ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്നു

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം

പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (https://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ സഹായത്തോടെ 1840കൾക്ക് മുൻപ് അച്ചടിച്ച മിക്ക മലയാളപുസ്ത്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ നമ്മൾക്ക് കിട്ടി. 1840നു മുൻപ് അച്ചടിച്ചതിൽ 1811-ൽ അച്ചടിച്ച റമ്പാൻ ബൈബിൾ 1824-ൽ അച്ചടിച്ച ചെറുപൈതങ്ങൾ എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ മാത്രമാണ് നമുക്ക് ഇനി കിട്ടാനുള്ളത്. വിദേശസർവ്വകലാശാലകളിൽ നിന്ന് ആ പുസ്തകങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.

ഇതുവരെ കിട്ടിയ സ്കാനുകളുടെ പ്രത്യേകത എന്താണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഈ സ്കാനുകളിൽ എല്ലാം (ഞങ്ങൾ കുറച്ച് പേർ വളരെ പരിശ്രമിച്ച് സ്കാൻ ചെയ്തെടുത്ത സംക്ഷേപവെദാർത്ഥം ഒഴിച്ച്) തന്നെ നമുക്ക് ഏതെങ്കിലും  വിദേശസർവ്വകലാശാലയിലെ ഡിജിറ്റൽ ലൈബറികളിൽ (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഡിജിറ്റൽ ലൈബറികളിൽ നിന്ന്) നിന്നാണ് ലഭിച്ചത്.

1840നു മുൻപ് അച്ചടിച്ച മിക്ക പുസ്തകങ്ങളും അതിന്റെ ഡിജിറ്റൽ സ്കാനുകളും കേരളത്തിൽ തന്നെ ഉണ്ടെങ്കിലും മലയാളപൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നർക്ക് ഇതു കിട്ടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കണം എന്ന തിരിച്ചറിവിൽ നിന്നാണ് ഈ സാദ്ധ്യതകൾ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ തുനിഞ്ഞിറങ്ങിയത്. പഴയ മലയാള കൃതികളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കെ.എം. ഗോവിയുടെ “ആദിമുദ്രണം കേരളത്തിലും മലയാളത്തിലും” എന്ന പുസ്തകവും ഡോ: സ്‌കറിയ സക്കറിയയുടെ വിവിധ പുസ്തകങ്ങളും സഹായകരമായി തീർന്നു.

ഗുണ്ടർട്ട് കൃതികളുടെ ശേഖരം ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ

ഗോവിയുടെ പുസ്തകത്തിൽ നിന്നും സ്കറിയ സ്ക്കറിയയുടെ പുസ്തകത്തിൽ നിന്നും ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട പഴയ മലയാളപുസ്തകങ്ങളുടെ ചെറിയൊരു ശെഖരം ഉണ്ടെന്ന് മനസ്സിലാക്കാം. ഈ പത്ര വാർത്തയിലും
(http://www.hindu.com/mp/2005/02/03/stories/2005020301950100.htm) ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തെ കുറിച്ചുള്ള വാർത്ത കാണാം.

ഈ  സവിശേഷ ശേഖരത്തെ കുറിച്ച് മനസ്സിലാക്കിയപ്പോൾ ആദ്യം ചെയ്തത്  ട്യൂബിങ്ങൻ സർവ്വകലാശാലയുടെ നിലവിലുള്ള ഡിജിറ്റൽ ശേഖരത്തിൽ ഈ സംഗതികൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു. എങ്കിലും നിരാശ ആയിരുന്നു ഫലം.

വിക്കിമീഡിയ ജർമ്മനിയുടെ സഹായഹസ്തം

തുടർന്ന് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാൻ സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ച് വിക്കിമീഡിയ ജർമ്മനിയുമായി (Wikimedia Deutschland) ബന്ധപ്പെട്ടു. അർണ്ണൊസ് പാതിരി മുതൽ (അതിനു മുൻപും ആരെങ്കിലും ഒക്കെ ഉണ്ടാകാം) ജർമ്മൻകാർ ഏതെങ്കിലും ഒക്കെ വിധത്തിൽ മലയാളഭാഷയെ വിവിധ തരത്തിൽ  സഹായിക്കുന്നുണ്ട്. ആ സഹായഹസ്തം വിക്കിമീഡിയ ജർമ്മനിയുടെ രൂപത്തിൽ എക്സ്റ്റെറ്റ് ചെയ്യുന്നതാണ് തുടർന്ന് കണ്ടത്. എതൊക്കെ പുസ്തകം ആണ് സ്കാൻ ചെയ്ത് തരേണ്ടത് എന്ന ലിസ്റ്റ് തന്നാൽ സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാം എന്ന് വിക്കിമീഡിയ ജർമ്മനി അറിയിച്ചു. കെ.എം. ഗൊവിയുടെ ലിസ്റ്റും ഡോ: സ്കറിയ സ്ക്കറിയയുടെ ലിസ്റ്റും ആധാരമാക്കി എട്ടോളം പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് അവർക്ക് കൊടുത്തു. ആ ലിസ്റ്റ് വിക്കിമീഡിയ ജർമ്മനി, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്ത് പദ്ധതിയെ മുൻപോട്ട് നീക്കാൻ ശ്രമിച്ചു. പക്ഷെ എന്തൊകെയോ കാരണങ്ങളാൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് വിക്കിമീഡിയ ജർമ്മനിക്ക് മറുപടി കിട്ടിയില്ല. ഒരു മറുപടിക്ക് വേണ്ടി ഞങ്ങൾ ദീർഘകാലം കാത്തു. പക്ഷെ കാര്യങ്ങൾ മുൻപോട്ട് പോയില്ല. ഈ സംഭവം 2013 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആണ് നടക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി നടത്തിയ ഇടപെടൽ

വിക്കിമീഡിയ ജർമ്മനി വഴി നടത്തിയ ശ്രമങ്ങൾ വിജയിക്കാഞ്ഞതിനെ ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നടന്ന സംഭവങ്ങൾ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ കഴിയുന്ന ഒരു ബൃഹദ്പദ്ധതിക്ക് തുടക്കം കുറിക്കുന്ന നിലയിലേക്ക് എത്തി.  അതായത്, ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിക്ക് ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാല തുടക്കമിടുന്നു. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ താഴെ.

ഹൈക്കെ മോസർ സഹായത്തിനെത്തുന്നു

വിക്കിമീഡിയ ജർമ്മനി വഴി കാര്യങ്ങൾ നടക്കാഞ്ഞപ്പോൾ മറ്റ് വഴികൾക്കായി തിരഞ്ഞു. ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഒരു ഇൻഡോളജി ഡിപ്പാർട്ട്മെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രസ്തുത ഡിപ്പാർട്ട്മെന്റിൽ ഉള്ള ഹൈക്കെ മോസർ എന്ന പ്രഫസർക്ക് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് തരാൻ സഹായിക്കുമോ എന്ന് ചോദിച്ച് ഒരു മെയിൽ അയച്ചു. (ഹൈക്കെ മോസർ ജർമ്മൻകാരി ആണെങ്കിലും കേരളവും മലയാളവുമായി ബന്ധപ്പെട്ട വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു
വ്യക്തിയാണെന്ന് മനസ്സിലായത് പിനീടാണ്. ഉദാ: ഹൈക്കെ മോസറിനെ പറ്റിയുള്ള ഈ പത്ര വാർത്ത കാണുക   (http://www.hindu.com/thehindu/fr/2010/10/22/stories/2010102250550400.htm)

ഹൈക്കെ മോസർ

ഹൈക്കെ മോസറിനു എഴുതിയ കത്തിൽ, മലയാളത്തിന്റെ രാജ്യം കേരളമാണെങ്കിലും, കേരളത്തിനകത്തു നിന്ന് പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ ലഭിക്കാനുള്ള പ്രയാസം കൂടെ സൂചിപ്പിച്ചിരിക്കുന്നു. അതിന്റെ ഒപ്പം ഇതു വരെ നമുക്ക് ലഭിച്ച
പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകൾ (https://shijualex.in/list-of-malayalam-public-domain-books/)  എല്ലാം തന്നെ ഏതെങ്കിലും വിദേശസർവ്വകലാശാലയുടെ ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഏതെങ്കിലും ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്) ലഭിച്ചതാണെന്ന് സൂചിപ്പിച്ചു. അതിനാൽ കേരളത്തിനകത്തു നിന്ന് ഇക്കാര്യത്തിൽ പിന്തുണ വളരെ കുറവായതിനാൽ പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ കാര്യത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി മലയാള പൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഞങ്ങളെ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു.

എന്റെ കത്ത് കിട്ടിയപ്പോൾ തന്നെ ഹൈക്കെ മോസർ വളരെ സന്തൊഷത്തോടെ ഈ കാര്യം  ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയനുമായും മറ്റും സംസാരിക്കാം എന്ന് സമ്മതിച്ചു. ഹൈക്കെ മോസറിനു മലയാളവുമായും കേരളവുമായുള്ള ബന്ധം മൂലമാണ് അവർ ഇതിനു ഇത്രയും താല്പര്യമെടുത്തതെന്ന് തോന്നുന്നു.

Gabriele Zellerന്റെ സഹായങ്ങൾ

ഹൈക്കെ പിന്നീട് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ റിസർച്ച് ഡയറക്ടറായ  Gabriele Zeller മായി ബന്ധപ്പെടുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

Gabriele Zeller

നമ്മുടെ അഭ്യർത്ഥന പരിശോധിച്ച Gabriele zeller ക്ക് ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഉള്ള ഗുണ്ടർട്ട് ശേഖരത്തിന്റെ പ്രാധാന്യം മനസ്സിലാവുകയും, ലൈബ്രറിയുടെ ഡയറക്ടറുമായും മറ്റും ബന്ധപ്പെടുകയും  ഈ ശേഖരം യൂണിവേഴ്സിറ്റി തന്നെ സ്കാൻ ചെയ്യാനായി ഒരു പ്രത്യേക പ്രൊജക്ട് ഉണ്ടാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്റെ ആദ്യ ഉദ്ദേശം പുസ്തകം സ്കാൻ ചെയ്യാനുള്ള അനുമതി നേടിയെടുത്തിട്ട് വിക്കിമീഡിയ ജർമ്മനിയുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് ഇത് സ്കാൻ ചെയ്യുക എന്നതായിരുന്നു. ഗുണ്ടർട്ട് ശേഖരം ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി തന്നെ സ്കാൻ ചെയ്യാൻ തീരുമാനിച്ചതൊടെ സത്യത്തിൽ മലയാള പൊതുസഞ്ചയത്തെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിച്ച പോലായെന്ന് പറയണം. കാരണം അല്ലെങ്കിൽ ഇതിന്റെ ഫണ്ടിങ്ങ് വലിയ പ്രശ്നം ആയേനേ. വിക്കിമീഡിയ ജർമ്മനി സഹായിക്കാം എന്നു പറഞ്ഞിരുന്നു എങ്കിലും പിന്നീട് ഗുണ്ടർട്ട് ശെഖരത്തിന്റെ വ്യാപ്തി മനസ്സിലായപ്പോൾ അവർ ഇതു മൊത്തം സ്കാൻ ചെയ്യാനുള്ള ഫണ്ട് തരുമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്.

കാറ്റലൊഗ് പരിശോധന -സ്കാൻ ചെയ്യാനുള്ള പുസ്തകങ്ങൾ തീരുമാനിക്കൽ

ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ച ശേഷം Gabriele Zeller ഉം ഹൈക്കെ മോസറും കൂടെ ആദ്യം ചെയ്തത് അവിടെ ഉള്ള ഗുണ്ടർട്ട് ശേഖരത്തിലുള്ള പുസ്തകങ്ങലുടെ മൊത്തം ഒരു ലിസ്റ്റ് ഉണ്ടാക്കി അയക്കുകയായിരുന്നു. അതിൽ മലയാളം, തുളു, തമിഴ്, കന്നഡ, സംസ്കൃതം ഭാഷകളിൽ ഒക്കെ ഉള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഭൂരിപക്ഷവും മലയാള പുസ്തകങ്ങൾ തന്നെ. എന്തായാലും തൽക്കാലം നമ്മുടെ ലക്ഷ്യം മലയാളപുസ്തകങ്ങൾ ആയതിനാൽ മലയാള പുസ്തകങ്ങളെ നമുക്കായി പ്രയോരറ്റൈസ് ചെയ്തു. അതിൽ നിന്ന് പല ക്രൈറ്റീരിയകൾ ഉപയോഗിച്ച് ഒരു പ്രയോരിറ്റി ലിസ്റ്റ് ഉണ്ടാക്കി കൊടുത്തു (ഗുണ്ടർട്ട് കളക്ഷനിലെ ചില പുസ്തകങ്ങൾ മറ്റ് ഇടങ്ങളിൽ നിന്ന് നമ്മൾ തപ്പി പിടിച്ചതിനാൽ അങ്ങനെയുള്ളവ ഒക്കെ ലോ പ്രയോറിറ്റി ആക്കി). ഇങ്ങനെ ഒരു ലിസ്റ്റ് നിർമ്മിക്കാൻ മലയാളം വിക്കിപീഡിയരായ സുനിൽ, കെവിൻ, സിബു എന്നിവർ സഹായിച്ചു. അവർക്ക് പ്രത്യെക നന്ദി.

Gundert legacy – a digitization  project of the University of Tuebingen എന്ന പേരിൽ പദ്ധതി താമസിയാതെ തുടങ്ങുന്നു

നമ്മൾ അയച്ചു കൊടുത്ത ലിസ്റ്റും ലൈബ്രറിയുടെ വിവിധ മുൻഗണനകളും ഒക്കെ ചേർത്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കി ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാനുള്ള ഒരു പ്രൊപ്പൊസൽ German Research Foundation സമർപ്പിക്കാൻ ഒരുങ്ങുകയാണ് നിലവിൽ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ അധികൃതർ. ഇത് അടുത്ത് 2 മാസത്തിനുള്ളിൽ നടക്കും. പദ്ധതിയുടെ ഔദ്യോഗിക പേര് Gundert legacy – a digitization  project of the University of Tuebingen എന്നാണ് ഹൈക്കെ മോസർ സൂചിപ്പിച്ചത്. പദ്ധതിക്ക് അനുമതി ലഭിച്ച് സ്കാനിങ്ങ് തുടങ്ങി തുടങ്ങി ഏതാണ്ട് 2016 ജൂൺ-ജൂലൈ മാസത്തോടെ പദ്ധതി തീർക്കാം എന്നാണ് നിലവിൽ കരുതുന്നത്. (ചിലപ്പോൾ അതിൽ കൂടുതൽ സമയം എടുത്തേക്കാം)

സെപ്റ്റംബർ 12ലെ പരിപാടി

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച ഞങ്ങൾ മെയിലിൽ ചെയ്യുമ്പോൾ ഹൈക്കെ മൊസർ സാന്ദർഭികമായി അവർ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കൂടിയാട്ട ഗവേഷണവുമായി ബന്ധപ്പെട്ട ചില പരിപാടികൾക്ക് കേരളത്തിൽ വരുന്നു എന്ന് സൂചിപ്പിച്ചു. അപ്പോഴാണ് അവരെ ഉൾപ്പെടുത്തി ഗുണ്ടർട്ട് ശെഖരവുമായി ബന്ധപ്പെട്ട ചെറിയൊരു പരിപാടി കേരളത്തിൽ നടത്താം എന്ന ആശയം മുൻപോട്ട് വെച്ചത്. ഈ പരിപാടിയുടെ ഭാഗമായി ഗുണ്ടർട്ട് ശേഖരത്തിൽ നിന്ന് ഒന്നോ രണ്ടോ പുസ്തകങ്ങളുടെ സ്കാനുകൾ തന്ന് അത് സെപ്റ്റംബർ 12 തീയതി നടക്കുന്ന പരിപാടിയിൽ പൊതുജനത്തെ ഗുണ്ടർട്ട് ശേഖരത്തിന്റെ കുറച്ച് ഉദാഹരണങ്ങൾ പൊതുജനത്തെ കാണിക്കനുള്ള സൗകര്യം കൂടെ തരണം എന്ന് അഭ്യർത്ഥിച്ചു. ഇതിനൊക്കെ അവർ സമ്മതിച്ചു.

Pages from CiXIV39-orayiram
സെപ്റ്റംബർ 12നു ഹൈക്കെ മൊസർ കൈമാറുന്ന കൃതികളിൽ ഒന്നായ “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ മുഖപത്രം

അങ്ങനെ ആണ് സെപ്റ്റംബർ 12നു ഉച്ച കഴിഞ്ഞ് വളരെ ചെറിയൊരു പരിപാടി കൊച്ചിയിൽ നടത്താം എന്ന് ധാരണയായത്. പരിപാടിയുടെ വിശദവിവരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നവർ താമസിയാതെ പങ്ക് വെക്കും എന്ന് കരുതുന്നു. (പരിപാടിയിൽ പങ്കെടുത്ത ഒരു റിപ്പോർട്ടർ എഴുതിയ കുറിപ്പ് ഇവിടെ കാണാം. മാതൃഭൂമിയിൽ ഈ പദ്ധതിയെ കുറിച്ചും സെപ്റ്റംബർ 12ലെ പരിപാടിയെ കുറിച്ചും വന്ന വാർത്ത ഇവിടെ കാണാം. പരിപാടിയുടെ ചിത്രങ്ങൾ ഇവിടെ കാണാം.)

സെപ്റ്റംബർ 12ലെ പരിപാടിയിൽ 2 പുസ്തകങ്ങളുടെ സ്കാനുകൾ ആണ് അവർ നമുക്ക് കൈമാറുന്നത്. താഴെ പറയുന്ന 2 പുസ്തകങ്ങൾ ആണവ:

  • പഴഞ്ചൊൽ മാല – ഇത് 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.
  • ഒരആയിരം പഴഞ്ചൊൽ – 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.

രണ്ട് പുസ്തകങ്ങളും ലിത്തൊഗ്രഫിക്ക് രീതിയിൽ പ്രിന്റ് ചെയ്തതാണ്. താമസിയാതെ ഈ പുസ്തകങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടാം.

ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളുടെ വിവരം

അവർ അയച്ചു തന്ന കാറ്റലൊഗ് അനുസരിച്ച് ഏതാണ്ട് 130 ഓളം മലയാളം അച്ചടി പുസ്തകങ്ങളും, 80നടുത്ത് കൈയ്യെഴുത്ത് പ്രതികളും, വളരെ കുറച്ച് താളിയോലകളും മറ്റും ആണ് ഗുണ്ടർട്ട് ശേഖരത്തിന്റെ മലയാളം വിഭാഗത്തിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളെ നാലായി തരം തിരിക്കാം

  • തലശ്ശേരി/മംഗലാപുരം ബാസൽ മിഷൻ പ്രസ്സുകളിൽ അച്ചടിച്ച കൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
  • കോട്ടയം സി.എം.എസ് പ്രസ്സിലും മറ്റ് ഇടങ്ങളിലും അച്ചടിച്ച ചില പഴയ മലയാളകൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഗുണ്ടർട്ട് ശേഖരിച്ച ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
  • ഹെമ്മൻ ഗൂണ്ടർട്ട് തന്റെ നിഘണ്ടുവിനും മറ്റ് കൃതികൾക്കുമായി തയ്യാറാക്കിയ കൈയ്യെഴുത്ത് പ്രതികൾ. ഒപ്പം വേറെ ചില കൈയ്യെഴുത്ത് പ്രതികളും.
  • ഹെമ്മൻ ഗൂണ്ടർട്ട് കേരളത്തിൽ പലയിടത്തുനിന്നായി ശേഖരിച്ച കുറച്ച് താളിയോല ശേഖരങ്ങൾ

ഈ ഗുണ്ടർട്ട് ശേഖരത്തിലെ പ്രധാനപ്പെട്ട പല കൃതികളും (ഉദാ: തലശ്ശേരി രേഖകൾ, പയ്യന്നൂർ പാട്ട്…) ഡോ: സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ 1980-1990കളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഒറിജിനൽ കൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ഒന്നും ഇതു വരെ പൊതുജനത്തിനു ലഭ്യമായിരുന്നില്ല. ആ കുറവാണ് ഇപ്പോൾ Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിയിലൂടെ പരിഹരിക്കാൻ ട്യൂബിങ്ങൻ സർവ്വകലാശാല ശ്രമിക്കുന്നത്.

നമുക്ക് കിട്ടാൻ പോകുന്ന ഗുണ്ടർട്ട് ശേഖരത്തിൽ അപൂർവ്വമായ ചില പുസ്തകങ്ങൾ ഉണ്ട്. പക്ഷെ ഈ ശേഖരത്തിൽ ഉള്ള മിക്കപുസ്തകങ്ങളും കേരളത്തിൽ ഒരിക്കൽ വിറ്റഴിഞ്ഞവ തന്നെയാണ്. പല പുസ്തകങ്ങളും കേരളത്തിൽ ഉണ്ട് താനും. എന്നാൽ നമ്മുടെ ലെഗസി പിൻതലമുറയ്ക്ക് വേണ്ടി കരുതി വെക്കുന്ന ശീലം നമുക്ക് ഇല്ലാത്തതിനാൽ നമ്മുടെ പല വിലപ്പെട്ട രേഖകളും ഇതിനകം നശിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് പോയവ മാത്രം രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. കേരളത്തിൽ ഉള്ളവ സ്കാൻ ചെയ്തു വെച്ചിരിക്കുന്നത് സർക്കാർ പൊതുജനങ്ങൾക്ക് കൊടുക്കുകയും ഇല്ല.

ഗുണ്ടർട്ട് അന്ന് ഈ പുസ്തകങ്ങൾ അങ്ങോട്ടു കൊണ്ടു പോവുകയും അത് സൂക്ഷിക്കുവാനുള്ള പരിപാടികൾ ചെയ്യുകയും ചെയ്തതിനാൽ ഇന്ന് മലയാളികൾക്ക് ഇതൊക്കെ വിവിധ രൂപത്തിൽ കാണാൻ കിട്ടുന്നു. അദ്ദേഹം തന്റെ സ്വകാര്യ ശേഖരം കേരളത്തിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ എന്തായാനേ സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ?

ഉപസംഹാരം

Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പല കാര്യങ്ങൾക്കും പലരേയും നമ്മൾ നന്ദിയോടെ  ഓർക്കണം

  • കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് പറ്റുന്ന മലയാള പുസ്തകങ്ങൾ ഒക്കെ ശേഖരിച്ച് ഈ വിധത്തിൽ മലയാളത്തിന്റെ മികച്ച ഒരു ശേഖരം ഉണ്ടാക്കിയ ഹെർമ്മൻ ഗുണ്ടർട്ട്
  • തന്റെ ഈ സ്വകാര്യ ശേഖരം 1859ൽ തിരിച്ചു ജർമ്മനിക്കു പോകുമ്പോൾ തന്നൊടൊപ്പം കൊണ്ടു പൊകാൻ ഹെർമ്മൻ ഗുണ്ടർട്ടിനു തോന്നിയ നല്ല മനസ്സിന്
  • ഈ സ്വകാര്യ ശെഖരം ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക് ദാനം ചെയ്യാൻ നല്ല മനസ്സുകാണിച്ച ഗുണ്ടർട്ടിനും അദ്ദേഹത്തിന്റെ പിൻമുറക്കാരായ കുടുംബാഗങ്ങൾക്കും
  • എതാണ്ട് 100 വർഷത്തോളം ഈ ശേഖരത്തിനു ഒരു കേടും വരാതെ സൂചിക്ഷിച്ച  ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക്
  • ഈ സവിശേഷ ശേഖരം കണ്ടെത്തിയ ഡോ: സ്‌കറിയ സക്കറിയക്കും, ഡോ. ഫ്രൻസിനും
  • ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാൻ സഹായിക്കാം എന്ന് വളരെ സന്തോഷത്തൊടെ ഏറ്റ വിക്കിമീഡിയ ജർമ്മനിക്ക്
  • ശേഖരം സ്കാൻ ചെയ്യാനുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ഹൈക്കെ മോസർക്ക്
  • ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന  Gabriele Zellerക്കും ട്യൂബിങ്ങൻ സർവ്വകലാശാലയിലെ മറ്റ് വിശിഷ്ഠ വ്യക്തികൾക്കും
  • പ്രൊജക്ടിനു വേണ്ട ഫണ്ടിങ്ങ് കൊടുക്കുന്ന German Research Foundation

തുടങ്ങി നിരവധി പേരുടെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ അനന്തരഫലമായാണ് ഈ വിശിഷ്ട ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ മലയാളികൾക്ക് ലഭിക്കാൻ പോകുന്നത്.  എല്ലാവർക്കും പ്രണാമം.

ഈ സവിശേഷ പദ്ധതിയിലൂടെ  മലയാളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സഹായിക്കുന്ന ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി അധികൃതർക്ക് പ്രത്യേക നന്ദി.

1843 – മലയാളത്തിലുള്ള കാറ്റിസം – ബാസൽ മിഷൻ പ്രസ്സ്

ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം. മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്.

മിക്ക ഇന്ത്യൻ ഭാഷകളിലേയും ആദ്യകാല അച്ചടി കൃതികൾ കാറ്റിസം ആയിരുന്നു. കാരണം പ്രിന്റിങ്ങിനും ലിപി മാനകീകരണത്തിനും ഒക്കെ മുൻകൈ എടുത്തത് മിഷണറിമാർ ആയിരുന്നല്ലോ. ഇതൊക്കെ ചെയ്യുന്നതിലുള്ള അവരുടെ പ്രധാന ലക്ഷ്യം മതപ്രചരണവും ആയിരുന്നല്ലോ. മലയാളത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തം അല്ല. ആദ്യത്തെ സമ്പൂർണ്ണ മലയാള അച്ചടി പുസ്തകം ആയ സംക്ഷേപവേദാർത്ഥം തന്നെയും മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കുന്ന ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ (അതായത് കാറ്റിസം) ആണ്.

കാറ്റിസത്തെ കുറിച്ച് ഇത്രയും ആമുഖമായി പറയാൻ കാരണം മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് 1843-ൽ ഇറങ്ങിയ ഒരു മലയാളം കാറ്റിസം പുസ്തകത്തിന്റെ (ഭാഗികം) സ്കാൻ ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നു. ലിത്തോഗ്രാഫിക് രീതിയിൽ പ്രിന്റ് ചെയ്ത പുസ്തകം ആണിത്. ഇതിനു മുൻപൊരു പോസ്റ്റിൽ ഇതേ പ്രസ്സിൽ നിന്ന് 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയുടെ ലിത്തോഗ്രാഫിക് സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണല്ലോ. അതിനാൽ ലിത്തോഗ്രഫിയെ കുറിച്ചുള്ള കൂടുതൽ പരിചയപ്പെടുത്തലിനു മുതിരുന്നില്ല.

ഇനി ഈ പുസ്തകത്തെകുറിച്ചുള്ള ചില കാര്യങ്ങൾ:

  • ഈ പുസ്തകത്തിന്റെ പൂർണ്ണപേര് എന്താണെന്നോ, ഇത് ആര് എഴുതിയതെന്നോ അറിയില്ല.  ബാസൽ മിഷൻ പ്രസ്സ് ആയതിനാൽ ഗുണ്ടർട്ട് ആണെന്ന് ഊഹിക്കാം എന്ന് മാത്രം.
  • പുസ്തകം മൊത്തമായി ഇല്ല എന്ന് തോന്നുന്നു. രണ്ടാം അദ്ധ്യായം എന്ന് പറഞ്ഞാണ് ആദ്യ താൾ തുടങ്ങുന്നത്. അപ്പോൾ ഒന്നാം അദ്ധ്യായം എവിടെ പോയി? ക്രിസ്തീയവിശ്വാസം എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്. ഈ അദ്ധ്യായം ഒന്നാം ഖണ്ഡം – പിതാവായ ദൈവം, രണ്ടാം ഖണ്ഡം – പുത്രനായ ദൈവം, മൂന്നാം ഖണ്ഡം – പരിശുദ്ധാത്മാവായ ദൈവം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
  • ആദ്യത്തെ ചോദ്യം  ൨൫൯ (258) എന്ന മലയാള അക്കത്തിൽ ആണ് ആരംഭിക്കുന്നത്. അവസാനത്തെ ചൊദ്യം ൩൮൭ (387) എന്ന മലയാള അക്കത്തിലും. ചോദ്യങ്ങൾ 258ൽ തുടങ്ങുന്നതിനാൽ ഇതിനു മുൻപുള്ള 257 ചോദ്യോത്തരങ്ങൾ എവിടെ പോയി? അത് ഒന്നാം അദ്ധ്യായത്തിൽ ആയിരിക്കുമോ? എന്റെ അനുമാനത്തിൽ രണ്ടാം അദ്ധ്യായത്തിന്റെ സ്കാൻ മാത്രമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഒന്നാം അദ്ധ്യയവും രണ്ടാം അദ്ധ്യായത്തിനു ശെഷമുള്ള അദ്ധ്യായങ്ങളുടേയും (എത്ര അദ്ധ്യായങ്ങൾ ആയിരിക്കും മൊത്തത്തിൽ?) സ്കാൻ നമുക്ക് ലഭിക്കേണ്ടതുണ്ട്.
  • ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും കാണുന്നില്ല. ഒരു മാതിരി എല്ലാ പഴയ മലയാളപുസ്തങ്ങളെക്കുറിച്ചും വിവരമുള്ള കെ.എം. ഗോവിയുടെ മലയാളഗ്രന്ഥവിവരത്തിലും ഇങ്ങനെ ഒരു പുസ്തകം 1843-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഇറങ്ങിയതായി പറയുന്നില്ല. എന്നാൽ 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയെ ലിത്തോപതിപ്പിനെ കുറിച്ചുള്ള വിവരം  മലയാളഗ്രന്ഥവിവരത്തിൽ ഉണ്ട് താനും. അപ്പോൾ ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും രേഖപ്പെടുത്തപ്പെട്ടിട്ടില്ലേ?
  • സംവൃതോകാരത്തിനു ചിഹ്നം ഒന്നും ഉപയോഗിച്ചിട്ടില്ല
  • കാരത്തിനു എന്ന രൂപം തന്നെയാണ് ഞാൻ ഓടിച്ചു നോക്കിയ ഇടത്തൊക്കെയും കണ്ടത്. ഇതു വരെ നമുക്ക് കിട്ടിയ സ്കാനുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി എന്ന രൂപം അച്ചടിയിൽ ആദ്യമായി വന്ന പുസ്തകം ഇതാണെന്ന് തോന്നുന്നു.
  • ചുരുക്കത്തിൽ അപൂർണ്ണമായതും, ശീർഷകം എന്താണെന്ന് പോലും അറിയാത്തതും, ആര് എഴുതി എന്ന് അറിയാത്തതും ആയ, 1843-ൽ ബാസൽ മിഷന്റെ ലിത്തോഗ്രഫിക്ക് സംവിധാനം ഉപയോഗിച്ച് ഇറക്കിയ ഒരു കാറ്റിസം പുസ്തകത്തിന്റെ സ്കാൻ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങളും ഇപ്പോൾ കണ്ടുകിട്ടാതിരിക്കുന്ന മറ്റ് അദ്ധ്യായങ്ങളും ഒക്കെ കണ്ടെത്തേണ്ടതുണ്ട്. അതിനു താമസിയാതെ കഴിയും എന്ന് കരുതുന്നു.

ഈ പുസ്തകം നിങ്ങളുമായി പങ്ക് വെക്കുവാൻ എന്നെ സഹായിച്ച രണ്ട് പേരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു.

  • സ്കാൻ ചെയ്ത ചിത്രങ്ങൾ വെബ്ബ് സൈറ്റിൽ നിന്ന് വലിച്ചെടുത്ത് ക്രോഡീകരിക്കാൻ സഹായിച്ച വൈശാഖ് കല്ലൂർ
  • ചിത്രങ്ങൾ സ്കാൻ ടെയിലറിലൂടെ പ്രോസസ് ചെയ്ത് പിഡിഎഫ് നിർമ്മിക്കാൻ സഹായിച്ച സുനിൽ വിഎസ്

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും. https://archive.org/details/1843_Catechism_Malayalam_Basel_Mission

കെരളൊല്പത്തിയും കേരളോല്പത്തിയും

കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി

എന്നാണ് മലയാളം വിക്കിപീഡിയ കേരളോല്പത്തി എന്ന ഗ്രന്ഥത്തിനു നൽകുന്ന നിർവ്വചനം.  ഒരു പ്രാചീന ഗ്രന്ഥം എന്നതിനു ഒപ്പം തന്നെ മലയാളം അച്ചടിയുടേയും മലയാളലിപി പരിണാമത്തിന്റെയും ഒക്കെ ഭാഗമാകാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് ആണല്ലോ ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനെ കുറിച്ച് അല്പം കാര്യങ്ങളാണ് ഈ പോസ്റ്റിൽ.

മലയാളം അച്ചടിയുടെ ചരിത്രത്തിൽ ബാസൽ മിഷൻ പ്രസ്സിനു പ്രത്യേക സ്ഥാനം ഉണ്ടെന്ന്
എല്ലാവർക്കും അറിയാമല്ലോ. ഈ ചരിത്രത്തെകുറിച്ച് കൂടുതൽ മനസ്സിലാവാൻ കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകം കാണുക. പക്ഷെ ബെഞ്ചമിൻ ബെയിലി ചെയ്തത് പോലെ മലയാള അക്ഷരങ്ങൾക്ക് പ്രത്യേക അച്ചുണ്ടാക്കി വാർത്തല്ല ബാസൽ മിഷൻ പ്രസ്സ് അച്ചടി തുടങ്ങിയത്, അവർ കല്ലച്ചിലാണ് (ലിത്തോഗ്രഫി) ആദ്യ അച്ചടികൾ നടത്തിയത്. ചെലവ് കുറവാണ് എന്നതായിരിക്കും ഇതിനുള്ള ഒരു കാരണം എന്ന് കെ.എം. ഗോവി നിരീക്ഷിക്കുന്നുണ്ട്. ലിത്തോഗ്രഫി അച്ചടിയെ പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയനായ അജയ് ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്. അത് ഇവിടെ കാണാം.

അച്ച് വാർത്തുണ്ടാക്കിയുള്ള അച്ചടിയെ അപേക്ഷിച്ച് ലിത്തോഗ്രാഫിയെ സംബന്ധിച്ച് എനിക്ക് പ്രത്യേകത ആയി  തോന്നിയത് കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ്. അതിന്റെ അർത്ഥം കൈയ്യെഴുത്തിലെ ലിപിയെ അതേ പോലെ കാണാൻ ഇത് നമ്മളെ സഹായിക്കുന്നു എന്നതാണ്. അതിനാൽ തന്നെ മലയാളലിപി മാനകീകൃതമായിട്ടില്ലാത്ത കാലഘട്ടത്തിലുള്ള ലിത്തോഗ്രാഫിക് അച്ചടി പുസ്തകങ്ങൾ ലിപിയെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

ഈ വിധത്തിൽ മംഗലാപുരം ബാസൽ മിഷനിലെ കല്ലച്ചിൽ നിന്ന് 1843-ൽ ഇറങ്ങിയ കെരളൊല്പത്തി എന്ന കൃതിയുടെ സ്കാൻ നമുക്ക് ലഭ്യമായിരിക്കുന്നു.1868-ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ സ്കാൻ ഇതിനു വളരെ മുൻപ് നമുക്ക് ലഭ്യമാവുകയും അത് ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തതാണല്ലോ.

അപ്പോൾ ഡിജിറ്റൈസേഷന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഈ സ്കാനിനു ചരിത്രപരമായ പ്രത്യേകത മാത്രമേ ഉള്ളൂ. പക്ഷെ ലിത്തോഗ്രാഫി അച്ചടി നടത്തിയ ഈ ആദ്യത്തെ പതിപ്പിനെയും 1868ലെ ലെറ്റർ പ്രസ് പതിപ്പിനേയും താരതമ്യം ചെയ്യുമ്പോൾ,  വെറും ഒന്നാം പതിപ്പ്/രണ്ടാം പതിപ്പ് എന്നതിനു അപ്പുറം 25 വർഷങ്ങൾ കൊണ്ട് മലയാളലിപിക്ക് സംഭവിച്ച വ്യതിയാനം (ലിപ് പരിഷ്ക്കരണം എന്ന് തന്നെ പറഞ്ഞു കൂടെ?) കൂടെയാണ് നമ്മൾക്ക് മുൻപിൽ തെളിയുന്നത്.

ഞാൻ ഒരു ഭാഷാ ശാസ്ത്രജ്ഞൻ അല്ലാത്തതിനാൽ, ഒറ്റ നോട്ടത്തിൽ എന്റെ ശ്രദ്ധയിൽ വന്ന ചില കാര്യങ്ങൾ മാത്രം ഈ പൊസ്റ്റിൽ അവതരിപ്പ്, ഈ പതിപ്പുകളെ കൂടുതൽ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം വായനക്കാർക്ക് വിട്ടു തരുന്നു.

  • ഏ/ഓ കാരങ്ങളുടെ ഉപയോഗം. ഉദാ: കെരളൊല്പത്തി/ കേരളോല്പത്തി. ആദ്യത്തെ പതിപ്പിൽ കാരം കാരം ഒട്ടും ഉപയൊഗിച്ചിട്ടില്ല. എന്നാൽ രണ്ടാം പതിപ്പിൽ അത് രണ്ടും അവതരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ പേരു് തന്നെ അതിനനുസരിച്ച് പുതുക്കപ്പെട്ടിരിക്കുന്നു.
  • രണ്ടു പതിപ്പിലും “ഈ” കാരം സൂചിപ്പിക്കാൻ മിക്കവാറും  എന്ന ചിഹ്നനം ആണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കൈയ്യെഴുത്ത് പ്രതി എന്ന് തന്നെ പറയാവുന്ന ആദ്യ പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ എന്ന രൂപം കാണാം. ഉദാ: 21 ആം താളിൽ “അതിന്റെ ശേഷം” എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ “ഈശ്വരമയം” എന്ന വാക്ക് കാണുക. കഴിഞ്ഞ പൊസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ രണ്ടു രൂപവും കൈയ്യെഴുത്തിൽ ഉണ്ടായിരുന്നു എങ്കിലും  യ്ക്കായിരുന്നു മുൻതൂക്കം എന്ന വാദം ശരിക്കുന്നതാന്ന് ഇതെന്ന് തോന്നുന്നു.
  • വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി കൈയ്യെഴുത്തിൽ (ആദ്യ പതിപ്പിൽ) മിക്കവാറും ഇല്ല എന്ന് തന്നെ കാണാം.
  • കൈയ്യെഴുത്ത് പതിപ്പിൽ സംഭാഷണസകലങ്ങളെ സൂചിപ്പിക്കാൻ ക്വോട്ട്സ് (“) ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ ഒരു പ്രത്യെക തരത്തിൽ ആണത്. സംഭാഷണം തുടങ്ങുന്ന സ്ഥലത്തെ ക്വോട്ട്സ് (“) ബേസ് ലൈനോട് ചേർന്നും അവസാനിക്കുന്ന ഇടങ്ങളിൽ സൂപ്പർസ്ക്രിപ്റ്റും ആയി മാറുന്ന പ്രത്യേക രീതിയിലാണ് അതിന്റെ ഉപയോഗം. മലയാളം കൈയ്യെഴുത്തിലെ ഒരു യുണീക്ക് രീതി ആയിത്തോന്നി ഇത്.
  • ആദ്യ പതിപ്പിൽ ഉകാര ചിഹ്നനത്തിലോ, അ കാരത്തിലോ അവസാനിച്ച  പല വാക്കുകളും രണ്ടാം പതിപ്പിൽ ചന്ദ്രക്കലയ്ക്ക് വഴി മാറുന്നത് കാണാം. (ഇക്കാര്യത്തിൽ ഇപ്പോഴും എന്റെ സംശയം. ചന്ദ്രക്കല ഗുണ്ടർട്ടിന്റെ സംഭാവന ആണോ അതോ എവിടെയെങ്കിലും അത് കയ്യെഴുത്തിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.)
  • ആദ്യ പതിപ്പിൽ (ലിത്തോഗ്രഫി പതിപ്പ്) ചില്ല് കൂട്ടക്ഷരം ഉണ്ടാക്കില്ല എന്ന ഇന്നത്തെ “അലിഖിത നിയമത്തെ“ വെല്ലുവിളിച്ചു കൊണ്ട് പലയിടത്തും യഥേഷ്ടം കൂട്ടക്ഷരചില്ലുകളെ കാണാം. പ്രത്യെകിച്ച് ൾ എന്ന ചില്ലിനു കൂട്ടക്ഷത്തോടു പ്രത്യേക മമത ആണെന്ന് കാണുന്നു 🙂  കൂട്ടക്ഷരചില്ലുകളെ അപൂർവ്വമായി രണ്ടാം പതിപ്പിലും കാണാം. ചുരുക്കത്തിൽ അച്ചടി ആണോ കൂട്ടക്ഷരചില്ലുകളെ മലയാളത്തിൽ നിന്ന് നിഷ്കാസനം ചെയ്തത്?
  • ആദ്യപതിപ്പിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര (ഇന്ന് നമുക്ക് ഹൈഫൺ എന്ന് പറയാം) ആണ് ഉപയൊഗിച്ചിരിക്കുന്നത്. രണ്ടാം പതിപ്പിൽ ഇന്നത്തെ പൂർണ്ണവിരാമം രംഗപ്രവേശം ചെയ്യുന്നു. പൂർണ്ണവിരാമത്തിന്റെ ഉപയോഗം ഇതിനു മുൻപ് ബെയിലി കൃതികളിലും നമ്മൾ കണ്ടതാണല്ലോ. ചുരുക്കത്തിൽ അച്ചടിയുടെ സംഭാവന ആണ് പൂർണ്ണവിരാമം എന്ന് പറയാം.
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്. ന്റ യുടെ മറ്റ് വ്യതിയാനങ്ങൾ ഒന്നും കണ്ടില്ല.
  •  ആദ്യപതിപ്പിൽ  സ്വരാക്ഷരചിഹ്നനങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇറ്റയ്ക്ക് വെച്ച് വരിമുറിക്കുന്നത് കാണാം. അത് വളരെ കുറച്ച് ഇടമേ എടുക്കൂ എന്നത് പോലും വാക്ക് മുറിക്കാൻ തടസ്സമാകുന്നില്ല. “എഴുന്നെള്ളുക” എന്നതിലെ “ന്നള്ളുക” എന്നത് മാത്രമായി അടുത്ത വരിയിലെക്ക് പോകുന്നത് ഇന്നത്തെ വായനാശീലം വെച്ച് അരോചകമായി തോന്നാം. എന്നാൽ രണ്ടാം പതിപ്പിൽ എത്തുമ്പോൾ “ന്നെള്ളുക” എന്നവിധത്തിൽ ആണ് വാക്ക് മുറിയുന്നത്.
  • കൈയ്യെഴുത്ത് പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ മലയാളം ചുരുക്കെഴുത്ത് കണ്ടു. ഉദാ: പരശുരാമൻ എന്നതിനു പ. രാമൻ (പിഡിഎഫിലെ 8മത്തെ താളിൽ അതിന്റെ ശേഷം ഭൂമി… എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ …അവരുടെ സംവാദത്താൽ ശ്രീ പ. രാമനൊട ആയുധം വാങ്ങി … എന്ന വാക്യശകലം ശ്രദ്ധിക്കുക. അപ്പോൾ ഈ വിധത്തിൽ മലയാളത്തിൽ പൂർണ്ണവിരാമം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കാണാം.

എന്റെ ഓടിച്ചുള്ള വിശകലനത്തിൽ ഞാൻ കണ്ടെത്തിയത് ഇത്രയും കാര്യങ്ങളാണ്. ബാക്കി ഈ പ്രമാണങ്ങൾ കൂടുതൽ വിശകലനം ചെയ്യാൻ വായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി രണ്ട് പതിപ്പിലേക്കും ഉള്ള കണ്ണികൾ.