1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്തുവേറ്റ്

ആമുഖം

ഗാർത്തുവേറ്റ് സായിപ്പ് സ്കൂളുകളിലെ വ്യാകരണപഠനത്തിനായി രചിച്ച മലയാള വ്യാകരണസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 78-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള വ്യാകരണസംഗ്രഹം
  • പതിപ്പ്: പന്ത്രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 37
  • പ്രസിദ്ധീകരണ വർഷം:1903
  • രചയിതാവ്: ലിസ്റ്റൻ ഗാർത്തുവേറ്റ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - മലയാള വ്യാകരണസംഗ്രഹം - ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്
1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്നത് പോലെ ഇതു ലഘുമലയാളവ്യാകരണമാണ്. പുസ്തകത്തിന്റെ തുടക്കത്തിലെ ആമുഖത്തിൽ ഇത് സ്കൂൾക്കുട്ടികൾക്ക് വേണ്ടിയുള്ള ലഘുവ്യാകരണം ആണെന്ന് ഗാർത്തുവേറ്റ് സായിപ്പ് പറയുന്നുണ്ട്. താൻ ഈ വ്യാകരണം എഴുതായി ഉപയോഗിച്ച രീതി ഒക്കെ അദ്ദേഹം ആമുഖത്തിൽ പ്രസ്താവിക്കുന്നുണ്ട്. 1903 ആയപ്പോഴേക്ക് ഇതിനു പന്ത്രണ്ട് പതിപ്പ് ആയ സ്ഥിതിക്ക് ഈ വ്യാകരണം അക്കാലത്ത് ജനകീയമായിരുന്നു എന്നു കരുതാം.

ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1883-മലയാള വ്യാകരണ സംഗ്രഹം-ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

ആമുഖം

ഗാർത്തുവെയിറ്റ് സായ്പ് സ്കൂൾ വിദ്യാഭാസത്തിനു (പൊതുവെ കേരളത്തിലെ സർക്കാർ തലത്തിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു) നൽകിയ സംഭാവനകൾ ആരെങ്കിലും പഠിച്ചിട്ടൂണ്ടോ എന്ന് അദ്ദേഹവുമായി ബന്ധപെട്ട ഓരോ പുസ്തകവും കണ്ടെടുക്കുമ്പോൾ ഉയരുന്ന സംശയമാണ്.  ഗുണ്ടർട്ടിനു പകരക്കാരൻ ആയി വന്നതാണോ ഗാർത്തു‌വെയിറ്റ് സായിപ്പിന്റെ സംഭാവനകൾ ആരും ശ്രദ്ധിക്കാതെ പോകാൻ കാരണം എന്നു സംശയമുണ്ട്. കുറഞ്ഞത് 1900 വരെയെങ്കിലും മലയാള പാഠ്യപദ്ധ്യതിയിൽ വളരെ സജീവമായി ഗാർത്തുവെയിറ്റ് സായ്‌പ് ഇടപ്പെട്ടിരുന്നു എന്ന് അദ്ദേഹം ഉൾപ്പെട്ടിട്ടുള്ള ഒരോ പഴയ പുസ്തകം കണ്ടെടുക്കുമ്പോൾ മനസ്സിലായി വരുന്നു.

ലിസ്റ്റൻ_ഗാർത്ത്‌വെയിറ്റ്
ലിസ്റ്റൻ_ഗാർത്ത്‌വെയിറ്റ്

 

ഗാർത്തുവെയ്‌റ്റ് സായിപ്പിന്റെ കൈമുദ്ര പതിഞ്ഞ 2 പുസ്തകങ്ങൾ നമ്മൾ ഇതിനകം കണ്ടു (ഒന്ന്, രണ്ട് ). ഈ പോസ്റ്റിൽ ഗാർത്തുവെയ്‌റ്റ് സായ്പിന്റെ മറ്റൊരു പുസ്തകമാണ് നമ്മൾ പരിചയപ്പെടുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാള വ്യാകരണ സംഗ്രഹം
  • താളുകൾ: 32
  • രചയിതാവ്: ലിസ്റ്റൻ ഗാർത്തുവെയിറ്റ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • പ്രസിദ്ധീകരണ വർഷം: 1883
1883 - മലയാള വ്യാകരണ സംഗ്രഹം - ലിസ്റ്റൻ ഗാർത്തുവെയിറ്റ്
1883 – മലയാള വ്യാകരണ സംഗ്രഹം – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

ഉള്ളടക്കം

മലയാള വ്യാകരണം വളരെ സംഗ്രഹമായി കൊടുത്തിരിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സംഗ്രഹമായതിനാൽ പുസ്തകത്തിനു വെറും 32 താളുകളേ ഉള്ളൂ താനും. സ്കാൻ ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു തളുകൾ മോശമാണ്. അത് സ്കാൻ ചെയ്തതിനെ ബാധിച്ചിട്ടൂണ്ട്. എങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ വായിക്കാവുന്ന സ്ഥിതിയിലാണ്.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകത്തിന്റെ സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലൊഡ്

Selection of Official Malayalam Documents-Liston Garthwaite-1868

മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട് എന്ന പോസ്റ്റിലൂടെ ആണ് ഞാൻ Liston Garthwaite നെ ആദ്യമായി പരിചയപ്പെടുന്നത്. Liston Garthwaite നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ ബ്ലൊഗ് പോസ്റ്റ്. മലയാളവ്യാകരണ ചോദ്യോത്തരത്തെ കുറിച്ചുള്ള പോസ്റ്റിൽ ബിജു സി.പി ഇങ്ങനെ ഒരു കമെന്റ് ഇട്ടു

ഡോ.പി.ജെ.തോമസിന്റെ പ്രശസ്തമായ
മലയാള സാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്തകത്തില്‍ ഗാര്‍ത്തൈ്വറ്റിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ചിലത് നോക്കുക….

ആദ്യമായി മലയാള വ്യാകരണം രചിച്ച ഇംഗ്ലീഷുകാരന്‍ റോബര്‍ട്ട് ഡ്രമ്മണ്ട് ആയിരുന്നു എന്ന് പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കൃതിയായ ഏൃമാാലൃ ീള വേല ങമഹമ്യമഹമങ ഘമാഴൗമഴല (മലയാള ഭാഷയുടെ വ്യാകരണം) 1799ല്‍ ബോംബെയിലെ കൂറിയര്‍ പ്രസ്സില്‍ അച്ചടിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ ഒരു പ്രതി ലണ്ടനിലെ ഇന്‍ഡ്യാ ഓഫീസ് വക ഗ്രന്ഥശേഖരത്തിലുണ്ട്.
……..
…….
എല്ലാ അധ്യായത്തിലും മലയാളത്തില്‍ വളരെ ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. അക്ഷരങ്ങളുടെ രൂപം മേല്‍ വിവരിച്ച സംക്ഷേപ വേദാര്‍ഥം എന്ന കൃതിയിലേതു തന്നെ.

….. ഗുണ്ടര്‍ട്ടിന്റെയും ഗാര്‍ത്ത്‌വൈറ്റിന്റെയും കൃതികള്‍ ഈ അടുത്ത കാലത്തു പോലും പഠിക്കപ്പെട്ടിരുന്നല്ലോ!
……
…….

ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണത്തിന്റെ ആദ്യത്തെ 552 വകുപ്പുകള്‍ 1851ലാണ് പ്രസിദ്ധീകൃതമായത്. വിദ്യാര്‍ഥികളുടെ ആവശ്യത്തെ പുരസ്‌കരിച്ച് മലയാള വ്യാകരണം (ചോദ്യോത്തരം) 1860ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിന്റെ ശേഷം ഒരു പുതിയ പതിപ്പ് അദ്ദേഹം യൂറോപ്പിലേക്കു പോയ ശേഷം മലബാര്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗാര്‍ത്തുവൈറ്റ് സായിപ്പിന്റെ സഹായത്തോടു കൂടി അച്ചടിപ്പിക്കുകയുണ്ടായി. മലയാള ഭാഷാ വ്യാകരണം 569 വകുപ്പുകള്‍ വരെ മാത്രമേ ഗുണ്ടര്‍ട്ട് എഴുതിയിരുന്നുള്ളൂ. അതേ തുടര്‍ന്നുള്ള 309 വകുപ്പുകള്‍ എല്‍. ഗാര്‍ത്തുവൈറ്റ് എഴുതിച്ചേര്‍ത്തതാണ്. …..

മലയാള സാഹിത്യവു കൃസ്ത്യാനികളും ഡോ.പി.ജെ.തോമസ്‌

Liston Garthwaite കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയുള്ള യാത്രയിൽ എനിക്ക് മലയാളത്തിലുള്ള പഴയ ഒരു സർക്കാർ രേഖ കിട്ടി. അത് നിങ്ങളുമായി പങ്ക് വെക്കുന്നു.

ഈ സർക്കാർ രേഖയിൽ  Liston Garthwaite നെ കുറിച്ച് പറയുന്നത് ഇങ്ങനെ.

  • Inspector of Schools in Malabar and Canara
  • Malayalam Examiner to the University of Madras
  • Acting Canarese translator to government and
  • Acting Malayalam translator to government

അപ്പോൾ Liston Garthwaite ആരായിരുന്നു എന്ന ചോദ്യത്തിനു ഏകദേശ ഉത്തരമായി.

ഇനി Liston Garthwaite നെ കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ പുസ്തകത്തെ (പുസ്തകങ്ങളെ) പരിചയപ്പെടുത്തട്ടെ.ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഇത് ഒരു സർക്കാർ രേഖ ആണ്. പ്രധാനമായും റവന്യൂ, കോടതി ഇവയുമായി ബന്ധപ്പെട്ട വിവിധ വ്യവഹാരങ്ങളാണ് പുസ്തത്തിന്റെ ഉള്ളടക്കം. ആദ്യത്തെ പുസ്തകത്തിൽ ഇംഗ്ലീഷിലും രണ്ടാമത്തെ പുസ്തകത്തിൽ മലയാളത്തിൽ ഇതിന്റെ പരിഭാഷയും കാണാം. (ഇതിനു സമാനമായ വേറൊരു പുസ്തകം (The Malayalam Reader, A selection of Original Papers – 1856) നമ്മൾ കുറച്ച് നാൾ മുൻപ് പരിചയപ്പെട്ടിരുന്നു. സർക്കാർ ജോലിക്കു (പ്രത്യേകിച്ച് ഇംഗ്ലീഷുകാരെ) ജോലിയുടെ സ്വഭാവവും ഭാഷയും സാഹചര്യവും ഒക്കെ മനസ്സിലാക്കിക്കൽ ആണെന്ന് തോന്നുന്നു ഇത്തരം പുസ്തകങ്ങളുടെ ഉദ്ദേശം.

പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഞാൻ വിശകലനം ചെയ്യുന്നില്ല. അത് വായനക്കാർക്ക് വിട്ടു തരുന്നു. പക്ഷെ ഇതിലെ മലയാളം പുസ്തകത്തിന്റെ അച്ചടിയും മലയാളലിപിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം എടുത്തെഴുതുന്നു.

  • ഇത് ലിത്തോഗ്രാഫി രീതി ഉപയോഗിച്ച് മലയാളത്തിൽ പ്രിന്റ് ചെയ്തത് ആണ്. ലിത്തോഗ്രാഫി ആയതിനാൽ കൈയ്യെഴുത്ത് അതേ പോലെ കാണാം.
  • അച്ചടിച്ച വർഷം1868
  • അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ. (കോട്ടയം സി.എം.എസ്. പ്രസ്സിൽ ലിത്തോഗ്രാഫിക്ക് പ്രിന്റിങ്ങ് ഉണ്ടായിരുന്നു എന്നത് എനിക്ക് പുതിയ ഒരു അറിവാണ്)
  • മലയാളം പുസ്തകം അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണെങ്കിലും ഇംഗ്ലീഷ് പതിപ്പ് അച്ചടിച്ചിരിക്കുന്നത് മദ്രാസിലാണ്.
  • മലയാളം പുസ്തകത്തിനു ഏതാണ്ട് 180ഓളം താളുകൾ ആണ് ഉള്ളത്.
  • കുറഞ്ഞത് 4 പേരെങ്കിലും മലയാളം പുസ്തകത്തിന്റെ ലിത്തോഗ്രാഫിക്കായി സഹകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കുറഞ്ഞത് നാലു തരം കൈയ്യെഴുത്ത് ഈ പുസ്തകത്തിൽ കാണാം.
  • എഴുത്തുകാർ എല്ലാവരും മലയാള അക്കങ്ങൾക്ക് പകരം അറബിക്ക് അക്കം തന്നെ ഉപയോഗിച്ചിരിക്കുന്നു.
  • വ്യത്യസ്ത എഴുത്തുകാർ ആയതിനാൽ എഴുത്തിൽ   (പ്രത്യേകിച്ച് കൂട്ടക്ഷരങ്ങൾക്ക്) പല വിധത്തിലുള്ള വ്യതിയാനങ്ങൾ കാണാം.
  • കൈയ്യെഴുത്ത് ആയതിനാലാവാം, ഈ കാലഘട്ടത്തിൽ പ്രിന്റിൽ നടപ്പായിരുന്ന ഏ, ഓ കാരങ്ങൾ ഇതിൽ ഇല്ല
  • മീത്തൽ ഇല്ല
  • അതേ പോലെ ഈയുടെ രൂപം തന്നെ.

ബാക്കി കൂടുതൽ പ്രത്യേകതകൾ കണ്ടെടുക്കാൻ വായനക്കാർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും