1839 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)

ആമുഖം

1836ൽ സ്ഥാപിക്കപ്പെട്ട തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട രേഖകളിൽ, നമുക്ക് ലഭ്യമാകുന്ന ആദ്യത്തെ രേഖ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1839-ാം ആണ്ടിൽ അച്ചടിച്ച 1840-ാം വർഷത്തെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: തിരുവിതാം‌കൊട്ടു നക്ഷത്ത്രമം‌കളാവിൽ നിന്നും കല്പന പ്രകാരം ഗണിച്ചുണ്ടാക്കിയ ഇം‌കിരെസും മലയാളവും കൂടിയുള്ള പഞ്ചാംഗം/A Calendar for the leap-year 1840, adapted for the meridian of Trevandrum
 • താളുകളുടെ എണ്ണം: ഏകദേശം 98
 • പ്രസിദ്ധീകരണ വർഷം: 1839
 • പ്രസ്സ്: സർക്കാർ അച്ചുകൂടം, തിരുവനന്തപുരം 
തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)

തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

നമുക്ക് (പൊതുജനങ്ങൾക്ക്) ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ പഞ്ചാംഗമാണ് 1839ൽ പ്രസിദ്ധീകരിച്ച 1840ലെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാം‌ഗം. മാത്രമല്ല തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട രേഖകളിൽ, നമുക്ക് ലഭ്യമാകുന്ന ആദ്യത്തെ രേഖ ആണിത്.

1836ൽ ആണ് തിരുവിതാം‌കൂറിൽ സർക്കാർ പ്രസ്സ് സ്ഥാപിതമാകുന്നത്. കേരളത്തിലെ രണ്ടാമത്തെ മലയാളമച്ചടി (അതായത് കോട്ടയം സി.എം.എസ് പ്രസ്സിന്നു ശെഷം സ്ഥാപിക്കപ്പെട്ടത്) അച്ചുകൂടമാണ് തിരുവിതാം‌കൂർ സർക്കാർ പ്രസ്സ്. സ്വാതിതിരുനാൾ ആയിരുന്നു അന്ന് തിരുവിതാം‌കൂർ മഹാരാജാവ്. പ്രസ്സ് സ്ഥാപിക്കാനുള്ള ഉദ്ദേശവുമായി സ്വാതിതിരുനാൾ മാഹാരാജാവ് LMS, CMS പ്രസ്സുകൾ സന്ദർശിക്കുന്നതിന്റെ രേഖകൾ ഉണ്ട്.

മിഷനറിമാർ സർക്കാർ പ്രസ്സ് സ്ഥാപനത്തിൽ തിരുവിതാം‌കൂർ സർക്കാറിനെ സഹായിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടാണ് ഈ പഞ്ചാംഗം. ഈ പഞ്ചാംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന അച്ച് ബെഞ്ചമിൻ ബെയിലിയുടെ അച്ചാണ്. (ബെയിലി അച്ചുനിർമ്മാണത്തിൽ തിരുവിതാം‌കൂർ സർക്കാറിനെ സഹായിച്ചു എന്ന്  പലരും  പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ തെളിവുകൾ ലഭ്യമായിരുന്നില്ല. ഈ രേഖ പൊതുസഞ്ചയത്തിലേക്ക് വരുന്നതോടെ ആ നിഗൂഡതയ്ക്ക് അന്ത്യമാകുന്നു).

ഉള്ളടക്കപരമായി സാധാരണ പഞ്ചാം‌ഗങ്ങളുടെ ഉള്ളടക്കം തന്നെ ഇതിലെയും. ഇംഗ്ലീഷ് മാസങ്ങളുടേയും മലയാളമാസങ്ങളുടെയും പഞ്ചാം‌ഗം വെവ്വേറെ തന്നെ കൊടുത്തിട്ടൂണ്ട്. ഈ രണ്ട് എണ്ണത്തിലും ഓരോ തീയതിയിലേയും വിശെഷ ചരിത്ര സംഭവങ്ങൾ കൊടുത്തിട്ടൂണ്ട്. അത് എല്ലാം തന്നെ ഇന്ന് പ്രധാനപ്പെട്ട രേഖകൾ ആകുന്നു. ഉദാഹരണത്തിന്നു May 1ലെ പ്രധാനസംഭവമായി കൊടുത്തിരിക്കുന്നത് 1807ലെ അടിമവ്യാപാരനിരോധനത്തെ കുറിച്ചാണ്.

പഴയ തീയതി മാർക്കർ, അരയ്ക്കാൽ, കാൽ, അര, മുക്കാൽ എന്നിവയുടെ ചിഹ്നം തുടങ്ങി ലിപിപരമായ പ്രത്യേകതയുള്ള പലതും ഈ പുസ്തകത്തിൽ കാണാം. അരയ്ക്കാൽ, കാൽ, അര, മുക്കാൽ എന്നിവയുടെ കാര്യം തുടക്കത്തിൽ തന്നെ കുറിപ്പായി കൊടുത്തിട്ടൂണ്ട്.

വേറെയും പല പ്രധാനപ്പെട്ട സംഗതികളും യഥാർത്ഥഗവേഷകർക്ക് ഈ രേഖയിൽ നിന്ന് കണ്ടെടുക്കാവുന്നതാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in തിരുവിതാം‌കൂർ സർക്കാർ അച്ചുകൂടം | Leave a comment

1856 – The Malayalam Reader – A selection of Original Papers – Charles Collett

ആമുഖം

The Malayalam Reader – A selection of Original Papers എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 64മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: The Malayalam Reader – A selection of Original Papers
 • സമാഹരിച്ചത്: Charles Collett
 • താളുകളുടെ എണ്ണം: ഏകദേശം 315
 • വർഷം: 1856
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1856-the malayalam reader

1856-the malayalam reader

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഈ പുസ്തകത്തിന്റെ പേര്  The Malayalam Reader എന്നാണെങ്കിലും ഇത് മലയാളം അക്ഷരപഠനത്തിന്നു വേണ്ടിയുള്ള പുസ്തകമല്ല. ഈ പുസ്തകം മൊത്തമായും 1850കളുടെ റെവന്യൂ രേഖകളുടെ സമാഹാരമാണ്. സർക്കാർ സർവ്വീസിലേക്ക് കയറുന്നവരുടെ വിദ്യാഭ്യാസം ആയിരിക്കണം ലക്ഷ്യം. വള്ളുവനാട്, ഏറനാട് തുടങ്ങി പഴയ എല്ലാ താലൂക്കളിൽ നിന്നും ഉള്ള വിവിധ സർക്കാർ രേഖകൾ ഇതിൽ വായിക്കാം.

പഴയ തീയതി മാർക്കർ, കാൽ, അര, മുക്കാൽ എന്നിവയുടെ ചിഹ്നം തുടങ്ങി ലിപിപരമായ പ്രത്യേകതയുള്ള പലതും ഈ പുസ്തകത്തിൽ കാണാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in Gundert Legacy Project | Leave a comment

 മഹാഭാരതം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി

ആമുഖം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട്  ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ ഒരു കൈയെഴുത്ത് പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 63മത്തെ പൊതുസഞ്ചയ രേഖയും 24മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

വാല്യം ഒന്ന്

 • പേര്: മഹാഭാരതം കിളിപ്പാട്ട് (പൌലൊമ പർവ്വം തൊട്ട് വിരാട പർവ്വം വരെ)
 • താളുകളുടെ എണ്ണം: ഏകദേശം 569
 • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1880കൾ ആണെന്ന് തോന്നുന്നു) 

വാല്യം രണ്ട്

 • പേര്: മഹാഭാരതം കിളിപ്പാട്ട് (ഉദ്യൊഗ പർവ്വം തൊട്ട് സ്വർഗ്ഗാരൊഹണ പർവ്വം വരെ)
 • താളുകളുടെ എണ്ണം: ഏകദേശം 455
 • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1880കൾ ആണെന്ന് തോന്നുന്നു) 
മഹാഭാരതം കൈയെഴുത്തു പ്രതി

മഹാഭാരതം കൈയെഴുത്തു പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും ശിഷ്യന്മാരുടേയും വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് പ്രതി ഒന്നിലേറെ ആളുകളൂടെ സൃഷ്ടീ ആനെന്ന് കൈയക്ഷരത്തിന്റെ വ്യത്യാസത്തിൽ നിന്നു മനസ്സിലാക്കാം.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെഴുത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

വാല്യം ഒന്ന്:

വാല്യം രണ്ട്:

Google+ Comments

Posted in Gundert Legacy Project | Leave a comment

1859 – ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം – ലിത്തോഗ്രഫി

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ നിന്നു ഗുണ്ടർട്ടും കൂട്ടരും ഇറക്കിയ ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ പോലെ വിശാല ഹൃദയർ അല്ലാത്തതിനാൽ അതു നടന്നില്ല. അതിനാൽ ഇനി കാത്തിരിക്കാതെ സ്കാൻ പങ്കു വെക്കുകയാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം
 • താളുകളുടെ എണ്ണം: ഏകദേശം 202
 • പ്രസിദ്ധീകരണ വർഷം:1859
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി  
1859 - ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം

1859 – ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം

സ്കാനിന്റെ വിവരം

ഇതു ലഭിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ്. പക്ഷെ അവർ പബ്ലിക്കായി ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ മാത്രമേ ലഭ്യമാക്കിയുള്ളൂ. ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് ഇതിനു മുൻപ് ലഭിച്ച പുസ്തകങ്ങളായ 1850 – പീയൂഷസംഗ്രഹം1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും,  എന്നിവയ്ക്ക് ഉള്ളത് പോലെ ഈ പുസ്തകത്തിനു ഗ്രേ സ്കെയിൽ വേർഷൻ ലഭ്യമല്ല. എങ്കിലും കിട്ടിയ ബ്ലാക്ക് ആന്റ് വേർഷനു നല്ല നിലവാരം ഉള്ളതിനാൽ ഇപ്പോൾ നമുക്ക് ഉള്ളത് കോണ്ട് തൃപ്തിപ്പെടാം.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇത് ക്രൈസ്തവമത പ്രചരണ/മതബോധനപുസ്തകമാണ്. പ്രസിദ്ധീകരിച്ച വർഷം 1859 ആയതിനാൽ ഗുണ്ടർട്ട് തന്നെ ആയിരിക്കണം രചയിതാവ്.

തലശ്ശെരിയിലെ കല്ലച്ചിൽ നിന്നു നമുക്ക് ട്യൂബിങ്ങനിൽ നിന്നും മറ്റുമായി ധാരാളം പുസ്തകങ്ങൾ കിട്ടുന്നൂണ്ട്. മലയാളത്തിന്റെ ഒരു ആദ്യകാലപുസ്തകങ്ങളുടെ വലിയ ശെഖരം ഇതിനാൽ നമുക്ക് ലഭ്യമായി കൊണ്ടിരിക്കുകയാണ്.

 

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in തലശ്ശേരി ബാസൽ മിഷൻ പ്രസ്സ് | Tagged | Leave a comment

1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും

ആമുഖം

1840കളിൽ കുഞ്ഞുങ്ങൾക്ക് (അഞ്ച് വയസ്സിന്നു താഴെയുള്ള കുഞ്ഞുങ്ങൾക്ക്)  ഉപയോഗിക്കാനായി ഉണ്ടാക്കിയ മലയാളം കാറ്റിസം  പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഇത് സി.എം.എസ്. സഭയുടെ (ഇപ്പോൾ സി.എസ്.ഐ. സഭ) മതപ്രബോധന പുസ്തകം ആയിരുന്നെന്ന് ഞാൻ കരുതുന്നു.

ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ പോലെ വിശാല ഹൃദയർ അല്ലാത്തതിനാൽ അതു നടന്നില്ല. അതിനാൽ ഇനി കാത്തിരിക്കാതെ സ്കാൻ പങ്കു വെക്കുകയാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും നാല അഞ്ച വയസ്സിനകം ഉള്ള പൈതങ്ങൾക്ക ഉപകാരത്തിന്നായി പട്ടക്കാരൻ വത്സ ഉണ്ടാക്കിയതിന്റെ പരിഭാഷ
 • രചയിതാവ്: പട്ടക്കാരൻ വത്സ (മലയാള പരിഭാഷ ആരെന്ന് ഉറപ്പില്ല, ബെഞ്ചമിൻ ബെയിലിയോ, ജോസഫ് പീറ്റോ ആയിരിക്കാം)
 • താളുകളുടെ എണ്ണം: ഏകദേശം 32
 • പ്രസിദ്ധീകരണ വർഷം:1840
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം  
1840 - ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും

1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും

സ്കാനിന്റെ വിവരം

ഇതു ലഭിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ്. പക്ഷെ അവർ പബ്ലിക്കായി ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ മാത്രമേ ലഭ്യമാക്കിയുള്ളൂ. ഓൺലൈൻ വായനക്കായി മാത്രം ഒരു ഗ്രേസ്കെയിൽ വേർഷൻ ഉണ്ട് എന്നത് മാത്രമാണ് സമാധാനം. മുൻപ് ഇതേ പോലെ പീയൂഷസംഗ്രഹം എന്ന പുസ്തകം കിട്ടിയിരുന്നു. (അതിന്റെ ഗ്രേ സ്കെയിൽ വേഷൻ ബ്രിട്ടീഷ് യൂണിവേർസിറ്റി സൈറ്റിൽ നിന്ന് വലിച്ചെടുക്കാൻ സഹായിക്കാം എന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും അവർ പിന്നെ സഹായിച്ചില്ല.)

ഉള്ളടക്കം

ടൈറ്റിൽ പേജിൽ കാണുന്ന പോലെ അഞ്ച് വയസ്സിന്നു താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള മതപഠന പുസ്തകമാണിത്. ചെറിയ ചോദ്യങ്ങളും അതിനു യോജിച്ച ഉത്തരങ്ങളുമായാണ് ഈ പുസ്തകം.

പുസ്തകത്തിന്റെ അച്ചടി വിന്യാസം, ലിപിവിന്യാസം തുടങ്ങിയവ 1840കളിൽ രീതി തന്നെ. ഏ/ഓ കാരങ്ങളോ അവരുടെ ചിഹ്നമോ ഉപയ്യൊഗത്തില്ല. അതെ പോലെ സംവൃതോകാരത്തിനായി ചന്ദ്രക്കലയും ഇല്ല.

ഈ പുസ്തകത്തിലെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. (ഗ്രേ സ്കെയിൽ വേർഷൻ ഡൗൺലൊഡ് ചെയ്യാനായി ലഭ്യമല്ല എന്ന കുറവ് ഉണ്ടെങ്കിലും ഈ രൂപത്തിൽ എങ്കിലും കിട്ടി എന്നതിൽ സമാധാനിക്കാം.)

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സ്, സി.എം.എസ്. പ്രസ്സ് | Leave a comment

1895 – മലങ്കര ഇടവക പത്രിക – പുസ്തകം 4

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1895ാം ആണ്ടിലെ എല്ലാ ലക്കങ്ങളുടെയും (12 ലക്കങ്ങൾ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള നാലാമത്തെ വർഷത്തെ ലക്കങ്ങൾ ആണ്. ഇതിനു മുൻപ് താഴെ പറയുന്ന വർഷത്തെ ലക്കങ്ങൾ റിലീസ് ചെയ്തിരുന്നു

പൊതുസഞ്ചയരേഖകളുടെ വിവരം

 • പേര്: മലങ്കര ഇടവക പത്രിക – 1895 ലെ 12ലക്കങ്ങൾ.
 • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
 • പ്രസിദ്ധീകരണ വർഷം: 1895
 • പ്രസ്സ്: Mar Thomas Press, Kottayam
1895 – മലങ്കര ഇടവക പത്രിക

1895 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. മേൽ പറഞ്ഞ വിഷയത്തിനു പുറമേ മറ്റു പല വിഷയത്തിലുള്ള ലേഖനങ്ങളീൽ ഇതിൽ കാണാം. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഇത്രയെങ്കിലും കാലത്തെ അതിജീവിച്ച കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ ഹാർഡ് ഡിസ്ക് പ്രശ്നം മൂലം ചെയ്തതൊക്കെ ഇനി ഒന്നും കൂടെ സ്കാൻ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1895ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 16MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

Google+ Comments

Posted in Uncategorized | Leave a comment

1903 – ബാലവ്യാകരണം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു

ആമുഖം

ബാലവ്യാകരണം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും ശേഷഗിരിപ്രഭുവും കൂടെ ആണ് ഇതിന്റെ രചന. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 61-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ബാലവ്യാകരണം, എന്ന മലയാളവ്യാകരണമൂലപാഠങ്ങൾ
 • പതിപ്പ്: മൂന്നാം പതിപ്പ്
 • താളുകളുടെ എണ്ണം: ഏകദേശം 95
 • പ്രസിദ്ധീകരണ വർഷം:1903
 • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരിപ്രഭു 
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - ബാലവ്യാകരണം - എം കൃഷ്ണൻ - ശേഷഗിരിപ്രഭു

1903 – ബാലവ്യാകരണം – എം കൃഷ്ണൻ – ശേഷഗിരിപ്രഭു

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാറിന്റെ വക പ്രാഥമിക പാഠശാലകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്.  എന്നാൽ പുസ്തകത്തിന്നു അകത്തു മദിരാശി, കൊച്ചി തിരുവിതാംകൂർ സംസ്ഥാങ്ങളിലെ ഉപയോഗത്തിനായുള്ള പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടൂണ്ട്.  എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാറിന്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.

ഈ പതിപ്പ് മൂന്നാം പതിപ്പാണ്. രണ്ടാമത്തെ പതിപ്പ് നന്നായി പരിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാം പതിപ്പിന്റെ മുഖവരയിൽ സൂചന ഉണ്ട്.

കേരളപാണിനീയം, വ്യാകരണചിന്താമണി എന്നീ പുസ്തകങ്ങളെ പറ്റിയുള്ള സൂചന മുഖവരയിൽ ഉണ്ട്. എന്നാൽ അക്കാലത്ത് (1917ൽ ആണല്ലോ കേരളപാണിനീയം പരിഷ്കരിച്ചത്) പരിഷ്കരിച്ചിട്ടില്ലാത്ത കേരളപാണിനീയത്തെ പറ്റി അത് പരിഷ്കരിച്ചാൽ ഉപയോഗപ്രദമാകും എന്ന സൂചന ഇതിൽ കാണാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in Gundert Legacy Project | Leave a comment

1897 – സുകുമാരി – ജോസഫ് മൂളിയിൽ

ആമുഖം

സുകുമാരി എന്ന ആദ്യകാലമലയാളനോവലിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 60-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: സുകുമാരി, മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ
 • താളുകളുടെ എണ്ണം: ഏകദേശം 191
 • പ്രസിദ്ധീകരണ വർഷം:1897
 • രചയിതാവ്: ജോസഫ് മൂളിയിൽ 
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1897 സുകുമാരി

1897 സുകുമാരി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് തന്നെ ഈ കഥയെ വിശെഷിപ്പിക്കുന്നത്. അതിനാൽ ഇത് ഒരു ചരിത്രാഖ്യായിക ആയിരിക്കാം. (കൃത്യമായി വിലയിരുത്താൻ ഞാൻ ആളല്ല).

ഇതിന്റെ രചയിതാവായ ജോസഫ് മൂളിയിലിനെ പല ബാസൽ മിഷൻ പാഠപുസ്തകങ്ങളുടെയും രചയിതാവ് എന്ന് നിലയിൽ നമുക്ക് പരിചയം ഉണ്ട്. ഉദാഹരണം 1904ലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in Gundert Legacy Project | Leave a comment

1883 – പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ

ആമുഖം

ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് പല പൊതുസഞ്ചയരേഖകൾ കിട്ടുമ്പോഴും ഇത് മലയാളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള രേഖകൾ ആണെന്ന് ഞാൻ സൂചിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പ്രധാനരേഖകളിൽ വിശിഷ്ഠമായ ഒരു രേഖയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പ്രകൃതിശാസ്ത്രം എന്ന പുസ്തകം. മലയാളികളെ ആധുനികശാസ്ത്രവിഷയങ്ങളിലേക്ക് ആനയിച്ച ഒരു പുസ്തകമാണിത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 59-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഒന്നാം പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics
 • താളുകളുടെ എണ്ണം: ഏകദേശം 457
 • പ്രസിദ്ധീകരണ വർഷം:1883
 • രചന: റവ: എൽ. ജെ. ഫ്രോണ്മെയർ
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1883 - പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ

1883 – പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ഇതുവരെ ലഭ്യമായ തെളിവു വെച്ച് മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകാണിത്. ബാസൽ മിഷൻ മിഷണറിയും പുരോഹിതനും വൈയാകരണനും (A Progressive Grammer Of Malayalam Language For Europeans എന്ന പ്രശസ്തപുസ്തകത്തിന്റെ രചിയിതാവും) ബാസൽ മിഷന്റെ മലയാള ദേശത്തെ പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതും ഒക്കെയായ റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.  പുസ്തക ഉള്ളടക്കം ചോദ്യോത്തരശൈലിയിൽ ആണ് വികസിക്കുന്നത്. (കഴിഞ്ഞ 1-2 തലമുറകളിലെ മലയാളികൾക്ക്, റഷ്യൻ പുസ്തമായ യാക്കോബ് പെരെൽമാന്റെ ഭൗതികകൗതുകം എന്ന പുസ്തകത്തിൽ ഈ ശൈലിയുടെ മികച്ച ഉദാഹരണം ഏറെ പരിചയമുണ്ടല്ലോ)

ബാസൽ മിഷന്റെ പ്രവർത്തനം വടക്കൻ കേരളം ആയിരുന്നെങ്കിലും ഈ പുസ്തകം എല്ലാ മലയാളികളേയും ഉദ്ദേശിച്ചിട്ടുള്ളതാണ്. അതിനാൽ ആയിരിക്കണം ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് തിരുവിതാം‌കൂർ മഹാരാജാവിനാണ്. അതു വഴി ലഭിക്കുന്ന ധനത്തിലൂടെ പ്രസിദ്ധീകരണചിലവ് വലിയ അളവിൽ കവർ ചെയ്യാൻ ബാസൽ മിഷന്നു കഴിഞ്ഞു കാണണം.

പുസ്തകത്തിന്റെ തുടക്കത്തിലുള്ള തിരിവിതാംകൂർ മഹാരാജാവിനുള്ള സമർപ്പണ‌ഉപന്യാസത്തിലും (ഇംഗ്ലീഷിൽ) തുടർന്ന് മലയാളത്തിലുള്ള മുഖവരയിലും നവീനവിഷയങ്ങൾ മാതൃഭാഷയിൽ പഠിക്കേണ്ട ആവശ്യകത  ഫ്രോണ്മെയർ എടുത്തു പറഞ്ഞിട്ടുണ്ട്.

മലയാളത്തിലുള്ള മുഖവുരയിലെ ഭാഷവളരെ കാവ്യാത്മകമാണ്.

എന്നാൽ പുസ്തകം നമ്മുടെ മുമ്പാകേ ഉള്ളതുകൊണ്ടു പോരാ, വായിപ്പാനുള്ള പ്രാപ്തിയും വേണം. പ്രകൃതിയാകുന്ന പുസ്തകം എല്ലാവൎക്കും വായിപ്പാൻ തക്ക സ്ഥിതിയിൽ ഇരിക്കുന്നെങ്കിലും അതിലേ ഭാഷ കുറേ അവ്യക്തമാകുന്നതുകൊണ്ടു ചിലൎക്കു ഈ പുസ്തകത്താൽ യാതൊരു ഉപകാരവും വരുന്നില്ല. ഈ പുസ്തകത്തിന്റെ പൊരുൾ അറിയേണ്ടതിന്നു നമ്മുടെ ഉള്ളിൽ ഒരു അറിവു വേണം. വ്യാകരണത്തിൽ സ്വരം വ്യഞ്ജനം എന്നീ രണ്ടു വിധം അക്ഷരങ്ങൾ ഉണ്ടല്ലോ. പ്രകൃതിപുസ്തകം ഒരു വിധത്തിൽ വ്യഞ്ജനങ്ങളെക്കൊണ്ടു എഴുതപ്പെട്ടിരിക്കുന്നു എന്നു പറയാം. ഇതു വായിച്ചു വാക്കുകൾ, വാക്യങ്ങൾ, അനുമാനങ്ങൾ എന്നിവ ഉണ്ടാക്കുവാൻ തക്ക ഉയിരുകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ടതാണ്.

അദ്ദേഹം തന്റെ മുഖവുര ആരംഭിക്കുന്നത് ഇങ്ങനെ ആണ്.

ഫ്രോണ്മെയറുടെ ക്രൈസ്തവ മിഷനറി എന്ന നിലയിലുള്ള പ്രസ്താവനകൾ പുസ്തകത്തിൽ പലയിടത്തും കാണാം.

ഈ പുസ്തകത്തിന്റെ വലിയ ഒരു പ്രത്യേകത പലനവീനശാസ്ത്രങ്ങൾക്കും മലയാളം പേരുകൾ കണ്ടെത്താൻ ഫ്രോണ്മെയർ ശ്രമിക്കുന്നതാണ്. ഈ വിധത്തിൽ അദ്ദേഹം താഴെപറയുന്ന വാക്കുകൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു.

 • പ്രകൃതിവൎണ്ണന (Natural History)
 • പ്രകൃതിശാസ്ത്രം (Physics)
 • പ്രകൃതിവിദ്യ (Natural Philosophy)
 • സസ്യവാദശാസ്ത്രം (Botany)
 • മൃഗശാസ്ത്രം (Zoology)
 • കീമശാസ്ത്രം (Chemistry)
 • ധാതുവാദശാസ്ത്രം (ഖനിജശാസ്ത്രം) (Mineralogy)
 • കരണനിരൂപണശാസ്ത്രം (Physiology)

പുസ്തകത്തിനകത്ത് ഫിസിക്സുമായി ബന്ധപ്പെട്ട ധാരാളം വാക്കുകൾക്ക് ഫ്രോണ്മെയർ ഇത്തരത്തിൽ മലയാളം വാക്കുകൾ നിർമ്മിക്കുന്നത് നമുക്ക് കാണാം. വിസ്താരഭയത്താൽ അതൊന്നും ഇവിടെ എടുത്ത് എഴുതുന്നില്ല.

ഈ പുസ്തകത്തിലെ ചിലഭാഗങ്ങൾ എങ്കിലും കേരളോപകാരി മാസികയിൽ ലേഖനങ്ങളായി വന്നതാണ്. പിന്നീട് അതൊക്കെ ക്രോഡീകരിച്ച് വികസിപ്പിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ  ഫ്രോണ്മെയർ ചെയ്തിരിക്കുന്നത്.

പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങൾ കാണാം. അതിന്റെ അർത്ഥം ഏതാണ്ട് 1880കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നതാണ്.

മൊത്തം 450 ഓളം താളുകളുള്ള പുസ്തകത്തിൽ ആദ്യത്തെ ഏതാണ്ട് 300 താളുകളിൽ ആണ് മലയാളം ഉള്ളടക്കം. അവസാനത്തെ ഏകദേശം 150 താളുകളിൽ ഇംഗ്ലീഷ് ഉള്ളടക്കം. (പക്ഷെ ഇംഗ്ലീഷ് ഉള്ളടക്കത്തിന്റെ ഭാഷ അത്ര നന്നായി എനിക്കു തോന്നിയില്ല. എന്റെ വിലയിരുത്തലിന്റെ കുഴപ്പമാകാം. അല്ലെങ്കിൽ അന്നത്തെ ഇംഗ്ലീഷ് ശാസ്ത്രലേഖനങ്ങൾ ഇങ്ങനെ ആയിരിക്കാം). എന്തായാലും മലയാളത്തിലുള്ള ഉള്ളടക്കം ഇന്നു 140 വർഷങ്ങൾക്കു ശെഷം ഇത് വായിക്കുമ്പോൾ പോലും മികച്ചതായി തോന്നുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകം പലവിധത്തിലുള്ള വിശകലനത്തിന്നു വിധേയമാവേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in Gundert Legacy Project | Leave a comment

1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകം

ആമുഖം

1905-ാം ആണ്ടിലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് . ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 58-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഒന്നാം പാഠപുസ്തകം
 • താളുകളുടെ എണ്ണം: ഏകദേശം 65
 • പ്രസിദ്ധീകരണ വർഷം:1905
 • പതിപ്പ്: ഏഴ്
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകം

1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മദ്രാസ് പാഠപുസ്തക കമ്മിറ്റി അംഗീകരിച്ച ഈ പാഠപുസ്തകം അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിനു കീഴിൽ മലയാളം സംസാരിക്കുന്ന ഇടങ്ങളിൽ (പ്രധാനമായും ഇപ്പൊഴത്തെ മലബാർ) രണ്ടാം ക്ലാസ്സിലെ പഠനത്തിനായി  ഉപയോഗിച്ചിരുന്ന പാഠ പുസ്തകമാണ് ഇതെന്നു ഞാൻ കരുതുന്നു. ഈ പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് ഇത് എന്നതിനാൽ അതിനു മുൻപ് കുറച്ചധികം വർഷങ്ങൾ ഈ പാഠപുസ്തകം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

ഈ പുസ്തകം ആദ്യം നിർമ്മിച്ചത് മദ്രാസ്സ് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് ട്യൂട്ടർ ആയിരുന്ന ജോസഫ് മൂളിയിൽ ആണ്. എന്നാൽ 1905ലെ ഈ പതിപ്പ് പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത് മദ്രാസ്സ് സർക്കാറിലെ ഔദ്യോഗിക മലയാളപരിഭാഷകൻ ആയ എം. കൃഷ്ണൻ ആണ്.

അനുസരണത്തെ പറ്റിയുള്ള കഥകൾ, ഉത്സാഹത്തെ കുറിച്ചുള്ള കഥകൾ, സത്യത്തെ കുറിച്ചുള്ള കഥകൾ, സ്നേഹത്തെ കുറിച്ചുള്ള കഥകൾ, സന്മര്യാദ്യയെ കുറിച്ചുള്ള പാഠങ്ങൾ, സാധനങ്ങളെ കുറിച്ചുള്ള പാഠങ്ങൾ എന്നീ ഗദ്യപാഠങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ പാഠം കഴിഞ്ഞും ആ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനവും ഒന്നാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് പുതിയതുമായ വാക്കുകൾ എടുത്ത് എഴുതിയിരിക്കുന്നത് കാണാം.

പക്ഷെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് ഇതിലെ പാഠങ്ങൾ അല്പം കട്ടിയല്ലേ എന്നു എനിക്കു സംശയം തോന്നുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Google+ Comments

Posted in Gundert Legacy Project | Leave a comment