സാഹിത്യപ്രകാശിക – 1916

മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്റെ ഭാഗമായി അടുത്തതായി പുറത്ത് വിടുന്നത് ഒരു ഉപന്യാസ സമാഹരണ പുസ്തകമാണ്. ഒരു പുസ്തകം ആണെങ്കിലും ഈ പുസ്തകത്തിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്.

സാഹിത്യപ്രകാശിക-ഭാഗം ഒന്ന്
സാഹിത്യപ്രകാശിക-ഭാഗം ഒന്ന്

പുസ്തകത്തിന്റെ വിവരം

  • പുസ്തകത്തിന്റെ പേരു്: സാഹിത്യപ്രകാശിക അഥവാ ഉപന്യാസമഞ്ജരി (ഭാഗം ഒന്ന്, ഭാഗം രണ്ട്)
  • പ്രസാധകന്മാർ: പി. ശങ്കരൻ നമ്പ്യാർ, സി.സി. തോമസ്സ്
  • അച്ചടി: കേരളവിലാസം പ്രസ്സ്, തിരുവല്ല
  • പ്രസിദ്ധീകരണ വർഷം: 1916
സാഹിത്യപ്രകാശിക-ഭാഗം രണ്ട്
സാഹിത്യപ്രകാശിക-ഭാഗം രണ്ട്

പുസ്തകത്തിന്റെ ഉള്ളടക്കം

മലയാള ഭാഷ, സാഹിത്യം, വ്യാകരണം, തുടങ്ങിയ വിവിധ മലയാളഭാഷവിഷയങ്ങളിൽ വിവിധ ആളുകളായി എഴുതിയ ഉപന്യാസങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അക്കാലത്തെ പ്രശസ്തരായ പല മലയാളഭാഷാ പ്രവർത്തകരുടേയും ഉപന്യാസങ്ങൾ ഇതിൽ കാണാം.

ഒന്നാം ഭാഗത്തിൽ എഡിറ്റർമാരായ പി. ശങ്കരൻ നമ്പ്യാർ, സി.സി. തോമസ്സ് എന്നിവർ ചേർന്ന് എഴുതിയ ഒരു ആമുഖം ഉണ്ട്. അത് ഇംഗ്ലീഷിലാണ്. മാത്രമല്ല ഒന്നാം ഭാഗത്തിന്റെ ശീർഷക താൾ മലയാളത്തിലും സംഗതി വിവരം (ഉള്ളടക്കം) താൾ ഇംഗ്ലീഷിലും ആണ്.

 

സാഹിത്യപ്രകാശിക-ഭാഗം ഒന്ന് - സംഗതി വിവരം താൾ
സാഹിത്യപ്രകാശിക-ഭാഗം ഒന്ന് – സംഗതി വിവരം താൾ

 

സാഹിത്യപ്രകാശിക-ഭാഗം രണ്ട് - സംഗതി വിവരം താൾ
സാഹിത്യപ്രകാശിക-ഭാഗം രണ്ട് – സംഗതി വിവരം താൾ

 

പുസ്തകത്തിന്റെ (PDF) 219മത്തെ താൾ തൊട്ട് രണ്ടാം ഭാഗം ആരംഭിക്കുന്നു. രണ്ടാം ഭാഗത്തിന്റെ ശീർഷക താൾ ഇംഗ്ലീഷിലും സംഗതി വിവരം താൾ മലയാളത്തിലും ആണ്.

പുസ്തകത്തിലെ ഉപന്യാസങ്ങളിൽ താൽപര്യം ഉള്ളവർ അത് വേണ്ടത് പോലെ വിശകലനം ചെയ്യുകയു ഉപയോഗപ്പെടുത്തുകയും ചെയ്യുമല്ലോ.

ഡിജിറ്റൈസേഷന്റെ വിവരം

പുസ്തകത്തിന്റെ ഫോട്ടോ എടുക്കാൻ ബൈജു രാമകൃഷ്ണനും പോസ്റ്റ്‌പ്രോസസിങ്ങിന് സുനിൽ വി.എസും സഹായിച്ചു. ഇപ്പോൾ ഇങ്ങനെ എളുപ്പത്തിൽ പറഞ്ഞു പോകുന്നു എങ്കിലും  ബൈജു രാമകൃഷ്ണന്റേയും സുനിലിന്റേയും സഹായം ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും നിങ്ങളുടെ മുൻപിൽ ഇത്ര എളുപ്പം എത്തിക്കാൻ സാധിക്കുമായിരുന്നില്ല. കാരണം അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പുസ്തക ഡിജിറ്റൈസേഷനിൽ വളരെ പ്രധാന്യമുള്ളതാണ്. അതിലെ ഒരു ഘടകം ഇല്ലാതായിൽ ഈ പരിപാടിയേ നടക്കാതാകും. അതിനാൽ അവരുടെ സേവനങ്ങളെ ഒരിക്കൽ കൂടെ നന്ദിയോടെ സ്മരിക്കുന്നു.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി: https://archive.org/download/SahithyaPrakashika1916/Sahithya_prakashika_1916.pdf (27 MB)

ഓൺലൈനായി വായിക്കാൻ: https://archive.org/stream/SahithyaPrakashika1916/Sahithya_prakashika_1916#page/n0/mode/2up

ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങൾ

കേരളക്രൈസ്തവർ സുദീർഘവർഷത്തെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര പഴക്കം അവകാശപ്പെടാവുന്ന ക്രൈസ്തവകീർത്തനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. അതിന്റെ ഒരു കാരണം കാലത്തെ അതിജീവിക്കുന്ന ഡോക്കുമെന്റേഷനുകളുടെ വരവുകളുടെ സമയത്ത് കേരളക്രൈസ്തവർ വിവിധ പ്രതിസന്ധികളിലൂടെ (ഉദാ: ഉദയം‌പേരൂർ സുനഹദൊസ്) കടന്നു പൊയി വിവിധ സഭകളായി ശിഥിലമായി പൊയി ആരാധനയുടെ ഭാഷയുടെ കാര്യത്തിൽ (സുറിയാനി, ലത്തീൻ, ഇംഗ്ലീഷ്, മലയാളം) ഏകരൂപം ഇല്ലാതായി പൊയതൊക്കെ ആവാം. അർണ്ണൊസ് പാതിരിയുടെ കാവ്യങ്ങളും ചവിട്ടുനാടകങ്ങളിലും മറ്റു ഉപയോഗിക്കുന്ന പാട്ടുകളും ഒക്കെ കാലത്തെ അതിജീവിച്ച് കടന്ന് വന്നിട്ടുണ്ടെങ്കിലും സാധാരണജനങ്ങൾ അവരുടെ ഭാഷയിൽ ആരാധകളിൽ ഉപയോഗിക്കുന്ന പാട്ടുകൾ അങ്ങനെ ഒന്നും കാണുന്നില്ല. ഇതിനു് മാറ്റമുണ്ടായത് സി.എം.എസ് മിഷനറിമാരുടെ വരവൊടെ ആണ്. അവർ ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ ചുവട്പിടിച്ച് പിന്നീട് തനതായ മലയാള ഗാനങ്ങളും പിറന്ന് തുടങ്ങി. എന്നാൽ ഇതൊന്നും സഭാവ്യത്യാസമെന്യേ ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതിനു് വ്യത്യാസമമുണ്ടായത് വിദ്വാൻകുട്ടിയച്ചന്റെ (യുസ്തൂസ് യോസഫ്‌) പാട്ടുകളുടെ വരവൊടെ ആണ്. ക്രിസ്തീയകീർത്തനങ്ങൾ എന്ന പുസ്കത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ “മലയാളദേശത്ത് മലയാള ക്രൈസ്തവ ഗാനങ്ങൾക്ക് നിലയും വിലയും ഉണ്ടായത് വിദ്വാൻ കുട്ടിയച്ചന്റെ ഉണർവ്വുകാല ക്രൈസ്തവഗാനങ്ങൾ പ്രസിദ്ധി ആർജ്ജിച്ചതോടെ ആണ്”. അതിനു ശെഷം നാഗൽ സായിപ്പ്, മോശവത്സലം, മഹാകവി കെവി സൈമൺ, സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നിവരുടെ ഒക്കെ പാട്ടുകൾ വന്നതോടെ മലയാളക്രൈസ്തവ ഗാനശാഖ വികസിച്ചു.

ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങളുടെ ലഘുചരിത്രം ആമുഖമായി പറയാൻ ഉള്ള കാരണം ഈ ചരിത്രവുമായി ബന്ധമുള്ള ഒരു പുസ്തകം നമുക്ക് ലഭിച്ചിരിക്കുന്നു എന്നതിലാണ്.

ജ്ഞാനകീർത്തനങ്ങൾ-1879
ജ്ഞാനകീർത്തനങ്ങൾ-1879

പുസ്തകത്തിന്റെ വിവരം:

  • പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ
  • പ്രസിദ്ധീകരണവർഷം: 1879
  • ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്: എം. മാത്തൻ കത്തനാർ
  • പ്രസ്: സിറിയൻ കോളേജ് പ്രസ്സ്, കോട്ടയം

സ്കാൻ ചെയ്യാനായി സഹായിച്ചത്: ബൈജു രാമകൃഷ്ണൻ

പുസ്കത്തിന്റെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ക്രൈസ്തവ ആരാധനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗാനങ്ങൾ ആണ് പുസ്കത്തിന്റെ ഉള്ളടക്കം. കാലം 1879 ആയതിനാൽ മലയാളം തനത് ഗാനങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയതിനാൽ അത്തരം പാട്ടുകളാണ് ഭൂരിപക്ഷവും. അതിൽ തന്നെ വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾ ആണ് കൂടുതലും. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത (അതിനാൽ തന്നെ ആദ്യമായി കാണുന്നു) കുറച്ചധികം പാട്ടുകൾ ഇതിൽ കണ്ടു.

ലിപി പരമായ പ്രത്യേകതകൾ.

കാലം 1879 ആയതിനാൽ മലയാള അക്കങ്ങളുടെ ഉപയോഗം സമൃദ്ധം. അതെ പോലെ ചന്ദ്രക്കല സി.എം.എസ് പുസ്തകങ്ങൾ വന്നിട്ടില്ല. ചന്ദ്രക്കലയുമായി ബന്ധപ്പെട്ട ചരിത്രത്തിനു ചന്ദ്രക്കലയുടെ ചരിത്രം തെരഞ്ഞു പോയ കഥ എന്ന പൊസ്റ്റ് കാണുക.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

പുസ്കത്തിന്റെ മൂന്നാം താളിൽ ഒരു പ്രത്യേക കുറിപ്പുണ്ട്. അത് ഇങ്ങനെ പോകുന്നു:

മാത്തൻ കത്തനാർ - ബിഷപ്പ് ജോൺ സ്പീച്ചിലി
മാത്തൻ കത്തനാർ – ബിഷപ്പ് ജോൺ സ്പീച്ചിലി

കൊച്ചി തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർകളുടെ സന്നിധിയിങ്കൽ ഈ ഗ്രന്ഥകർത്താവിനാൽ കാഴ്ച വൈയ്ക്കപ്പെട്ടതു

Revd. M. Mathen Cathanar
Edathoova

1880 ജൂലായ് 21ന്

എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബിഷപ്പ് ജോൺ സ്പീച്ചിലിയെ ആണ്. ഇദ്ദേഹമാണ് ആംഗ്ലിക്കൻ സഭയുടെ കൊച്ചി-തിരുവിതാംകൂർ ഡയോസിസിന്റെ ആദ്യത്തെ ബിഷപ്പ്. ഗ്രന്ഥകർത്താവ് (മാത്തൻ കത്തനാർ) ഈ ബിഷപ്പിന് കൊടുത്ത സ്വകാര്യ കോപ്പിയാണ് നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്. അതിനാൽ ആ വിധത്തിൽ കൂടെ ഈ സ്കാനിനു ചരിത്രപരമായ പ്രത്യെകത ഉണ്ട്. മാത്രമല്ല ഗ്രന്ഥകർത്താവ് എം. മാത്തൻ കത്തനാർ എടത്വ കാരൻ ആണെന്ന് സൂചനകൂടെ ഈ കുറിപ്പിൽ നിന്ന് കിട്ടുന്നു.

കൂടുതൽ വിശകലനത്തിനായി പുസ്തകം നിങ്ങൾക്ക് വിട്ടു തരുന്നു. മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽകൂട്ടാകും എന്ന് ഉറപ്പുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

സദാചാര പദ്ധതി -1906

മലയാളപൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന കൂട്ടത്തിൽ വന്ന് പെട്ട ഒരു പുസ്തകം ആണ് സദാചാരപദ്ധതി. സ്കാൻ ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ കണ്ടീഷൻ അല്പം മോശമായിരുന്നു. കാലപ്പഴക്കം മൂലം അക്ഷരങ്ങൾ താളിൽ നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ അച്ചുനിരത്തിയത് അത്ര നന്നായിട്ടല്ല. മാത്രമല്ല പലയിടത്തും അക്ഷരത്തെറ്റുകളും. അങ്ങനെ വിവിധ പ്രശ്നങ്ങൾ കാരണം ഡിജിറ്റൈസ് ചെയ്യണോ എന്ന് ഒരു നിമിഷം സംശയിച്ചു. എന്നാലും ഒരു പൊതുസഞ്ചയരേഖ ആയതിനാൽ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഇതിലെ വിഷയം ഉപകാരപ്പെടുക്കുന്ന ആരെങ്കിലും ഒക്കെ ഉണ്ടാകുമല്ലോ. അതിനാൽ ഡിജിറ്റൈസ് ചെയ്ത് പങ്ക് വെക്കുന്നു.

സ്കാൻ ചെയ്യാനായി സഹായിച്ചത്: ബെഞ്ചമിൻ വർഗ്ഗീസ്, ബൈജു രാമകൃഷ്ണൻ

സദാചാരപദ്ധതി
സദാചാരപദ്ധതി

 

ഈ പുസ്തകത്തിന്റെ രചന വടക്കഞ്ചേരി അകത്തൂട്ട് ദാമോദരൻ കർത്താവ്. പുസ്തകത്തിന്റെ ടൈറ്റിൽ താളിൽ നിന്ന് ഇത് 1906 പ്രസിദ്ധീകരിച്ച പുസ്തകം ആണെന്നും ഇത് രണ്ടാം പതിപ്പ് ആണെന്നും മനസ്സിലാക്കാം. അച്ചടിച്ച പ്രസ്സിന്റെ വിവരം പുസ്തകത്തിൽ കാണുന്നില്ല.

ഗ്രന്ഥകർത്താവ് തിരുവനന്തപുരം മലയാളം ഗേൽസ്(?) ഹൈസ്കൂൾ സംസ്കൃത മുൻഷി ആണെന്ന് ടൈറ്റിൽ താളിൽ നിന്ന് മനസ്സിലാക്കാം. ഇത് ഒരു പാഠപുസ്തകം ആണെന്ന് സംശയിക്കുന്നു. സദാചാര സംബന്ധമായ കാര്യങ്ങൾ പഠിപ്പിക്കുകായാണ് ഉദ്ദേശം എന്ന് തോന്നുന്നു. താഴെ പറയുന്ന തലക്കെട്ടിലുള്ള കവിതകൾ ആണ് പുസ്തക ഉള്ളടക്കം.

  • സത്യം (ഹരിച്ചന്ദ്ര ചരിതം)
  • ദയാ (അല്ലെങ്കിൽ ആർദ്രത)
  • ദാനം (രന്തിദേവചരിതം)
  • വിദ്യാ
  • ഖലസ്വഭാവം (അല്ലെങ്കിൽ ക്രൂരത്വം)
  • ഭക്തി (പ്രഹ്ലാദചരിതം)

കൂടുതൽ വിശകലനം നിങ്ങൾ തന്നെ ചെയ്യുമല്ലോ

ഡൗൺലോഡ് കണ്ണി: https://archive.org/download/SadacharaPadhathi-1906/1906-sadacharaPadhathi.pdf