1843 – മലയാളത്തിലുള്ള കാറ്റിസം – ബാസൽ മിഷൻ പ്രസ്സ്

ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം. മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്.

മിക്ക ഇന്ത്യൻ ഭാഷകളിലേയും ആദ്യകാല അച്ചടി കൃതികൾ കാറ്റിസം ആയിരുന്നു. കാരണം പ്രിന്റിങ്ങിനും ലിപി മാനകീകരണത്തിനും ഒക്കെ മുൻകൈ എടുത്തത് മിഷണറിമാർ ആയിരുന്നല്ലോ. ഇതൊക്കെ ചെയ്യുന്നതിലുള്ള അവരുടെ പ്രധാന ലക്ഷ്യം മതപ്രചരണവും ആയിരുന്നല്ലോ. മലയാളത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തം അല്ല. ആദ്യത്തെ സമ്പൂർണ്ണ മലയാള അച്ചടി പുസ്തകം ആയ സംക്ഷേപവേദാർത്ഥം തന്നെയും മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കുന്ന ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ (അതായത് കാറ്റിസം) ആണ്.

കാറ്റിസത്തെ കുറിച്ച് ഇത്രയും ആമുഖമായി പറയാൻ കാരണം മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് 1843-ൽ ഇറങ്ങിയ ഒരു മലയാളം കാറ്റിസം പുസ്തകത്തിന്റെ (ഭാഗികം) സ്കാൻ ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നു. ലിത്തോഗ്രാഫിക് രീതിയിൽ പ്രിന്റ് ചെയ്ത പുസ്തകം ആണിത്. ഇതിനു മുൻപൊരു പോസ്റ്റിൽ ഇതേ പ്രസ്സിൽ നിന്ന് 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയുടെ ലിത്തോഗ്രാഫിക് സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണല്ലോ. അതിനാൽ ലിത്തോഗ്രഫിയെ കുറിച്ചുള്ള കൂടുതൽ പരിചയപ്പെടുത്തലിനു മുതിരുന്നില്ല.

ഇനി ഈ പുസ്തകത്തെകുറിച്ചുള്ള ചില കാര്യങ്ങൾ:

  • ഈ പുസ്തകത്തിന്റെ പൂർണ്ണപേര് എന്താണെന്നോ, ഇത് ആര് എഴുതിയതെന്നോ അറിയില്ല.  ബാസൽ മിഷൻ പ്രസ്സ് ആയതിനാൽ ഗുണ്ടർട്ട് ആണെന്ന് ഊഹിക്കാം എന്ന് മാത്രം.
  • പുസ്തകം മൊത്തമായി ഇല്ല എന്ന് തോന്നുന്നു. രണ്ടാം അദ്ധ്യായം എന്ന് പറഞ്ഞാണ് ആദ്യ താൾ തുടങ്ങുന്നത്. അപ്പോൾ ഒന്നാം അദ്ധ്യായം എവിടെ പോയി? ക്രിസ്തീയവിശ്വാസം എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്. ഈ അദ്ധ്യായം ഒന്നാം ഖണ്ഡം – പിതാവായ ദൈവം, രണ്ടാം ഖണ്ഡം – പുത്രനായ ദൈവം, മൂന്നാം ഖണ്ഡം – പരിശുദ്ധാത്മാവായ ദൈവം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
  • ആദ്യത്തെ ചോദ്യം  ൨൫൯ (258) എന്ന മലയാള അക്കത്തിൽ ആണ് ആരംഭിക്കുന്നത്. അവസാനത്തെ ചൊദ്യം ൩൮൭ (387) എന്ന മലയാള അക്കത്തിലും. ചോദ്യങ്ങൾ 258ൽ തുടങ്ങുന്നതിനാൽ ഇതിനു മുൻപുള്ള 257 ചോദ്യോത്തരങ്ങൾ എവിടെ പോയി? അത് ഒന്നാം അദ്ധ്യായത്തിൽ ആയിരിക്കുമോ? എന്റെ അനുമാനത്തിൽ രണ്ടാം അദ്ധ്യായത്തിന്റെ സ്കാൻ മാത്രമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഒന്നാം അദ്ധ്യയവും രണ്ടാം അദ്ധ്യായത്തിനു ശെഷമുള്ള അദ്ധ്യായങ്ങളുടേയും (എത്ര അദ്ധ്യായങ്ങൾ ആയിരിക്കും മൊത്തത്തിൽ?) സ്കാൻ നമുക്ക് ലഭിക്കേണ്ടതുണ്ട്.
  • ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും കാണുന്നില്ല. ഒരു മാതിരി എല്ലാ പഴയ മലയാളപുസ്തങ്ങളെക്കുറിച്ചും വിവരമുള്ള കെ.എം. ഗോവിയുടെ മലയാളഗ്രന്ഥവിവരത്തിലും ഇങ്ങനെ ഒരു പുസ്തകം 1843-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഇറങ്ങിയതായി പറയുന്നില്ല. എന്നാൽ 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയെ ലിത്തോപതിപ്പിനെ കുറിച്ചുള്ള വിവരം  മലയാളഗ്രന്ഥവിവരത്തിൽ ഉണ്ട് താനും. അപ്പോൾ ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും രേഖപ്പെടുത്തപ്പെട്ടിട്ടില്ലേ?
  • സംവൃതോകാരത്തിനു ചിഹ്നം ഒന്നും ഉപയോഗിച്ചിട്ടില്ല
  • കാരത്തിനു എന്ന രൂപം തന്നെയാണ് ഞാൻ ഓടിച്ചു നോക്കിയ ഇടത്തൊക്കെയും കണ്ടത്. ഇതു വരെ നമുക്ക് കിട്ടിയ സ്കാനുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി എന്ന രൂപം അച്ചടിയിൽ ആദ്യമായി വന്ന പുസ്തകം ഇതാണെന്ന് തോന്നുന്നു.
  • ചുരുക്കത്തിൽ അപൂർണ്ണമായതും, ശീർഷകം എന്താണെന്ന് പോലും അറിയാത്തതും, ആര് എഴുതി എന്ന് അറിയാത്തതും ആയ, 1843-ൽ ബാസൽ മിഷന്റെ ലിത്തോഗ്രഫിക്ക് സംവിധാനം ഉപയോഗിച്ച് ഇറക്കിയ ഒരു കാറ്റിസം പുസ്തകത്തിന്റെ സ്കാൻ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങളും ഇപ്പോൾ കണ്ടുകിട്ടാതിരിക്കുന്ന മറ്റ് അദ്ധ്യായങ്ങളും ഒക്കെ കണ്ടെത്തേണ്ടതുണ്ട്. അതിനു താമസിയാതെ കഴിയും എന്ന് കരുതുന്നു.

ഈ പുസ്തകം നിങ്ങളുമായി പങ്ക് വെക്കുവാൻ എന്നെ സഹായിച്ച രണ്ട് പേരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു.

  • സ്കാൻ ചെയ്ത ചിത്രങ്ങൾ വെബ്ബ് സൈറ്റിൽ നിന്ന് വലിച്ചെടുത്ത് ക്രോഡീകരിക്കാൻ സഹായിച്ച വൈശാഖ് കല്ലൂർ
  • ചിത്രങ്ങൾ സ്കാൻ ടെയിലറിലൂടെ പ്രോസസ് ചെയ്ത് പിഡിഎഫ് നിർമ്മിക്കാൻ സഹായിച്ച സുനിൽ വിഎസ്

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും. https://archive.org/details/1843_Catechism_Malayalam_Basel_Mission

Comments

comments

Comments are closed.