മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏതാണ്?

മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത് എന്നതു സംബന്ധിച്ച് കെ.എം. ഗോവി അടക്കമുള്ളവർ ഉപന്യസിച്ചിട്ടും, ഇപ്പോഴും ധാരാളം പേർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് മാദ്ധ്യമങ്ങൾ വരുന്ന വിവിധ ലേഖനങ്ങൾ വായിച്ചിട്ടു തന്നെയാണ്. ഈ ബ്ലോഗിലെ പല പോസ്റ്റിന്റേയും കീഴിൽ ഹോർത്തൂസ് ആണോ സംക്ഷേപവേദാർത്ഥം ആണോ അതോ മറ്റേതെങ്കിലും ആണൊ ആദ്യ മലയാളം അച്ചടി പുസ്തകം എന്നു പലരും ചോദിച്ചു കാണുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ തെളിവുകളോടു കൂടെയുള്ള സംശയദുരീകരണത്തിനു ആണ് ഈ പൊസ്റ്റ്.

മലയാളമച്ചടിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മൂന്നു പുസ്തകങ്ങൾ ആണ് നമ്മൾ പരിശോധിക്കുന്നത്.

  1. 1678ൽ ആംസ്റ്റർഡാമിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ്
  2. 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം
  3. 1772ൽ റോമിൽ അച്ചടിച്ച സംക്ഷേപവേദാർത്ഥം

ഇതിൽ ഹോർത്തൂസ് മലബാറിക്കസിൽ അച്ചു വാർത്തല്ല മലയാളലിപി അച്ചടിച്ചത്. ചിത്രമായി വരച്ച് അച്ചടിക്കുകയായിരുന്നു. അതിനാൽ അതിനെ അച്ചുവാർത്തുള്ള മലയാളം അച്ചടി എന്ന ശ്രേണിയിൽ നിന്ന് മാറ്റാം.

എന്നാൽ 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ അച്ച് വാർത്താണ് മലയാളം അച്ചടിച്ചത്. ഇത് മലയാളലിപിയെ പരിചയപ്പെടുന്ന ഒരു ലത്തീൻ പുസ്തകമാണ്. അതിനാൽ അതിനെ പൂർണ്ണമായി ഒരു മലയാളകൃതി എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ അതിനു തൊട്ടു പിറകേ അച്ചടിച്ച സംക്ഷേപവേദാർത്ഥം ഒരു പൂർണ്ണ മലയാള കൃതിയാണ്.

അതായത്:

  • ആദ്യമായി മലയാള ലിപി അച്ചടി മഷി പുരണ്ടത് – ഹോർത്തൂസ് മലബാറിക്കസ് – 1678ൽ- ആം‌സ്റ്റർഡാമിൻ വെച്ച്. മലയാള ലിപി ചിത്രമായി അച്ചടിക്കുക ആയിരുന്നു ഈ ലത്തീൻ പുസ്തകത്തിൽ.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച പുസ്തകം – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം – ഇത് മലയാള ലിപിയെ പറ്റിയുള്ള ഒരു ലത്തീൻ പുസ്തകമാണു് . 1772ൽ റോമിലാണു് ഇത് അച്ചടിച്ചത്. ഇതിനു മുൻപ് മലയാളലിപിക്കു വേണ്ടി അച്ചു വാർത്തതായി ഇതു വരെ തെളിവു കിട്ടിയിട്ടില്ല.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച സമ്പൂർണ്ണ മലയാള പുസ്തകം – സംക്ഷേപവേദാർത്ഥം – 1772ൽ റോമിലാണ് ഇതും അച്ചടിച്ചത്.

മുകളിൽ പറഞ്ഞതിൽ അവസാനത്തെ 2 പുസ്തകങ്ങൾ കൂടാതെ അതേ അച്ച് ഉപയോഗിച്ച് അച്ചടിച്ച വേറെയും പുസ്തകങ്ങൾ റോമിൽ നിന്ന് ഇറങ്ങിയിട്ടൂണ്ട്. അതിൽ ലത്തീൻ, സംസ്കൃതപുസ്തകങ്ങളും ഉണ്ട്.

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും സംക്ഷേപ വേദാർത്ഥവും അച്ചടിക്കുന്നതിനു ഏകദേശം 90 വർഷം മുൻപാണ് ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്നതു്. കൃത്യമായി പറഞ്ഞാൽ 1678-ൽ ആണ് ഒന്നാമത്തെ പതിപ്പും വാല്യവും പുറത്തു വരുന്നതു്.

ഒന്നാമത്തെ പതിപ്പിലെ 8മത്തെ താളിൽ ആണ് മലയാള ലിപി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഡച്ച് കമ്പനിയുടെ പരിഭാഷകൻ ആയ മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണത്. ഹോർത്തൂസിലെ ഏറ്റവും വലിപ്പമുള്ള മലയാള ഉള്ളടക്കവും ഇതു തന്നെ. ഇതിനു പുറമേ ഹോർത്തൂസിലെ ഓരോ വൃക്ഷത്തിന്റെയും ചിത്രത്തിനു ഒപ്പം അതിന്റെ മലയാള പേർ മലയാള ലിപിയിൽ തന്നെ കൊടുത്തിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ചിത്രം ഹോർത്തൂസിന്റെ ഒന്നാമത്തെ പതിപ്പിലെ  8മത്തെ താളിൽ ഉള്ള മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണ് കാണിക്കുന്നത്. ഈ പ്രസ്താവന മാത്രം ഉദാഹരണമായി എടുത്ത് ഹോർത്തൂസിന്റെ അച്ചടി രീതി നമുക്ക് വിലയിരുത്താം.

മാനുവൽ കാർന്നോരുടെ പ്രസ്താവന
ഹോർത്തൂസിലെ മാനുവൽ കാർന്നോരുടെ പ്രസ്താവന

ഈ ചിത്രത്തിലെ മ, ട, ൻ എന്നീ മലയാള അക്ഷരങ്ങൾ/അർദ്ധാക്ഷരങ്ങൾ വിവിധ വാക്കുകളിൽ അടയാളപ്പെടുത്തിയത് കാണുക. ഓരോ അക്ഷരത്തിനും വിവിധ ഇടങ്ങളിൽ വ്യതിയാനം ഉണ്ടെന്നു കാണുക. അച്ചു നിരത്തി അടിച്ചാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. (ഹോർത്തൂസിലെ ബാക്കി ലത്തീൻ ഉള്ളടക്ക അച്ചടി മൊത്തം അച്ചു നിരത്തി ആയതിനാലും ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്ന കാലത്ത് കല്ലച്ചടി സാങ്കേതിക കണ്ടെത്തിയിട്ടില്ലാത്തതിനാലും ഇതു മാത്രം കല്ലച്ചിൽ അടിക്കാനുള്ള സാദ്ധ്യതയും തള്ളികളയണം). അതിന്റെ അർത്ഥം ഒന്നു മാത്രം. ഹോർത്തൂസിലെ മലയാള അക്ഷരങ്ങൾ ചിത്രമായി കൊത്തിയെടുത്താണ് അച്ചടിച്ചിരിക്കുന്നത്. മുകളിൽ കാണിച്ചിരിക്കുന്ന ഈ ചിത്രത്തിൽ  മാത്രമല്ല ഹോർത്തൂസിലെ നൂറു കണക്കിനു ചിത്രങ്ങളോടു ഒപ്പം കാണുന്ന എല്ലാ മലയാളവാക്കുകളും ഈ വിധത്തിൽ ചിത്രമായി വരച്ചു ചേർത്തതാണ്.

ചുരുക്കത്തിൽ ഹോർത്തൂസ് മലബാറിക്കസിനെയും ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തേയും മലയാളം അച്ചടിയുടെ ചരിത്രത്തിന്റെ നാഴികക്കല്ലിൽ താഴെ പറയുന്ന വിധം ഉൾക്കൊള്ളിക്കാം.

മലയാളലിപി ആദ്യമായി ചിത്രരൂപത്തിൽ അച്ചടി മഷി പുരണ്ട ഗ്രന്ഥം ഹോർത്തൂസ് മലബാറിക്കസ് ആണ്. എന്നാൽ അച്ചു വാർത്തു മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിനു വേണ്ടിയാണ്.

ഈ കാലഘട്ടത്തോടടുത്ത് വേറൊരു സ്ഥലത്ത് നിന്ന് മലയാള ലിപി അച്ചടിച്ച ഒരു പുസ്തകം കണ്ടെത്താൻ കഴിഞ്ഞാൽ മലയാളം അച്ചടിയുടെ ചരിത്രം മാറ്റിയെഴുതണം എന്നാണ് മുകളിലെ തെളിവുകൾ വ്യക്തമാക്കുന്നത്.

Comments

comments