യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1971 ജനുവരി മുതൽ 1971 മേയ് വരെയുള്ള അഞ്ചു ലക്കങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കുട്ടികൾക്കുള്ള ശാസ്ത്രമാസികയായ യുറീക്ക മാസികയുടെ 1971 ജനുവരി മുതൽ 1971 മേയ് വരെയുള്ള അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം കവർ പേജിന്റെയും മറ്റു ചില പേജുകളുടേയും അരികു നഷ്ടപ്പെട്ടിട്ടൂണ്ട് എന്നതും, ചില പേജുകളിൽ നിന്ന് ചിത്രം കീറിയെടുത്തിട്ടൂണ്ട് എന്ന കുഴപ്പവും ഒഴിച്ചു നിർത്തിയാൽ നല്ല നിലയിലുള്ള പുസ്തകം ആണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. 1971-ാം വർഷത്തിൽ ആദ്യത്തെ 5 ലക്കങ്ങളേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 7 എണ്ണം ഇനി ഡിജിറ്റൈസ് ചെയ്യാനായി ബാക്കിയാണ്. ഞാൻ ഈ 5 ലക്കങ്ങളുടെ ഉള്ളടക്ക വിശകലനത്തിലേക്ക് കടക്കുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

 

യുറീക്ക - കുട്ടികളുടെ ശാസ്ത്രമാസിക
യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ യുറീക്കയുടെ 1971ലെ ആദ്യ അഞ്ചു ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണികളും കൊടുത്തിരിക്കുന്നു

രേഖകൾ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ ഓരോ സ്കാൻ പേജിലും വലതുവശത്ത് കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നത് ക്ലിക്ക് ചെയ്യുക.

 

യുറീക്ക 1971 ലക്കം 1

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1971 ജനുവരി
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

യുറീക്ക 1971 ലക്കം 2

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1971 ഫെബ്രുവരി
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

യുറീക്ക 1971 ലക്കം 3

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1971 മാർച്ച്
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

യുറീക്ക 1971 ലക്കം 4

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1971 ഏപ്രിൽ
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സെന്റ് ജോസഫ്സ് ഐഎസ് പ്രസ്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

യുറീക്ക 1971 ലക്കം 5

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1971 മേയ്
  • താളുകളുടെ എണ്ണം: 60
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സെന്റ് ജോസഫ്സ് ഐഎസ് പ്രസ്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

 

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  80
      • ഡിജിറ്റൈസ് ചെയ്ത  യുറീക്ക മാസിക: എണ്ണം – 12

 

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം മുതലായ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം

പൊതുസഞ്ചയത്തിലുള്ള വളരെ പഴയ മലയാളപുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകണവും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പല വിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യമുള്ള സംഗതിയാണ്. എന്നാൽ ഈ മേഖലയിൽ അധികം പേർ കൈവെച്ച് കാണുന്നില്ല.

എന്നാൽ തിരുവനന്തപുരത്തുള്ള കാർമ്മേൽ ഇന്റർനാഷണൽ പബ്ലിഷിങ്ങ് ഹൗസ് (http://www.carmelpublications.com) ഇങ്ങനെയുള്ള ഒരു പ്രസിദ്ധീകരണസ്ഥാപനം ആണെന്ന് കാണുന്നു. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്ഥാപനം ആയതിനാലും ആദ്യകാലത്തെ പല മലയാളപുസ്തകങ്ങളും കത്തോലിക്ക മിഷണറിമാരാണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും അത്തരം പുസ്തകങ്ങളിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സംക്ഷേപവേദാർത്ഥത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് തേടിപോയപ്പോൾ വളരെ യാദൃശ്ചികമായാണ് അവരുടെ സൈറ്റിൽ എത്തിപ്പെട്ടത്. അവരുടെ കാറ്റലൊഗിൽ എനിക്ക് താല്പര്യമുണ്ടെന്ന് തോന്നിയ വേറെ ചില പുസ്തകങ്ങൾ കൂടെ കണ്ടു. ഓൺലൈൻ വഴി സേവനം ഇല്ലാത്തതിനാൽ വെള്ളെഴുത്തിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്ന് പുസ്തകങ്ങൾ വാങ്ങി. പുസ്തകം കൈയ്യിൽ കിട്ടി അതിന്റെ ഉള്ളടക്കം വായിച്ചപ്പോഴാണ് ഇത് വളരെ പഴയ ചില മലയാള പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം ആണെന്ന് മനസ്സിലായത്.   ഞാൻ വാങ്ങിയ പുസ്തകങ്ങളുടെ വിശദാംശങ്ങൾ താഴെ കുറിക്കുന്നു. ഇത്തരം കൃതികളിൽ താല്പര്യമുള്ളവരുടെ അറിവിലെക്കാണ് ഇത് കുറിക്കുന്നത്. കാരണം ഈ കൃതികൾ വേറെ ഒരിടത്തും ഇപ്പോൾ ലഭ്യമല്ല.

സംക്ഷേപവെദാർത്ഥം

ഞാൻ ഈ കൃതി തപ്പിയാണ് അവരുടെ സൈറ്റിൽ എത്തിയത്. പുസ്തകത്തിന്റെ വിവരങ്ങൾ ഒക്കെ അറിയാവുന്നതിനാൽ പ്രത്യേകിച്ച് ഒന്നും നോക്കാതെ അത് തിരഞ്ഞെടുത്തു. പക്ഷെ സംഗതി കൈയ്യിൽ കിട്ടി നോക്കിയപ്പോഴാണ് ചില പ്രത്യെകതകൾ കണ്ടത്.

1980കളിൽ ആണ്  സംക്ഷേപവെദാർത്ഥം ഡിസി ബുക്സും കാർമ്മേലും ചേർന്ന് പുനഃപ്രസിദ്ധീകരിക്കുന്നത്. എനിക്ക് കിട്ടിയതും അച്ചടിച്ച അതേ പതിപ്പിന്റെ കോപ്പികൾ തന്നെ. അവർ പഴയ കോപ്പി വിറ്റ് ഒഴിവാക്കിയതണോ എന്തോ, എന്തായാലും അവർ 33 വർഷം പഴക്കമുള്ള 1980ലെ പതിപ്പ് തന്നെ തന്നതിൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു 🙂 (ഇതിന്റെ എത്ര കോപ്പികൾ ബാക്കി ഉണ്ടോ ആവോ?)

പ്രാചീന മലയാളലിപിമാല

പ്രാചീന മലയാളലിപികളെ കുറിച്ചുള്ള ഒരു പുസ്തകം ആയതിനാൽ രസമുള്ള സംഗതികൾ ഉണ്ടെന്ന് കരുതിയാണ് വാങ്ങിയത്.

പക്ഷെ വായിച്ചിതുടങ്ങിയപ്പോഴല്ലെ ഇത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം-ന്റ മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണെന്ന് മനസ്സിലായത്. പക്ഷെ പുസ്തകത്തിന്റെ കവർ പേജിലും മറ്റും ആൽഫബെത്തും എന്നത് സൂചിപ്പിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു പുസ്തകം മലയാളത്തിൽ തന്നെ ഉള്ളപ്പോഴാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ ഉള്ള ഏ/ഓ യെ കുറിച്ചുള്ള പരാമർശത്തിന്റെ അർത്ഥമറിയാൻ ഞാൻ ലാറ്റിൻ അറിയുന്ന ഒരാളെ തപ്പി പൊയത്!

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പലായ ഫാ: എമ്മാനുവൽ ആട്ടേൽ ആണ് ഇതിന്റെ ഭാഷാന്തരവും  പഠനവും നിർവഹിച്ചിരിക്കുന്നത്.

പഴഞ്ചൊൽ മാല

ഇത് പൗളിനോസ് പാതിരിയുടെ “സെന്റം അഡാഗിയ മലബാറിക്ക”യുടെ (മലയാള ലിപിയിൽ 1791-ൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊൽ ശെഖരം) മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണ്.

centum

പ്രാചീനമലയാളലിപിമാല എന്ന ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പോലെ തന്നെ ഈ പുസ്തകത്തിന്റെ കവർ പേജിൽ ഇത് സെന്റം അഡാഗിയ മലബാറിക്കയുടെ മലയാള പതിപ്പ് ആണെന്ന് സൂചനയേ കൊടുത്തിട്ടില്ല.  ഫാ: എമ്മാനുവൽ ആട്ടേൽ തന്നെയാണ്  ഈ പുസ്തകത്തിനു പിന്നിലും.

വേദതർക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക

ഈ പുസ്തകവും ഫാ: എമ്മാനുവൽ ആട്ടേലിന്റെ വകയാണ്. ഭാഷാശാസ്ത്രം എന്ന തലക്കെട്ട് കണ്ടതു കൊണ്ടാണ് ഞാൻ സംഗതി വാങ്ങിയത്. പക്ഷെ വാങ്ങി താളുകൾ മറിച്ചു നോക്കിയപ്പൊഴല്ലേ ഇത് കരിയാറ്റിൽ ജോസഫ് മല്പാന്റെ വേദതർക്കം എന്ന കൃതിയുടെ പാഠവും പഠനവും ആണെന്ന് പിടികിട്ടിയത്. 1768ൽ ആണ് വേദതർക്കം രചിക്കപ്പെട്ടതെന്ന് കരുതുന്നു. വേദതർക്കത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത അത് കർസോൻ/കർസോനി ലിപിയിൽ (മലയാളം സുറിയാനി ലിപിയിൽ എഴുതുന്ന രീതി) ആണ് ഇത് എഴുതിയിരിക്കുന്നത് എന്നതാണ്.

kursoni

വേദതർക്കത്തിന്റെ കർസോൻ/കർസോനി ലിപിയിൽ ഉള്ള മൂലവും അതിന്റെ മലയാള ലിപിയിൽ ഉള്ള പാഠവും പിന്നെ എമ്മാനുവൽ ആട്ടേലിന്റെ വക പഠനവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൈയ്യെഴുത്ത് പ്രതിയായി നിലനിന്നിരുന്ന  വേദതർക്കത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പ് ആണെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. ഈ പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതിയെന്നും (സംക്ഷെപത്തിനും മുൻപ്) അദ്ദേഹം പറയുന്നുണ്ട്.

ചുരുക്കത്തിൽ മലയാളഭാഷയുടെ ഗദ്യസാഹിത്യവുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള നാല് പുസ്തകങ്ങൾ ആണ് കാർമ്മേലുകാർ അടിച്ചിറക്കുന്നത്. പക്ഷെ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ഉള്ളവരുടേയും പുസ്തകത്തിന്റെ കവർ തയ്യാറാക്കിയവരുടേയും അശ്രദ്ധ മൂലം ഈ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ചുരുങ്ങിയ പക്ഷം മൂന്നു പുസ്തകത്തിലും പുസ്തകത്തിന്റെ കവർ പേജിലെങ്കിലും മൂലകൃതിയുടെ പേര് കൊടുത്തിരുന്നെകിൽ ഫാ: എമ്മാനുവൽ ആട്ടേലിന്റെ പ്രയത്നം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നില്ല. ലാറ്റിനും കുർസോനിയും ഒക്കെ അറിയുന്നതിനാൽ മലയാളവുമായി ബന്ധപ്പെട്ട് അച്ചനു മുൻപോട്ട് ഒത്തിരി പണിയുണ്ടാകുമെന്ന് ഞാൻ പറയും 🙂

 

ഈ പുസ്തകങ്ങൾ വാങ്ങാൻ  ഒന്നുകിൽ മണി ഓർഡർ അല്ലെങ്കിൽ തിരുവനന്തപുരത്തുള്ള ആരെ കൊണ്ടെങ്കിലും വാങ്ങിപ്പിക്കുക എന്നിങ്ങനെ 2 വഴികളേ ഉള്ളൂ. (ഈ പോസ്റ്റ് ഇട്ടതിനു കർമ്മേലുകാർ കമ്മീഷൻ തരുമോ ആവോ :))

1772- നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷെപവെദാർത്ഥം- അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം

ഇത് വരെ ഞാൻ അവതരിപ്പിച്ച സ്കാനുകളിൽ വളരെ വിശേഷപ്പെട്ട ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷെപവെദാർത്ഥത്തിന്റെ 1772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

Pages from samkshepavedartham_1772

നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം എന്നാണ് പുസ്തകത്തിന്റെ പൂർണ്ണനാമം. പലവിധ കാരണങ്ങൾ കൊണ്ട് വിശേഷപ്പെട്ട സ്കാൻ ആണിത്. ചില കാരണങ്ങൾ

  • അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം. മലയാളപുസ്തകം അല്ലെങ്കിലും സംക്ഷേപം അച്ചടിക്കാനായി നിർമ്മിച്ച അച്ചുപയോഗിച്ച് ആദ്യമായി മലയാളലിപി അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ പുസ്തകം നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. എന്നാൽ അത് ലത്തീൻ കൃതി ആണല്ലോ. അതിനാൽ ആദ്യത്തെ മലയാള അച്ചടി പുസ്തകം എന്ന പ്രത്യേകത ആണ് സംക്ഷേപവേദാർത്ഥത്തെ വൈശിഷ്ട്യമുള്ളതാക്കുന്നത്.
  • 250 വർഷങ്ങൾക്ക് മുൻപുള്ള മലയാളലിപിയും എഴുത്തും ഭാഷാശൈലിയും ഒക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
  • മലയാളലിപി സ്റ്റാൻഡേർഡൈസ് ചെയ്യാൻ നടത്തിയ ആദ്യ ശ്രമം.
  • ഈ മലയാളപുസ്തകത്തിന്റെ രചന ക്ലെമെന്റ് പിയാനിയസ് എന്ന ഇറ്റാലിയൻ പുരോഹിതൻ ആണ്.
  • 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. നിലവിൽ ലോകത്ത് വളരെ കുറച്ച് പ്രതികൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.

സംക്ഷേപവേദാർത്ഥത്തിന്റെ ആദ്യത്തെ പ്രതിയുടെ സ്കാൻ നമുക്ക് ലഭ്യമാകുവാൻ സഹായിച്ചതിലും ഇത് ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ പിഡിഎഫ് ആയി കിട്ടുവാനും കുറച്ചധികം പേർ സഹായിച്ചിട്ടുണ്ട്. പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനു മുൻപ് അവരൊട് ഉള്ള നന്ദി രേഖപ്പെടുത്തട്ടെ.

ഈ പുസ്തകം നമുക്ക് കിട്ടിയിരിക്കുന്നത് ബാംഗ്ലൂരിലുള്ള ധർമ്മാരാം വൈദീക സെമിനാരിയുടെ ലൈബ്രറിയിൽ നിന്നാണ്. കത്തോലിക്ക സഭയുടെ CMI Congregation ന്റെ ഒരു പ്രധാനപ്പെട്ട സെമിനാരി ആണ് ബാംഗ്ലൂരിലുള്ള  ധർമ്മാരാം കോളേജ്. അവിടെ സംക്ഷേപ വേദാർത്ഥതിന്റെ 1772-ൽ അടിച്ച ഒരു പതിപ്പ് ഉണ്ടായിരുന്നു. അതിന്റെ സ്കാനാണ് നമുക്ക് കിട്ടിയിരിക്കുന്നത്. അത് നമുക്ക് ലഭ്യമാക്കുവാൻ സഹായിച്ച താഴെ പറയുന്ന ചിലരെ നന്ദിയോടെ സ്മരിക്കുന്നു.

  • ധർമ്മാരാം വൈദീക സെമിനാരിയിലെ വിദ്യാർത്ഥിയും മലയാളം വിക്കിസംരംഭങ്ങളുടെ അഭ്യുദയകാംഷിയുമായ ജെഫ് ഷോൺ ജോസ് ആണ് ഇതിനു ചുക്കാൻ പിടിച്ചത് . കൊല്ലത്ത് നടന്ന വിക്കിസംഗമോത്സവത്തിൽ “പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും” എന്ന അവതരണത്തിലൂടെ ജെഫ്  വിക്കിസംഗമോത്സവത്തിൽ പങ്കെടുത്ത എല്ലാവരുടേയും സവിശേഷ പിടിച്ചു പറ്റിയത് സംഗമോത്സവത്തിൽ പങ്കെടുത്ത മിക്കവരും ഓർക്കുന്നുണ്ടാവുമല്ലോ . ജെഫാണ് സംക്ഷേപവേദാർത്ഥം നമുക്ക്  ധർമ്മാരാം വൈദീക സെമിനാരിയിൽ നിന്ന് ലഭിക്കുവാനായുള്ള പ്രവർത്തനങ്ങൾ എല്ലാം ക്രോഡീകരിച്ചത്.
  •  ഇത് സ്കാൻ ചെയ്യുവാൻ ഉള്ള അനുമതി തന്ന ധർമ്മാരാം വൈദീക സെമിനാരി ലൈബ്രേറിയൻ ഫാദർ തോമസ് കുനിയത്തോടത്ത്, സഹ ലൈബ്രേറിയൻ ഫാദർ ജിയോ പള്ളിക്കുന്നേൽ എന്നിവർക്ക് പ്രത്യേക നന്ദി. അവരുടെ അനുമതി ഇല്ലായിരുന്നെങ്കിൽ  ഇതു നമുക്ക് ലഭ്യമാകുമായിരുന്നില്ല.
  •  പുസ്തകം സ്കാൻ ചെയ്തു തന്ന ലൈബ്രറി അസിസ്റ്റന്റായ ഷൈജു. ഷൈജുവിനു പ്രത്യേക നന്ദി പറയേണ്ടതുണ്ട്. വെറുതെ ഫോട്ടോസ്റ്റാന്റ് എടുക്കുന്ന പോലെ സ്കാൻ ചെയ്ത് തരികയല്ല ഷൈജു ചെയ്തത്. ഇത്ര പഴക്കമുള്ള പുസ്തകത്തിനു അതിന്റെ എല്ലാ തനിമയും നിലനിർത്താൻ ഹൈ റെസലൂഷൻ സ്കാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കി ആ വിധത്തിൽ തന്നെ ഷൈജു അത് ചെയ്തു എന്ന് എടുത്ത് പറയണം. റെസലൂഷൻ കൂടുതലായതിനാൽ സ്കാൻ ചെയ്ത ഫയലുകൾ കിട്ടിയപ്പോൾ ഓരോ താളൂം 20 MB ക്കു മേൽ സൈസ് ഉണ്ടായിരുന്നു.
  •  സ്കാൻ ചെയ്ത് ഫയലുകൾ എല്ലാം കൂടി ഷോൺ എനിക്ക് തന്നുവെങ്കിലും അതിന്റെ പോസ്റ്റ് പ്രോസസിങ്ങ് വലിയ വെല്ലുവിളി ആയിരുന്നു. എല്ലാവരും പല വിധ തിരക്കിലായതിനാൽ പൊസ്റ്റ് പ്രോസസിങ്ങിനായി ഏകദേശം ഒരു മാസം എടുത്തു.  അതിനായി വിവിധ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്നെ വിശ്വപ്രഭ, കെവിൻ എന്നിവരോടുള്ള കടപ്പാട് അറിയിക്കട്ടെ. പുസ്തകം അതിന്റെ എല്ലാ തനിമയൊടും ഡിജിറ്റൈസ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിൽ ഏറ്റവും പ്രയാസമേറിയ ഭാഗം പോസ്റ്റ്പ്രോസസിങ്ങ് ആണ് എന്ന് മനസ്സിലാവുന്നു. ഇതിന്റെ പോസ്റ്റ് പ്രോസസിങ്ങിൽ വിശ്വപ്രഭയും കെവിനും നേരിട്ട ബുദ്ധിമുട്ടുകൾ ഞാൻ നേരിട്ട് കണ്ടതാണ്. അവർ ചെയ്ത സഹായങ്ങൾക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.

അങ്ങനെ നിരവധി പേരുടെ പ്രയത്നനത്താൽ നമുക്ക് ലഭ്യമായിരിക്കുന്ന ഈ സ്കാൻ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നു.

നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാനിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ:

  • പഴമയുടെ എല്ലാ ഗന്ധവും പേറുന്ന ഗ്രന്ഥം. ഇന്നേക്ക് 241 വർഷങ്ങൾക്ക് മുൻപ് അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള ഗ്രന്ഥം.  രണ്ടാമത്തെ താളിൽ നിന്ന് പുസ്തകത്തിന്റെ പഴക്കം ശരിക്കും വായിച്ചെടുക്കാം. പഴക്കം പൂലം താളുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു
  • ഇതിനകം നമ്മൾ മലയാളവ്യാകരണ കാറ്റിസം, പിന്നെ ക്രിസ്തീയ വേദോപദേശം എന്നിങ്ങനെ രണ്ട് കാറ്റിസം പുസ്തകങ്ങൾ പരിചയപ്പെട്ടിരുന്നല്ലോ. ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം എന്ന് നമ്മൾ ഇതിനകം മനസ്സിലായല്ലോ. സംക്ഷെപവേദാർത്ഥവും ഒരു കാറ്റിസം പുസ്തകമാണ്. ക്രൈസ്തവമതതത്ത്വങ്ങൾ (ഒന്ന് കൂടെ കൃത്യമായി പറഞ്ഞാൽ കത്തോലിക്ക സഭയുടെ മതതത്ത്വങ്ങൾ) ചോദ്യോത്തരരൂപത്തിൽ രൂപത്തിൽ പഠിപ്പിക്കുക എന്നതാണ് സംക്ഷെപവേദാർത്ഥത്തിന്റെ ഉദ്ദേശം. അതിനാൽ തന്നെ ശിഷ്യൻ ഗുരുവിനോട് ചൊദ്യങ്ങൾ ചോദിക്കുന്നതും ഗുരു അതിനു ഉത്തരം പറയുന്നതും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.
  • സർവ്വെശ്വരായെനമഃ എന്ന സംസ്കൃതവാചകത്തിലാണ് ആദ്യത്തെ താൾ തുടങ്ങുന്നത്. പൊതുവെ  മലയാളത്തിലുള്ള ഹൈന്ദവകൃതികളുടെ (അക്കാലത്ത് മുഖ്യമായും എഴുത്തോലയിൽ ഉള്ളത്) ആരംഭത്തിൽ ഉണ്ടായിരുന്ന “ഹരിശ്രീഗണപതായെ” എന്നത് പകർത്തി ക്രൈസ്തവവൽക്കരിച്ചതാവാം.
  • മലയാള അക്കം ഉപയോഗിച്ചിരിക്കുന്നു. മലയാള അക്കങ്ങൾ എഴുതുന്നതിനു അക്കാലത്ത് എഴുത്തിൽ സ്വാഭാവികമായി ഉണ്ടായിരുന്ന രീതി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുസ്തകത്തിൽ മൊത്തത്തിൽ കാണാം. പഴയ രീതിയിൽ മലയാള അക്കങ്ങൾ എഴുതുന്നതിനെ കുറിച്ചുള്ള വിശദമായ കുറിപ്പിനു മലയാള അക്കങ്ങൾ എന്ന പൊസ്റ്റ് കാണുക.
  • മലയാള അക്കം ഒന്നിനു ഏകദേശം പഴയ ൾ നോട് സാദൃശം ഉള്ള ഒരു രൂപമാണ്.
  •  സംവൃതോകാരം ഉപയോഗിച്ചിട്ടില്ല. 1847ൽ ബാസൽ മിഷൻകാർ മീത്തൽ ഭാഷയിൽ അവതരിപ്പിക്കുന്നത് വരെ സംവൃതോകാരം ചിലയിടങ്ങളിൽ ു കാരം ഉപയോഗിച്ചും ബെയിലി പ്രത്യേക ചിഹ്നം ഉപയോഗിച്ചും എഴുതിയിരുന്നു എന്നും വേറെ ചിലയിടത്ത് അത് എടുത്ത് എഴുതുന്ന രീതി തന്നെ ഉണ്ടായിരുന്നില്ല എന്നും നമ്മൾ ഇതിനകം പരിചയപ്പെട്ട സ്കാനുകളിലൂടെ മനസ്സിലാക്കിയതാണ്. ഈ പുസ്തകത്തിലും സംവൃതോകാരത്തിനു ചിഹ്നം ഒന്നും ഉപയോഗിച്ചിട്ടില്ല.
  • അക്കാലത്ത് കൈയ്യെഴുത്തിൽ വാക്കുകൾക്ക് ഇടയിൽ സ്പേസ് ഉപയോഗിക്കുന്ന രീതി ഇല്ലാത്തതിനാൽ ഇതിലും വാക്കുകൾക്ക് ഇടയിൽ സ്പേസ് ഇല്ല.
  • അക്കാലത്തെ കൈയ്യെഴുത്തിൽ കാണുന്ന മാതിരി തന്നെ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ പൂർണ്ണവിരാമമോ മറ്റ് ചിഹ്നങ്ങളോ ഇല്ല.  ബെഞ്ചമിൻ ബെയിലി ഇതിനായി ആദ്യം * എന്ന ചിഹ്നവും പിന്നീട് പൂർണ്ണവിരാമചിഹ്നവും (.) ഉപയോഗിച്ചത് നമ്മൾ കണ്ടതാണ്.
  • ച്ച, മ്മ എന്നീകൂട്ടക്ഷരങ്ങൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഒന്നിനുമുകളിൽ ഒന്ന് കയറ്റി വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിധത്തിലുംച്ച, മ്മ എന്നീകൂട്ടക്ഷരങ്ങൾ എഴുതിരുന്നു എന്നത് പഴയ കൈയ്യെഴുത്തു പ്രതികൾ കാണുമ്പോൾ വ്യക്തമാകുന്നുണ്ട് (ഉദാ: അർണ്ണോസ് പാതിരിയുടെ കൈയ്യെഴുത്ത്, ബാസൽ മിഷന്റെ ലിത്തോ പതിപ്പുകൾ. അതിനാൽ ഇത് അച്ച് ലാഭിക്കാൻ വേണ്ടി ചെയ്തതല്ല എന്ന് മനസ്സിലാക്കാം)
  • അച്ചുലാഭിക്കാൻ വേണ്ടി ആവണം പറ്റുന്നിടത്തൊക്കെ അനുസ്വാരം ഉപയോഗിച്ചിട്ടൂണ്ട്. അതിനാൽ തമ്പുരാൻ എന്നത് തംപുരാൻ എന്നാണ് എഴുതിയിരിക്കുന്നത്.
  • സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങൾ പലതും നിർമ്മിച്ചിരിക്കുന്നത് രണ്ട് വ്യജ്ഞനഅച്ചുകൾ അതേ പോലെ ഒന്നിനു മുകളിൽ കൂട്ടി വെച്ചാണ്. അതിനാൽ തന്നെ താഴത്തെ വ്യജ്ഞനത്തിനു സ്വാഭാവികമായി കാണേണ്ട വലിപ്പക്കുറവ് സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങളിൽ കാണാനില്ല. ഇത് അച്ച് ലാഭിക്കാൻ വേണ്ടി ചെയ്തതാവണം. എന്നാൽ സ്ത പോലുള്ള ചില കൂട്ടക്ഷരങ്ങൾ ഈ പറഞ്ഞ വിധത്തിൽ അല്ലാതെയും കാണാം.
  • വരി മുറിയുമ്പോൾ വാക്കുകൾ പ്രത്യേകിച്ച് ഒരു മാനദണ്ഡവും ഇല്ലാതെയാണ് മുറിയുന്നത്. അതിനാൽ സ്വരചിഹ്നങ്ങൾ മാത്രമായി ചില വരികളിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കാണാം. ഈ പ്രത്യേകത നമ്മൾ ഇതിനകം പരിചയപ്പെട്ട വിവിധ ലിത്തോ പതിപ്പുകളിലും കൈയ്യെഴുത്ത് പ്രതികളിലും കണ്ടതാണ്.
  •  ഏ, ഓ എന്നീ സ്വരങ്ങൾ അന്ന് എഴുത്തിൽ ഉപയൊഗിക്കുന്ന പതിവ് ഇല്ലാത്തതിനാൽ ഈ സ്വരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഈ പുസ്തകത്തിലും ഉപയോഗിച്ചിട്ടില്ല ഇല്ല. അതിനു പകരം എ,ഒ ഉപയോഗിച്ചിരിക്കുന്നു.
  •  “ഈ”യ്ക്കായി എന്ന രൂപം തന്നെ.
  • ന്റ യുടെ രൂപം ൻററ എന്നാണ്.
  • റ്റ യുടെ രൂപം ററ എന്നാണ്
  • ഗു, ശി എന്നിങ്ങനെ ഗുരു, ശിഷ്യൻ എന്നീ വാക്കുകൾക്ക് ചുരുക്കെഴുത്ത് ഉപയോഗിച്ചിട്ടുണ്ട്.
  • ചിലവാക്കുകൾ വാമൊഴി അതേ പോലെ എഴുത്തിൽ ആക്കിയിരിക്കുക ആണെന്ന് തോന്നും. ഉദാഹരണം ഒറങ്ങാൻ (ഉറങ്ങാൻ), രായിലെ (രാവിലെ)
  • പുസ്തകത്തിന്റെ അവസാനം ഒരു ശുദ്ധിപത്രം കൊടുത്തിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം “ഇപുസ്തകത്തിലുള്ളപിണക്കമൊകയുംതീർത്തകൊൾവാൻഎടമില്ലാഞ്ഞിട്ടഒന്നരണ്ടപൊക്കുന്നെയുള്ളുആവിത”

ഞാൻ ഇത് കൊണ്ട് നിറുത്തട്ടെ. ഈ പുസ്തകത്തെ കൂടുതൽ വിശകലനം ചെയ്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ ഓരോരുത്തരും ശ്രമിക്കുമല്ലോ.

കുറിപ്പ്: പുസ്തകത്തിലെ DC Archives എന്ന ലേബൽ കണ്ടു തെറ്റുദ്ധരിക്കണ്ട. Dharamaram College Archives എന്നതിന്റെ ചുരുക്കമാണത്. 🙂

പുസ്തകത്തിന്റെ സ്കാനിന്റെ കണ്ണികൾ താഴെ കൊടുക്കുന്നു. തൽക്കാലം പുസ്തകത്തിന്റെ തനിമ നിലനിർത്താൻ ഹൈറെസലൂഷൻ സ്കാൻ ആണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ സൈസ് അല്പം കൂടുതലാണ് (28 MB). സൈസ് കുറഞ്ഞ ലോ റെസലൂഷൻ സ്കാനുകൾ അടുത്ത ദിവസങ്ങളിൽ ശരിയാക്കാം.