ആമുഖം
ശ്രീമഹാഭാഗവതം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യം ഈ ഗ്രന്ഥത്തെ പറ്റി അല്പം ആമുഖം.
ഒരു ഭാരതീയ പുരാണഗ്രന്ഥമാണ് ശ്രീമഹാഭാഗവതം . പതിനെട്ട് പുരാണങ്ങളിൽ ഒന്നായി മഹാഭാഗവതത്തെ ഗണിച്ചു് പോരുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളുടെ വിശദീകരണമാണ് മഹാഭാഗവതത്തിൽ.
മലയാളഭാഷയിലേക്ക് ഭാഗവതത്തിലെ മിക്കഭാഗങ്ങളും തർജ്ജിമ ചെയ്തത് എഴുത്തച്ഛനാണെന്നാണു വിശ്വസിക്കുന്നത്. എന്നാൽ ദശമസ്കന്ധം മുതലുള്ള അന്തിമഭാഗങ്ങൾ എഴുത്തച്ഛൻ തന്നെയാണോ തർജ്ജിമ ചെയ്തതെന്ന കാര്യത്തിൽ തർക്കമുണ്ട്.
മഹാഭാഗവതത്തിന്റെ മലയാള അച്ചടി ചരിത്രം എനിക്ക് അറിഞ്ഞു കൂടാ. ശ്രീ കാളഹസ്തിയ മുതലിയാര്‍ 1871-ൽ കോഴിക്കോട് വിദ്യാവിലാസം പ്രസ്സില്‍ മഹാഭാഗവതം അച്ചടിച്ചു എന്നു കേരള സാഹിത്യ അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള മഹാഭാഗവതത്തിന്റെ ഈ ഡിജിറ്റൽ പതിപ്പിൽ നിന്നു മനസ്സിലാക്കാം. അതിനു മുൻപുള്ള ചരിത്രം എനിക്കറിയില്ല.
ഈ പതിപ്പ് എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സിൽ 1915ൽ അച്ചടിച്ച 15-ആം പതിപ്പാണ്. ഈ പതിപ്പിന്റെ മുഖവുരയിൽ കൊല്ലവർഷം 1067ൽ (ക്രിസ്തുവർഷം 1892) കൊല്ലം പരവൂർ കേരളഭൂഷണം പ്രസ്സിൽ ശ്രീ മഹാഭാഗവതം 3000 കോപ്പി അച്ചടിച്ചു എന്ന് എസ്.റ്റി. റെഡ്യാർ പറയുന്നുണ്ട്. എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സ് സ്ഥാപിതമാകുന്നത് 1886 ആണെന്ന് കെ.എം. ഗോവി പറയുന്നു. അപ്പോൾ പിന്നെ എന്തിനു പരവൂർ കേരളഭൂഷണം പ്രസ്സിനെ 1892-ൽ എസ്.റ്റി. റെഡ്യാർ ആശ്രയിച്ചു എന്നത് മനസ്സിലായില്ല. എന്തായാലും 1892നു ശേഷം എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സ് മഹാഭാഗവതം അച്ചടിച്ചു തുടങ്ങി എന്നു നമുക്കു കരുതാം. അതിനാലാണല്ലോ 1915 ആയപ്പൊഴേക്കും പതിനഞ്ച് പതിപ്പ് ആയത്. ഈ പതിപ്പിൽ ചില പുതുക്കലുകൾ ഉണ്ടെന്ന് മുഖവരയിൽ നിന്നും, പുസ്തകത്തിന്റെ ടൈറ്റിൽ പേജിൽ നിന്നും മനസ്സിലാക്കാം.
പുസ്തകത്തിന്റെ വിവരം
- പേര്: ശ്രീ മഹാഭാഗവതം
- താളുകൾ: 462
- രചയിതാവ്: തുഞ്ചത്ത് എഴുത്തച്ഛൻ
- പതിപ്പ്: 15
- പ്രസിദ്ധീകരണ വർഷം: 1915
- പ്രസ്സ്:വിദ്യാഭിവർദ്ധിനി പ്രസ്സ്, എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ്
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായ വ്യക്തിയോടുള്ള കടപ്പാട് ആദ്യം രേഖപ്പെടുത്തട്ടെ. ശ്രീ ബിജു കെ.സിയുടെ സ്വകാര്യശേഖരത്തിൽ നിന്നുള്ള
പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് നിങ്ങൾക്ക് ലഭ്യമാകുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യമായ പഴയ പുസ്തകം എന്നെ വിശ്വസിച്ച് ബാംഗ്ലൂരിൽ എത്തിച്ചു തന്നെ ബിജു കെ.സി യോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അദ്ദേഹം ഇത് 2016 സെപ്‌റ്റംബറിൽ എത്തിച്ചു തന്നു എങ്കിലും എന്റെ സ്വകാര്യ തിരക്കുകൾ മൂലം ഇപ്പൊഴാണ് ഇത് ഡിജിറ്റൈസ് ചെയ്യാൻ അവസരം കിട്ടിയത്.
ഡിജിറ്റൈസേഷൻ താമസിക്കാൻ പുസ്തകത്തിന്റെ വലിപ്പവും ഒരു പ്രധാന കാരണമാണ്. ഏതാണ് A4 സൈസ് പേജിന്റെ വലിപ്പമാണ് പുസ്തകത്തിന്റെ താളുകൾക്ക്. താളുകളുടെ എണ്ണം 450ൽ പരം. വളരെ കൂട്ടിചേർത്ത് ബൈൻഡ് ചെയ്തതിനാൽ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. തക്കതായ ഡിജിറ്റൈസേഷൻ സാമഗ്രികൾ കൈയ്യിൽ ഇല്ലാത്തത് ഇത്തരം വ്യത്യസ്തപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പണി ദുഷ്കരമാക്കും. ഈ പോസ്റ്റിൽ പറയുന്ന തരത്തിലുള്ള ചിത്രം രണ്ട്: ഒരു കസ്റ്റം ബുക്ക് സ്കാനർ ആണ് ഇത്തരം അടുപ്പിച്ച് ബൈൻഡ് ചെയ്തിരിക്കുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്യാൻ അഭികാമ്യം.അത് പക്ഷെ നമുക്ക് അപ്രാപ്യമാണല്ലോ. എന്തായാലും ഒരു വിധത്തിൽ സമയമെടുത്ത് താളുകളുടെ ഫോട്ടോ എടുത്തു. ഇതുമായി ബന്ധപ്പെട്ട വിവിധ പണികളിൽ എന്റെ മകൻ സിറിലും, ബൈജു രാമകൃഷ്ണനും സഹായിച്ചു.
ചുരുക്കത്തിൽ പുസ്തകത്തിന്റെ വലിപ്പവും, ബൈണ്ഡിങ് രീതിയും, ഫോട്ടോ എടുക്കാനുള്ള സാമഗ്രികളുടെ കുറവും ഒക്കെ ഡിജിറ്റൈസേഷനെ ബാധിച്ചു. എങ്കിലും ഇപ്പോൾ ഫോട്ടോകൾ എടുത്ത് ഡിജിറ്റൽ പതിപ്പ് പുറത്ത് വിടാൻ അവസരം കിട്ടി. പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ബിജുവിനോടുള്ള പ്രത്യേക നന്ദി ഒരിക്കൽ കൂടി അറിയിക്കട്ടെ.
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
ആമുഖത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കവിശെഷം സൂചിപ്പിച്ചിട്ടൂണ്ടല്ലോ. മുൻപതിപ്പുവരെ ചേർത്തിട്ടില്ലത്ത പ്രഹ്ലാദസ്തുതിയുടെ വ്യാഖ്യാനമടക്കമുള്ള സംഗതികൾ ചേർന്നതാണ് ഈ പതിനഞ്ചാം പതിപ്പ്. പുസ്തകത്തിന്റെ ഇടയ്ക്ക് ചിലയിടങ്ങളിൽ വിവിധ അവതാരങ്ങളുടെ രേഖാചിത്രങ്ങളും കാണാം.
മഹാഭാഗവതം എന്ന മലയാളം വിക്കിപീഡിയ ലേഖനത്തിൽ അല്പം വിവരം ഉണ്ട്. പക്ഷെ അതിലും മഹാഭാഗത്തിന്റെ മലയാളം അച്ചടി ചരിത്രം പറയുന്നില്ല.
ഡിജിറ്റൽ സ്കാനിന്റെ വലിപ്പം വളരെയധികമാണ്. പുസ്തത്തിന്റെ പൗരാണികത അതേ പോലെ നിലനിർത്താൻകളർ സ്കാനും ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ സൈസ് ഏകദേശം 230 MB ആണ്. സൈസ് കുറഞ്ഞ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പും ലഭ്യമാക്കിയിട്ടൂണ്ട്. അത് ഏകദേശം 30 MB യേ വരൂ. പുസ്തകത്തിന്റെ പേജുകളുടെ എണ്ണവും (462), ഓരോ താളിന്റേയും വലിപ്പവും (A4 size), ഹൈ റെസലൂഷനിൽ സ്കാൻ ചെയ്തതും ഒക്കെയാണ് പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പിന്റെ വലിപ്പം ഇത്ര കൂടാൻ കാരണമായത്. ഡൗൺലോഡ് ചെയ്യാതെ വായിക്കാനായി ഓൺലൈൻ വായനയ്ക്കായുള്ള പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/1915_Sree_Mahabhagavatham
- ഓൺലൈനായി വായിക്കാൻ (കളർ സ്കാൻ) : ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (കളർ സ്കാൻ) : ഡൗൺലോഡ് കണ്ണി (228 MB)
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (30 MB)
You must be logged in to post a comment.