Dissertation the second on the Malayalma language -1815

എന്ന പേരിൽ മലയാള ഭാഷയെ സംബന്ധിക്കുന്ന ഒരു പുസ്തകം കണ്ടു. F.W. Ellis ആണ് രചയിതാവ്. വർഷം 1815 ആണെന്ന് കാണുന്നു. അതിനാൽ തന്നെ മലയാളത്തെ കുറിച്ചുള്ള പുസ്തകം ആയിട്ട് കൂടി ഇതിൽ മലയാളം അച്ച് ഇതിൽ ഉപയോഗിച്ചില്ല (കാരണം കേരളത്തിൽ  1820കളിൽ ബെയിലി ആണല്ലോ ആദ്യമായി അച്ച് നിർമ്മിക്കുന്നത്). എന്നാൽ ഇതിൽ തമിഴ് അച്ചുകൾ ഉപയോഗിച്ചിട്ടുണ്ട് താനും. മലയാള അക്ഷരങ്ങൾ റോമനൈസ് ചെയ്താണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

1815-Dissertation the second on the Malayalma language
1815-Dissertation the second on the Malayalma language

 

40 ഓളം താളുകൾ മാത്രമുള്ള ചെറു കൃതി ആണിത്. മലയാള-തമിഴ് താരതമ്യവും, വ്യാകരണവും മലയാള നാട്ടിലെ ചില സാമൂഹ്യ കാര്യങ്ങളും എല്ലാം ഒന്ന് തൊട്ട് പോകുന്നു. പുസ്തകത്തിൽ ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തെ കുറിച്ചൊക്കെ പരാമർശം ഉണ്ട്.

 

സ്കാൻ ഇവിടെ ലഭ്യമാണ്. https://archive.org/details/1815DissertationTheSecondOnTheMalayalmaLanguage

1772 – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

ആദ്യമായി മലയാളലിപി അച്ചടിച്ച പുസ്തകം എന്നാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം (Albhabetum grandonico malabaricum) എന്ന കൃതിയെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ കെ.എം. ഗോവി വിശെഷിപ്പിക്കുന്നത്.

Alphabetum Grandonico Malabaricum ശീർഷകത്താൾ

 

ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അതിനെ വ്യാകരണത്തെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു കൊണ്ട് ലാറ്റിൻ ഭാഷയിൽ എഴുതിയ പുസ്തകം ആണിത്. അതിനാൽ തന്നെ ആദ്യമായി അച്ചടിച്ച മലയാളവ്യാകരണഗ്രന്ഥവും ഈ ലാറ്റിൻ കൃതി ആണെന്ന് പറയാം.

മലയാളം വിക്കിപീഡിയയിലെ ആൽഫബെത്തും എന്ന ലേഖനത്തിൻ നിന്ന്

മലയാള ലിപികളുടെ വ്യത്യസ്തമായ മാതൃകകളെക്കുറിച്ച് ചർച്ചചെയ്തു് അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണു് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം സൈവ് സംസ്കൃതോണിക്കം. (Alphabetum grandonico-malabaricum sive samscrudonicum). ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ ‘കല്ലച്ചുകൾ'(movable type) ഉപയോഗിച്ച് ആദ്യമായി മലയാളം അക്ഷരങ്ങൾ അച്ചടിച്ചതു് ഈ പുസ്തകത്തിലായിരുന്നു.

ആൽഫബെത്തും എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം 1772-ൽ റോമിലെ കോൺഗ്രഗേഷ്യോ ഡി പ്രൊപ്പഗാന്റാ ഫൈഡേ എന്ന അച്ചുകൂടത്തിൽ നിർമ്മിക്കപ്പെട്ടു. 16×10 സെ.മീ. വലിപ്പത്തിൽ നൂറു പേജുകളുള്ള ലത്തീൻ ഭാഷയി ൽഎഴുതപ്പെട്ട ഈ പുസ്തകത്തിന്റെ അവതാരിക എഴുതിച്ചേർത്തതു് അച്ചുകൂടം മാനേജരായിരുന്ന ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ് ആയിരുന്നു.

28 പേജുകൾ വരുന്ന ഈ അവതാരികയിൽ മലയാളത്തിലെ ഏറ്റവും ആദ്യത്തെ മുദ്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ടു്. ഗ്രന്ഥമലയാളം അഥവാ സംസ്കൃതം അക്ഷരമാല മലബാർ പ്രദേശത്തു് ഉപയോഗിച്ചുവരുന്ന മൂന്നു ലിപിവിന്യാസരീതികളിൽ ഒന്നാണെന്നു് അമദാത്തിയസ് സൂചിപ്പിച്ചിരിക്കുന്നു. പതിനാറു സ്വരങ്ങളും 35 വ്യഞ്ജനങ്ങളും അടങ്ങുന്ന 51 അടിസ്ഥാനലിപികളാണു് ഭാഷയിലുള്ളതെന്നും എന്നാൽ അച്ചടിയുടെ ആവശ്യത്തിനു് ഇവയെ ഉൾച്ചേർത്ത 1128 അച്ചുകൾ വാർത്തെടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ടു്.

അവതാരിക അവസാനിക്കുന്നതു് “അലക്സാൻഡ്രിയയിലെ ക്ലമന്റ് പിയാനിയൂസ് ഈ ഭാഷയിലേക്കു വിവർത്തനം ചെയ്ത ക്രിസ്തീയ വേദസാരം നമ്മുടെ അച്ചുകൂടം ഉദ്വേഗത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന സൂചനയോടെയാണു്. ഈ വാക്യത്തിൽ ഉദ്ദേശിക്കുന്ന ക്രിസ്തീയവേദസാരം തന്നെയാണു് ആദ്യത്തെ മലയാള അച്ചടി ഗ്രന്ഥമായ സംക്ഷേപവേദാർത്ഥം. റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു് ആൽഫബെത്തും എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം.

ഇങ്ങനെ ആദ്യമായി മലയാളം അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ഈ കൃതിയുടെ സ്കാനും നമുക്ക് ലഭ്യമായിരിക്കുന്നു. സ്പാനിഷ് നാഷണൽ ലൈബ്രറി സൈറ്റിൽ നിന്നാണ് ഈ ഡിജിറ്റൽ സ്കാൻ തപ്പിയെടുത്തത്. ഈ സ്കാൻ ആർക്കൈവ്.ഓർഗ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി ഇതാ: