1846 – ത്രാണകമാഹാത്മ്യം

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ത്രാണകമാഹാത്മ്യം എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 99 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ത്രാണകമാഹാത്മ്യം
  • താളുകളുടെ എണ്ണം: ഏകദേശം 50
  • പ്രസിദ്ധീകരണ വർഷം:1846
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1846 - ത്രാണകമാഹാത്മ്യം
1846 – ത്രാണകമാഹാത്മ്യം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവസാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. യേശു ഹോശാന്ന നാളിൽ കഴുതപ്പുറത്ത് യരുശലേമിൽ പ്രവേശിച്ചതു തൊട്ടു സ്വർഗ്ഗാരോഹണം നടത്തിയതുവരെയുള്ള സംഭവങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.

പി.ജെ. തോമസിന്റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും  എന്ന പുസ്തകത്തിനു  ഡോ. സ്കറിയ സക്കറിയ  എഴുതിയ ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ ഈ പുസ്തകത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഈ പുസ്തത്തിന്റെ ഉള്ളടക്കത്തിൽ ഇടയ്ക്കിടക്ക് സംസ്കൃതശ്ലോകങ്ങൾ കാണാം. ഈ ശ്ലോകങ്ങൾ ശ്രീഖൃഷ്ടസംഗീതം എന്ന കൃതിയെ ഉപജീവിച്ച് എഴുതിയതാണെന്ന് ഡോ. സ്കറിയ സക്കറിയ തന്റെ ലേഖനത്തിൽ പറയുന്നു. W. H മിൽ, രാമചന്ദ്രവിദ്യാഭൂഷൺ എന്നിവർ ചേർന്ന് രചിച്ച സംസ്കൃതകൃതിയാണ് ശ്രീഖൃഷ്ടസംഗീതം.

ഈ കൃതിയുടെ രചയിതാവ് ആരെന്ന് ഉറപ്പില്ല. ഗുണ്ടർട്ടിന്റെ കൃതികളിൽ ഈ കൃതി ഉൾപ്പെടുത്തി കാണുന്നില്ല. എന്നാൽ ട്യൂബിങ്ങനിൽ ഈ പുസ്തകത്തെപ്പറ്റിയുള്ള മെറ്റാഡാറ്റയിൽ  Georg Friedrich  Müller എന്ന പേർ കാണുന്നൂണ്ട്. ഇത് അദ്ദേഹമാണ് രചയിതാവെന്ന സൂചനയാണോ തരുന്നതെന്ന് എനിക്കുറപ്പില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1877 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1877 ലെ വിവിധ ലക്കങ്ങൾ ഒരു പുസ്തകമായി സമാഹരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 98 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1877 ലെ 12 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം (മൊത്തം ഏകദേശം 200)
  • പ്രസിദ്ധീകരണ വർഷം:1877
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1877 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ
1877 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ

കേരളോപകാരി മാസികയുടെ 1877ലെ ലക്കങ്ങളുടെ  ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും അതിനു പുറമേ പൊതുവായ ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ ഒക്കെ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു.

അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ പുസ്തകത്തിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും. 1877ലെ വിവിധ ലക്കങ്ങളിൽ ഒറ്റ നോട്ടത്തിൽ എടുത്തു പറയേണ്ടതായി കണ്ട ചില ലെഖനങ്ങൾ

  • വിവിധ ലക്കങ്ങളിൽ പരന്നു കിടക്കുന്ന ഇംഗ്ലീഷ് ചരിത്രം എന്ന ലേഖനപരമ്പര.
  • ജനുവരി ലക്കത്തിൽ കാണുന്ന ഡില്ലി നഗരം എന്ന ലേഖനം.
  • ഫെബ്രുവരി ലക്കത്തിൽ കാണുന്ന ഇരുമ്പിനെ പറ്റിയുള്ള ലേഖനം.
  • വിവിധലക്കങ്ങളിൽ പരന്നു കിടക്കുന്ന മലയാളരാജ്യം എന്ന ലേഖനം.
  • ജൂൺ ലക്കത്തിൽ കാണുന്ന ഉപ്പിനെ പറ്റിയുള്ള ലേഖനം.
  • ഓഗസ്റ്റ് ലക്കത്തിൽ കാണുന്ന ഒലീവ് വൃക്ഷത്തെ പറ്റിയുള്ള ലേഖനം.
  • നവംബർ ലക്കത്തിൽ കാണുന്ന ഭൂകമ്പത്തെ പറ്റിയുള്ള ലേഖനം.
  • നവംബർ ലക്കത്തിൽ കാണുന്ന അക്കാലത്ത് മരിച്ചു പോയ മലയാളസുറിയാനിക്കാരുടെ മെത്രാപ്പോലീത്ത മാത്യൂസ് മാർ അത്താനോസ്യോസിനെ പറ്റിയുള്ള ലേഖനം.
  • ഡിസംബർ ലക്കത്തിൽ കാണുന്ന എംഗ്ലണ്ടിലെ Windsor Castleനെ പറ്റിയുള്ള ലേഖനം.

തുടങ്ങി നിരവധി വിഷയത്തിലുള്ള വിവിധ ലെഖനങ്ങൾ 12 ലക്കങ്ങളിലായി പരന്നു കിടക്കുന്നു. എല്ലാലക്കത്തിലും ലോകവാർത്തകൾ എന്ന ഒരു വിഭാഗം ഉണ്ട്. 1876-78ൽ തെക്കേ ഇന്ത്യയിൽ ഉണ്ടായ മഹാക്ഷാമത്തെ പറ്റിയുള്ള വിവിധ വാർത്തകൾ ഈ ലക്കങ്ങളിൽ കാണാം.

ഒറ്റ വർഷത്തെ 12 ലക്കങ്ങളിൽ കൂടി (എതാണ്ട് 200 പേജുകൾ) ഈ മാസിക നമുക്ക് മുന്നിൽ വിളമ്പുന്ന വിഭവങ്ങൾ അനവധി ആണ്. അത് ആരൊക്കെ എതൊക്കെ വിധത്തിൽ ഇതു് ഉപയൊഗപ്പെടുത്തും എന്നത് കാലം തെളിയിക്കട്ടെ.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം മൊത്തമായി ചില സ്കൂൾ കുട്ടികളുടേയും അദ്ധ്യാപകരുടേയും സന്നദ്ധപ്രവർത്തകരുടേയും ശ്രമഫലമായി മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ കണ്ണൻ മാഷിന്റെ നേതൃത്വത്തിൽ ആണ് അത് നടന്നത്. കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ  സായിറാം, ആദിത്യനാരായണൻ, നിതിൻ പിറ്റി എന്നിവരും, പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അനന്തു പി.എ.യും ചേർന്നാണ് യൂണീക്കോഡ് കൺവേർഷൻ നിർവ്വഹിച്ചത്.  റോജി പാലാ  സന്നദ്ധപ്രവർത്തനത്തിലൂടെ പ്രൂഫ് റീഡിങിനും മറ്റും സഹായിച്ചു. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1860 – ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം

ആമുഖം

ക്രൈസ്തവ  മതധാന്യഗ്രന്ഥം എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈരെഴു പ്രാർത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 97 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
  • താളുകളുടെ എണ്ണം: ഏകദേശം 190
  • പ്രസിദ്ധീകരണ വർഷം:1860
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1860 - ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
1860 – ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആഴ്ചയിലെ ഓരോ ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കാനായുള്ള പതിനാലു (ഈരേഴ്) പ്രാർത്ഥനകളും നൂറ് വേദധ്യാനങ്ങളും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിധിനിധാനം എന്നത് കൊണ്ട് സൂക്ഷിച്ചു വെച്ച നിധി എന്നാണ് അർത്ഥമാക്കുന്നതെന്ന് ഓളം നിഘണ്ടുവിൽ കണ്ടു .

ഗുണ്ടർട്ട് കേരളം വിട്ടതിനു ശെഷമുള്ള പുസ്തകമാണിത്. മറ്റു ഇടങ്ങളിൽ ഗുണ്ടർട്ടിന്റേതായി ലിസ്റ്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഈ പുസ്തകം ഇല്ല. അതിനാൽ ഇത് വേരൊരു ബാസൽ മിഷൻ മിഷനറിയുടെ സംഭാവന ആകാനാണ് വഴി.

കല്ലച്ചിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ വേരൊരു പ്രത്യേക ഈ പുസ്തകം കല്ലിൽ എഴുതിയത് സാധാരണ എഴുതുന്ന ആളല്ല എന്നതാണ്. ഇതിലെ കൈയ്യക്ഷരം മറ്റു ബാസൽ മിഷൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ഇതു മനസ്സിലാക്കാം. ഇതിലെ കയ്യക്ഷരം മനോഹരം എന്നു പറയാതെ വയ്യ.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: