കാൾ മൽമൂദിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ

ആമുഖം

പൊതുസഞ്ചയരേഖകളുമായി ബന്ധപ്പെടുന്നവർ നിർബന്ധമായും പരിചയപ്പെടേണ്ടി ഒരു വ്യക്തിയാണ് കാൾ മൽമൂദ്. നമ്മളൊക്കെ കോപ്പിറൈറ്റ് കഴിഞ്ഞ രേഖകളെ മാത്രം (അതും ഒരു പ്രത്യേക ഭാഷയുടെ/ദേശത്തിന്റെ മാത്രം) കൈകാര്യം ചെയ്യുമ്പോൾ അത്തരം രേഖകളേയും, അതിനു പുറമെ സർക്കാർ പൊതുജനങ്ങളുടെ നികുതിപണം കൊണ്ട് നിർമ്മിക്കുന്ന രേഖകൾ ഒക്കെയും പൊതുഇടത്തിലേക്ക് കൊണ്ടുവരാൻ വലിയ അളവിൽ ലോകവ്യാപകമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ആണ് കാൾ മൽമൂദ്.

അദ്ദേഹത്തെപറ്റി വിക്കിപീഡിയയിൽ ഇങ്ങനെ കാണാം. അമേരിക്കൻ സാങ്കേതിക വിദഗ്ദ്ധനും പൊതു സഞ്ചയ രേഖകളുടെ വ്യാപനത്തിനായി നടക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നയാളും ഗ്രന്ഥകാരനുമാണ് കാൾ മൽമൂദ്(ജനനം 2 ജൂലൈ 1959). Public.Resource.Org. എന്നത് ഇദ്ദേഹത്തിന്റെ വെബ് സൈറ്റാണ്. ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അത്യാവശ്യം നന്നായി ഡോക്കുമെന്റ് ച്യെതിട്ടൂണ്ട്. അത് ഇവിടെ വായിക്കുക.

 

കാൾ മൽമൂദ്
കാൾ മൽമൂദ് (Image courtesy:https://www.pressdemocrat.com/news/2267642-181/after-years-of-dogging-government)

 

പൊതുവെ പറഞ്ഞാൽ പൊതുരേഖകളിലേക്ക് പൊതുജനങ്ങളിലേക്ക് ആക്സെസ് കൊടുക്കാൻ സർക്കാരുകളെ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം. സർക്കാർ വഴങ്ങിയില്ലെങ്കിൽ കേസ് നടത്തുന്നു. അതിൽ ചിലതൊക്കെ വിജയിക്കും, ചിലതൊക്കെ തോൽക്കും. പക്ഷെ അദ്ദേഹം പ്രവർത്തനം നിർത്തുന്നില്ല. തന്റെ ആക്ടിവിസം അദ്ദേഹം തുടരുക തന്നെയാണ്. അദ്ദെഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളെ പറ്റി ധാരാളം ലേഖനങ്ങൾ ലഭ്യമാണ്. മൂന്നു ലിങ്കുകൾ താഴെ കൊടുക്കുന്നു.

കാൾ മൽമൂദിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ

കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ശ്രദ്ധ ഇന്ത്യയിൽ പതിഞ്ഞു. ഇന്ത്യൻ ടെലികോം സാങ്കേതിക വിദഗ്ധൻ ആയ സാം പിത്രോദയുമായി ചെർന്ന്  ചില സംഗതികൾ ചെയ്യാൻ കാൾ മൽമൂദ് ആരംഭിച്ചു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡെർഡ്സ്

ഇന്ത്യൻ സ്റ്റാൻഡേർഡുകൾ നിർവചിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്,  സ്റ്റാൻഡേർഡുകൾ പൈസയ്ക്ക് വിൽക്കുന്ന പരിപാടി അവസാനിപ്പിക്കാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. അതിന്റെ കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ നടക്കുകയാണ്. താമസിയാതെ വിധി വരും.

 

ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ

പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുക എന്ന പെരിൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ കാണിക്കുന്ന അടഞ്ഞ പരിപാടികൾ അവസാനിപ്പികുക ആണ് ഇന്ത്യയിൽ ചെയ്ത ഒരു പ്രധാന പണി. ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയിൽ വളരെ ഗൂഡമായി അടച്ചു വെച്ചിരുന്ന രേഖകൾ എല്ലാം വലിച്ചെടുത്ത് ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലൊഡ് ചെയ്ത് ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയുടെ ആക്സെസബിലിറ്റി പ്രശ്നം അദ്ദേഹം ഒറ്റയടിക്ക് പരിഹരിച്ചു. ഏതാണ്ട് 4 ലക്ഷത്തിൽ രേഖകൾ ആണ് ഈ വിധത്തിൽ സ്വതന്ത്രമായി പൊതു ഇടത്തിലേക്ക് വന്നത്. ഈ വിധത്തിൽ ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് അദ്ദേഹം രക്ഷിച്ചെടുത്ത് രേഖകൾ എല്ലാം കൂടെ ഇവിടെ കാണാം. https://archive.org/details/digitallibraryindia

ഒരു കാര്യം പ്രത്യേകം ഓർക്കണം.  ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ വളരെ നിരുത്തരവാദിത്വപരമായാണ് ഈ ഡിജിറ്റൈസേഷൻ പദ്ധതി നടത്തിയത്/നടത്തികൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ സ്കാനുകളുടെ ഗുണനിലവാരം മോശമാണ്. ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലൊഡ് ചെയ്തതോടെ ആക്സെസബിലിറ്റി പ്രശ്നം മാത്രമാണ് പരിഹരിക്കപ്പെട്ടത്. ഗുണനിലവാരപ്രശ്നം പരിഹരിക്കാൻ ഭൂരിപക്ഷം രേഖകളും ഒന്നുകൂടി സ്കാൻ ചെയ്യേണ്ട സ്ഥിതിവിശേഷം ആണ് സംജാതമായിരിക്കുന്നത്.

 

കേരള സാഹിത്യ അക്കാദമി കളക്ഷൻ

ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ കളക്ഷന്റെ ഭാഗമായി 431 മലയാളം പുസ്തകങ്ങൾ ആണുള്ളത്. മിക്കതും കേരള സാഹിത്യ അക്കാദമി സ്കാൻ ചെയ്തത് ആണ്. അത് ഇവിടെ കാണാം.  അതിന്റെ ഗുണനിലവാര പ്രശ്നങ്ങൾ ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുള്ളതിനാൽ ഇനിയും പറയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പുസ്തകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്നു മേൽ പതിപ്പിച്ചിട്ടുള്ള അക്കാദമിയുടെ ചാപ്പകുത്തൽ ആണ് എടുത്ത് പറയേണ്ടത്. മറ്റൊന്ന് കവർ മനോഹരം ആയി ഉണ്ടാക്കി എടുത്തിട്ടൂണ്ട്. അകത്ത് കയറിയാൽ പല പുസ്തകങ്ങളുടേയും സ്കാനിങ് വളരെ മോശമാണ്. എല്ലാം രണ്ടാമത് സ്കാൻ ചെയ്യണം.

 

കേരള സ്റ്റേറ്റ് ലൈബ്രറി കളക്ഷൻ

നമ്മളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള മറ്റൊരു കളക്ഷൻ കേരള സ്റ്റേറ്റ് ലൈബ്രറിയുടെ റെയർ ബുക്ക് ശെഖരമാണ്. അതിന്റെ ഒറിജിനൽ ഇവിടെ കാണാം http://statelibrary.kerala.gov.in/rarebooks/ കഴിഞ്ഞ ദീർഘവർഷങ്ങളായി മര്യാദയ്ക്ക് ആക്സെസ് ചെയ്യാൻ സമ്മതിക്കാതെ വട്ടം കറക്കുന്ന വേറൊരു ശേഖരം ഇതാണ്. അതിനു പുറമേ ആണ് വളരെ മോശം സ്കാനിങും. എല്ലാം രണ്ടാമത് സ്കാൻ ചെയ്യേണ്ട സ്ഥിതിയാണ്. ആ ശെഖരം മൊത്തമായി കാൾമൽമൂദിന്റെ നേതൃത്വത്തിൽ ആർക്കൈവ്.ഓർഗിൽ ആക്കി.  ഇവിടെ കാണാം

പതിവു പോലെ ഇതിലും ആക്സെസബിലിറ്റി പ്രശ്നം മാത്രമാണ് പരിഹരിക്കപ്പെട്ടത്. ഗുണനിലവാരപ്രശ്നം നിലനിൽക്കുന്നു. എല്ലാം രണ്ടാമത് സ്കാൻ ചെയ്യണം.

 

ഇന്ത്യാ ഗസറ്റുകൾ

ഗവേഷകവിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അക്ഷയഖനിയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഗസറ്റുകൾ. സ്വാതന്ത്ര്യത്തിനുമുൻപുള്ള ഗസറ്റുകളും അതിൽ പെടുന്നു. ആ ശെഖരങ്ങളും ഇതേ പോലെ കാൾമൽമൂദിന്റെ നേതൃത്വത്തിൽ ആർക്കൈവ്.ഓർഗിൽ ആക്കി. അത് ഇവിടെ കാണാം. https://archive.org/details/gazetteofindia

4,44,563 ഗസറ്റുകൾ ആണ് ഈ ശെഖരത്തിന്റെ ഭാഗം. ഗുണനിലവാരം പ്രശ്നം നിലനിൽക്കുന്നു.

 

കേരള ഗസറ്റുകൾ

കേരള/മലയാളം ഗസറ്റുകളും ഇതിന്റെ ഭാഗമാണ്. അത് ഇവിടെ കാണാം  തിരുവിതാം‌കൂർ, തിരു-കൊച്ചി ഗസറ്റുകളും ഇതിൽ കാണാം.

1903 മുതൽ 1949 വരെയുള്ള തിരുവിതാം‌കൊട്ടു സർക്കാർ ഗസെറ്റുകൾ ഇവിടെ

തിരുവിതാം‌കൊട്ടു സർക്കാർ ഗസെറ്റ് ശേഖരത്തിൽ 2318 ഗസെറ്റുകൾ ആണുള്ളത്.

1950മുതൽ 1956 വരെയുള്ള തിരുകൊച്ചി സർക്കാർ ഗസെറ്റുകൾ ഈ ലിങ്കിൽ നിന്നു ലഭിക്കും

തിരുകൊച്ചി സർക്കാർ ഗസെറ്റുശേഖരത്തിൽ 769 ഗസെറ്റുകൾ ആണുള്ളത്.

മൊത്തം ഒമ്പതിനായിരത്തോളം മലയാളഗസറ്റുകൾ ആണ് ഉള്ളതെന്ന് കാണുന്നു

 

ആർക്കൈവ്.ഓർഗിലെ മറ്റു ഇന്ത്യൻ ശേഖരങ്ങൾ

കേരളവും മലയാളവുമായി ബന്ധപ്പെട്ട ശെഖരങ്ങൾക്ക് പുറമേ ഓരോ ഇന്ത്യൻ സംസ്ഥാനം/നാട്ടു രാജ്യത്തെ പറ്റിയുള്ള കളക്ഷൻ ഇതേ പോലെ ഉണ്ട്. കളക്ഷനുകളിലെ വലിയ ഒരു പങ്ക് https://archive.org/details/BharatZindabad ഈ ലിങ്കിലൂടെ കണ്ടെടുക്കാം.

ഈ ശേഖരം ഇംഗ്ലീഷിൽ ഉള്ളതൊക്കെ അത്യാവശ്യം സേർച്ചബിളുമാണ്.  ഈ രേഖകളുടെ ആക്സെസബിലിറ്റി കൂടിയത് ഗവേഷകവിദ്യാർത്ഥികൾക്ക് വലിയ ഒരു സഹായം ആണ്. എന്റെ കാര്യം എടുത്താൽ ഞാൻ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഗവേഷണ വിഷയത്തിലെ പ്രധാനപ്പെട്ട പല തെളിവുകളും കണ്ടെടുക്കാൻ സഹായിച്ചത് കാൾ മൽമൂദ് ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലോഡ് ചെയ്ത ഈ കളക്ഷനുകൾ ആണ്. ഗവേഷകവിദ്യാർത്ഥികളും മറ്റു ഉപഭോക്താക്കളും ഈ ശേഖരം വേണ്ടവിധത്തിൽ പ്രയോജപ്പെടും എന്നു കരുതട്ടെ.

ഉപസംഹാരം

അദ്ദേഹം എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടൂണ്ട്. സാം പിത്രോദയുമായി ചേർന്ന് കോഡ് സ്വരാജ് എന്ന പേരിൽ ഇന്ത്യൻ പ്രവർത്തനങ്ങളുടെ ഒരു പുസ്തകവും രചിച്ചിട്ടൂണ്ട്. അതിന്റെ പിഡിഎഫ് ഇവിടെ കാണാം.

അദ്ദേഹത്തിന്റെ ഇന്ത്യൻ പ്രവർത്തങ്ങളുടെ ചില ലിങ്കുകൾ:

ഇത്യയിലെ പൊതുസഞ്ചയ ശെഖരങ്ങൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ മുൻകൈ എടുത്ത കാൾ മൽമൂദിനും കൂട്ടർക്കും എന്റെ പ്രത്യേക നന്ദി. കുറച്ചു മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടാൻ എനിക്കായി. ഡെൽഹി ലോ യൂണി വേഴ്സിറ്റി പ്രൊഫസർ ആയ അരുൾ ജോർജ്ജ് സ്കറിയ ആണ് ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത്.