2020 – ‘പന നന’ച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ

മാധ്യമം ആഴ്ചപതിപ്പിന്റെ 1184മത്തെ ലക്കത്തിൽ (2020 നവംബർ 9 ലക്കം) ഞങ്ങൾ മൂന്നു പേർ (സിബു സി.ജെ., സുനിൽ വി.എസ്., ഷിജു അലക്സ്) ചേർന്ന് എഴുതിയ “‘പന നന’ച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ” എന്ന തലക്കെട്ടിൽ ഗവേഷണ സ്വഭാവമുള്ള ലേഖനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഗുണ്ടർട്ടിന്റെ പകരക്കാരമായി മലബാർ-കാനറ മേഖലയിലെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്റർ ആയി കേരളത്തിലേക്ക് രംഗപ്രവേശം ചെയ്ത ഗാർത്തുവേറ്റ് സായിപ്പ് എന്ന് പൊതുജനങ്ങളുടെ ഇടയിൽ അറിയപ്പെട്ട ലിസ്റ്റൻ ഗാർത്തുവേറ്റിന്റെ (പൂർണ്ണനാമം: ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്) മലയാള പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിഷയങ്ങൾ ഞങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

1184-ലക്കം കവർ പേജ്
1184-ലക്കം കവർ പേജ്

 

ലേഖനം താഴെ പറയുന്ന 3 വിധത്തിൽ നിങ്ങൾക്ക് വായിക്കാം.

  • ഇന്ന് (2020 നവംബർ 2) ഇറങ്ങിയ മാധ്യമം ആഴ്ചപതിപ്പിൻ്റെ 1184മത്തെ ലക്കത്തിൻ്റെ (2020 നവംബർ 9 ലക്കം) ഹാർഡ് കോപ്പി വാങ്ങുക.
  • magzter ൽ ലഭ്യമായ മാധ്യമം ആഴ്ചപതിപ്പിൻ്റെ 1184മത്തെ ലക്കത്തിൻ്റെ സോഫ്റ്റ് കോപ്പി വാങ്ങുക. അതിലേക്കുള്ള ലിങ്ക് https://www.magzter.com/IN/Madhyamam/Madhyamam-Weekly/News/545803
  • ഞങ്ങളുടെ ലേഖനത്തിൻ്റെ പേജുകൾ മാത്രമായി archive.orgൽ അപ്ലോഡ് ചെയ്തത് ഓൺലൈനായി വായിക്കുക https://archive.org/details/garthwaite-shiju-cibu-sunil2020madhyamam1184
മാധ്യമം കവർ
മാധ്യമം കവർ

ഗാർത്തുവേറ്റിനെ കുറിച്ചുള്ള ഈ ലേഖനം സത്യത്തിൽ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഒരു ബൈ പ്രൊഡക്ടാണ്. 1860കൾക്ക് ശെഷം പുറത്തിറങ്ങിയ പല ബാസൽ മിഷൻ പുസ്തകങ്ങളും (അപൂർവ്വമായി സി.എം.എസ് പുസ്തകങ്ങളും) ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുമ്പോൾ ഗാർത്തുവേറ്റ് എന്ന പേര് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഗാർത്തുവേറ്റ് വ്യാകരണത്തെ പറ്റി മലയാള അക്കാദമിക്ക് സർക്കിളീൽ പലർക്കും ധാരണ ഉണ്ടെന്ന് അക്കാലത്തെ ചർച്ചകളിൽ സൂചന ലഭിച്ചിരുന്നു. 2014ൽ ഞങ്ങൾ ചന്ദ്രക്കലയെ പറ്റി ഗവെഷണസ്വഭാവമുള്ള ലേഖനം എഴുതിയപ്പോൾ തന്നെ ഗാർത്തുവേറ്റിന്റെ മറ്റു സംഭാവനകൾ തെളിഞ്ഞു വരാൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഞങ്ങൾ നടത്തിയ തിരച്ചലിൽ ആണ് The mail എന്ന ഓസ്ട്രേലിയിൻ പത്രത്തിന്റെ ആർക്കൈവിൽ നിന്ന് ഗാർത്തുവേന്റെ ചരമക്കുറിപ്പും ഒപ്പം ഇപ്പോൾ പൊതുവിടത്തിൽ ലഭ്യമായ ഒരേയൊരു ഫോട്ടോയും കണ്ടെടുത്ത്. അക്കാലത്ത് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമക്കി അദ്ദെഹത്തെപറ്റി ഒരു ചെറിയ വൈജ്ഞാനിക ലേഖനം മലയാളം വിക്കിപീഡിയയിൽ രേഖപ്പെടുത്തിയിരുന്നു. (ഈ ലേഖനത്തിൽ ഞങ്ങൾ രേഖപ്പെടുത്തിയ വിവരം പിന്നീട് പലയിടങ്ങളിലും പുനരുപയോഗിച്ചിട്ടുണ്ട്)

ഈയടുത്ത് ഗാർത്തുവേറ്റ് പഠനങ്ങളിലേക്ക്  ശ്രദ്ധതിരിയാനുള്ള കാരണം വേറൊരു പ്രധാന കണ്ടെത്തലാണ്. (അതിനെ പറ്റിയുള്ള വിശദാംശങ്ങൾ ഈ ലേഖനത്തിൽ കാണാം)  എന്നാൽ അതിന്റെ അന്വേഷണത്തിലാണ് പാഠപുസ്തക സംബന്ധിയായി ഗാർത്തുവേറ്റിന്റെ പ്രവർത്തനങ്ങളുടെ കുറച്ചധികം റെഫറൻസുകൾ കിട്ടിയത്. ഗ്രന്ഥപ്പുരയിൽ 2019 ജൂൺ മുതൽ പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന ഉപ പദ്ധതി ഓടുന്നുണ്ട്. പല പാഠപുസ്തകങ്ങളും കിട്ടുമ്പോൾ ഗാർത്തുവേറ്റിന്റെ കരം ഞങ്ങളതിൽ തെളിഞ്ഞു കൊണ്ടു. അതിനു പുറമെ ഈയടുത്ത് ടോണി ആന്റണി മാഷ് മുൻകൈ എടുത്ത്, കുറച്ചു പഴയ പാഠപുസ്തകങ്ങളും, ഗുരുനാഥൻ എന്ന പഴയ മാസികയുടെ ലക്കങ്ങളും, അധ്യാപകമിത്രം എന്ന പുസ്തകസീരീസും ഡിജിറ്റൈസേഷനായി ലഭ്യമാക്കിയിരുന്നു. അതിൽ പണി എടുത്തു കൊണ്ടിരുന്നപ്പോൾ ഗാർത്തുവേറ്റിന്റെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പല വിട്ടു പോയ കണ്ണികളും ഞങ്ങൾക്ക് പൂരിപ്പിക്കാനായി. തറ-പറ രീതിയെന്ന് നമ്മൾ ഇന്നു പറയുന്ന മലയാള അക്ഷരപഠന രീതിയുടെ ഉപജ്ഞാതാവ് ഗാർത്തുവേറ്റ് ആണെന്ന് തെളിവുകൾ വ്യക്തമാക്കി. ഇത്രയൊക്കെ ആയി കഴിഞ്ഞപ്പോൾ ഈ വിഷയമെടുത്ത് പ്രത്യേക ഗവേഷണലേഖനമാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

 

ഒന്നാം പാഠം

ഈ ലേഖനത്തിനു വേണ്ടി ഞങ്ങൾക്ക് 1851ലെ ഗുണ്ടർട്ടിന്റെ പാഠാരംഭം മുതൽ ഇപ്പോൾ (2020ൽ) ചെറിയ ക്ലാസ്സുകളിൽ ഉപയോഗിക്കുന്ന മലയാള പാഠപുസ്തകം വരെ പരിശൊധിക്കേണ്ടി വന്നു. സർക്കാർ പാഠപുസ്തകങ്ങളും സ്വകാര്യ സ്കൂൾ പാഠപുസ്തകങ്ങളും പരിശോധനയ്ക്കു വിധേയമാക്കി, ഗാർത്തുവേറ്റ് രീതിയിലുള്ള അക്ഷരപഠന പരിഷ്കരണത്തിന്റെ ആദ്യ തെളിവ് 1873ലെ ഒന്നാം പാഠത്തിന്റെ മൂന്നാം പതിപ്പിലാണ് ഞങ്ങൾക്ക് കിട്ടിയത്. പിന്നീട് കിട്ടിയ മദ്രാസ് പ്രസിഡെൻസി റിപ്പ്പോർട്ട് പ്രകാരം കന്നഡയിലും അദ്ദേഹം ഈ രീതി അവതരിപ്പിച്ചു. ആ കന്നഡ പാഠപുസ്തകത്തിന്റെ ആദ്യപാഠത്തിൻ്റെ ഫോട്ടോ താഴെ ചേർക്കുന്നു.

 

ഗാർത്തുവേറ്റ് – കന്നഡ അക്ഷരപഠനം

 

മാത്രമല്ല ഈ രീതി അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചിട്ടൂണ്ട് എന്ന് അദ്ദേഹത്തിൻ്റെ പ്രസ്താവനകളിൽ നിന്നു വ്യക്തമാണ്. എന്നാൽ ഞങ്ങളുടെ ഫോക്കസ് മലയാള പാഠ്യപദ്ധതി പരിഷ്കരണ ചരിത്രം ആയതിനാൽ മറ്റു ഭാഷകളിലെ തെളിവുകളിലേക്ക് ഞങ്ങൾ പോയില്ല.

മലയാളത്തിലെ ആദ്യകാല നോവലായ മീനാക്ഷിയിൽ നിന്ന് ഈ ലേഖനത്തിനു സഹായകരമായ ശക്തമായ ഒരു തെളിവ് കിട്ടാൻ ഞങ്ങൾക്ക് സഹായകരമായത് ഞങ്ങൾ കൂടെ പങ്കാളി ആയിരുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ  പ്രവർത്തനപരിചയമായിരുന്നു. ചുരുക്കത്തിൽ ലേഖനത്തിനു വേണ്ട തെളിവുകൾ ഞങ്ങൾക്കു ചുറ്റും ചിതറിക്കിടക്കുകയായിരുന്നു. അത് കോർത്തെടുക്കാൻ മറ്റു ഇടങ്ങളിലെ പ്രവർത്തനം ഞങ്ങളെ സഹായിച്ചു.

കുറച്ചധികം പെർ ഈ ലേഖനത്തിന്റെ നിർമ്മിതിയിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ചില നിർണ്ണായിക തെളിവുകൾ കൈമാറുകയും ലേഖനം പീർ റിവ്യൂ ചെയ്ത ഡോ.സ്കറിയ സക്കറിയയോട് ഞങ്ങൾക്ക് പ്രത്യേക കടപ്പാടുണ്ട്. അതിനു പുറമേ പീർ റിവ്യൂ ചെയ്ത് വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്ത ഡോ. രവിശങ്കർ നായരോടും ശ്രീ. ബിജു സി.പി.യോടും ഞങ്ങൾക്ക് പ്രത്യേക കടപ്പാടുണ്ട്.

തെളിവുകൾ സംഘടിപ്പിക്കാൻ ഡോ: ഹൈക്കെ ഓബർലിൻ, ഡോ: ഓഫിറ ഗമാലിയേൽ, ഡോ: രജനി സുമോദ്, ടോണി ആന്റണി, പ്രവീൺ വർമ്മ, ശ്രീജിത്ത് ശ്രീകുമാർ, കണ്ണൻ ഷൺമുഖം, ജിസ്സോ ജോസ്, വിനിൽ പോൾ, മനോജ് എബനേസർ, ആർ.പി. ശിവകുമാർ, റൂബിൻ ഡിക്രൂസ് എന്നിവർ ഞങ്ങളെ സഹായിച്ചു. ഇവരോടെല്ലാവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

മലയാള പാഠ്യപദ്ധതി സംബന്ധമായി സുപ്രധാന പരിഷ്കരണം ചെയ്ത ഒരു വ്യക്തിയുടെ സംഭാവന കണ്ടെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തൊഷമുണ്ട്. ഇന്നിപ്പോൾ ഏത് വിഷയത്തിലെ പാഠ്യപദ്ധതി നിർമ്മിക്കുമ്പോഴും പെഡഗോജിയിലെ  Easy to Difficult (ലളിതത്തിൽ നിന്ന് സങ്കീർണ്ണതയിലേക്ക്); Known to Unknown എന്നീ സംഗതികൾ നമ്മൾ അനുവർത്തിക്കും. എന്നാൽ ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് തന്നെ ആ സംഗതികൾ മലയാള അക്ഷരപഠനത്തിൽ ഗാർത്തുവേറ്റ് സായിപ്പ് വിജയകരമായി നടപ്പിലാക്കി. ഇത് നമ്മൾ തിരിച്ചറിയുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. അത് രേഖപ്പെടുത്താനായി എന്നതിൽ സന്തോഷമുണ്ട്. പാഠ്യപദ്ധതി പരിഷ്കരണങ്ങളെ പറ്റി കൂടുതൽ പഠനം നടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ലേഖനത്തിൻ്റെ തലക്കെട്ട്, ഗാർത്തുവേറ്റ് രീതിയെ പറ്റി ഗുരുനാഥൻ മാസികയിൽ വന്ന ഒരു ലേഖനത്തിൽ നിന്ന് എടുത്തതാണ്. ‘പന നന’ച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഗാർത്തുവേറ്റ് സായിപ്പ് എന്ന ശീർഷകം ആണ് ഞങ്ങൾ കൊടുത്തതെങ്കിലും മാധ്യമം അത് എഡിറ്റ് ചെയ്ത് ‘പന നന’ച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ എന്നാക്കി.

ഈ ലേഖനത്തിനു വേണ്ടി മാധ്യമം ചിത്രകാരനായ വിനീത് എസ് പിള്ള ഞങ്ങൾ കൊടുത്ത പഴയ ചിത്രത്തെ ആധാരമാക്കി ഗാർത്തുവേറ്റിൻ്റെ നല്ല ഒരു ചിത്രം വരച്ചെടുത്തു. അതാണ് ഈ ലക്കത്തിൻ്റെ കവർ പേജ്. ഒപ്പം ഞങ്ങളുടെ ഈ ലേഖനമാണ് മാധ്യമം ആഴ്ചപതിപ്പിൻ്റെ കവർ സ്റ്റോറി. അതിനു സഹായിച്ച മാധ്യമം പത്രാധിപ സമിതിയൊടും പ്രത്യേകിച്ച്  ഞങ്ങളുമായി സംവദിക്കുകയും എല്ലാവിധ സഹായങ്ങളും ചെയ്ത എഡിറ്റോറിയൽ ബോർഡ് അംഗം ആർ.കെ. ബിജുരാജിനും പ്രത്യേക നന്ദി.

സിബു സി.ജെ., സുനിൽ വി. എസ്., ഷിജു അലക്സ്

Comments

comments