1880 – ജ്ഞാനൊദയം – വെങ്കിടഗിരി ശാസ്ത്രി

ആമുഖം

മലയാളത്തിലെ ആദ്യകാല മതഖണ്ഡന/മതദൂഷണസാഹിത്യ പുസ്തകങ്ങളിൽ ഒന്നായ ജ്ഞാനൊദയം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. .

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 93 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജ്ഞാനൊദയം
  • താളുകളുടെ എണ്ണം: ഏകദേശം 85
  • പ്രസിദ്ധീകരണ വർഷം:1880
  • രചന: വെങ്കിടഗിരി ശാസ്ത്രി
  • പ്രസ്സ്: വിദ്യാവിലാസം, കോഴിക്കോട്
1880 - ജ്ഞാനൊദയം
1880 – ജ്ഞാനൊദയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഹൈന്ദവ മതസംഹിതകൾ ആധാരമാക്കി ക്രൈസ്തവ മതസംഹിതയെ വിമർശിക്കുന്ന പുസ്തകമാണ് ഇത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രേരകമായത് ഇതിനു മുൻപ് സമാനമായ മതഖണ്ഡനം ക്രൈസ്തവർ നടത്തിയത് കൊണ്ടാണെന്ന് തുടക്കത്തിൽ തന്നെ ഗ്രന്ഥകർത്താവായ വെങ്കിടഗിരി പ്രസ്താവിക്കുന്നു.

മതഖണ്ഡനം/മതദൂഷണസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിൽ ആണ് ഇത്തരം പുസ്തകങ്ങൾ സാധാരണ ഉൾപ്പെടുത്താറ്. മതഖണ്ഡന പുസ്തകത്തിന്റെ വേറൊരു ഉദാഹരണം കുറച്ചു നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ദെവവിചാരണ എന്ന പുസ്തകം. അത് ഗുണ്ടർട്ടിന്റെ രചനയാണ്.

ഒരു ഹൈന്ദവ ശാസ്ത്രിയും ഒരു ക്രൈസ്തവ പാതിരിയും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ജ്ഞാനൊദയം എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള പതിനെട്ട് അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. എല്ലാ അദ്ധ്യായങ്ങളുടെയും ഉള്ളടക്കം ചൊദ്യോത്തരരൂപത്തിലാണ്. ഏറ്റവും അവസാനം സൂചനം എന്ന അദ്ധ്യായത്തിൽ പൊതുവായുള്ള ചില പ്രസ്താവനകളും കാണാം.

ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പാലക്കാട് നല്ലെപ്പിള്ളി ചൊണ്ടത്ത വലിയ മന്നാടിയാരുടെ ധനസഹായത്താൽ ആണെന്ന് ശീർഷക പേജിൽ നിന്നു മനസ്സിലാക്കാം.

വിവിധ മതങ്ങൾ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ മതങ്ങൾ തമ്മിൽ ധാരാളം സംഭാവങ്ങൾ നടന്നിരുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. അതിനാൽ ഈ പുസ്തകങ്ങൾ ഒക്കെ പ്രാധാന്യമുള്ളവയാണ്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1847 – പശ്ചിമൊദയം മാസിക

ആമുഖം

ടൈഫോയിഡ് പിടിച്ച് ഒരാഴ്ചയോളം ആശുപത്രിവാസത്തിൽ ആയിരുന്നതിനാൽ ഗുണ്ടർട്ട് ശേഖരത്തിലെ സ്കാനുകളുടെ റിലീസ് മുടങ്ങി പോയി. അത് പുനഃരാരംഭിക്കുന്നു.

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1847ൽ ഇറങ്ങിയ മൂന്നുലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. മലയാളഭാഷയുടെ അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മാസിക ആണിത്. ഇത്   തലശ്ശേരിയിലെ കല്ലച്ചിൽ ആണ് അച്ചടിച്ചത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  92 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (ഈ ലക്കത്തിൽ 3 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847-പശ്ചിമൊദയം
1847-പശ്ചിമൊദയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിലെ ആദ്യത്തെ മാസിക 1847ൽ പ്രസിദ്ധീകരണം തുടങ്ങിയ രാജ്യസമാചാരം ആയിരുന്നു. എന്നാൽ ഈ മാസികയുടെ ഉള്ളടക്കം ക്രൈസ്തവമതസംഗതിയായ ലേഖനങ്ങൾ ആയിരുന്നു. അതിനാൽ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഗുണ്ടർട്ടും കൂട്ടരും പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847 ഒക്ടോബർ, നവബർ, ഡിസംബർ എന്നീ മൂന്നു മാസത്തെ ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്.

കേരളപഴമ എന്ന പുസ്തകത്തിന്റെ ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണം ഗുണ്ടർട്ട് 1847 ഒക്ടോബറിലെ ആദ്യത്തെ ലക്കത്തിൽ തന്നെ തുടങ്ങുന്നുണ്ട്. അതിനു പുറമെ ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം എന്ന പല ലേഖനങ്ങളും കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്. ആ കാലഘട്ടത്തിൽ ഇപ്പോഴുള്ള പോലെ ഒരു തരം തിരിവ് ഉണ്ടായിരുന്നില്ലല്ലോ.

ഈ സ്കാനിന്റെ വേരൊരു പ്രത്യേകത 1847 നവമ്പർ ലക്കത്തിൽ തന്നെ കാണുന്ന ചിത്രങ്ങൾ ആണ്. ഏതെങ്കിലും ഒരു മലയാളപുസ്ത്കത്തിലെ ഏതെങ്കിലും വിധത്തിൽ ചിത്രം ഉപയോഗിച്ചതിന്റെ ആദ്യ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്. ഈ മാസിക ലിത്തോഗ്രഫി സങ്കേതം ഉപയോഗിച്ചു അച്ചടിച്ചതിനാൽ ആണ് അതിനു കഴിഞ്ഞത്. രാശിചക്രത്തിന്റെ ചിത്രം, ഒരോ രാശിയുടെയും ചിഹ്നങ്ങളുടെ ചിത്രം ആണ് 1847 നവംമ്പർ ലക്കത്തിൽ കാണുന്ന. 1847 ഡിസംബർ ലക്കത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള ഭൂപടം (മുകളിലെ കവർ ചിത്രം കാണുക) കാണാം.

 

പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം
പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം

 

മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും
മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും

 

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല. എന്നാൽ റോജി പാലാ ഇത് മൊത്തമായി വായിച്ചെടുത്ത് മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1904 – മലങ്കര ഇടവക പത്രിക – പുസ്തകം 13

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1904ാം ആണ്ടിലെ എല്ലാ ലക്കങ്ങളുടെയും (12 ലക്കങ്ങൾ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടൈഫോയിഡ് പനി അടങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ട് ദിവസം ആശുപത്രിയിൽ വെച്ച് ഇഷ്ടം പോലെ സമയം കിട്ടി. ആ സമയത്താണ് ഈ പുസ്തകത്തിന്റെ പോസ്റ്റ് പ്രോസസിങ് പണികൾ പൂർത്തിയാക്കിയത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിമൂന്നാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പന്ത്രണ്ട് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1904ാം ആണ്ടിലെ  12 ലക്കങ്ങൾ.
  • താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1904
  • പ്രസ്സ്: Mar Thomas Press, Kottayam
1904 – മലങ്കര ഇടവക പത്രിക – പുസ്തകം 13
1904 – മലങ്കര ഇടവക പത്രിക – പുസ്തകം 13

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)

ഗുണനിലവാരപ്രശ്നങ്ങൾ ഉള്ളതിനാൽ 1900ത്തിന്നു ശേഷമുള്ള ലക്കങ്ങൾക്ക് ഗ്രേ സ്ക്കെയിൽ വേർഷൻ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1904ാം ആണ്ടിലെ 12 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 10MB മുതൽ 14MB വരെ വലിപ്പമുണ്ട്.