1940 – ബാലപാഠം – ഏ.ആർ.പി. പ്രസ്സ് – കുന്നംകുളം

1940കളിലെ ഒരു മലയാളം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. കുന്നംകുളത്തെ ഏ.ആർ.പി.പ്രസ്സ്  പ്രസിദ്ധീകരിച്ച ഏ.ആർ.പി. ബാലപാഠം എന്ന പുസ്തകം ആണിത്.

 

1940 ഏ ആർ പി
1940 ഏ ആർ പി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ കവർ പേജിൽ ഒന്നാം ക്ലാസ്സ് പാഠപുസ്തകം എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇത് ഒരു ഔദ്യോഗിക പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. മാത്രമല്ല ഉള്ളടക്കം അല്പം കഠിനമായി തോന്നുന്നു. അതിനാൽ ഇത് മലയാളം പഠിക്കാനായി ഏ.ആർ.പി. പ്രസ്സ് സ്വന്തമായി ഇറക്കിയ പുസ്തകം ആണെന്ന് തോന്നുന്നു. (ഇക്കാലത്ത് ഡി.സി. ബുക്സ് അടക്കം പല പ്രസാധകരും ആ വിധത്തിൽ പാഠപുസ്തകങ്ങൾ ഇറക്കുന്നൂണ്ടല്ലോ.)

ഈ പുസ്തകത്തിൽ പരമ്പരാഗത ശൈലിയിൽ അ, ആ, ഇ, ഈ എന്നീ രീതിയിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അക്ഷരപഠനത്തിന്നു വേറൊരു നവീനശൈലിയും ഉണ്ടെന്ന് പറഞ്ഞ് ആ നവീനശൈലിയുടെ രീതി രണ്ടാം താളിൽ തന്നെ കൊടുത്തിട്ടൂണ്ട്.

അക്ഷരപാഠങ്ങൾക്ക് ശേഷം ചെറിയ ഗദ്യപാഠങ്ങളും ചെറിയ പദ്യപാഠങ്ങളും കാണാം. ഏറ്റവും അവസാനതാളിൽ ഇംഗ്ലീഷ് അക്ഷരമാലയും കാണാം.

ഈ പുസ്തകത്തിന്നു വേറൊരു പ്രാധാന്യം കൂടെ ഉണ്ട്. ഡിജിറ്റൈസ് ചെയ്ത് കിട്ടിയ ഈ കോപ്പി വന്നിരിക്കുന്നത് ശ്രീലങ്കയിൽ നിന്നാണ്. കവർ പേജിൽ ഉള്ള സീലിൽ അശോക ബുക്ക് ഡിപ്പൊ, മറസാന, കൊളമ്പ് എന്നു കാണാം. ഇത് ഇപ്പോഴത്തെ Maradana (https://en.wikipedia.org/wiki/Maradana) എന്ന സ്ഥലം ആണെന്ന് ഞാൻ ഊഹിക്കുന്നു. (സ്റ്റാബ് സീൽ ഉണ്ടാക്കിയപ്പോൾ ഡയ്ക്ക് പകരം സ ഉപയോഗിച്ചതാകാം)  ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരത്തിൽ നിന്ന് വന്നതാവാം ഈ കോപ്പി.

ഏ.ആർ.പി. പ്രസ്സിൽ നിന്നുള്ള വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയിട്ടൂണ്ട്. ആ ശേഖരത്തിലേക്ക് ഒരെണ്ണം കൂടി ആയി.

ഡൗൺലോഡ് വിവരങ്ങൾ

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഏ.ആർ.പി. ബാലപാഠം
  • താളുകളുടെ എണ്ണം: ഏകദേശം 36
  • പ്രസിദ്ധീകരണ വർഷം:പ്രസിദ്ധീകരണ വർഷം കൃത്യമായി അറിയില്ല. വിവിധ സൂചനകൾ വെച്ച് 1940കൾ ആണെന്ന് ഊഹിക്കുന്നു.
  • പ്രസ്സ്: ഏ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1844 – മഹമ്മദ ചരിത്രം – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ഇസ്ലാം മതസംബന്ധിയായി ഗുണ്ടർട്ട് രചിച്ച ഒരു പ്രധാനകൃതിയായ മഹമ്മതചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് കല്ലച്ചിൽ അച്ചടിച്ച ഒരു പുസ്തകമാണ്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 54-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മഹമ്മതചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 39
  • പ്രസിദ്ധീകരണ വർഷം:1844
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1844 മഹമ്മദ ചരിത്രം
1844 മഹമ്മദ ചരിത്രം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ പറ്റിയുള്ള ഗുണ്ടർട്ടിന്റെ രചന ആണിത്. ക്രൈസ്തവവീക്ഷണകോണിൽ നിന്നാണ് ഈ പുസ്തകം ഗുണ്ടർട്ട് രചിച്ചിട്ടുള്ളത്. അതിനാൽ ആ വിധത്തിലാണ് ഇതിന്റെ ഉള്ളടക്കം വികസിക്കുന്നത്.

ഇതു വരെ ലഭ്യമായ തെളിവ് വെച്ച് മലയാളത്തിൽ അച്ചടിച്ച ഇസ്ലാം സംബന്ധിയായ ആദ്യത്തെ പുസ്തകം ഇതാണ്. ആ വിധത്തിൽ ഈ പുസ്തകം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രതികൾ വേറെ എവിടെയെങ്കിലും അവശേഷിക്കുന്നതായി അറിയില്ല.

പുസ്തകത്തിനകത്ത് പുസ്തകം അച്ചടിച്ച പ്രസ്സിന്റെ വിവരം കൊടുത്തിട്ടില്ലെങ്കിലും 1845ൽ ഒക്ടോബറിന്നു ശേഷമാണ് തലശ്ശേരിയിലെ ബാസൽ മിഷൻ കല്ലച്ച് സ്ഥാപിക്കപ്പെട്ടത് എന്നതിനാൽ, ഈ പുസ്തകം മംഗലാപുരത്തെ കല്ലച്ചിലാണ് അച്ചടിക്കപ്പെട്ടത് എന്നു കെ.എം. ഗോവിയുടേയും മറ്റുള്ളവരുടേയും അച്ചടിയെ സംബന്ധിച്ച ഡോക്കുമെന്റേഷൻ വിശകലനം ചെയ്യുന്നതിൽ നിന്നു മനസ്സിലാക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

കേരള നാടകം – തുഞ്ചത്തെഴുത്തച്ഛൻ – ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി

ആമുഖം

തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന കേരളനാടകം എന്ന കൃതി ഗുണ്ടർട്ട് പകർത്തി എഴുതിയതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 54-മത്തെ പൊതുസഞ്ചയ രേഖയും 21-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം)  
  • താളുകളുടെ എണ്ണം: ഏകദേശം 55
  • എഴുതപ്പെട്ട കാലഘട്ടം: 1840കൾ 
കേരള നാടകം - തുഞ്ചത്തെഴുത്തച്ഛൻ - ഹെർമ്മൻ ഗുണ്ടർട്ട്
കേരള നാടകം – തുഞ്ചത്തെഴുത്തച്ഛൻ – ഹെർമ്മൻ ഗുണ്ടർട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കേരളം നാടകം തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന  ഗുണ്ടർട്ട് തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്.  ഈ കൃതിയെ കുറിച്ചുള്ള പരാമർശങ്ങൾ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ കാണാം.

എന്നാൽ ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്ത് മലയാള സര്‍വകലാശാല ഡീനും പരീക്ഷാ കണ്‍ട്രോളറുമായ ഡോ. എം. ശ്രീനാഥന്‍ 2017 മാർച്ചിൽ പ്രസിദ്ധീകരിച്ചു. അതിനെപറ്റിയുള്ള 3 വാർത്തകൾ ഇവിടെ( ഒന്ന്, രണ്ട്, മൂന്ന്). ഡോ. എം. ശ്രീനാഥന്‍ ആണ് ഇത് ട്യൂബിങ്ങനിൽ നിന്നു കണ്ടെത്തിയത് എന്ന മട്ടിലുള്ള പരാമർശങ്ങൾ ചില വാർത്തകളിൽ കാണുന്നു. എന്നാൽ അത് ശരിയല്ല. മുകളിൽ പരാമർശിച്ച പോലെ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ ഇതിനെ പറ്റി പരാമർശം കാണാം. ആദ്യം ആരു കണ്ടെത്തി എന്നതല്ല, ഇതിനെ കുറിച്ചൊക്കെ പഠിച്ച് കൂടുതൽ ഗവേഷണഫലങ്ങൾ ഉണ്ടാകുമ്പൊഴാണ് ഈ പൊതുസഞ്ചയരേഖകൾ നമുക്ക് കൂടുതൽ ഉപകാരപ്പെടുക.

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിവരങ്ങൾ ഒന്നും എനിക്കറിയില്ല. മുകളിൽ പരാമർശിച്ച പുസ്തകം വാങ്ങി വായിച്ചാൽ ചിലപ്പോൾ ഇതിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയും.   ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: