1941 – ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി

1941-42ൽ തിരുവിതാം‌കൂർ രാജ്യത്ത് ഒന്നാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ച ഒന്നാം പാഠം (ശ്രീ ചിത്തിരിതിരുനാൾ പാഠാവലി) എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ലിപിപരമായും ഭാഷാപരമായും ചില പ്രത്യേകതകൾ ഈ പാഠപുസ്തകത്തിൽ ഉണ്ട്. മലയാള അക്കം ൪ (4), പഴയകാല കൈയെഴുത്തിലും ലിത്തോ അച്ചടിയിലും കണ്ട പോലെ ഉള്ള രൂപത്തിൽ അച്ചുണ്ടാക്കി അച്ചടിച്ചിരിക്കുന്നു എന്നത് കുറച്ച് പ്രാധാന്യമുള്ള സംഗതി ആണ്. ർ എന്ന ചില്ലക്ഷരത്തോടു സാമ്യമുള്ള ഇന്നത്തെ മലയാള അക്കം ൪ ൽ നിന്ന് വ്യത്യസ്തമായ ഈ രൂപം ആദ്യമായാണ് അച്ചടിയിൽ കാണുന്നത്. ഞങ്ങൾക്ക് (സിബു, സുനിൽ, ഷിജു) ഈ രൂപം അച്ചടിയിൽ കണ്ടുകാണാൻ ദീർഘകാലമായി ആഗ്രഹം ഉണ്ടായിരുന്നു.

  • തെക്കൻ കേരളത്തിൽ കൈയെഴുത്തിൽ ഉപയോഗത്തിലുള്ള ച്ച എന്ന കൂട്ടക്ഷരത്തിന്റെ പ്രത്യേക രൂപം ഈ പുസ്തകത്തിൽ കാണാം.
  • സംവൃതോകാരത്തിനായി ഉകാരചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു.
  • യയുടെ ദ്വിതത്തിനു പ്രത്യേക രൂപമാണ് (യ + യയുടെ ചിഹ്നം). ഈ രൂപം പഴയ പല കൈയെഴുത്തുപ്രതികളിലും കണ്ടിട്ടൂണ്ട്.

കൂടുതൽ ചർച്ച അർഹിക്കുന്ന രണ്ട് കൂട്ടക്ഷര നിർമ്മിതിയും ഈ ഒന്നാം ക്ലാസ്സ് പാഠപുസ്തകത്തിൽ കണ്ടു

  • റ് ‌+ റ = റ്റ
  • ന് + റ = ന്റ

ഈ പുസ്തകത്തിന്റെ ടൈപ്പ് സെറ്റിങിലും ഒരു പ്രത്യേക കണ്ടു. വരി മുറിയുമ്പോൾ വാക്കുകൾ മുറിയുന്നിടത്ത് ലാറ്റിൻ രീതിയിൽ ഹൈഫൺ വെച്ച് വാക്ക് കൂട്ടി യോജിപ്പിച്ചിരിക്കുന്നു. ഇത് മലയാളത്തിൽ അങ്ങനെ കണ്ടിട്ടില്ല.

കുമാരനാശാന്റെ ഈ വള്ളിയിൽ നിന്നു ചെമ്മേ പൂക്കൾ… എന്നു തുടങ്ങുന്ന കവിത ഈ 1941 ലെ പാഠപുസ്തകത്തിലും കാണാം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

1941 - ഒന്നാം പാഠം - ശ്രീ ചിത്തിരിതിരുനാൾ പാഠാവലി
1941 – ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി

 

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി
  • പ്രസിദ്ധീകരണ വർഷം: 1941 (മലയാള വർഷം 1116 (൧൧൧൬)
  • താളുകളുടെ എണ്ണം: 110
  • പ്രസാധനം: തിരുവിതാം‌കൂർ വിദ്യാഭ്യാസ വകുപ്പ്
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments