വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്

ആമുഖം

മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച വ്യവഹാരമാല എന്ന സംസ്കൃത കൃതിയുടെ മലയാളവ്യാഖ്യാനത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 140-ാമത്തെ  പൊതുസഞ്ചയ രേഖയും 19മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വ്യവഹാരമാല വ്യാഖ്യാനം
  • രചയിതാവ്: മൂലകൃതിയുടെ രചയിതാവ് മഴമംഗലം നാരായണൻ നമ്പൂതിരി. പരിഭാഷകൻ ആരെന്ന് ട്യൂബിങ്ങനിലെ മെറ്റാ ഡാറ്റയിൽ കാണുന്നില്ല.
  • താളിയോല ഇതളുകളുടെ എണ്ണം: 381
  • കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്
വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാളകൃതിയാണെങ്കിലും മൂലം സംസ്കൃതം ആയിരിക്കാനാണ് സാദ്ധ്യത. ആർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നറിയില്ല. കൃതിക്ക് വളരെ പഴക്കം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോല പതിപ്പിന് അത്ര പഴക്കമുണ്ടെന്ന് തോന്നുന്നില്ല.

ബ്രിട്ടീഷുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതിനു മുൻപ്  തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിലെ നിയമ പുസ്തകമായിരുന്നു വ്യവഹാരമാല ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ കാണുന്നു.  കാണുന്നു. ഒന്നു രണ്ട് രെഫറൻസിൽ വ്യവഹാരമാലയെ മോഹനിയാട്ടവുമായി ബന്ധപ്പെടുത്തി കാണുന്നു. (ഉദാഹരണം) എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കു മനസ്സിലായില്ല. പൊതുവായി ഈ കൃതിയെ ആധുനികനിയമ സംഹിതകൾ ബ്രിട്ടീഷുകാർ നടപ്പിലാക്കുന്നതിനു മുൻപ് തിരു-കൊച്ചി പ്രദേശത്ത് ഉപയോഗിച്ചിരുന്ന നിയമസംഹിതയായി കരുതാം. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മിതി എന്നതിനാൽ ഏതാണ്ട് 250 വർഷത്തിൽ പരം ഇത്  ഉപയോഗത്തിലിരുന്നു എന്നു കരുതാം.

ഈ വ്യാഖ്യാനം രചിച്ചത് ആരെന്ന് കരുതുന്നില്ല. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ കൊല്ലവർഷം 984ൽ (1809) ഒരു ദ്രാവിഡ ബ്രാഹ്മണൻ (അതെന്ത് ബ്രാഹ്മണൻ ആണാവോ) ഒരു ഗദ്യപരിഭാഷ ഉണ്ടാക്കിയതായി പറയുന്നു. ഒരു പക്ഷെ അതായിരിക്കാം ഈ താളിയോല കൃതി.

ഈ താളിയോലയിലെ എഴുത്ത് വളരെ മനോഹരമയാണ് എനിക്ക് തോന്നിയത്. ഞാൻ തന്നെ അതിന്റെ ആദ്യ ഓലയിലെ രണ്ട് വാചകങ്ങൾ വായിച്ചെടുത്തു. വായിച്ചെടുത്തത് താഴെ പേസ്റ്റ് ചെയ്യുന്നു.

ഹരിഃശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു നമസ്തെ നരസിംഹായ ഭക്താനുഗ്രഹ കാരീണൊ അജായ ബഹുരൂപായ സൎഗ്ഗ സ്ഥിതാങ്ക കാരീണൊ എന്നത വ്യവഹാര മാല എന്ന ഗ്രന്ഥത്തെ ഉണ്ടാക്കെണമെന്ന മനസ്സിൽ സം‌കല്പിച്ച ആ ഗ്രന്ഥത്തിന്നു വിഘ്നം വരാതെ ഗ്രന്ഥസമാപ്തി വരെണ്ടുന്നതിന തനിക്ക അഭീഷ്ട ദെവതയായിട്ടുള്ള നരസിംഹസ്വാമിയെ വന്ദിക്കുന്നൂ ഭക്തന്മാൎക്ക അനുഗ്രഹം ചെയ്യുന്നവനായും ജനനമില്ലാത്തവനായും ലൊകാനുഗ്രഹത്തിനായിട്ട അനെക അവതാരങ്ങളൊടും കൂടിയവനായും ലൊകത്തിന്റെ സൃഷ്ടിയും രക്ഷയും സംഹാരത്തെയം ചെയ്യുന്നവനായും നരസിംഹ സ്വരൂപനായിരിക്കുന്ന അങ്ങെക്കായിക്കൊണ്ട നമസ്കാരം

മൊത്തം 380ത്തോളം ഇതളുകൾ ഉള്ള വലിയ ഒരു താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

1908 – യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ

ആമുഖം

യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ
  • രചയിതാവ്: മല്പാൻ വട്ടശ്ശേരിൽ ഗീവറുഗീസു കത്തനാർ
  • താളുകളുടെ എണ്ണം: ഏകദേശം 64
  • പ്രസിദ്ധീകരണ വർഷം:1908
  • പതിപ്പ്: മൂന്നാം പതിപ്പ്
  • പ്രസ്സ്: മാർ തോമ്മസ് അച്ചുകൂട്ടം, കോട്ടയം
1908 - യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ
1908 – യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേർ സൂചിപ്പിക്കുന്നത് പോലെ യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ ഉപദേശങ്ങളുടെ സാരമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏതാണ്ട് 34 വിഷയങ്ങളിലുള്ള വിവിധ സംഗതികൾ ഈ പുസ്തകത്തിന്റെ ഭാഗമാണ്. ഇതിൽ കൂടുതൽ ഈ വിഷയത്തെ പറ്റി എഴുതാൻ ജ്ഞാനം ഇല്ലാത്തതിനാൽ ഞാനതിനു മുതിരുന്നില്ല.

പുസ്തകത്തിൽ ഇത് മൂന്നാം പതിപ്പാണെന്ന് കാണുന്നു. ഇതിനു മുൻപുള്ള പതിപ്പുകൾ എന്ന് ഇറങ്ങി എന്നതിനെ പറ്റി എനിക്ക് ധാരണയില്ല.

പുസ്തകം സ്കാൻ ചെയ്യാനായി നേരിട്ടു എന്റെ കൈയ്യിൽ കിട്ടിയില്ല. മറ്റൊരാൾ എടുത്ത ഫോട്ടോ ആണ് കൈയ്യിൽ കിട്ടിയത്. അതിനാൽ ഗുണനിലവാരപ്രശ്നം ഉണ്ട്. എങ്കിലും ഇടയ്ക്ക് 2 പേജുകൾ ഔട്ട് ഓഫ് ഫൊക്കസ് ആയി പൊയതും 2 പെജുകൾ പകുതിയായി മുറിഞ്ഞിരിക്കുന്നതും ഒഴിച്ചാൽ ബാക്കി എല്ലാ പേജുകളുടേയും ഉള്ളടക്കം പൂർണ്ണമായി വായിക്കാം. ഫോട്ടോ എടുത്ത് കിട്ടിയ പേജുകൾ പ്രോസസ് ചെയ്ത് ഡിജിറ്റൽ പതിപ്പ് ഉണ്ടാക്കുന്ന പണി മാത്രമാണ് ഞാൻ ചെയ്തത്.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

 

1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ആമുഖം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനയുടെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1934ലെ ആദ്യപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. യാക്കോബായ- ഓർത്തഡൊക്സ് സഭകളുടെ കക്ഷി വഴക്കിൽ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടന ഇതാണ്. ഇതിന്റെ പുതിയ വേർഷൻ മലങ്കര ഓർത്തഡൊക്സ് സഭയുടെ വെബ്ബ് സൈറ്റിൽ ഇവിടെ കാണാം.

1934ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഭരണഘടന ഇന്ത്യൻ കോപ്പിറൈറ്റ് നിയമം അനുസരിച്ച് 1994ൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയി. അതിനാൽ 1934ലെ ആദ്യത്തെ പതിപ്പ് ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
  • താളുകളുടെ എണ്ണം: ഏകദേശം 32
  • പ്രസിദ്ധീകരണ വർഷം:1934 (കൊല്ലവർഷം 1110)
  • പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം
1934 - മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ഒരു സഭയുടെ ഭരണഘടന എന്നതിനെക്കാൾ യാക്കോബ-ഓർത്തഡൊക്സ് കക്ഷിവഴക്കിലെ കേന്ദ്രസ്ഥാനത്തുള്ള രേഖ എന്നതാണ് ഇതിന്റെ ശ്രദ്ധേയത. 2017ൽ വന്ന സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാ ഓർത്തഡൊക്സ്-യാക്കോബ പള്ളികളും ഈ ഭരണഘടന അനുസരിച്ച് വേണം ഭരിക്കപ്പെടാൻ. എന്നാൽ യാക്കോബക്കാർ ഇത് അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് തലവൻ ആരെന്ന കാര്യത്തിൽ യാക്കോബക്കാർക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ആണ് ഇപ്പോൾ പള്ളി പിടിച്ചെടുക്കലും മറ്റുമായി വലിയ ബഹളം കേരള ക്രൈസ്തവ സമൂഹത്തിൽ നടക്കുന്നത്.

കൂടുതൽ ഗഹനമായി ഈ വിഷയത്തിൽ കൈവെക്കാതിരിക്കുന്നതാണ്  എനിക്കു നല്ലത് എന്നതിനാൽ ഞാനതിനു മുതിരുന്നില്ല.  അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കളർ പതിപ്പും ബ്ലാക്ക് ആന്റ് വൈറ്റിലും ഉള്ള സ്കാൻ നിർമ്മിച്ചിട്ടുണ്ട്. അതിനാൽ തന്നെ സൈസ് പ്രശ്നം ഉണ്ടാവില്ല. ഓൺലൈനായി വായിക്കാനും ആവുന്നതാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: