ആമുഖം
ബാസൽ മിഷന്റെ മംഗലാപുരത്തെ ലെറ്റർ പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ഏറ്റവും ആദ്യത്തെ പുസ്തകങ്ങളിൽ ഒന്നായ നല്ല ഇടയന്റെ അന്വെഷണ ചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: നല്ല ഇടയന്റെ അന്വെഷണ ചരിത്രം – The Good Shepherd
- പ്രസിദ്ധീകരണ വർഷം: 1864
- താളുകളുടെ എണ്ണം: 17
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.
നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുത്തത് എന്നതിനാൽ അദ്ദേഹതിനു പരിഹരിക്കാൻ സാധിക്കാത്ത കുറവുകൾ ഈ ഫോട്ടോകൾക്ക് ഉണ്ട്. പ്രധാനമായും ലൈറ്റിങിന്റേയും ഇമേജ് റെസലൂഷന്റേയും പ്രശ്നങ്ങൾ ആണുള്ളത്. ലൈറ്റിങ് പ്രശ്നം മൂലം പല പേജുകളിലും നിഴൽവീഴുകയും ചെയ്തു. ആ പരിമിതികൾ നിലനിൽക്കെ തന്നെ താരതമ്യേനെ മെച്ചമുള്ള ഒരു സ്കാനാണ് നമുക്ക് കിട്ടിയത്.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
കെ.എം. ഗോവിയുടെ ഡോക്കുമെന്റേഷൻ (ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും; 1998, 129) അനുസരിച്ച് 1864ൽ ആണ് ബാസൽ മിഷൻ മംഗലാപുരത്ത് മലയാളത്തിലുള്ള ലെറ്റർ പ്രസ്സ് അച്ചടി ആരംഭിക്കുന്നത്. അതിനു മുൻപുള്ള മലയാളത്തിലുള്ള എല്ലാ ബാസൽ മിഷൻ പുസ്തകങ്ങളും മംഗലാപുരത്തോ തലശ്ശേരിയിലോ ഉള്ള കല്ലച്ചുകൂടത്തിൽ ആണ് അച്ചടിച്ചത്.
1864ൽ മംഗലാപുരത്തെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ ആദ്യത്തെ പുസ്തകമായി അദ്ദേഹം രെഖപ്പെടുത്തിയിരിക്കുന്നത് നളചരിതസാരശോധന എന്നപുസ്തകമാണ്. ആ വർഷം തന്നെ മംഗലാപുരത്തെ ബാസൽ മിഷന്റെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ പുസ്തകമാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന നല്ല ഇടയന്റെ അന്വെഷണ ചരിത്രം.
ഈ പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണിത്. അതിനാൽ ഇതിനു മുൻപ് കല്ലച്ചിൽ നിന്ന് ഈ പുസ്തകത്തിന്റെ രണ്ട് പതിപ്പുകൾ ഇറങ്ങിയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം. പക്ഷെ അത് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
ഇത് ഇംഗ്ലീഷ്/ജർമ്മൻ ഭാഷയിലുള്ള മൂലകൃതി മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് കരുതുന്നു.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (12.8 MB )