2021 -മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു

ആമുഖം

സ്വന്തം ദേശത്ത്  ഡിജിറ്റൈസേഷൻ പദ്ധതികൾക്ക് നേതൃത്വം കൊടുക്കാൻ അവസരം കിട്ടുക എന്നത് പ്രത്യേക സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. അതിനുള്ള അവസരം ഒരിക്കൽ കൂടി എനിക്കു ലഭ്യമായിരിക്കുന്നു.  എൻ്റെ വീടിനടുത്തെ നഗരമായ മണ്ണാർക്കാട് ഉള്ള മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. എന്റെ നാട്ടുകാരുമായി ചേർന്ന് നടത്തുന്ന ഡിജിറ്റൈസെഷൻ പദ്ധതിയുടെ ഔദ്യോഗിക അറിയിപ്പ് ആണ് ഈ പോസ്റ്റ്.

 

2021 -മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു
2021 -മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു

 

(കുറച്ചുകാലം മുൻപ് മണ്ണാർക്കാട് തന്നെയുള്ള കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക്  ആരംഭം കുറിച്ചിരുന്നു. ആ പദ്ധതി ഇപ്പൊഴും നടന്നു കൊണ്ടിരിക്കുന്നു. ഇതിനകം അവിടെ നിന്നുള്ള 60 ൽ പരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത് കഴിഞ്ഞു. അതെല്ലാം കൂടെ ഇവിടെ കാണാം.)

താലൂക്ക് റെഫറൻസ് ലൈബ്രറി, മണ്ണാർക്കാട് – ലഘുചരിത്രം

മദ്രാസ് സംസ്ഥാനത്തിനു കീഴിലായിരുന്ന മലബാർ പ്രദേശത്ത്  1948 ൽ നിലവിൽ വന്ന മദാസ് ലൈബ്രറി ആക്ട് പ്രകാരം  ലോക്കൽ ലൈബ്രറി അതോറിറ്റികൾ രൂപീകരിക്കപ്പെട്ടു. ലോക്കൽ ലൈബ്രറി അതോറിറ്റികൾക്കുകീഴിൽ 1951 ൽ ബ്രാഞ്ച് ലൈബ്രറികൾ ആരംഭിച്ചു. പാലക്കാട് അടക്കം മൂന്നുജില്ലകൾക്കും വെവ്വേറെ ലോക്കൽ ലൈബ്രറി അതോറിറ്റികൾ രൂപീകരിക്കപ്പെട്ടിരുന്നു. പാലക്കാട് ലോക്കൽ ലൈബ്രറി അതോറിറ്റിക്കുകീഴിൽ മറ്റു പ്രദേശങ്ങൾക്കൊപ്പം ഭൂമിശാസ്ത്രപരമായി ദൂരെ കിടക്കുന്ന ഫോർട്ട് കൊച്ചിയിലും ഒരു ബ്രാഞ്ച് ലൈബ്രറികൾ ആരംഭിച്ചതായി ലൈബ്രറി ചരിത്രത്തിൽ കാണുന്നു. പാലക്കാട് ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ കീഴിൽ ഒരു പൊതുപുസ്തകശേഖരവും ആ ശേഖരത്തിൽ നിന്ന്
ബ്രാഞ്ച് ലൈബ്രറികൾക്ക് പുസ്തകങ്ങൾ നിശ്ചിതകാലത്തേക്ക് നൽകുകയും ചെയ്യുന്ന രീതി ആണ് അക്കാലത്ത് ഉണ്ടായിരുന്നത്. നാമമാത്രമായ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന കുറെ അധികം സ്വന്തം പുസ്തകങ്ങളും ഗ്രന്ഥശാലകളിലുണ്ടായിരുന്നു. കൊച്ചിൻ കോർപ്പറേഷന്റെ രൂപീകരണശേഷം 1970 ൽ കൊച്ചിയിലെ ബ്രാഞ്ച് ലൈബ്രറിയുടെ വസ്തുവകകൾ പുസ്തകങ്ങൾ സഹിതം വിലയിട്ട് കോർപ്പറേഷന് കൈമാറിയതായും പ്രസ്തുതബാബ് ലൈബ്രറി അന്നുമുതൽ മണ്ണാർക്കാട്ടേക്ക് മാറ്റിസ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചതായും കാണുന്നു. മണ്ണാർക്കാട്ട് വടക്കുമണ്ണത്തെ വാടകക്കെട്ടിടത്തിലാണ് 928 പുസ്തകങ്ങളുമായി എൽ. എൽ. എ  ബ്രാഞ്ച് ലൈബ്രറി എന്ന പേരിൽ ഈ ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്ത് ലോക്കൽ ലൈബ്രറി അതോറിറ്റി സംവിധാനം ഇല്ലാതാവുകയും എൽ. എൽ. എ ബ്രാഞ്ച് ലൈബ്രറികൾ കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ ആവുകയും ചെയ്തു. 1999 ൽ മണ്ണാർക്കാടടക്കം കേരളത്തിലെ എല്ലാ ബ്രാഞ്ച്
ലൈബ്രറികളും അവയിലെ ജീവനക്കാരും ആസ്തികളും ബാദ്ധ്യതകളും സഹിതം ഗ്രന്ഥശാലാസംഘം ഏറ്റെടുത്തു. തുടർന്ന് ഈ ഗ്രന്ഥശാലയെ “മണ്ണാർക്കാട് താലൂക്ക് ലൈബ്രറി” ആയി പുനർനാമകരണം ചെയ്തു.

ആദ്യം നടമാളിക റോഡിലെ പഞ്ചായത്ത് വക കെട്ടിടത്തിനെതിർവശത്തും പിന്നീട് വടക്കുമണ്ണത്ത് അങ്ങാടിയിലും വാടകക്കെട്ടിടങ്ങളിലും ലൈബ്രറി പ്രവർത്തിച്ചു. പിന്നീട് മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത്, ലൈബ്രറിക്കായി പണികഴിപ്പിച്ച് 2002 ൽ
കൈമാറിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. ശ്രീ. സുകുമാർ അഴീക്കോട് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

2004 ൽ മൂന്നാം ലൈബ്രറി കൗൺസിൽ രൂപം കൊടുത്ത റഫറൻസ് ലൈബ്രറി പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് താലൂക്കിലെ റഫറൻസ് ലൈബ്രറി ആയി ഉയർത്തുകയും അന്നത്ത കൗൺസിൽ അധ്യക്ഷൻ പ്രശസ്ത കവി ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ റഫറൻസ് ലൈബ്രറി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് സ്ഥലപരിമിതിയെത്തുടർന്ന് റഫറൻസ് വിഭാഗം 2008 മുതൽ പോലീസ് സ്റ്റേഷനടുത്ത വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.

ചുരുക്കത്തിൽ 1951ൽ ഫോർട്ടു കൊച്ചിയിൽ ആരംഭിച്ച ലൈബ്രറിയാണ് 1970ൽ മണ്ണാർക്കാട്ടേക്ക് മാറ്റി സ്ഥാപിച്ച് ഇന്നത്തെ താലൂക്ക് റെഫറൻസ് ലൈബ്രറി ആയി മാറിയത്.

(ഈ വിവരങ്ങൾ എല്ലാം സന്തോഷ് മാഷ് എനിക്കു കൈമാറിയ ജൂബിലി സംഘാടകസമിതി റിപ്പൊർട്ടിൽ നിന്നു ലഭിച്ചതാണ്. ജി.പി. രാമചന്ദ്രൻ ആയിരുന്നു ജൂബിലി സംഘാടക സമിതിയുടെ ചെയർമാൻ. ജി.പി. രാമചന്ദ്രൻ എൻ്റെ നാട്ടുകാരൻ ആണെന്ന് ഇപ്പൊഴാണ് മനസ്സിലായത്)

മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പുസ്തകങ്ങളും ഡിജിറ്റൈസേഷൻ പദ്ധതിയും

2018 ഒക്ടോബറിൽ നാട്ടിൽ പോയപ്പോൾ എൻ്റെ ഡിജിറ്റൈസേഷൻ പദ്ധതികളിൽ സഹകരിക്കുന്ന പൊറ്റശ്ശേരി സ്കൂളിലെ ജയശ്രീ ടീച്ചർ ശിപാർശ ചെയ്തതതിനു അനുസരിച്ച് മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിൽ പോവുകയും അവിടുത്തെ പുസ്തകങ്ങൾ പരിശോധിക്കുകയും ചെയ്തു. പകർപ്പവകാശപരിധി കഴിഞ്ഞ കുറച്ചധികം പുസ്തകങ്ങൾ കണ്ടതോടെ എന്റെ സ്വന്തം നാട്ടിൽ തന്നെ ലൈബ്രറി ഭാരവാഹികൾ സഹകരിച്ചാൽ ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്കുള്ള സാദ്ധ്യത ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

എന്നാൽ അക്കാലത്ത് ഞാൻ മണ്ണാർക്കാട് സഹൃദയ ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ആസൂത്രണത്തിൽ ആയതിനാൽ താലൂക്ക് റെഫറൻസ് ലൈബ്രറിയുടെ പിറകെ അധികം പൊയില്ല. അതിനു ശെഷം 2019 ഒക്ടോബറിൽ മണ്ണാർക്കാട് സഹൃദയ ലൈബ്രറിയിലെ ഡിജിറ്റൈസേഷനു തുടക്കം കുറിച്ചു. 2020  ഏകദേശം മൊത്തമായി കൊറേണ കൊണ്ടു പോയതിനാൽ നാട്ടിലേക്ക് പോകാനോ  മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറി ഡിജിറ്റൈസെഷനെ പറ്റി പിന്നെ ചിന്തിക്കാനോ കഴിഞ്ഞില്ല.

എന്നാൽ ഞാൻ 2020 ഡിസംബറിൽ നാട്ടിൽ പോയപ്പോൽ ജയശ്രീ ടീച്ചർ  മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയുടെ കാര്യം പിന്നേം ഓർമ്മിപ്പിച്ചു. ടീച്ചറുടെ ഇക്കാര്യത്തിലുള്ള സവിശെഷ താല്പര്യവും സമ്മർദ്ദവും മൂലം ഞാൻ പതിവു പോലെ അലനല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായ സന്തോഷ് മാഷെ വിളിച്ചു.  പിന്നീട് കാര്യങ്ങൾ പെട്ടെന്നു നീങ്ങി. ജയശ്രീ ടിച്ചറുടെയും, സന്തോഷ് മാഷുടേയും സഹപ്രവർത്തകനായ കരിമ്പ സ്കൂളിൽ കെമിസ്ട്രി അദ്ധ്യാപകനായ അനീസ് ഹസ്സനും ഞാനും കൂടെ  മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയുടെ ശേഖരത്തിൻ്റെ ഒരു പ്രാഥമിക പരിശൊധന നടത്തി. അല്പം ക്ലീനിങ് ഒക്കെ ആവശ്യമായിരുന്നതിനാൽ കൂടുതൽ പരിശോധന മറ്റൊരു ദിവസത്തിലേക്കാക്കി. പിന്നീട് ഒരാഴ്ചക്ക് ശേഷം ഡിസംബർ 27നു (ഞാൻ ബാംഗ്ലൂർക്ക് തിരിച്ചു വരുന്നതിനു തലേന്ന്) ഞാനും സന്തൊഷ് മാഷും കൂടെ അവിടെ പോവുകയും ഇരു തുടക്കമെന്ന നിലയിൽ 6-7 പുസ്തകങ്ങൾ ഡിജിറ്റൈസേഷനായി എടുക്കുകയും ചെയ്തു.  ആ പുസ്തകങ്ങൾ ആണ് ആദ്യ ഘട്ടമെന്ന നിലയിൽ ഞാൻ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നത്,

നന്ദി

ഇത്തരം ഒരു പദ്ധതിക്ക് അനുമതി നൽകിയ മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറി ഭാരവാഹികൾക്കും, പദ്ധതി തുടങ്ങാൻ എൻ്റെ മേൽ സമ്മർദ്ദം തുടർന്ന ജയശ്രീ ടീച്ചർക്കും, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ബാക്ക് ഗ്രൗണ്ട് സഹായങ്ങളും ചെയ്ത സന്തോഷ് മാഷിനും പ്രത്യെകിച്ച് നന്ദി. അതിനു പുറമെ വേണ്ട സഹായങ്ങൾ ചെയ്തു തന്ന അനീസ് ഹസ്സൻ മാഷിനും നന്ദി.

 

Comments

comments

One comment on “2021 -മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു

  • Interesting that the library in Fort Cochin (FC) was under the jurisdiction of Palghat LLA. This must have been because before the united state of Kerala was formed, FC was under direct rule of the British and was treated, for administrative purposes, as part of the Malabar district of the Madras Presidency.

Comments are closed.