മലയാളപുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകണവും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പല വിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യമുള്ള സംഗതിയാണ്. എന്നാൽ ഈ മേഖലയിൽ അധികം പേർ കൈവെച്ച് കാണുന്നില്ല.
എന്നാൽ തിരുവനന്തപുരത്തുള്ള കാർമ്മേൽ ഇന്റർനാഷണൽ പബ്ലിഷിങ്ങ് ഹൗസ് (http://www.carmelpublications.com) ഇങ്ങനെയുള്ള ഒരു പ്രസിദ്ധീകരണസ്ഥാപനം ആണെന്ന് കാണുന്നു. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്ഥാപനം ആയതിനാലും ആദ്യകാലത്തെ പല മലയാളപുസ്തകങ്ങളും കത്തോലിക്ക മിഷണറിമാരാണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും അത്തരം പുസ്തകങ്ങളിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സംക്ഷേപവേദാർത്ഥത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് തേടിപോയപ്പോൾ വളരെ യാദൃശ്ചികമായാണ് അവരുടെ സൈറ്റിൽ എത്തിപ്പെട്ടത്. അവരുടെ കാറ്റലൊഗിൽ എനിക്ക് താല്പര്യമുണ്ടെന്ന് തോന്നിയ വേറെ ചില പുസ്തകങ്ങൾ കൂടെ കണ്ടു. ഓൺലൈൻ വഴി സേവനം ഇല്ലാത്തതിനാൽ വെള്ളെഴുത്തിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്ന് പുസ്തകങ്ങൾ വാങ്ങി. പുസ്തകം കൈയ്യിൽ കിട്ടി അതിന്റെ ഉള്ളടക്കം വായിച്ചപ്പോഴാണ് ഇത് വളരെ പഴയ ചില മലയാള പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം ആണെന്ന് മനസ്സിലായത്. ഞാൻ വാങ്ങിയ പുസ്തകങ്ങളുടെ വിശദാംശങ്ങൾ താഴെ കുറിക്കുന്നു. ഇത്തരം കൃതികളിൽ താല്പര്യമുള്ളവരുടെ അറിവിലെക്കാണ് ഇത് കുറിക്കുന്നത്. കാരണം ഈ കൃതികൾ വേറെ ഒരിടത്തും ഇപ്പോൾ ലഭ്യമല്ല.
സംക്ഷേപവെദാർത്ഥം
ഞാൻ ഈ കൃതി തപ്പിയാണ് അവരുടെ സൈറ്റിൽ എത്തിയത്. പുസ്തകത്തിന്റെ വിവരങ്ങൾ ഒക്കെ അറിയാവുന്നതിനാൽ പ്രത്യേകിച്ച് ഒന്നും നോക്കാതെ അത് തിരഞ്ഞെടുത്തു. പക്ഷെ സംഗതി കൈയ്യിൽ കിട്ടി നോക്കിയപ്പോഴാണ് ചില പ്രത്യെകതകൾ കണ്ടത്.
1980കളിൽ ആണ് സംക്ഷേപവെദാർത്ഥം ഡിസി ബുക്സും കാർമ്മേലും ചേർന്ന് പുനഃപ്രസിദ്ധീകരിക്കുന്നത്. എനിക്ക് കിട്ടിയതും അച്ചടിച്ച അതേ പതിപ്പിന്റെ കോപ്പികൾ തന്നെ. അവർ പഴയ കോപ്പി വിറ്റ് ഒഴിവാക്കിയതണോ എന്തോ, എന്തായാലും അവർ 33 വർഷം പഴക്കമുള്ള 1980ലെ പതിപ്പ് തന്നെ തന്നതിൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു 🙂 (ഇതിന്റെ എത്ര കോപ്പികൾ ബാക്കി ഉണ്ടോ ആവോ?)
പ്രാചീന മലയാളലിപിമാല
പ്രാചീന മലയാളലിപികളെ കുറിച്ചുള്ള ഒരു പുസ്തകം ആയതിനാൽ രസമുള്ള സംഗതികൾ ഉണ്ടെന്ന് കരുതിയാണ് വാങ്ങിയത്.
പക്ഷെ വായിച്ചിതുടങ്ങിയപ്പോഴല്ലെ ഇത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം-ന്റെ മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണെന്ന് മനസ്സിലായത്. പക്ഷെ പുസ്തകത്തിന്റെ കവർ പേജിലും മറ്റും ആൽഫബെത്തും എന്നത് സൂചിപ്പിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു പുസ്തകം മലയാളത്തിൽ തന്നെ ഉള്ളപ്പോഴാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ ഉള്ള ഏ/ഓ യെ കുറിച്ചുള്ള പരാമർശത്തിന്റെ അർത്ഥമറിയാൻ ഞാൻ ലാറ്റിൻ അറിയുന്ന ഒരാളെ തപ്പി പൊയത്!
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പലായ ഫാ: എമ്മാനുവൽ ആട്ടേൽ ആണ് ഇതിന്റെ ഭാഷാന്തരവും പഠനവും നിർവഹിച്ചിരിക്കുന്നത്.
പഴഞ്ചൊൽ മാല
ഇത് പൗളിനോസ് പാതിരിയുടെ “സെന്റം അഡാഗിയ മലബാറിക്ക”യുടെ (മലയാള ലിപിയിൽ 1791-ൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊൽ ശെഖരം) മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണ്.
പ്രാചീനമലയാളലിപിമാല എന്ന ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പോലെ തന്നെ ഈ പുസ്തകത്തിന്റെ കവർ പേജിൽ ഇത് സെന്റം അഡാഗിയ മലബാറിക്കയുടെ മലയാള പതിപ്പ് ആണെന്ന് സൂചനയേ കൊടുത്തിട്ടില്ല. ഫാ: എമ്മാനുവൽ ആട്ടേൽ തന്നെയാണ് ഈ പുസ്തകത്തിനു പിന്നിലും.
വേദതർക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക
ഈ പുസ്തകവും ഫാ: എമ്മാനുവൽ ആട്ടേലിന്റെ വകയാണ്. ഭാഷാശാസ്ത്രം എന്ന തലക്കെട്ട് കണ്ടതു കൊണ്ടാണ് ഞാൻ സംഗതി വാങ്ങിയത്. പക്ഷെ വാങ്ങി താളുകൾ മറിച്ചു നോക്കിയപ്പൊഴല്ലേ ഇത് കരിയാറ്റിൽ ജോസഫ് മല്പാന്റെ വേദതർക്കം എന്ന കൃതിയുടെ പാഠവും പഠനവും ആണെന്ന് പിടികിട്ടിയത്. 1768ൽ ആണ് വേദതർക്കം രചിക്കപ്പെട്ടതെന്ന് കരുതുന്നു. വേദതർക്കത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത അത് കർസോൻ/കർസോനി ലിപിയിൽ (മലയാളം സുറിയാനി ലിപിയിൽ എഴുതുന്ന രീതി) ആണ് ഇത് എഴുതിയിരിക്കുന്നത് എന്നതാണ്.
വേദതർക്കത്തിന്റെ കർസോൻ/കർസോനി ലിപിയിൽ ഉള്ള മൂലവും അതിന്റെ മലയാള ലിപിയിൽ ഉള്ള പാഠവും പിന്നെ എമ്മാനുവൽ ആട്ടേലിന്റെ വക പഠനവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൈയ്യെഴുത്ത് പ്രതിയായി നിലനിന്നിരുന്ന വേദതർക്കത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പ് ആണെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. ഈ പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതിയെന്നും (സംക്ഷെപത്തിനും മുൻപ്) അദ്ദേഹം പറയുന്നുണ്ട്.
ചുരുക്കത്തിൽ മലയാളഭാഷയുടെ ഗദ്യസാഹിത്യവുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള നാല് പുസ്തകങ്ങൾ ആണ് കാർമ്മേലുകാർ അടിച്ചിറക്കുന്നത്. പക്ഷെ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ഉള്ളവരുടേയും പുസ്തകത്തിന്റെ കവർ തയ്യാറാക്കിയവരുടേയും അശ്രദ്ധ മൂലം ഈ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ചുരുങ്ങിയ പക്ഷം മൂന്നു പുസ്തകത്തിലും പുസ്തകത്തിന്റെ കവർ പേജിലെങ്കിലും മൂലകൃതിയുടെ പേര് കൊടുത്തിരുന്നെകിൽ ഫാ: എമ്മാനുവൽ ആട്ടേലിന്റെ പ്രയത്നം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നില്ല. ലാറ്റിനും കുർസോനിയും ഒക്കെ അറിയുന്നതിനാൽ മലയാളവുമായി ബന്ധപ്പെട്ട് അച്ചനു മുൻപോട്ട് ഒത്തിരി പണിയുണ്ടാകുമെന്ന് ഞാൻ പറയും 🙂
ഈ പുസ്തകങ്ങൾ വാങ്ങാൻ ഒന്നുകിൽ മണി ഓർഡർ അല്ലെങ്കിൽ തിരുവനന്തപുരത്തുള്ള ആരെ കൊണ്ടെങ്കിലും വാങ്ങിപ്പിക്കുക എന്നിങ്ങനെ 2 വഴികളേ ഉള്ളൂ. (ഈ പോസ്റ്റ് ഇട്ടതിനു കർമ്മേലുകാർ കമ്മീഷൻ തരുമോ ആവോ :))
Comments are closed.