നമ്മുടെ നിത്യജീവിതത്തിൻ്റെ ഇടപെടലുകളുടെ തെളിവുകൾ ആണ് നിത്യജീവിതത്തിലെ വിവിധ പരിപാടികൾക്കായും പഠനത്തിനായും റെഫറൻസിനായും നമ്മൾ പ്രസിദ്ധികരിക്കുന്ന വിവിധ രേഖകൾ.
വിവിധ പരിപാടികളുടെ അറിയിപ്പു നോട്ടീസുകൾ, ചോദ്യ പേപ്പറുകൾ, സിനിമാ പരസ്യ നോട്ടീസുകൾ, സിനിമാ പാട്ടുപുസ്തകങ്ങൾ, സിനിമാ പൊസ്റ്ററുകൾ, എഞ്ചുവടികൾ, റെസീറ്റ് ബുക്കുകൾ, യാത്രാ (ബസ്/ട്രെയിൻ/ഫ്ലൈറ്റ്/കപ്പൽ, ബോട്ട്) ടിക്കറ്റുകൾ, തീപ്പട്ടിയുടെ മേൽ ഒട്ടിക്കുന്ന ചിത്രങ്ങൾ, വിവിധ സാധങ്ങളുടെ മേൽ ഒട്ടിക്കുന്ന അറിയിപ്പുകൾ, കൈയെഴുത്തിലുള്ള വിവിധ കുറിപ്പുകൾ (ഉദാഹരണം: പലചരക്ക് വാങ്ങിയതിൻ്റെ ലിസ്റ്റ്), രസീതികൾ, എഴുത്തുകൾ, ബ്രോഷറുകൾ, പോസ്റ്റ് കാർഡുകൾ, വിവിധ പരിപാടികളുടെ വിവിധ ചെറു റിപ്പോർട്ടുകൾ തുടങ്ങി ഒട്ടനവധി രേഖകളിലൂടെ നമ്മുടെ അതത് കാലത്തെ നിത്യജീവിതം നമ്മൾ രേഖപ്പെടുത്തുന്നു.
ഉദാഹരണത്തിനു എൻ്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ തിയേറ്ററിൽ ഓരോ സിനിമയും ഇറങ്ങുമ്പോൾ അതിൻ്റെ പരസ്യത്തിനായി തിയേറ്ററുകാർ ലോക്കലായി സിനിമാ പരസ്യ നോട്ടീസ് ഇറക്കുമായിരുന്നു. ഈ നോട്ടീസുകൾ ശേഖരിക്കാനുള്ള വിവേകം അക്കാലത്ത് എനിക്കുണ്ടായിരുന്നുവെങ്കിൽ അത് ഏതൊക്കെ തരത്തിൽ അക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തെ/ സിനിമാ തിയേറ്റർ സംവിധാനത്തെ രേഖപ്പെടുത്തുമായിരുന്നു എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. അതേ പോലെ മറ്റൊരു സംഗതി ആയിരുന്നു എൻ്റെ ചെറുപ്പത്തിൽ പലചരക്കുകടകളിലും മറ്റും ലഭ്യമായിരുന്ന എഞ്ചുവടികൾ. ഈ സംഗതികൾ ഒക്കെ ഇപ്പോൾ ഞാൻ തപ്പിയിട്ട് ഒറ്റയിടത്തും ലഭ്യമല്ല.
ഞാൻ മുകളിൽ സൂചിപ്പിച്ച ഈ വക രേഖകളുടെ ഒക്കെ ആയുസ്സ് പരമാവധി ഒരു ദിവസമോ മറ്റോ ആയിരിക്കും. അതിനു ശേഷം ഈ വക സംഗതികൾ കുപ്പതൊട്ടിയിലേക്ക് പോവാറാണ് പതിവ്. അതിനാൽ തന്നെ ഈ വക രേഖകൾ മിക്കതും ഇതിനകം തന്നെ നഷ്ടപ്പെട്ടു പോയി.
എന്നാൽ ചില രേഖകൾ എങ്കിലും നമ്മുടെ ഏതെങ്കിലും പുസ്തകങ്ങൾക്ക് ഇടയിൽ ഇരുന്നോ, അല്ലെങ്കിൽ കളയാനായി മാറ്റി വെച്ച സംഗതികൾക്ക് ഇടയിലോ മറ്റോ പെട്ടത് മൂലം രക്ഷപ്പെട്ടിരിക്കാം. അതുമല്ലെങ്കിൽ ചിലർക്ക് തീപ്പട്ടി ചിത്രങ്ങൾ സിനിമാ നൊട്ടീസുകൾ എന്നിവ ശേഖരിക്കുന്ന ശീലമുണ്ട്. അങ്ങനെയും ചിലത് രക്ഷപ്പെട്ടിരിക്കാം.
ഈ വിധത്തിൽ ഏതെങ്കിലും തരത്തിൽ നശീകരണത്തിൽ നിന്ന് രക്ഷപ്പെട്ട 2000ത്തിനു മുൻപുള്ള എല്ലാ രേഖകളും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള ഒരു പദ്ധതി ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി തുടങ്ങുകയാണ്. എന്നാൽ ഈ രേഖകൾ സംരക്ഷിക്കുന്നതിനു നിങ്ങളുടെ സേവനവും ആവശ്യമാണ്.
വെറും ഫ്ലാറ്റായ രേഖകളാണ് ഇതിൽ മിക്കതും എന്നതിനാൽ ഗ്രന്ഥപ്പുര കൂട്ടായ്മയുടെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഓരോത്തർക്കും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം രേഖ നല്ല ഒരു ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച് കുറഞ്ഞത് 300 dpi യിൽ (പരമാബധി 600 dpi) കളർ സ്കാൻ ചെയ്ത് എനിക്ക് അയച്ചു തരിക. ഇതിനായി നിങ്ങൾക്ക് keralaopenarchives.org@gmail.com എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്. രേഖകൾ TIFF/JPG/PDF എന്നീ ഫോർമാറ്റുകളിൽ അയക്കാവുന്നതാണ്. സൈസ് കൂടുതൽ ആണെങ്കിൽ ഗൂഗിൾ ഡ്രൈവിലിട്ട് ഷെയർ ചെയ്യുക. അയച്ചു കിട്ടുന്ന രേഖകൾ പ്രോസസ് ചെയ്ത് ഗ്രന്ഥപ്പുരയിലും archive.org ലും തക്കതായ കടപ്പാടോടെ പ്രസിദ്ധീകരിക്കും. സർക്കാർ സഹകരിക്കുക ആണെങ്കിൽ ഭാവിയിൽ മറ്റ് ഇടങ്ങളിലും പ്രസിദ്ധീകരിക്കും. ഇക്കാര്യത്തിനായി മൈബൈൽ ഫോട്ടോകൾ ഒഴിവാക്കുക. ഒരു മിനിമം ലെവൽ ഗുണനിലവാരം ഉറപ്പിക്കുന്നതാണ് ഇത്തരം സംഗതികൾ ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച് 300 dpi (പരമാബധി 600 dpi) യിൽ കളർ സ്കാൻ ചെയ്യണം എന്ന നിബന്ധന വെക്കുന്നത്. (യാതൊരു വിധത്തിലുള്ള വാട്ടർ മാർക്കും ഇത്തരം രേഖകളിൽ ചേർക്കരുത്)
മറ്റ് ഇടങ്ങളിൽ ഇങ്ങനെ ഒരു പദ്ധതി കേട്ടിട്ടില്ലല്ലോ എന്ന് വിചാരിക്കേണ്ട. ഇങ്ങനെ ഒരു പദ്ധതി നമ്മൾ തുടങ്ങുന്നു, ബാക്കിയുള്ളവർ പിറകേ വന്നോളും. എന്തായാലും ഇത്തരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് ഗവേഷണ ആാവശ്യവും കാലഘട്ടത്തിൻ്റെ സാദ്ധ്യതകളുടെ പ്രയോജനപ്പെടുത്തലും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.